എങ്കിലും എന്റെ അണ്ണാ - ഇത് ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി. പത്തു നാല്‍പ്പത് വര്‍ഷം സിനിമാ മേഖലയില്‍ സജീവമായി നിന്നിട്ടും, നടികളോട് അപമര്യാദയായി പെരുമാറി എന്ന ഒരു അപവാദവും കേള്‍പ്പിക്കാത്ത താങ്കള്‍, ഒറ്റ നിമിഷം കൊണ്ട് ഒരു പീഡന വീരനാണെന്ന് തെളിയിച്ചില്ലേ- പോയി അണ്ണാ- സകലതും കൈവിട്ടുപോയി.
എന്തെല്ലാം തള്ളലായിരുന്നു- വീടില്ലാത്തവര്‍ക്ക് വീട്, രോഗികള്‍ക്ക് വൈദ്യ സഹായം, സാധു കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം. ഇതെല്ലാം അദ്ധ്വാനിച്ചുണ്ടാക്കിയ സ്വന്തം സമ്പാദ്യത്തില്‍ നിന്നും എടുത്തു കൊടുക്കുന്ന താങ്കളുടെ ഒന്നോ രണ്ടോ ആണി ഇളകി കിടക്കുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തലയ്ക്ക് സ്ഥിരതയുള്ള ആരെങ്കിലും സ്വന്തം പണം, സാധുക്കളെ സഹായിക്കാനായി നല്‍കുമോ? എന്തോ എവിടെയോ ഒരു തകരാര്‍!
പത്രപ്രവര്‍ത്തകയായ ആ യുവതിയോട് എന്ത് അപമര്യാദയായിട്ടാണ് താങ്കള്‍ പെരുമാറിയത്. അതും ഭൂമി മലയാളത്തിലെ സകലമാന മാദ്ധ്യമപ്പടകളുടേയും മുന്നില്‍ വച്ച് - ലൈവായി.
പണ്ട് നടി കല്പന ചില സിനിമകളില്‍ ചോദിക്കുന്നതുപോലെ, ആ മാദ്ധ്യമ പ്രവര്‍ത്തകയ്ക്ക് ദൈവം സൗന്ദര്യം വാരിക്കോരി കൊടുത്തത് അവരുടെ കുറ്റമാണോ? പകല്‍ വെളിച്ചത്തില്‍ ക്യാമറക്കണ്ണുകളുടെ മുന്നില്‍ വെച്ച് അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചല്ലോ- അമ്പടാ വീരാ, ഗോവിന്ദച്ചാമിയും, പള്‍സര്‍ സുനിയുമൊക്കെ താങ്കളുടെ മുന്നില്‍ വെറും കീടങ്ങള്‍.
ഇന്നത്തെ ഭൂലോക പ്രശ്‌നങ്ങളെ ആകമാനം ബാധിക്കുന്ന ഒരു വിഷയത്തെപ്പറ്റി അതീവ ഗൗരവമുള്ള ഒരു ചോദ്യം അവര്‍ ചോദിക്കുന്നു - 'അതൊക്കെ പിന്നെ പറായം മോളെ!' എന്ന് അവരുടെ തോളില്‍ കൈവച്ച് കൊണ്ട് പറയുന്നു. പിന്നെ വീണ്ടും ഇളിച്ചുകൊണ്ട് മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ 'പറയൂ, ശോട്ടാ' എന്ന ശൃംഗാരച്ചിരിയുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുന്നു. പെണ്‍കുട്ടിക്കോ, കണ്ടു നിന്നവര്‍ക്കോ ഒരു പ്രശ്‌നവുമില്ല.
എല്ലാവരും സമാധാനത്തോടെ പിരിഞ്ഞുപോയി. വൈകുന്നേരം ആയപ്പോഴേയ്ക്കും വാര്‍ത്ത എത്തേണ്ടവരുടെ ചെവിയില്‍ എത്തി. നല്ലവനായ ഒരു മനുഷ്യനെ നാറ്റിക്കുവാന്‍ പറ്റിയ അവസരം. ആരുടെയൊക്കെയോ താളത്തിനു തുള്ളുന്ന ഒരു കളിപ്പാവയായിപ്പോയി അവര്‍ മാറി.
'എന്നെ പീഡിപ്പിച്ചേ, എന്റെ മാനം പോയേ- നാട്ടുകാരെ ഓടിക്കൂടുവിന്‍- കണ്ണില്‍ചോരയില്ലാത്ത ഈ ആട്ടിന്‍തോലിട്ട ചെന്നായെ എറിഞ്ഞു കൊല്ലുവിന്‍...'
ബന്ധപ്പെട്ട പാര്‍ട്ടിക്കാര്‍ വിഷയം ഏറ്റെടുത്തു. ഇസ്രയേല്‍, പാലസ്തീന്‍ പ്രശ്‌നം, സഹകരണ ബാങ്കുകളിലെ കൊള്ള, കാലാവധി തീര്‍ന്ന മരുന്ന് കൊടുത്ത് മനുഷ്യനെ മരവിപ്പിക്കുന്ന സേവനം, ഈ വിഷയങ്ങളെല്ലാം പെട്ടെന്ന് അപ്രസക്തമായി. - തീപാറുന്ന അന്തി ചര്‍ച്ചകള്‍ പൊടിപൊടിച്ചു. വനിതാ കമ്മീഷന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. മാദ്ധ്യമ പ്രവര്‍ത്തന യൂണിയന്‍ ഉറഞ്ഞു തുള്ളി. രാഷ്ട്രീയ വനിതാ നേതാക്കള്‍ ഒന്നടങ്കം ഞെട്ടി.
'അവനെ ക്രൂശിക്കാ- അവനെ ക്രൂശിക്കക്കാ'- എന്നവര്‍ ഒറ്റക്കെട്ടായി ആക്രോശിച്ചു. ഇരുയുടെ പേര് പറയാന്‍ പാടില്ലെന്നാണ് നിയമം. പ്രതിയുടെ പേര് പറയുന്നതില്‍ വിലക്കൊന്നുമില്ല. സുരേഷ് ഗോപി- വയസ് അറുപത്തിയഞ്ച്.
ഈ കോലാഹലങ്ങളെല്ലാം അറിഞ്ഞ സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിലൂടെ ആ ഇരയോട് മാപ്പുപറഞ്ഞു. അത് അദ്ദേഹത്തിന്റെ മാന്യത.
'മാധ്യമങ്ങളുടെ മുന്നില്‍ വച്ച് വാത്സല്യത്തോടു തന്നെയാണ് ഇരയോട് പെരുമാറിയത്- എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം, എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ, മാനസീക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നന്നു.'
ഇതോടുകൂടി ആ പ്രശ്‌നം അവിടെ തീരേണ്ടതാണ്. എന്നാല്‍ ഇത് അങ്ങിനെയങ്ങ് വിട്ടുകളഞ്ഞാല്‍ പറ്റുമോ?
പെണ്‍കുട്ടി ഫേഷ്യലൊക്കെ ചെയ്ത് മാധ്യമങ്ങളെ വിളിച്ചുകൂട്ടി കട്ടായം പറഞ്ഞു:
'ഇതൊരു മാപ്പു പറച്ചിലായി എനിക്ക് തോന്നിയിട്ടില്ല. നിയമ നടപടിയുമായി മുന്നോട്ടുപോകുകയാണ്.'
അഞ്ചും ആറും വയസ്സുള്ള പിഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊല്ലുമ്പോള്‍ വാ തുറക്കാത്ത , മന്ത്രിണിമാരെല്ലാം സദാചാരത്തിന്റെ കാവല്‍ മാലാഖമാരായി വന്ന് ഓരോ പ്രസ്താവന നടത്തുന്നതുകാണുമ്പോള്‍ സത്യത്തില്‍ പുച്ഛമാണ് തോന്നുന്നത്.
ഇനി 'പോക്‌സോ' കേസെടുത്ത് സുരേഷ് ഗോപിയെ ജയിലിട്ടാലും അതിശയിക്കാനൊന്നുമില്ല. മാധ്യമ പ്രവര്‍ത്തക യൂണിയന്‍ ഒറ്റക്കെട്ടായി നിന്ന് സുരേഷ് ഗോപിയുടെ കോലം കത്തിച്ച് ഈ പെരുമാറ്റത്തെ അപലപിച്ചു.
'കടക്ക് പുറത്ത്' എന്നു പറഞ്ഞപ്പോള്‍ നായ്ക്കളെപ്പോലെ വാലും ചുരുട്ടി പുറത്തേക്ക് ചാടിയ ഇവന്റെയൊക്കെ വായില്‍ അന്ന് പഴമായിരുന്നോ?
ഒരു തരത്തില്‍, 'ഈ പണി നിര്‍ത്തിയിട്ട് നിനക്കൊക്കെ പോയി തെണ്ടിക്കൂടേ' എന്ന് ദത്തന്‍ ചോദിച്ചത് എത്ര ശരിയാണ്!
നിയമപരമായ മുന്നറിയിപ്പ്: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന പ്രസ്‌ക്ലബ് മീറ്റിംഗില്‍ പങ്കെടുക്കാനെത്തുന്ന കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത അകലം പാലിക്കുക. നിലവിളക്ക് കൊളുത്തുവാന്‍ എല്ലാവരും കൂടി കിടന്ന് തള്ളുമ്പോള്‍, വനിതാ പ്രവര്‍ത്തകര്‍ വിളക്ക് കൊളുത്തി വേദി വിട്ടശേഷം മാത്രം മറ്റുള്ളവര്‍ തിരി തെളിക്കുക.
ഇരയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോടൊപ്പം കൈകോര്‍ക്കുക.
എല്ലാവര്‍ക്കും നല്ലത് ഭവിക്കട്ടെ!