Image

അടുത്ത ഫോമാ കൺവെൻഷൻ  കാനഡയിൽ  വേണം; ഡോ. തോമസ് തോമസ്   പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 30 October, 2023
അടുത്ത ഫോമാ കൺവെൻഷൻ  കാനഡയിൽ  വേണം; ഡോ. തോമസ് തോമസ്   പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ടൊറോന്റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ വരും വർഷത്തെ കൺവെൻഷൻ കാനഡയിലെ ടൊറോന്റോയിൽ നടത്തണമെന്ന കനേഡിയൻ മലയാളികളുടെ ശക്തമായ ആവശ്യത്തെ മുൻനിറുത്തി ഡോ. തോമസ് തോമസ് ഫോമാ 2024 -26 പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നു.

"ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത് ?  ഫോമായുടെ നാളിതുവരെയുള്ള കൺവെൻഷനുകൾ  അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായിരുന്നു. എന്നാൽ  ഫോമായുടെ ഭാഗമായ കാനഡയെ ഒരു കൺവെൻഷനുവേണ്ടി പരിഗണിച്ചിരുന്നില്ല. ഇതിന്‌  പരിഹാരമായിട്ടാണ്  കാനഡയിൽ നിന്ന്  ഒരു പ്രസിഡണ്ട്  സ്ഥാനാർത്ഥിയെ കനേഡിയൻ മലയാളികൾ  മുന്നോട്ട് വെക്കുന്നത്." -  മിസ്സിസ്സാഗായിൽ  ചേർന്ന  ഫോമായുടെ  കാനഡയിലെ വിവിധ അംഗസംഘടനകളുടെ  പ്രതിനിധികൾ  പറഞ്ഞു.
 
കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ നിർത്താൻ പ്രാദേശികമായി തുല്യനീതി പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ വിസ്തീർണ്ണം കൊണ്ടും മലയാളികളുടെ എണ്ണംകൊണ്ടും അമേരിക്കയിലെ ഏതൊരു സ്റ്റേറ്റിനെക്കാളും ഒട്ടും പിന്നിലല്ലാത്ത കാനഡയിൽ ഒരു കൺവെൻഷൻ നടത്തേണ്ടത് ഫോമായുടെ ആവശ്യമാണെന്നും അതിന് ഇനി ഒട്ടും വൈകരുതെന്നും കനേഡിയൻ മലയാളികൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു .

സമാന്തര സംഘടനയായ ഫൊക്കാന ഇതിനോടകം രണ്ടു കൺവെൻഷനുകൾ കാനഡയിൽ നടത്തിയത് തങ്ങളുടെ ആവശ്യത്തിന് പിൻബലമേകുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും ജനനിബിഡമായ ടൊറോന്റോ കൺവെൻഷൻ നടത്തിയ അന്നത്തെ പ്രസിഡണ്ടായ ഡോ. തോമസ് തോമസ് ഫോമാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനും ഫോമാ കൺവെൻഷൻ ഏറ്റെടുത്ത് നടത്താനും തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കൻ മലയാളികൾക്ക് ഈ കൺവെൻഷൻ ഒരു രാജ്യാന്തര ടൂറിനും കനേഡിയൻ കാഴ്ചകൾ കാണാനുമുള്ള ഒഴിവുകാല ഉല്ലാസത്തിനും അവസരവുമാകും. അതിനാൽ കൂടുതൽ അംഗങ്ങൾ അമേരിക്കയിൽ നിന്ന് തന്നെ ഈ കൺവെൻഷനിൽ പങ്കെടുക്കാൻ സാധ്യതയേറെയാണ്.
ഒരു വിജയകരമായ കൺവെൻഷൻ നടത്താനുള്ള എല്ലാ അനുകൂല കാലാവസ്ഥയാണ് ഇന്ന് കാനഡായിലുള്ളത്. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവണ്മെന്റുകളുടെ പിന്തുണ, കലാ സാംസ്കാരിക സംഘടനകളുടെയും കലാകാരന്മാരുടെയും പിന്തുണ, സുരക്ഷിതത്വം, ഹോട്ടൽ-സുഖ സൗകര്യങ്ങൾ തുടങ്ങിയവ എല്ലാം അനുകൂല ഘടകങ്ങളാണ്.

കനേഡിയൻ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ (സി .സി. എസ് .ടി .എ) ഒന്റാരിയോ പ്രോവിൻസ് ഡയറക്ടർ , ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി .എസ് .ടി .എ ) റീജിയണൽ ഡയറക്ടർ, ഡെഫറിൻ -പീൽ കാത്തോലിക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡ് വൈസ്-ചെയർ തുടങ്ങിയ ഒട്ടേറെ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ഡോ.തോമസിന് കാനഡയിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാനും ഫോമായെ  രാജ്യാന്തര തലത്തിലേക്ക് കൈപിടിച്ച് നയിക്കാനുമാവും.

കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , അവിഭക്ത ഫൊക്കാന മുൻ  പ്രസിഡണ്ട്, ട്രഷറാർ,  കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് തുടങ്ങിയ നിരവധി നിലകളിൽ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന തോമസ് , ഫോമായുടെ അമരത്തേക്ക് വന്നാൽ ഫോമായുടെ വളർച്ച അസൂയാവഹമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ദിനം പ്രതി നൂറുകണക്കിന് മലയാളികൾ കുടിയേറിക്കൊണ്ടിരിക്കുന്ന കാനഡയിൽ മലയാളി സംഘടനകളുടെ എണ്ണവും വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളുൾപ്പെടെ ഏതാണ്ട് രണ്ടര ലക്ഷം മലയാളികളും 84 മലയാളി അസ്സോസ്സിയേഷനുകളും ഇന്ന് കാനഡയിലുണ്ട് . ഇതിൽ പ്രധാനപ്പെട്ട എല്ലാ അസ്സോസ്സിയേഷനുകളുടെയും പിന്തുണ ഇപ്പോൾ തന്നെ തോമസിനുണ്ട്. ഇപ്പോൾ ഫോമാ നന്നായി കരുക്കൾ നീക്കി, കാനഡായിലൊരു കൺവെൻഷൻ നടത്തിയാൽ ബഹുഭൂരിപക്ഷം മലയാളി സംഘടനകളും ഫോമായോടൊപ്പം ചേരാൻ തയ്യാറാകും .എന്നാൽ, ഫോമായിൽ നിന്നും കാനഡയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെങ്കിൽ നിലവിലുള്ളവർ കൂടി മറുകണ്ടം ചാടാൻ സാധ്യതയുണ്ട്.

അതിനാൽ ഫോമായുടെ വളർച്ചയും അംഗബലവുമാണ് ലക്‌ഷ്യം വെക്കുന്നതെങ്കിൽ ഫോമാ കൺവെൻഷൻ ടൊറോന്റോയിൽ നടത്തേണ്ടത് ഫോമായുടെ തന്നെ ആവശ്യമായി കരുതി എല്ലാ അമേരിക്കൻ മലയാളി സംഘടനകളും പിന്തുണക്കണമെന്നും ഫോമായുടെ അമരത്തേക്ക് കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരിയും ഇപ്പോഴത്തെ ഫോമായുടെ കാനഡാ റീജിയണൽ ചെയർമാനുമായ ഡോ.തോമസ് കെ തോമസിനെ വിജയിപ്പിക്കണമെന്നും കനേഡിയൻ മലയാളികൾ ഒന്നായി ആവശ്യപ്പെട്ടു.

Join WhatsApp News
Well wisher 2023-10-30 09:31:08
Idea looks great, but threat of hop, not a shine star 💫 vocabulary. Election’s democratic strategical application process can’t be predicted at all. Good luck Dr. Thomas K Thomas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക