first published in emalayalee weekly
https://emalayalee.com/vartha/301336
ഒക്ടോബര്‍ ഏഴാം തീയതി ഹമാസിന്റെ ആക്രമണത്തോടെ ആരംഭിച്ച ഇസ്രായെല്‍- ഹമാസ് യുദ്ധം അവസാനം കാണാതെ തുടരുകയാണ്. അതു കൂടുതല്‍ വ്യാപിക്കുവാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുന്നു.
യുദ്ധത്തില്‍ ഇതുവരെ 5,000-ൽ പരം പേര്‍ മരിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചത് 1,400 ഇസ്രായേലികള്‍ ആയിരുന്നു.
ഇസ്രായേലിന്റെ പ്രതികാര നടപടി തുടരുകയാണ്. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദീര്‍ഘകാല സുഹൃത്തുക്കളായ അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും ടെല്‍ അവീവ് സന്ദര്‍ശിക്കുകയുണ്ടായി അടുത്തടുത്ത ദിവസങ്ങളിലായി. ഇത് ഇസ്രായേലിന്റെ യുദ്ധത്തിന് കൂടുതല്‍ മനോബലം പകരുമെന്നതില്‍ സംശയമില്ല.
ഹമാസിനെ ഇല്ലായ്മ ചെയ്യുമെന്ന ദൃഢ പ്രതിജ്ഞയുമായിട്ടാണ് ഇസ്രായേല്‍ യുദ്ധക്കളത്തില്‍ നിലകൊള്ളുന്നത്. ഇസ്രായേലിനെ ആര്‍ക്കും പിന്തിരിപ്പിക്കുവാന്‍ സാധിക്കുകയില്ല. ഐക്യരാഷ്ട്രസഭ പതിവുപോലെ ഒരു നോക്കുകുത്തിയായി നിലകൊള്ളുന്നു. ഹാമാസിനെ ഇല്ലാതാക്കി ഗാസയില്‍ ഒരു പുനരധിനിവേശത്തിന് ഇസ്രായേല്‍ തയ്യാറായാല്‍ എന്താകും ഗതി? യുദ്ധത്തിന്റെ ഇപ്പോഴത്തെ പോക്കുകണ്ടിട്ട് ഇതിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.
അമേരിക്ക രണ്ടു വിമാന വാഹിനി പടക്കപ്പലുകള്‍ ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ബൈഡനു മുന്നോടിയായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ബ്ലിങ്കനും ബൈഡനും ഗാസയുടെ പുനരധിനിവേശത്തിനെതിരായി ഇസ്രായേലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. പക്ഷേ, ഗാസയെ കര, കടല്‍, വ്യോമമാര്‍ഗ്ഗത്തിലൂടെ ആക്രമിച്ചു കീഴ്‌പ്പെടുത്തുവാനുള്ള ഉദ്ദേശം ഇസ്രായേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കരമാര്‍ഗ്ഗം ഗാസയില്‍ പ്രവേശിക്കുവാനായി ഇസ്രായേല്‍ സൈന്യം സജ്ജമാണ്. കരയുദ്ധം ഏതു സമയവും ആരംഭിക്കാമെന്ന അവസ്ഥയാണ്. ഇതിന്റെ ഫലം ഭീകരം ആയിരിക്കും.
ഇസ്രായേലിനെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഹമാസ് ആക്രമിച്ചത് വലിയ ഒരു തെറ്റായിരുന്നു. അതിന് എന്തുമാത്രം വില ഹമാസ് നല്‍കണം?- പാലസ്തീന് ഒരു പിതൃഭൂമി വേണമെന്ന ആവശ്യം ഇപ്പോഴും ഫലവത്താകാതെ നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും ആക്രമിക്കപ്പെട്ട ഇസ്രായേലിന് അതിനെ പ്രതിരോധിക്കുവാനും ആക്രമണകാരികളെ നീതിക്കു മുമ്പാകെ കൊണ്ടുവരുവാനുമുള്ള ധാര്‍മ്മീകമായ അവകാശം ഉണ്ട്.
