Image

നന്ദി….. ഡാനിയെല്ലോ സാല്‍വഡോര്‍ (-മില്ലി ഫിലിപ്പ്)

Published on 31 October, 2023
നന്ദി….. ഡാനിയെല്ലോ സാല്‍വഡോര്‍ (-മില്ലി ഫിലിപ്പ്)

വാഷിംഗ്ടണ്‍ ഡിസിലേക്കുള്ള വിമാനയാത്രയിലായിരുന്നു കാതറിന്‍.
എയര്‍പോര്‍ട്ടില്‍ നിന്നിറങ്ങി ഫോണില്‍ പരതുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഴുവന്‍ ചെസ്റ്റര്‍ കൗണ്ടി ജയിലില്‍ നിന്നും ജയില്‍ ചാടിയ ഡാനിയല്ലോ സാല്‍വഡോര്‍ എന്ന കൊലയാളിയെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു വന്നുകൊണ്ടിരുന്നത്.കൂട്ടുകാരിയെ അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുമ്പില്‍വച്ച്  38 തവണ കുത്തികൊലപ്പെടുത്തിയ ഭീകരന്‍!
കൂടെയുള്ള ക്യാമറാമാന്‍റെ വിളി കേട്ടാണ് കാതറിന്‍ ڈഫോണില്‍ നിന്നുള്ള ശ്രദ്ധ മാറ്റി ഡാനിയെല്ലോയെക്കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ചത്.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ ഒരു പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുവാനാണ് കാതറിന്‍ എത്തിയത്.
ഏതാണ്ട് ഒരാഴ്ചയ്ക്കുശേഷം അപ്രതീക്ഷിതമായി ഡാനിയുടെ കാര്യം മനസ്സിലേക്ക് ഓടിയെത്തി. ഇതുവരേയും അയാളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രാദേശിക സ്കൂളുകളും താമസക്കാരും ഭയത്തോടെയാണ് കഴിയുന്നത്. രാത്രികാലങ്ങളില്‍ അധികമാരും പുറത്തിറങ്ങാറില്ല. ഇത്രയും കാവലില്‍, സുരക്ഷിതമായി ബന്ധിച്ചിരുന്ന ഒരാള്‍ ജയില്‍ ചാടുക?
നാനൂറു പോലീസുകാരേയും ഡോഗ് സ്ക്വാഡിനേയും സര്‍വ സന്നാഹങ്ങളുമായിട്ടാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പിടിപ്പുകേട് എന്ന വിമര്‍ശനവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.സിഎന്‍എന്‍ ന്യൂസ് ചാനലില്‍ അയാളെ കുറിച്ചുള്ള റിപ്പോര്‍ട്ട് കാതറിന്‍ കാണുകയായിരുന്നു.
    ഡാനിയെല്ലോയെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ഒരാകാംക്ഷ.
അപ്പോഴാണ്, ബ്രസീലിയന്‍ രാഷ്ട്രപതിയുടെ സ്റ്റേറ്റ് ഓഫ് അറൈവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നപെഡ്രോ ലോപ്സ് എന്ന പത്രപ്രവര്‍ത്തകനെ കുറിച്ച് ഓര്‍മ്മയിലെത്തിയത്. ഫോണ്‍ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നെടുത്തു, മെസേജില്‍ ഫ്രീ ആകുമ്പോള്‍ വിളിക്കണെന്നാവശ്യപ്പെട്ടു.
എട്ടു മണിക്കൂറിനു ശേഷമാണ് പെഡ്രോ പ്രതികരിച്ചത്.ڈക്ഷമിക്കണം, കുറച്ചു തിരക്കിലായിരുന്നു. തീര്‍ച്ചയായും വിളിക്കാം.
ڇപെഡ്രോ വിളിച്ചു.പരിചയം പുതുക്കല്‍ ഡാനിയെല്ലോയിലേക്ക് വഴിമാറി.
ബ്രസീലിയന്‍ പൗരന്‍ ആയതുകൊണ്ട് അവിടെയും വാര്‍ത്ത ഉണ്ടായിരുന്നു.
കൂടുതല്‍ അന്വേഷിച്ചിട്ട് തിരികെ വിളിക്കാമെന്നു പറഞ്ഞു.
അപ്പോഴേക്കും ചെസ്റ്ററില്‍ സ്ഥിതി വഷളായി കൊണ്ടിരുന്നു. ചെസ്റ്റര്‍ കൗണ്ടിയിലെ ലോങ്ങ് വൂഡ്‌ ഗാര്‍ഡന്‍സിലെ ക്യാമറകളിൽ ഡാനിയുടെ സാന്നിദ്ധ്യം അറിയിക്കുന്നുണ്ടായിരുന്നു .അഞ്ചടി മാത്രം ഉയരമുള്ള അയാള്‍ക്ക് ഒളിച്ചിരിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. ജയിലിനടുത്തുള്ള വീടുകളില്‍ നിന്നും ഒരു ബാഗ്, കുറച്ചു  ഭക്ഷണം, ജാക്കറ്റ് എന്നിവ മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു രക്ഷപെടല്‍ ആവാനാണ് സാധ്യത.
ആഴ്ച ഒന്ന് കഴിഞ്ഞു.അമേരിക്കന്‍ പട്ടാളവും പോലീസും അതീവ അപകടകാരിയായ കൊലയാളിക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
മറ്റൊരു ബ്രേക്കിംഗ് ന്യൂസ്.
       
