1
കെട്ട
ഇടം
കെട്ടിടം
കെട്ടണം
നികുതി
കെട്ടിടത്തിന്
കെട്ടിടത്തെ
ഒരു വീടായി മാറ്റുന്നവള്‍ക്ക്
ആരൊടുക്കും
നികുതിപ്പണം
സ്‌നേഹം
പിരിച്ചും
പിരിപ്പിച്ചും
പൂരിപ്പിച്ചും
അവള്‍
തൃപ്തിയടയും
ഒരു നാള്‍
അവള്‍
കെട്ടിടത്തിന്
ഭാരമാകും
അന്നിറങ്ങും അവള്‍
സ്‌നേഹത്തിന്റെ
മണവാട്ടിയായി
കെട്ടുപോകാത്ത
ഒരിടത്തേക്ക്
ഒന്നുമെടുക്കാതെ
വെറുങ്കയ്യോടെ.........!.
2
കുറച്ചത്രയും
കുറച്ചിത്രയും
ജീവന്റെ ധാരാളിത്തത്തിനടയില്‍
ഒരിക്കലും അമ്മയുടെ മരണം
ഒരു കുറച്ചിലായി
തോന്നിയിട്ടില്ല
3
കുട്ടിക്കാലത്ത്
സ്വന്തം നിഴല്‍ കണ്ടിട്ട് ഞാന്‍
അമ്മേ,
ഇതാ ഒരു രാച്ചസന്‍
എന്ന് അലമുറയിടുമായിരുന്നു
മുതിര്‍ന്നപ്പഴാ
മനസ്സിലായത്
എന്റെ നിഴലല്ല
ഞാന്‍ തന്നെയാണ്
ആ രാക്ഷസനെന്ന സത്യം!
_________