നിരായുധരായ സിവിലിയന്‍ മരണനിരക്ക് ഗാസയില്‍ കുതിച്ചുയരുകയാണ്. ഇത് ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല. കണ്ണിനു പകരം കണ്ണ് എന്ന മതസിദ്ധാന്തത്തിനു മുമ്പില്‍ പോലും. ഇത് അന്താരാഷ്ട്രതലത്തിൽ ഇസ്രായേലിനുള്ള സഹതാപം കുറച്ചിരിക്കുകയാണ്. ബൈഡന്‍ വന്‍തോതിലുള്ള സിവിലിയന്‍ കൊലയ്‌ക്കെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പക്ഷേ യാതൊരു ഫലവും ഇല്ല. യുദ്ധത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ട് വിമാന വാഹിനികളായ പടക്കപ്പലുകളെയും അയച്ചുകൊടുത്തിട്ട് പിന്നെന്ത് സമാധാനശ്രമം?
ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. അതിനുശേഷം ഉടന്‍തന്നെ പാലസ്തീനിനും പിന്തുണ പ്രഖ്യാപിച്ചു. കാരണം ഇന്‍ഡ്യയുടെ കാലാകാലങ്ങളായിട്ടുള്ള നിലപാട് പാലസ്തീനിനെ പിന്തുണക്കുക എന്നുള്ളതായിരുന്നു. അതിന് വിരുദ്ധമായിട്ടാണ് മോദി ആദ്യം ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 19-ാം തീയതി മോദി ഒന്നു കൂടെ ഉണര്‍ന്നു. അദ്ദേഹം പാലസ്തീനിയന്‍ പിതൃഭൂമിക്കുവേണ്ടിയുള്ള ആവശ്യത്തെ പിന്തുണക്കുന്നതായി പ്രഖ്യാപിച്ചു ദല്‍ഹിയില്‍ വച്ച്.
ഇതില്‍ എന്താണ് ഇന്‍ഡ്യയുടെ ശരിക്കുമുള്ള ഇസ്രായേല്‍- പാലസ്തീനിയന്‍ നയം? ഇസ്രായേലിനെ ഓടിച്ചാടി പിന്തുണച്ചത് ബി.ജെ.പി.യുടെ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായിട്ടായിരിക്കും. പിന്നെ ഉടന്‍ തന്നെ പാലസ്തീനിയനെ പിന്തുണച്ചത് അറബി രാജ്യങ്ങളുടെ അപ്രീതി ഓര്‍ത്തിട്ടായിരിക്കും.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുവാന്‍ അമേരിക്കയ്ക്ക് ഒരു വലിയ ഉത്തരവാദിത്വം ഉണ്ട്. ലോകനേതാക്കന്മാരുടെ സ്ഥാനത്തേക്ക് ഉയരുന്ന മോദിക്കും തുല്യ ഉത്തരവാദിത്വം ഉണ്ട്. മനുഷ്യത്വ ഇടനാഴി പ്രാവര്‍ത്തികം ആക്കുവാനും ഗാസയിലേക്കു മരുന്നും ഭക്ഷണവും മറ്റും എത്തിക്കുവാനും ലോകരാജ്യങ്ങള്‍ മുന്‍കൈ എടുക്കണം.
ഉക്രേനിയന്‍ യുദ്ധവും കോവിഡ് മഹാമാരിയും ഏല്‍പിച്ച ആഘാതം ചില്ലറയല്ല. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുകയറുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്രായേല്‍ അറബിരാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്തി പുതിയ ഒരു പശ്ചിമേഷ്യ കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കവെയാണ് ഹമാസ് ആക്രമണം ഉണ്ടായത്. പശ്ചിമേഷ്യയില്‍ അഭിവൃദ്ധി പങ്കിട്ടുകൊണ്ടുള്ള ഒരു വികസനത്തിനാണ് ഇസ്രായേല്‍ ശ്രമിച്ചത്. ഭീകരവാദ സ്വാഭാവം ഉള്ള ഹമാസിന് ഇത് ബോധിച്ചു കാണുകയില്ല. അറബി രാജ്യങ്ങളുമായിട്ടുള്ള സമാധാനവും വ്യാപാരബന്ധവും ബലപ്പെടുത്തുവാനുള്ള ഇസ്രായേലിന്റെ ശ്രമം ആണ് ഒരു ആക്രമണം കൊണ്ട് ഹമാസ് തകര്‍ത്തത്.
ഹമാസിന്റെ ആക്രമണത്തിന്റെ ആഴവും വ്യാപ്തിയും ഇസ്രായേലിനെ നടുക്കി. അത് ഇസ്രായേലിന്റെ 9/11 നിമിഷം ആയിരുന്നു. ആക്രമണം വന്നത് കര-വ്യോമമാര്‍ഗ്ഗം ആയിരുന്നു. ഒട്ടേറെ ഇസ്രായേലി നഗരങ്ങള്‍ ആക്രമിക്കപ്പെട്ടു. നമ്മള്‍ യുദ്ധത്തിലാണ്, യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നേത്യന്യാഹു പറഞ്ഞു. 'യുദ്ധം ആരംഭിച്ചത് ഇസ്രായേല്‍ അല്ല. പക്ഷേ, അത് അവസാനിപ്പിക്കുന്നത് ഇസ്രായേല്‍ ആയിരിക്കും,' യുദ്ധത്തിന്റെ ആത്യന്തികഫലം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ പ്രതിരോധവും ഇന്റലിജന്‍സ് സിസ്റ്റവും പരിപൂര്‍ണ്ണമായി പരാജയപ്പെട്ട കാഴ്ചയാണ് ലോകം കണ്ടത്. ആക്രമണത്തിന് ഇറാന്റെയും ഇറാക്കിന്റെയും പിന്തുണ ഉണ്ടായിരുന്നുവെന്ന് ഹമാസ് പ്രഖ്യാപിച്ചത് യുദ്ധത്തിന്റെ വ്യാപന സാദ്ധ്യതയെ സൂചിപ്പിക്കുന്നു. സൗദി അറേബ്യയും ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു. ഹിസ്ബുള്ള ലെബനന്റെ ഭാഗത്തു നിന്നും ഇസ്രായേലിനു നേരെ മിസൈല്‍ വിട്ടു. ഇത് പാലസ്തീനിയന്‍ പ്രതിരോധ സംഘടനകളുമായി ബന്ധത്തിലാണെന്നും സൂചിപ്പിക്കുന്നു.
പശ്ചിമേഷ്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ തകര്‍ച്ച യുദ്ധത്തിന്റെ പെട്ടെന്നുള്ള പ്രത്യാഘാതത്തെ പ്രതിഫലിപ്പിക്കുന്നു. യുദ്ധം ഉടന്‍ തീരുന്ന ലക്ഷണമില്ലാത്തതിനാൽ പശ്ചിമേഷ്യ സാമ്പത്തീക പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണ്. സിവിലിയന്‍ മരണങ്ങളും പരിക്കേറ്റ ആയിരങ്ങളും വലിയ ഒരു ദുരന്തകഥയാണ് ചുരുളഴിക്കുന്നത്.
എങ്ങനെ അറബി രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ ഇടപെടുമെന്നുള്ളത് ഇവിടെ വലിയ ഒരു ചോദ്യം ആണ്. ഇതിനിടെയാണ് ഗാസയിലെ അല്‍-അഹിലി ആരബ് ആശുപത്രിയില്‍ ബോബു സ്‌ഫോടനം ഉണ്ടായതും ചുരുങ്ങിയത് 500 പേരെങ്കിലും കൊല്ലപ്പെട്ടതും. സ്‌ഫോടനത്തിന് ഇസ്രായേല്‍ പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പുകളെ പഴിചാരിയപ്പോള്‍ ഹമാസ് ഇസ്രായേലിനെയും കുറ്റപ്പെടുത്തി. അമേരിക്ക ഇസ്രായേലിന് ക്ലീന്‍ ചിറ്റ് നല്‍കി. ഈ സ്‌ഫോടനം നടന്നത് ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന വേളയിലാണെന്നും ഉള്ളത് പരിശോധിക്കപ്പെടേണ്ട ഒന്നാണ്. ബൈഡന്‍ ഇസ്രായേലിന് പിന്തുണയുമായിട്ട് എത്തിയതായിരുന്നു.
സ്‌ഫോടനം കഴിഞ്ഞ ഉടനെ തന്നെ ഈജിപ്ത് റഫാ ക്രോസിംങ്ങ് അടച്ചു. ഇത് ഗാസയില്‍ നിന്നും പുറത്തേക്കു പോകുവാനുള്ള ഒരേ ഒരു വഴിയാണ്. ഹമാസിന്റെ മനുഷ്യത്വരഹിതമായ രീതികള്‍ മനസിലാക്കാം. പക്ഷേ, ഇസ്രായേല്‍ ഉത്തരവാദിത്വമുള്ള ഒരു രാജ്യം ആണ് . അതിന് അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. സിവിലിയന്‍ മരണങ്ങള്‍ക്ക് അത് ഉത്തരവാദിത്വം പറയേണ്ടതായി വരും. ഒരു യുദ്ധകുറ്റവാളി എന്ന നിലയില്‍ അല്ലെങ്കിലും ഉത്തരവാദിത്വമുള്ള ഒരു രാജ്യം എന്ന നിലയില്‍. ആശുപത്രിയിലെ സ്‌ഫോടനവും ഉയര്‍ന്ന മരണനിരക്കും ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കും. ജോര്‍ഡാനും മറ്റ് അറബി രാജ്യങ്ങളും ഇതെത്തുടര്‍ന്ന് ബൈഡനുമായുള്ള സന്ദര്‍ശനം റദ്ദാക്കി.
ഇങ്ങനെയുള്ള അനിഷ്ടകരമായ സംഭവത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു സ്‌ഫോടനം ഇസ്രായേല്‍ ആവിഷ്‌ക്കരിക്കുമോ? ഒരു ആശുപത്രിയെ തന്നെ നശിപ്പിക്കാവുന്ന ശക്തമായ സ്‌ഫോടനവസ്തുക്കള്‍ ഹമാസിന്റെ കൈവശം ഉണ്ടോ? ഇതെല്ലാം ചിന്തനീയം ആണ്. ഇസ്രായേലിന്റെ ഒരു പുനരധിനിവേശം ഗാസയില്‍ ഉണ്ടായാല്‍ ഇസ്രായേല്‍ അവിടെ തുടരുന്നതു നല്ല ഒരു ആശയം അല്ല. ഇതിനു മുമ്പ് ഇസ്രായേലിന്റെ അധീനതയില്‍ ആയിരുന്നു ഗാസ പതിറ്റാണ്ടുകളോളം. ഒടുവില്‍ അവിടെ നിന്നും ഒരു വിധത്തിലാണ് ഇസ്രായേല്‍ പിന്‍വാങ്ങി രക്ഷപ്പെട്ടത്. പാലസ്തീനിയന്‍ ഗാസയില്‍ വരുവാന്‍ ആഗ്രഹിക്കുവാനിടയില്ല. ഈജിപ്റ്റും മഹമൂദ് അബാസും ഇതിനുമുമ്പും ഈ ആശയം നിരാകരിച്ചിട്ടുള്ളതാണ്.
അതുകൊണ്ട് ഒരു സാഹസത്തിന് ഇസ്രായേല്‍ മുതിരാതിരിക്കുന്നതാണ് തന്ത്രപരമായ സമീപനം. 2005-ല്‍ ഇസ്രായേല്‍ ഗാസയില്‍ നിന്നും പിന്‍വാങ്ങിയതിനുശേഷം പിറ്റെ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് അധികാരത്തില്‍ വരുകയാണുണ്ടായത്. എന്തുതന്നെ ആയാലും ഇസ്രായേല്‍- ഹമാസ് യുദ്ധം തീരേണ്ടിയിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കണം. ഗിഡിയന്‍ ലിയോ എന്ന പ്രശസ്ത ഇസ്രായേല്‍ പത്രപ്രവര്‍ത്തകനും പംക്തികാരനും പറഞ്ഞതുപോലെ 'യുദ്ധം തീരണം. ഗാസയെ ആവശ്യത്തിനു ശിക്ഷിച്ചുകഴിഞ്ഞിരിക്കുന്നു.'