ഡാനി പൊലീസ് വലയം ഭേദിച്ച് ഇരുപതു മൈല്‍ അകലെ സുഹൃത്തിന്‍റെ വീട്ടിലെ  മുൻ വാതിൽ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു. ഒരു വാന്‍ മോഷ്ടിച്ചാണ് അവിടെ എത്തിയിരിക്കുന്നത്.എല്ലാവരും ഭവനവും വാഹനവും പൂട്ടി സുരക്ഷിതമായിരിക്കണം എന്ന അറിയിപ്പ് നല്‍കിയിരുന്നിട്ടും ഇയാള്‍ക്ക് ഇതെങ്ങനെ കിട്ടി? അതും പോലീസിന്‍റെ മൂക്കിനു താഴെനിന്നും. ഒരു ഡയറി ഫാമില്‍ നിന്നും ആയിരുന്നത്രെ ഈ വാന്‍ മോഷണം പോയത്. ന്യൂസ് കാണുമ്പോഴാണ് ഡയറി ഫാം ഉടമ ഇക്കാര്യം അറിയുന്നത്. വാനിന്‍റെ എന്‍ജിന് സാരമായ കേടു വന്നതുകൊണ്ടാണ് അതു പൂട്ടാതെ യിട്ടിരുന്നതെന്നും പിന്നാലെ വിശദീകരണം ഉണ്ടായി.
       
 ഏതാണ്ട് ഇരുപത് മൈല്‍ സഞ്ചരിച്ചശേഷം വാന്‍ നിന്നിട്ടുണ്ടാവണം. മറ്റു മാര്‍ഗമില്ലാതെ അയാള്‍ വാന്‍ ഉപേക്ഷിച്ചു അടുത്തുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിയതാവാം. ഡാനി അവിടെ എത്തുമ്പോള്‍ സുഹൃത്തും കുടുംബവും പുറത്തു പോയിരിക്കുകയായിരുന്നു.ഡാനിയുടെ ധൈര്യം കാതറിനെ അത്ഭുതപ്പെടുത്തി. ഡാനിയേ മുന്നോട്ട് നയിക്കുന്ന ആന്തരിക ശക്തി എന്തായിരിക്കും?പരിശ്രമശാലിയുടെ സാഹസികതയാണ് അയാളില്‍ കാണാന്‍ കഴിയുന്നത്.അയാള്‍ തെറ്റു ചെയ്തിട്ടുണ്ടാകുമോ?
തെറ്റു ചെയ്തുവെങ്കില്‍  അതിനു പ്രേരിപ്പിച്ച ഘടകങ്ങൾ എന്തായിരിക്കും?

 വെറുതെ മനസ്സില്‍ ചോദ്യം ഉയര്‍ന്നപ്പോഴാണ് പെഡ്രോയുടെ ഫോണ്‍കോള്‍.'ഹൗ ആര്‍ യു കാതിന്‍?' അയാള്‍ തുടര്‍ന്നു.
എടോ. തന്‍റെ ചിന്ത ശരിയായ ദിശയിലാണ്. അംഗരാ ഡോസ് റെയ്സ് എന്ന ചെറിയ ഗ്രാമത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കുശേഷം മരിയ്ക്കും ആന്ദ്രേ സാല്‍വഡോറിനും പിറന്ന ആണ്‍കുട്ടിയാണ് ഡാനി.സഹോദരിമാര്‍ക്കൊപ്പം കൊച്ചുഡാനി വളര്‍ന്നു. ശാന്തമായ പ്രകൃതം. പഠനത്തില്‍ മിടുക്കനായ പത്തുവയസ്സുകാരന്‍.
              
മാതാപിതാക്കളുടെ കലഹം അവന്‍റെ വേദനയായിരുന്നു. ആന്ദ്രേ മദ്യപാനിയായിരുന്നു. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെയാണ് സ്കൂളില്‍ നിന്നു വന്ന ഡാനി പലപ്പോഴും കണ്ടിരുന്നത്. വാക്കു തര്‍ക്കത്തിനിടയില്‍ ഏതോ ഒരു സ്ത്രീയുടെ പേരും അമ്മ പറയുന്നുണ്ടായിരുന്നു.അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ ആന്ദ്രേ വീടുവിട്ടിറങ്ങി. പിന്നീട് അച്ഛന്‍ ഒരിക്കല്‍ പോലും ആ വീട്ടില്‍ എത്തിയിട്ടില്ല.മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച ആന്ദ്രേ കൂടെ ജോലി ചെയ്യുന്ന സ്ത്രീക്കൊപ്പം ജീവിതമാരംഭിച്ചുവത്രെ.
              ലോകത്തോടുള്ള തീവ്രമായ വെറുപ്പും, ഒപ്പം മറ്റുള്ളവരോടുള്ള വിശ്വാസമില്ലായ്മയും ഡാനിയുടെ ഇളം മനസ്സില്‍ വേരോടി.
സഹോദരിമാര്‍ വളര്‍ന്നു യുവതികളായി. ഡാനി കോളേജില്‍ എത്തി. ചെറിയ ജോലിയും ചെയ്ത് അത്യാവശ്യ വരുമാനം ഉണ്ടാക്കി.
ഒരിക്കല്‍ അവന്‍ വീട്ടിലെത്തിയപ്പോള്‍ ഏകദേശം നാല്പത്തിയഞ്ച് വയസ്സു തോന്നിപ്പിക്കുന്ന ഒരാള്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അമ്മയുടെ ബോയ് ഫ്രണ്ട് ആണെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
അമ്മയ്ക്കും ഒരു കൂട്ടുവേണം. എങ്കിലും ഡാനിക്ക് അയാളെ അത്ര പിടിച്ചില്ല....'
സംഭാഷണം ഇത്രയൊക്കെ  ആയപ്പോഴേക്കും പെഡ്രോയ്ക്കു ഓഫീസില്‍ നിന്നും വിളി വന്നു.
             
കാതറിന്‍ ബ്രേക്കിംഗ് ന്യൂസിനായി വിരലമര്‍ത്തി.ഡാനിയെ ചെസ്റ്റര്‍ സ്പ്രിങ്സ് എന്ന സ്ഥലത്തു കാണപ്പെട്ടുവത്രെ.ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോകോയിലോ പറഞ്ഞതുപോലെ നിങ്ങള്‍ ആരായാലും, അല്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് എന്തായാലും, നിങ്ങള്‍ക്ക് ശരിക്കും എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍, ആ ആഗ്രഹം പ്രപഞ്ചത്തിന്‍റെ ആത്മാവില്‍ ഉത്ഭവിച്ചു എന്നതുകൊണ്ടാണ്. ഇത് ഭൂമിയിലെ നിങ്ങളുടെ ദൗത്യമാണ്.ڈ
ഡാനിയെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ച ഘടകവും മറ്റൊന്നായിരിക്കുകയില്ല.
ആലോചനയെ തടസ്സപ്പെടുത്തികൊണ്ട് പെഡ്രോയുടെ വിളിയെത്തി.
പെഡ്രോയുടെ സംസാരത്തില്‍ ഒരു പ്രേമാരംഭത്തിന്‍റെ  ഇഴകള്‍ ഉണ്ടോയെന്നു സംശയം. 'തന്നോട് സംസാരിക്കാന്‍ ഏറെ രസം തോന്നുന്നു കാതറിന്‍.' അയാള്‍ ഡാനിയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കേട്ടതത്രത്തില്‍ കാതറിന്‍ തന്‍റെ മനസ്സിലൂടെ   വായിച്ചെടുക്കുകയായിരുന്നു.
         
ഡാനിക്കൊരു പ്രണയമുണ്ടായിരുന്നു. ആത്മാവും ശരീരവും ഒരു നദിപോലെ താളാത്മകമായി ഒഴുകിയ പ്രണയം.ബെര്‍ട്ടിയോഗ ഗ്രാമത്തില്‍നിന്ന് ഡാനിയുടെ സ്ഥലത്തേക്ക് കുടിയേറിപ്പാര്‍ത്ത എലീന. ഡാനിക്ക് അവളോട് വളരെ സ്നേഹമായിരുന്നു. റിയോ വെര്‍ഡെ നദിക്കരയില്‍ ഇരുന്ന് അവര്‍ മനസ്സു കൈമാറി. നിശ്ചലമായിരുന്നു ആ സായാഹ്നം. അസ്തമിക്കുന്ന സിന്ദൂര സൂര്യനെ നോക്കി, അതിന്‍റെ അരുണപ്രകാശത്തില്‍ അവര്‍ സ്വര്‍ണ്ണ പടവുകള്‍ കെട്ടി.
അസ്തമന ശോഭയില്‍ നദിയും എലീനയും തരളിതമായിരുന്നു.
മരങ്ങള്‍ക്കപ്പുറമുള്ള, ദൂരം ഏറെയില്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ ആപ്പിള്‍ പൂക്കളുടെ രേണുക്കള്‍വെളുത്ത ശിഖരങ്ങളാല്‍ നീല നിറമുള്ളതായി. നിഴലുകള്‍ വളര്‍ന്നുയര്‍ന്ന് അതൊരു സ്വര്‍ഗ്ഗീയ നീലമയിലേക്ക് ഇഴചേര്‍ന്നു.
തിളക്കമാര്‍ന്ന പ്രകാശം. ഓറഞ്ചില്‍ ചാലിച്ച പിങ്ക്. ശാന്തമായ പാടവുകളില്‍ തട്ടിയുടഞ്ഞ പ്രകാശം സന്ധ്യയ്ക്കു വഴിമാറി.കാഴ്ച്ചയുടെ നദിക്കരയിലിരുന്ന് അവര്‍ വരും കാലങ്ങളെ കണ്ടു. വിടപറഞ്ഞ മനസ്സ് പ്രണയാതുരമായിരുന്നു.
തിരിച്ചു നടക്കുമ്പോള്‍ ഡാനിയുടെ മനസ്സിലൊരു അരുതായ്മയുടെ തോന്നല്‍. വീട്ടിലെത്തി ഗരാജ് തുടര്‍ന്നെത്തുമ്പോള്‍ അമ്മയുടെ ബോയ്ഫ്രണ്ടിനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ സഹോദരിയെ ചേര്‍ത്തുപിടിച്ചിരിക്കുന്നു.അപ്രതീക്ഷിതമായ ഈ കാഴ്ച ഡാനിയെ ക്ഷുഭിതനാക്കി. താളം തെറ്റിയ ഡാനി കൈയില്‍ കിട്ടിയ കത്തിയെടുത്തു രണ്ടുപേരേയും ആക്രമിച്ചു. ഒരാള്‍ അപ്പോള്‍തന്നെ പിടഞ്ഞു മരിച്ചു. ഒപ്പമുള്ള ആളാണ് മരണപ്പെട്ടത്.സഹോദരിയേയും കൊണ്ട് ഡാനി അവിടുന്ന് രക്ഷപ്പെട്ടു.
ഡാനിയുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ്.അവന്‍ ഉള്‍പ്പെടുന്ന നഗരത്തിലെ പ്രാന്തപ്രദേശങ്ങള്‍ മാത്രമായിരുന്നു ആ ലുക്ക് ഔട്ട് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടത്.
ചില തെറ്റുകള്‍ക്ക് മുന്നില്‍ ദൈവം കണ്ണടയ്ക്കാറുണ്ടത്രെ.
         
ഈ ക്രൂരതയ്ക്ക് അവന്‍റേതായ ന്യായമുണ്ടായിരുന്നു.ഡാനി ബ്രസീലില്‍ നിന്ന് പ്യൂർട്ടോ റിക്കോഎന്ന ദ്വീപില്‍ ഒരു ഉരുവില്‍ കയറി രക്ഷപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്.പെഡ്രോയിൽ നിന്നും അറിഞ്ഞ കഥകളാണിതെല്ലാം.കാതറിന്‍ എലീനയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.
അവളുടെ ഹൃദയം തേങ്ങുകയാണ്.മിഴിനീര്‍ മഴ പോലെ പെയ്തിറങ്ങി വേദന. ഇനിയുള്ള അവളുടെ ദിവസങ്ങള്‍ വേദന നിറഞ്ഞതാവും.
പിന്നീട് പ്യൂർട്ടോറിക്കോയില്‍ എന്ത് സംഭവിച്ചു എന്ന് അധികം അറിയാന്‍ കഴിഞ്ഞില്ല. ചെറിയ ജോലികള്‍ ചെയ്ത് പണമുണ്ടാക്കി അനധികൃതമായി കപ്പല്‍ മാര്‍ഗ്ഗത്തിലൂടെ ഡാനി അമേരിക്കയില്‍ പ്രവേശിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
           
ഭാഗ്യം എപ്പോഴും ഡാനിയോടൊപ്പം ഉണ്ടായിരുന്നു. കുറ്റക്കാരനെന്ന് വിധിക്കുമ്പോഴും സ്വന്തം സഹോദരിയെ രക്ഷിക്കാനായിരുന്നു എന്ന് ന്യായീകരണം നിലനില്‍ക്കുമ്പോഴും തെറ്റ് തെറ്റല്ലാതാവുന്നില്ല.
അമേരിക്കന്‍ ജീവിതത്തിനിടയില്‍ രണ്ടു കുട്ടികളുടെ അമ്മയായ ഡെബ്ബ്ര എന്ന ബ്രസീലിയന്‍ യുവതിയെ ഡാനി പരിചയപ്പെടുന്നു. അവരോടൊപ്പം കുറച്ചുകാലം കഴിയുന്നു. അങ്ങനെ കഴിയുന്ന കാലത്തും അയാള്‍ അസ്വസ്ഥനും മാനസിക സംഘര്‍ഷത്തിന് ഉടമയുമായിരുന്നു.പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുമ്പില്‍വച്ച് മുപ്പത്തിയെട്ടു തവണ കുത്തികൊലപ്പെടുത്തിയതോടുകൂടിയാണ് ഡാനി പൊലീസിന്‍റെ പിടിയിലായത്.
          
 സിനിമയെ വെല്ലുന്ന ആകസ്മിക സംഭവങ്ങളിലൂടെ, അമേരിക്കന്‍ പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തുക മാത്രമല്ല അമേരിക്കന്‍ പോലീസിന് നാണക്കേടും വരുത്തിവെച്ച ഒരു നാടകത്തിന്  തിരശ്ശീല വീണു.
ചെസ്റ്റര്‍ സ്പ്രിങ്സിന് അടുത്തുള്ള കുതിരലായതില്‍ നിന്നും കുറച്ചു ധാന്യ പാക്കറ്റുകള്‍ അപ്രത്യക്ഷമായതും, അടുത്ത സ്ഥലത്തു നിന്നും ജാക്കറ്റ് അപ്രത്യക്ഷമായതും, സുഹൃത്തിന്‍റെ വീട്ടിലെ സിസി ടിവിയില്‍ പതിഞ്ഞ ചിത്രത്തിലെ ജാക്കറ്റ് ഉപേക്ഷിക്കപ്പെട്ടതുമാണ് പോലീസിനെ അയാളെ കണ്ടെത്താനുള്ള വഴിയൊരുക്കിയത്.സാഹചര്യത്തെളിവില്‍ നിന്നും ഡാനിയെ കണ്ടെത്താനുള്ള  സാധ്യത പൊലീസ് അടയാളപ്പെടുത്തി. അതീവ ശ്രദ്ധയോടെ പോലീസ് കരുക്കള്‍ നീക്കി. ജയിലില്‍ നിന്നും പുറത്തു കടന്ന് പോലീസില്‍ നിന്നും രക്ഷപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഡാനിയെ കസ്റ്റഡിയിലെടുത്തു.
    
 ചെസ്റ്റര്‍ കൗണ്ടിയിലെ മനുഷ്യവേട്ടയില്‍ ഒന്നിലധികം സംസ്ഥാന, പ്രാദേശിക, ഫെഡറല്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ടിരുന്നു. ഫെഡറല്‍ ഏജന്‍സികളിലൊന്നായ ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള വിമാനമാണ് ഈ കേസില്‍ വലിയ വഴിത്തിരിവായത്.
ആദ്യം, വീഡിയോയില്‍ ഒരു ചെറിയ വെളുത്ത പുള്ളി കാണാന്‍ കഴിഞ്ഞു, പക്ഷേ വിമാനം ഒരു മരത്തിന് ചുറ്റും നീങ്ങുകയും മികച്ച കാഴ്ച ലഭിക്കുകയും ചെയ്തപ്പോള്‍ ഒരു തിളങ്ങുന്ന മനുഷ്യരൂപം ശ്രദ്ധയില്‍പ്പെട്ടു.

ആ രാത്രിയിലെ മോശം കാലാവസ്ഥ കാരണം വിമാനം ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതരായി. അധികാരികള്‍ അയാളുടെ ഒളിസങ്കേതം വളയുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്തു.പോലീസില്‍ നിന്ന് ഒളിച്ചോടി ഓടിക്കൊണ്ടിരുന്ന സമയത്ത് ഒരു ഗാരേജില്‍ നിന്നും മോഷ്ടിച്ച ഒരുറൈഫിളുമായി ഡാനി ഇഴഞ്ഞു നീങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ യോഡ എന്ന് പേരുള്ള കെ 9 അവനെ കീഴ്പ്പെടുത്തി. ഒടുവില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.ഡാനി ഏറ്റവും സുരക്ഷിതമായ തടവറയില്‍ അടയ്ക്കപ്പെട്ടു.
ചെസ്റ്റര്‍ കൗണ്ടി ജയിലില്‍ ആയിരിക്കുമ്പോള്‍, ഒരു മതില്‍ ക്രാബ് വാക് അഭ്യാസത്തിലൂടെ മേല്‍ക്കൂര കടന്ന് റേസര്‍ വയറിലൂടെ കടന്ന ഡാനി പോലീസിനെ രണ്ടാഴ്ച വട്ടംകറക്കിയത്.
       
രക്ഷപ്പെടില്ല എന്ന് അറിഞ്ഞിട്ടും ഡാനിയെ പ്രേരിപ്പിച്ച ആന്തരിക ചോതന എന്താവും എന്ന് അറിയാനുള്ള ഒരു ആഗ്രഹം കാതറിന്‍ പെഡ്രോയെ അറിയിച്ചു.ഒരുമാസത്തിനുശേഷം പെഡ്രോ അമേരിക്കയിലേക്ക് വരുന്നതായി അറിയിച്ചു.പെട്രൊയ്ക്കും കാതറിനും ജയില്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചു. ആദ്യം ഡാനി സംസാരിക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ചു. പെഡ്രോ ബ്രസീല്‍ പത്രപ്രവത്തകന്‍ എന്ന് മനസിലാക്കിയപ്പോള്‍ ഒന്ന് അയഞ്ഞു.
രക്ഷപ്പെടാന്‍ സാധ്യതയില്ല എന്നറിഞ്ഞിട്ടും ഈ സാഹസത്തിന് താങ്കളെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നുവെന്ന ചോദ്യത്തിന് അയാളില്‍ നിന്നും മറുപടി ഉണ്ടായില്ല.ദൃഢനിശ്ചയത്തോടും ഉല്പതിഷ്ണയോടും ജീവിച്ചിരുന്നെങ്കില്‍ ഏതു നിലയില്‍ എത്തിപ്പെടുമായിരുന്നു എന്ന  ചോദ്യത്തിന് പറഞ്ഞ മറുപടി ഇരുവരേയും ഏറെ ചിന്തിപ്പിച്ചു. ڇ
               
“ആരും കുറ്റക്കാരനായി ജനിക്കുന്നില്ല. പഠനത്തില്‍ മിടുക്കനായിരുന്നു. പപ്പ ഉപേക്ഷിച്ചതോടെ സ്നേഹിക്കപ്പെടുന്ന കരുതലില്‍ വിശ്വാസമില്ലാതെയായി. അതെന്നെ ഡിപ്രഷനിലേക്ക് നയിച്ചിട്ടുണ്ടാവാം. വാങ്ങിയ പണത്തിന് പകരമായാണ് എന്‍റെ സഹോദരിയെ അമ്മയുടെ ബോയ്ഫ്രണ്ട് സുഹൃത്തിന് ഇടം കൊടുത്തത്.അമ്മയും പെങ്ങളും സുരക്ഷിതരല്ല എന്ന് എനിക്കറിയാം. അവര്‍ക്ക്  ഉപദ്രവം നേരിടും എന്ന തോന്നലാണ് ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചത്.
കാമുകിയെ കൊന്നത് അവള്‍ ചതിക്കുമെന്ന്തോന്നലില്‍ നിന്നാണ്. വഴിവിട്ട തോന്നലുകള്‍. ഭയം തീര്‍ത്ത പ്രതികാരങ്ങള്‍...
കുറ്റബോധമുണ്ട്. വൈകിപ്പോയി എന്നറിയാം അമേരിക്കയില്‍ ഉണ്ടായിരുന്ന സഹോദരിയെ പോലീസ് ഡാനിയെ ജയിൽ ചാടിയതിനു ശേഷം സഹായിച്ചു എന്ന പേരിൽ നാടുകടത്തി.“ബ്രസീലില്‍ തിരിച്ചു എത്തുമ്പോള്‍ അമ്മയേയും സഹോദരിമാരെയും സുരക്ഷിതരായി കാണുവാന്‍ കഴിയുമോ?”
ഡാനി തന്‍റെ ആകുലതകളത്രയും പെട്രോയുമായി പങ്കുവച്ചു. “ബ്രസീലിൽ അമ്മയെയും  സഹോദരിമാരെയും സുരക്ഷിതർ ആക്കുവാൻ അങ്ങേയ്ക്കു കഴിയുമോ സർ ?” പെഡ്രോയോട് ഡാനി കരഞ്ഞു കൊണ്ട് അപേക്ഷിച്ചു.

പെഡ്രോയും കാതറിനും തിരിച്ച് ന്യൂയോര്‍ക്കിലേക്ക് യാത്രയായി.ചെറുപ്പകാലങ്ങളില്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തൊക്കെ പ്രശ്നങ്ങളിലേ ക്കാണ് ഒരാളെ നയിക്കുക എന്നതായിരുന്ന ആ യാത്രയിലൂടെനീളം അവര്‍ സംസാരിച്ചത്.മാതാപിതാക്കള്‍ കലഹിക്കുമ്പോള്‍ അതെത്രാമാത്ര കുട്ടികളില്‍ വിഷമം ഉണ്ടാക്കുമെന്ന് അവര്‍ അറിയുന്നില്ല. ഉപദ്രവിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ഭയവും ആകുലതയും പിന്നീട് പ്രതികാരമായി രൂപാന്തരപ്പെടുമെന്നും അറിയുന്നില്ല. ഡാനി അധികം സ്നേഹിച്ചിരുന്നത് പിതാവിനെ ആയിരുന്നു. ആ പിതാവാണ് കൈ തട്ടിമാറ്റി പടിയിറങ്ങി എന്നന്നേക്കുമായി പോയത്. ഇതുപോലെ പണത്തിന് വേണ്ടി തങ്ങളുടെ മക്കളെ മറ്റുള്ളവരെ ചതിക്കാൻ പ്രേരിപ്പിക്കുന്ന , മറ്റുള്ളവരുടെ സ്വത്തിനു വേണ്ടിയും പണത്തിനു വേണ്ടിയും സ്വന്തം കുഞ്ഞുങ്ങളെ ആർത്തി ഉള്ളവരായി പഠിപ്പിക്കുന്ന മാതാപിതാക്കളും ചിന്തിക്കുന്നില്ലല്ലോ തങ്ങളുടെ കുട്ടികളുടെ മനസ്സ്നേയും ചിന്തയെയും  വിഷലിപ്തം ആക്കി അവരുടെ ഭാവിയാണ് നശിപ്പിക്കുന്നത് അവർ വിശകലനം ചെയ്തു.
             
  പെഡ്രോയ്ക്ക് നാളെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് ബ്രസീലിലേക്ക് ഫ്ളൈറ്റ്. താമസിക്കാന്‍ മന്‍ഹാട്ടനിലെ ഹില്‍ട്ടണില്‍ മുറി ബുക്ക് ചെയ്തിരുന്നു.”ഒരു ഡിന്നര്‍ ആയാലോ”' പെഡ്രോ ചോദിച്ചു.ന്യൂയോര്‍ക്കിലെ റിവര്‍ കഫേയിലേക്കു പോകുവാന്‍ തീരുമാനിച്ചുകൊണ്ടിരിക്കുമ്പോളാണ് പെഡ്രോ മറ്റൊരു ചോദ്യം ഉന്നയിച്ചത്.
'കുട്ടികളെ സ്നേഹിക്കുന്ന, അധികം കലഹിക്കാത്ത ഭാര്യയും ഭര്‍ത്താവും ആകുവാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി നമ്മള്‍ക്ക് കാമുകീകാമുകന്മാരായല്ലോ?'ഇത്രയും നല്ലൊരു പ്രൊപ്പോസല്‍ ആദ്യമായാണ് കേള്‍ക്കുകയാണ്.ആദ്യമായി കാണാതെ കത്തുന്ന തീയാണ് സ്നേഹം.
ആദ്യ കാഴ്ചയിലെ പ്രണയം ഒരു മിഥ്യയാണെന്ന് ചിലര്‍ പറയുന്നു. അറിയാത്ത ഒരാളുമായി പ്രണയത്തിലാകുന്നത് അസാധ്യമാണെന്നും പറയുന്നു. ഉപരിപ്ലവമായ ഒരാകര്‍ഷണം മാത്രമാണെന്നും അത് ഉടന്‍ ഇല്ലാതാകുമെന്നും പറയുന്നു.ഇക്കാര്യത്തിലുള്ള തന്‍റെ വിയോജിപ്പിച്ച് “നമ്മള്‍ക്കൊന്നു പരിശ്രമിച്ചാലോ? “എന്നായി കാതറിന്‍.
                              
  'എങ്കിൽ ആദ്യം ജനിക്കുന്ന ആണ്‍കുട്ടിക്ക് ഡാനിയല്‍ എന്ന് പേരിട്ടാലോ? എന്നു ചോദിച്ചുകൊണ്ട് പെഡ്രോ ഉറക്കെ പൊട്ടിച്ചിരിച്ചു.
കായല്‍ക്കരയിലെ ഇളം തെന്നലില്‍ കാതറിന്‍ തന്‍റെ സ്വര്‍ണ്ണമുടി ഒതുക്കിക്കൊണ്ടു 'നന്ദി....ഡാനിയെല്ലോ സാല്‍വഡോര്‍' എന്ന് മനസ്സില്‍ പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. –

മില്ലി ഫിലിപ്പ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക