Image
Image

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.. (ലേഖനം: നൈന മണ്ണഞ്ചേരി)

Published on 26 October, 2023
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.. (ലേഖനം: നൈന മണ്ണഞ്ചേരി)

കവിതയിലും ഗാനത്തിലും ചങ്ങമ്പുഴയുടെ പാരമ്പര്യത്തെ സാദരം അംഗീകരിച്ചു കൊണ്ടു കടന്നു വന്ന കവിയാണ് വയലാർ രാമവർമ്മ.ഭാരതീയ സംസ്ക്കാരവുമായി ബന്ധപ്പെട്ട ഒട്ടേറേ കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.പ്രാചീന രീതികളോടും ഭാരതീയ സംസ്ക്കാരത്തോടും പൂർണ്ണമായ ആഭിമുഖ്യം പ്രകടിപ്പിച്ചു കൊണ്ടു  കവിതകൾ രചിച്ചപ്പോൾ തന്നെ നാട്ടിലെ അധസ്ഥിത വർഗ്ഗം അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൽക്കുമെതിരെ തൂലിക പടവാളാക്കിയ കവിയാണ് വയലാർ.

 പാദമുദ്രകളെന്ന ആദ്യ കാവ്യ സമാഹാരം മഹാത്മജിയുടെ കാലടിപ്പാടുകളിലർപ്പിക്കുന്ന ആദരവാണ്..’’അദ്ധ്വാനത്തിൻ വിയർപ്പാണു ഞാൻ’’ എന്ന കവിതയിൽ ഭാരതീയ സംസ്ക്കാരം വിശ്വ വികാസ സംസ്കൃതിയെന്ന ഉന്നതാവസ്ഥയിൽ നിന്ന് അന്ധവിശ്വാസ ജഡിലമാകുന്നതിന്റെ രോഷം പ്രകടിപ്പിക്കുന്നു.

‘ഓരോ സൂക്ഷ്മവുമീ അപാരതയിലെ

സ്ഥൂലത്തിലുൾക്കൊള്ളുവാൻ

വേരോടിച്ചു വളർന്നു വന്ന

പരിണാമങ്ങൾക്ക് ദൃക്സാക്ഷിയായ്

ഈ രോഗാതുരമാം യുഗത്തിനമൃതം

കൊണ്ടെത്തുമെൻ ചന്ദന

ത്തേരോടും വഴി വിട്ടു മാറുകകലെ

മിഥ്യാഭിമാനങ്ങളേ..’’  ശാസ്ത്ര വളർച്ചയുടെ വഴിത്താരയിൽ തടസ്സമായി നിൽക്കുന്ന അന്ധവിശ്വാസങ്ങളോട് മാറി നിൽക്കുവാൻ കവി ആവശ്യപ്പെടുന്നു.

ജീവിതഗായകൻ  എന്ന കവിതയിൽ 'ഗാന്ധിജി' എന്ന കര്‍മ്മയോഗിയെ വെടിവച്ചുവീഴ്ത്തിയ നമ്മുടെ സംസ്കാരച്യുതിയോട് ജാതി-മത-കക്ഷിരാഷ്ട്രീയ ഭേദമന്യേ കവി  പ്രതികരിക്കുന്നു..

"മടങ്ങി മാറുക കലഹം നിര്‍ത്തി കൈവാൾ ദൂരെയെറി-

ഞ്ഞടര്‍ക്കളത്തിൽ വിശ്വപ്രേമം വിതച്ചു വിളകൊയ്യാൻ.

ഇതാണു 'ഗാന്ധിജയന്തി'ക്കരുളാന്‍ ഗാനാലാപത്താൽ

ഇതാണു ചര്‍ക്കയ്ക്കരുളാൻ നമ്മോടനന്ത സന്ദേശം."  

‘’ആ സന്ദേശം’’ എന്ന കവിതയിൽ ആനുകാലിക ഭാരതത്തിന്റെ അവസ്ഥ കവി വരച്ചു കാട്ടുന്നു.

"അഭിമാനപൂര്‍വ്വം തലയുയര്‍ത്തി അനുപദം മുന്നോട്ടുപോക നിങ്ങള്‍.

മതവുമധികാരഗര്‍വ്വുമെല്ലാം മരണമടയുന്ന കാഴ്ച്ച കാണാം.

പതറാതെ ഞെട്ടാതെ നിങ്ങളെന്നും ഹൃദയസ്വരങ്ങളുയര്‍ത്തുമെങ്കിൽ

അതുമതി നാളെ തലമുറതൻ ഗതി നയിക്കേണ്ടവരാണു നിങ്ങള്‍."  

തലമുറയുടെ ഗതി നയിക്കാനായി ഇറങ്ങിത്തിരിച്ചവരിൽ ബഹുഭൂരിപക്ഷവും മതത്തിന്റെയും, കക്ഷിരാഷ്ട്രീയക്കളിയിലൂടെ നേടിയെടുത്ത അധികാരഗര്‍വ്വിന്റെയും അടിമകളാകുമ്പോഴും ഞെട്ടാതെ, പതറാതെ സംസ്കാരകേരളത്തിന്റെ പടനായകനായി മുന്‍നിരയിൽ നിന്നുകൊണ്ടു പോരാടാൻ കവി ആഹ്വാനം ചെയ്യുന്നു..

ആ സമാഹാരത്തിലെ മറ്റു കവിതകൾ സമൂഹത്തിലും സമുദായത്തിലും   നില നിന്നിരുന്ന ദുരാചരങ്ങളുടെ ശക്തമായ വിമർശനങ്ങളാണ്. ’’അറു കൊലയമ്മാവൻ വന്നില്ല’’ തുടങ്ങിയ കവിതകൾ സമൂഹത്തീൽ നില നിൽക്കുന്ന അനാചാരങ്ങളെക്കുറിച്ചുള്ള പരിഹാസമാണ്.

‘’പരദൈവങ്ങളെ പ്രാർത്ഥിച്ചു നിന്നു വിറ കൈ കൂപ്പിക്കൊണ്ടദ്ദേഹം

തറവാടു ലോനപ്പൻ ജപ്തി ചെയ്തപ്പോഴും

അറു കൊലയമ്മാവൻ വന്നില്ല.

തെരുവിൽ മൂപ്പില തെണ്ടാൻ പോയിട്ടും

അറു കൊലയമ്മാവൻ വന്നില്ല..’’   

സ്വന്തം മത്തിലെ ദുരാചാരങ്ങളെ പരിഹസിക്കുന്നതോടൊപ്പം മറ്റു മതങ്ങളിലെ അനാചാരങ്ങൾക്കെതിരെയും വയലാർ വിമർശനമുയർത്തി..’’കൊന്തയും പൂണൂലും’’ എന്ന കവിതാ സമാഹാരത്തിലെ ആ  പേരിലുള്ള കവിത തന്നെ അതിന് തെളിവാണ് അന്ധ വിശ്വാസങ്ങൾക്ക് കൂട്ടു നിൽക്കുന്നവരെ ആ കവിതയിൽ ശക്തമായി പരിഹസിക്കുന്നു

കവിയുടെ പരിഹാസം ഒരു മതത്തിനു നേരെ മാത്രമല്ല തിരിയുന്നത്.അന്ധവിശ്വാസ ജഡിലമായ എല്ല മത വ്യവസ്ഥകൾക്കു നേരെയും വയലാർ വിരൽ ചൂണ്ടുന്നു.’മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം’’, ’’രാവണ പുത്രി ‘’ ‘’താടകയെന്ന ദ്രാവിഡ രാജകുമാരി’’ തുടങ്ങി .. പുരാണ കവിതകൾക്ക് ഗതിഭേദം വരുത്തി വർണ്ണിക്കുന്ന കവിതകളും വയലാർ രചിച്ചിട്ടുണ്ട്.  

‘’വിന്ധ്യശൈലത്തിന്റെ താഴ്വരയിൽ

നിശാഗന്ധികൾ മൊട്ടിടും ഫാൽഗുന സന്ധ്യയിൽ

പാർവ്വതീപൂജയ്ക്ക് പൂനുള്ളുവാൻ വന്ന

ദ്രാവിഡ രാജകുമാരി ഞാൻ താടക’’ എന്നു തുടങ്ങുന്ന  വയലാർ വരച്ചിട്ട താടകയുടെ ചിത്രം അവിസ്മരണീയമാണ്..താടക എന്ന ദ്രാവിഡ രാജകുമാരി എന്ന കവിത ആര്യ പൗരോഹിത്യ രാഷ്ടീയ മേലാളന്മാരുടെ സ്ത്രീ മേധ യാഗങ്ങളിലേക്ക്  വിരൽ ചൂണ്ടുന്നു.

രാവണപുത്രി എന്ന കവിത, പുതിയ ഒരു കാഴ്ചപ്പാടിൽ കൂടി രാവണനെ മഹത്വവൽക്കരിക്കുന്ന കവിതയണ്.

മാനിഷാദ എന്ന് പ്രശസ്തമായ കവിതയിലാണ് ‘’സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ , സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’’

എന്ന് വയലാർ പ്രഖ്യാപിച്ചത്..ഇത് വയലാറിന്റെ കവിതകളുടെ, ജീവിതത്തിന്റെ  ഒരു നയപ്രഖ്യാപനമായി കാണാവുന്നതാണ്.നോവുമാത്മാവിനെ സ്നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തോടും തനിക്ക് സന്ധിയാകാൻ കഴിയില്ല എന്ന കവിയുടെ പ്രഖ്യാപനം അദ്ദേഹത്തിന്റെ കവിതകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് വ്യക്തമാകും.അനീതികളോട്,അന്ധ വിശ്വാസങ്ങളോട് സന്ധിയില്ലാ സമരമാണ് എന്നും വയലാർ കവിതകൾ.സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ജീവിതം അദ്ദേഹം വരികളിൽ പകർത്തി.വയലാറിന്റെ പ്രശസ്ത കൃതിയായ ‘’ആയിഷ’’ അതിന് ഉദാഹരണമാണ്..

‘’വായനക്കാരാ വരുന്നു ഞാൻ നമ്മൾക്കൊരായിരം കൂട്ടങ്ങളില്ലേ പറയുവാൻ

നമ്മൾക്കൊരുമിച്ചു പാടണം ജീവനിലുമ്മവെച്ചങ്ങനെ കൈ കോർത്ത് നീങ്ങണം..’’

എന്ന ‘’ആയിഷ’’യുടെ ആമുഖം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത വീക്ഷണവും.പലപ്പോഴും വായനക്കാരോട് ചേർന്നു നിന്നു കൊണ്ട് അവരുടെ ജീവിതം വയലാർ കവിതകളാക്കി. ആയിഷയിൽ തന്നെ പറയുന്നതു പോലെ

‘’വേദന വിങ്ങും സമൂഹത്തിൽ നിന്നും ഞാൻ

വേരോടെ ചീന്തിപ്പറിച്ചതാണീ കഥ..’’  

താഴെ തട്ടിലുള്ളവരുടെ  ദാരിദ്ര്യവും നിസ്സഹായാവസ്ഥയും എപ്പോഴും വയലാറിന്റെ പ്രമേയങ്ങളായിരുന്നു.അറവുകാരൻ അദ്രമാന്റെ മകൾ ആയിഷയുടെ ദയനീയ ജീവിതം എടുത്തു കാട്ടിയ വയലാർ  കയർ തൊഴിലാളികളുടെയും  ജീവിതം  വരച്ചു കാട്ടി.

 ‘’കയറു പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമര കഥ

അതു പറയുമ്പോളെന്നുടെ നാവിന്നഭിമാനത്താൽ പുളയുന്നു..’’ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ തൊഴിലാളികൾക്ക് നേരെ ജന്മി വർഗ്ഗം അഴിച്ചു വിട്ട പീഡനങ്ങളുടെ കഥകൾ വയലാർ ഉൾപ്പെടെയുള്ള പല സാഹിത്യകാരന്മാരുടെയും കഥകൾക്കും കവിതകൾക്കും പ്രമേയമായിട്ടുണ്ട്.

‘’എല്ലുനുറുങ്ങെയടങ്ങിയൊതുങ്ങി
വല്ലതുമിവിടെ പണിചെയ്താൽ
പട്ടിണിയെങ്കിലുമില്ലാതരവയർ
കഷ്ടിച്ചങ്ങു നിറയ്ക്കാം’’

എന്ന ജന്മി വർഗ്ഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് പോരാടിയ തൊഴിലാളികളുടെ ധീരമായ ജീവിത ചിത്രം വയലാർ ആവിഷ്ക്കരിച്ചിട്ടുണ്ട്.
‘’ജീവനിൽ കത്തിക്കേറും കണ്ടകശ്ശനികളെ നാമെതിർക്കണം നീളെ- - മനുഷ്യൻ കൈ ചൂണ്ടുന്ന നാളയെ വിടർത്തുന്ന നാദ ധാരയിലൂടെ’’ എന്ന് വയലാർ ആഹ്വാനം ചെയ്യുന്നുണ്ട്,

വയലാർ ആസ്തികനായിരുന്നോ നാസ്തികനായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായി ഒരു ഉത്തരം സാദ്ധ്യമാകാത്ത രീതിയിലാണ് കവിതകൾ വിലയിരുത്തുമ്പോൾ കാണാൻ കഴിയുക.ചിലപ്പോൾ പൂർണ്ണ മത നിരാസിയാണെന്ന് തോന്നും,അതേ സമയം ചില കവിതകൾ വായിക്കുമ്പോൾ തികഞ്ഞ ഈശ്വര വിശ്വാസിയെന്നും തോന്നും.അന്ധ വിശ്വാസങ്ങളോട് പോരടിച്ചു കൊണ്ട് മതത്തിലെ നല്ല വശങ്ങളെ അംഗീകരിച്ച ഒരു വിശ്വാസിയായിരുന്നു വയലാർ എന്ന് കരുതുന്നതാണ് ഉചിതം.

പ്രശസ്തമായ ‘’അശ്വമേധ’’മെന്ന കവിതയിൽ വയാലാർ ചോദിക്കുന്നതു പോലെ

‘’ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യാത്മാവാണുഞാൻ!

ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ആരൊരാളിക്കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ..’’

വർഷങ്ങൾക്കു മുമ്പ്  വയലാർ രാമവർമ്മയെന്ന മലയാളികളുടെ പ്രിയപ്പെട്ട കവി അഴിച്ചു വിട്ട   സർഗ്ഗമണ്ഡലത്തെ, ആ യാഗാശ്വത്തെ പിടിച്ചു കെട്ടുവാൻ ആർക്കും കഴിഞ്ഞിട്ടില്ല..ആര് ശ്രമിച്ചാലും ആ മാർഗ്ഗം മുടക്കാൻ കഴിയുകയുമില്ല.അത്രയും സ്വാധീനം   സമൂഹത്തിൽ സൃഷ്ടിച്ചവയാണ് വയലാർ കവിതകൾ..സമൂഹത്തിലെ അന്ധ വിശ്വാസങ്ങൾക്കെതിരെയും  അധ;സ്ഥിതരും പാവപ്പെട്ടവരുമനുഭവിച്ച അനീതികൾക്കെതിരെയുമുള്ള പോരാട്ടമായിരുന്നു വയലാർ കവിതകൾ.. "കാലമാണവിശ്രമം പായുമെന്നശ്വം സ്നേഹജ്വാലയാണെന്നിൽക്കാണും ചൈതന്യം സനാതനം’’ എന്ന് വയലാർ പറഞ്ഞതു തന്നെയാണ് അദ്ദേഹത്തിന്റെ കവിതകളിലെ ജീവിത വീക്ഷണം.’’ സത്യത്തെ സംസ്കാരത്തെയുണർത്തി ജീവിപ്പിക്കും സാമൂഹ്യ മനുഷ്യൻ ഞാൻ " എന്ന വയലാർ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണെന്ന് അദ്ദേഹത്തിന്റെ കവിതകൾ സാക്ഷ്യം വഹിക്കുന്നു.ഈ ഒക്ടോബർ 27 ന് വയലാറിന്റെ ഓർമ്മകളുമായി വീണ്ടും ഒരു സ്മൃതി  ദിനം കൂടി കടന്നു വരുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ നമുക്ക് പുതുക്കാം..പ്രശസ്ത കവി ശ്രീ എഴാച്ചേരി രാമചന്ദ്രൻ വയലാറിനെ കുറിച്ച് എഴുതിയ കവിതയിൽ പരാമർശിക്കുന്നതു പോലെ നമ്മളും ആഗ്രഹിച്ചു പോകുന്നു, മലയാളികളുടെ പ്രിയപ്പെട്ട കവി ഇന്നും ഉണ്ടായിരുന്നെങ്കിൽ...

‘’ഒരു കുറി പിന്നെയും വരിക നീ

മലയാള കവിത തൻ കരിമുകിൽ മുത്തേ

ഒരു കുറി വീണ്ടും വരികയീ

ബലിത്തറയിലെ പൂവിൻ ചുവപ്പായ്..


പല വഴി സഞ്ചരിച്ചൊടുവിൽ ഞങ്ങൾ വന്നു

ഹൃദയങ്ങൾ ചേർത്തു നിൽക്കുമ്പോൾ

നീ കൂടിയുണ്ടായിരുന്നെങ്കിൽ,മറ്റെങ്ങ് നീയിവിടെ തന്നെയില്ലേ?’’

 

Join WhatsApp News
AbdulPunnayurkulam 2023-10-27 00:56:23
It's good to see reintroducing Vayalar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക