
വമ്പന്‍ ഹിറ്റായിരുന്നു 1970 ല്‍ ഇറങ്ങിയ അരനാഴിക നേരം. കൊട്ടാരക്കര ശ്രീധരന്‍ നായരും സത്യനും പ്രേംനസീറും ഉള്‍പ്പടെയുള്ള താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊട്ടാരക്കരയും സംവിധായകനുള്ള പുരസ്ക്കാരം സേതുമാധവനും അരനാഴിക നേരം നേടിക്കൊടുത്തു. മികച്ച കഥയ്ക്കുള്ള അവാര്‍ഡും പാറപ്പുറത്ത് എഴുതിയ അരനാഴിക നേരത്തിന്റെ കഥയ്ക്ക് ആയിരുന്നു.
പടത്തിന്റെ വിജയം ആഘോഷിക്കാന്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഒരു ചടങ്ങ് അക്കാലത്ത് സംഘടിപ്പിച്ചു. മുന്‍ നിരയില്‍ മന്ത്രിയും മറ്റ് ജനപ്രതിനിധികളും അടങ്ങുന്ന വിവിഐപികള്‍. തൊട്ടു പിന്നിലത്തെ നിരയില്‍ സത്യന്‍, നസീര്‍, രാഗിണി, ഷീല തുടങ്ങിയ താരങ്ങള്‍. മൂന്നാം നിരയില്‍ കൊട്ടാരക്കര, ശങ്കരാടി, ബഹദൂര്‍ തുടങ്ങിയവര്‍.
ചടങ്ങ് ആരംഭിച്ചു. ചലച്ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കപ്പെട്ടു.
"ഇനി പ്രിയങ്കരനായ നടന്‍ സത്യന്‍ സദസിനോട് രണ്ട് വാക്ക് സംസാരിക്കുന്നതാണ്. സത്യന്‍ മാസ്റ്ററെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു".

സത്യന്‍ അനങ്ങിയില്ല.
വീണ്ടും ക്ഷണം.
"മാഷ് വേദിയിലേക്ക് വരണം". ആരോ അടുത്തു ചെന്ന് പറഞ്ഞു. സത്യന്‍ കൈ കെട്ടി ഇരിപ്പാണ്, അനങ്ങിയില്ല.
വേദിയും സദസും നിശബ്ദമായിരിക്കെ ബോംബ് ഇട്ടതു പോലെ സത്യന്റെ ഉറച്ച ശബ്ദം മുഴങ്ങി.
" ശ്രീധരന്‍ നായരെ വിളിക്കണം"
അപ്പോഴാണ് സംഘാടകര്‍ക്ക് വെളിവ് വീണത്. അരനാഴിക നേരം കുഞ്ഞോനച്ചനെ അവതരിപ്പിച്ച കൊട്ടാരക്കരയുടെ പടമാണ്. കൊട്ടാരക്കരയില്ലെങ്കില്‍ അരനാഴിക പോയിട്ട് കാല്‍ നാഴിക പോലും പടം ഓടില്ല. മൂന്നാം നിരയില്‍ അവശനായി ഇരിക്കുന്ന കൊട്ടാരക്കരയെ സംഘാടകര്‍ പ ിടിച്ചുകൊണ്ടു വന്നു. കൊട്ടാരക്കര ഏങ്ങലടിച്ചു കൊണ്ട് വന്ന് സത്യന്റെ കാല്‍ തൊട്ട് തൊഴാനാഞ്ഞു. പിടിച്ചെഴുന്നേല്‍പ്പിച്ച് സത്യന്‍ ആജ്ഞാപിച്ചു
" പോയി പ്രസംഗിക്കണം "
കൊട്ടാരക്കര പ്രസംഗിക്കുമ്പോള്‍ കണ്ണീര്‍ വീണു. " ഈ അവാര്‍ഡൊക്കെ കേമം തന്നെ. പക്ഷേ ഇന്ന് എന്റെ സത്യന്‍ എന്നോട് കാട്ടിയ സ്നേഹം മരിക്കും വരെ മറക്കില്ല"
പിന്നെ സത്യന്‍ സംസാരിച്ചു.
" ശ്രീധരന്‍ നായര്‍ എന്ന നടനെ തിരിച്ചറിയാത്തവര്‍ തരുന്ന അവാര്‍ഡിന് പുല്ലുവിലയേ ഉള്ളൂ. ഒരു നടന് മാത്രമേ മറ്റൊരു നടനെ തിരിച്ചറിയാന്‍ കഴിയൂ "
അതായിരുന്നു സത്യന്‍ എന്ന സത്യനേശന്‍ നാടാര്‍. അതായിരുന്നു സത്യന്റെ സ്നേഹം മനസിലാക്കിയ കൊട്ടാരക്കര എന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍.
സത്യന്‍ നല്ല കറുത്തിട്ടായിരുന്നു. തെക്കന്‍ കരുപ്പട്ടിയുടെ നിറത്തില്‍ സത്യനേശന്‍ നാടാര്‍ മലയാള സിനിമയില്‍ ജ്വലിച്ചു നിന്നു. അയാളുടെ നിറമോ ജാതിയോ ദേശമോ മലയാളിക്ക് പ്രശ്നമായിരുന്നില്ല. ആദരപൂര്‍വം പ്രേക്ഷകര്‍ സത്യന്‍ മാസ്റ്റര്‍ എന്ന് സംബോധന ചെയ്തു. അഭിനയമികവിന് പുറമെ സത്യന്റെ ഇത്തരം നിലപാടുകളും ആ ആദരവിന് കാരണമായി.
അന്ന് സത്യന്റെ കാല്‍ തൊട്ട് വന്ദിക്കാന്‍ തുനിഞ്ഞ കൊട്ടാരക്കരയെ കുറിച്ച് പിന്നൊരിക്കല്‍ എഴുതാം.