Image

ഹൂസ്റ്റണ്‍ മേയര്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം മൂലം റണ്‍ ഓഫ് ആവശ്യമായി വന്നേക്കും.(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 October, 2023
ഹൂസ്റ്റണ്‍ മേയര്‍ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം മൂലം റണ്‍ ഓഫ് ആവശ്യമായി വന്നേക്കും.(ഏബ്രഹാം തോമസ്)

ഹ്യൂസ്റ്റണ്‍: യു.എസില്‍ നവംബര്‍ 7ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ ഹ്യൂസ്റ്റണിന്റെ മേയര്‍ തിരഞ്ഞെടുപ്പും നടക്കും. എല്ലാ വലിയ നഗരങ്ങളും അഭിമുഖീകരിക്കുന്ന വര്‍ധിക്കുന്ന കുറ്റകൃത്യങ്ങളും തകരുന്ന സംവിധാനങ്ങളും അപര്യാപ്തമായ ബജറ്റും താങ്ങാവുന്ന ആവാസ സൗകര്യങ്ങളും ഹൂസ്റ്റന്റെയും പ്രശ്‌നങ്ങളാണ്.

ഈ തിരഞ്ഞെടുപ്പില്‍ മേയറാകാന്‍ ആഗ്രഹിക്കുന്ന രണ്ട് പ്രമുഖ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ കുറെയധികം വര്‍ഷങ്ങള്‍ അധികാര കസേരകളില്‍ ഇരുന്നിട്ടുള്ളവരാണ്. മറ്റുള്ളവര്‍ മത്സരത്തില്‍ മുന്നേറാന്‍ ഏറെ പ്രയാസപ്പെടുന്നു. ഏര്‍ളിവോട്ടിംഗ് ആരംഭിച്ചുകഴിഞ്ഞു.

യു.എസ്. പ്രതിനിധി ഷീല ജാക്ക്‌സണ്‍ 1995 മുതല്‍ ജനപ്രതിനിധിയാണ്. ഇവരുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിന് മുന്‍ പ്രഥമ വനിത ഹിലരി ക്ലിന്റന്റെ പിന്തുണയുണ്ട്. തന്റെ സ്റ്റാഫംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ഇവര്‍ വളരെ മോശമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്ത് വന്നത് വിവാദമായി. ടെക്‌സസിലെ ജി സ്ലേച്ചറില്‍ അംഗമാണ് മറ്റൊരു ഡമോക്രാറ്റായ ജോണ്‍ വിറ്റ് വിറ്റ്മിര്‍. ഇരുവര്‍ക്കും ധാരാളം അധികാരവും ധനവും ഉണ്ട്. നഗരം വളരെ വേഗം വളര്‍ന്നപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളും തലവേദനയും ഇവര്‍ രണ്ടുപേര്‍ക്കുമോ മറ്റ് 16 സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കെങ്കിലുമോ പരിഹരിക്കുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. സ്ഥാനാര്‍ത്ഥികളുടെ ബാഹുല്യം ഒരു സ്ഥാനാര്‍്തഥിക്കും വിജയത്തിന് ആവശ്യമായ 50%ല്‍ അധികം വോട്ടുകള്‍ നല്‍കുകയില്ല. ഒരു വിജയിയെ നിര്‍ണ്ണയിക്കുവാന്‍ ഒരു റണ്‍ ഓഫ് വേണ്ടി വരുമെന്ന് നിരീക്ഷകര്‍ പറയുന്നു.

എല്ലാ സ്ഥാനാര്‍ത്ഥികളും ഹ്യൂസ്റ്റണ്‍ നഗരം നേരിട്ട പരാജയങ്ങള്‍ എണ്ണി പറയുന്നു. ഒരു അന്താരാഷ്്ട്ര നിലവാരത്തില്‍ നിന്ന് ക്രമേണ നഗരം താഴ്ന്നുപോയി എന്ന് ഏവര്‍ക്കും സമ്മതിക്കുന്നു. ഓയില്‍, ഗ്യാസ്, വ്യവസായങ്ങളിലാണ് ഇന്ന് നഗര കൗബോയ്കള്‍ ജോലി ചെയ്യുന്നത്. എട്ടുവര്‍ഷമായി മേയറായിരുന്ന സില്‍വെസ്റ്റര്‍ ടേണറിന് ടേം ലിമിറ്റ് ഉള്ളതിനാല്‍ ഇനി മത്സരിക്കാനാവില്ല. ഹ്യൂസ്റ്റന്‍ പബ്ലിക് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ഗില്‍ബര്‍ട്ട് ഗാര്‍സിയ, അറ്റേണി ലീക പ്ലാന്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍ റോബര്‍ട്ട് ഗാലഗോസ്, മുന്‍ കൗണ്‍സില്‍ മെമ്പര്‍ ജാക്ക്ക്രിസ്റ്റി, എം ജെ ഖാന്‍ തുടങ്ങിയവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.

ടെക്‌സസില്‍ ജീവിക്കാത്തവര്‍ ഹ്യൂസ്റ്റണ്‍ അപരിഷ്‌കൃതമാണെന്നും ഓയിലും ഗ്യാസും ഭരിക്കുന്ന നഗരമാണെന്നും കരുതുന്നുണ്ടാവും, ഗാര്‍സിയ പറയുന്നു. അവര്‍ ഇവിടെ വന്ന് കഴിഞ്ഞാല്‍ ഞങ്ങള്‍ ഇതില്‍ കൂടുതലാണെന്ന് കാണും. എന്നാല്‍ ഞങ്ങള്‍ക്ക് ഇതിലും കൂടുതല്‍ ചെയ്യാന്‍ കഴിയും. ഇതിലും കൂടുതല്‍ ചെയ്യാന്‍ കഴിയണം. തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വന്തം കയ്യില്‍ നിന്ന് ഗാര്‍സിയ 3 മില്യന്‍ ഡോളര്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ച പുതിയ നിയമപ്രകാരം ഹാരിസ്‌കൗണ്ടിയിലെ തിരഞ്ഞെടുപ്പ് നടപടികളില്‍ എപ്പോഴെങ്കിലും ക്രമക്കേട് കണ്ടാല്‍ സംസ്ഥാന ഭരണത്തിന് തിരഞ്ഞെടുപ്പ് നടപടികള്‍ ഏറ്റെടുത്ത് നടത്താം. ഹ്യൂസ്റ്റണ്‍ നഗരം ഹാരീസ് കൗണ്ടിയിലാണ്.

നഗരത്തിന്റെ പ്രധാന വെല്ലുവിളികള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഉണ്ടായ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ്. 2012 മുതല്‍ 2022 വരെയുള്ള ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവ് 1,40,000 പേരാണ് എന്ന് ചീഫ് എക്കണോമിസ്റ്റ് ഫോര്‍ ദ ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പാര്‍ട്‌നര്‍ഷിപ്പ് പാട്രിക്ക് ജാങ്കോവ്‌സ്‌കി പറഞ്ഞു.

ഹ്യൂസ്റ്റണ്‍  വളരെവേഗം വളര്‍ന്നു. പക്ഷെ തെരുവുകള്‍ നിലനിര്‍ത്തുന്നതിനും ജലവിതരണത്തിനും ആന്തരിക സംവിധാനങ്ങള്‍ക്കും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്തിയില്ല എന്ന് ഒരു മുന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയും വ്യവസായിയുമായ ബില്‍ കിംഗ് പറഞ്ഞു. 23 ലക്ഷമാണ് ഹ്യൂസ്റ്റണ്‍ നഗരത്തിന്റെ ജനസംഖ്യ. ഇവരില്‍ 45% ലാറ്റിനോകളും 23% കറുത്ത വര്‍ഗക്കാരും 24% വെളുത്ത വര്‍ഗക്കാരും ശേഷിച്ച 8% ല്‍ മറ്റ് വര്‍ഗ്ഗക്കാരും ഉള്‍്‌പ്പെടുന്നു. നഗരത്തിന്റെ ജനസംഖ്യയില്‍ 4 ല്‍ ഒരാള്‍മാത്രമാണ് യു.എസില്‍ ജനിക്കാത്തതായി ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക