വിഘടിതവും ദുര്‍ബ്ബലവും ആയ പ്രതിപക്ഷത്തിന് 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിലുള്ള ഒരേ ഒരു പ്രതീക്ഷ 28-പാര്‍ട്ടികളുടെ ഇന്‍ഡ്യ സഖ്യം ആണ്. എന്നാല്‍ അതിലും വിള്ളല്‍ വീണതായിട്ടാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥും സമാജ് വാദി പാര്‍ട്ടി പ്രമുഖനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മില്‍ സീറ്റു വിഭജന വേളയിലുണ്ടായ ചൂടേറിയ വാദപ്രതിവാദവും അതേ തുടര്‍ന്നുണ്ടായ പിളര്‍പ്പും ആണ് ഇതിനുകാരണം. ഇവര്‍ രണ്ടു പേരും ഇവരുടെ പാര്‍ട്ടികളും ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാനഘടകങ്ങള്‍ ആണ്. ഇപ്പോള്‍ നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ നാഥ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആണ്. അഖിലേഷ് യാദവ് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ ശക്തനായ പ്രതിയോഗിയും.
സീറ്റു വിഭജനത്തില്‍ ഒന്നും ലഭിക്കാതിരുന്ന അഖിലേഷ് യാദവ്, കമല്‍നാഥ് ഇന്‍ഡ്യ സഖ്യത്തില്‍ സംശയം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു. ഇതിനായി അദ്ദേഹം ചൂണ്ടിക്കാണിച്ച കാരണം ഇന്‍ഡ്യ സഖ്യം 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ള ഒരു സഖ്യമാണെന്നും നിയമസഭ തിരഞ്ഞെടുപ്പുകളും സീററു വിഭജനവും അതിനു ബാധകം അല്ലെന്നും കമല്‍ നാഥ് പറഞ്ഞതാണ്.
പ്രകോപിതനും ക്ഷുഭിതനും ആയ യാദവ് പറഞ്ഞു, മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ പെരുമാറ്റം അതിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്. ഈ രീതിയിലാണ് കോണ്‍ഗ്രസ് സഖ്യകക്ഷികളോട് പെരുമാറുന്നതെങ്കിൽ അതിന്റെ കൂടെ ആര് മുന്നണിയില്‍ തുടരുമെന്ന് യാദവ് ആക്രോശിച്ചു. രാജ്യം ഒരു വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇപ്പോള്‍ വേണ്ടത് പ്രതിപക്ഷസഖ്യത്തിലെ എല്ലാ ഘടകകക്ഷികളും ഒത്തൊരുമിച്ച് പെരുമാറുന്നതാണ്. ബി.ജെ.പി. വലിയ ഒരു പാര്‍ട്ടിയാണ്. അത് നല്ലതുപോലെ സംഘടിതവും ആണ്. അതിനെ നേരിടണമെങ്കില്‍ ഇന്‍ഡ്യസഖ്യത്തില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടാകരുത്. ആശയക്കുഴപ്പം ഉണ്ടായാല്‍ ബി.ജെ.പി.യെ തോല്‍പിക്കുവാനാകുകയില്ല, യാദവ് മുന്നറിയിപ്പ് നല്‍കി.
ഇതിനു മറുപടിയായി കോണ്‍ഗ്രസ് പറഞ്ഞത് ഇന്‍ഡ്യ സഖ്യം ഒരു കുടുംബം ആണെന്നാണ്. പക്ഷെ ഇത് യാദവിനെ തൃപ്തനാക്കിയില്ല. 80 ലോകസഭ സീറ്റുകള്‍ ഉള്ള ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി. ഭരണകക്ഷി ആണെന്നു മാത്രമല്ല അത് വലിയ ഒരു ശക്തിതന്നെയാണ്, യാദവ് ഓര്‍മ്മിപ്പിച്ചു. അതിനെ തോല്‍പിക്കണമെങ്കില്‍ കൂട്ടായ ശ്രമം ആവശ്യം ആണ്. സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ മുമ്പില്‍ തന്നെ ഉണ്ട്. ഒപ്പം മറ്റുള്ളവരും വേണം, യാദവ് ഓര്‍മ്മിപ്പിച്ചു.
യാദവ്-നാഥ് കലഹത്തിന് ആക്കം കൂട്ടുവാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കന്മാരും മുമ്പോട്ടു വന്നു. ഉദാഹരണമായി മധ്യപ്രദേശ് പി.സി.സി. ചീഫ്. അദ്ദേഹം ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചു. എസ്.പി., ബി.ജെപി.യുടെ ബീ-ടീം ആണെന്ന് അദ്ദേഹം പറഞ്ഞു. പി.സി.സി. ചീഫ് പറഞ്ഞു ബി.എസ്.പി.യും മായാവതിയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന്. ഇത് യാദവിനെ ദുര്‍ബ്ബലപ്പെടുത്തുവാനുള്ള ഒരു ശ്രമമായിരുന്നു. ഏതായാലും ഉടന്‍ തന്നെ മായാവതി അതിനെ ഖണ്ഡിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റു വിഭജനത്തില്‍ എസ്.പി.യെയും യാദവിനെയും വിശ്വാസത്തിലെടുത്തില്ല എന്ന ആരോപണം നിലനില്‍ക്കുന്നു.
ഇതിനിടെ മറ്റൊരു ഇന്‍ഡ്യസഖ്യ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയും യുദ്ധത്തില്‍ ചേര്‍ന്നു. യാദവിനെതിരെയുള്ള പദപ്രയോഗത്തിലും സീറ്റ് വിഭജന വിഷയത്തിലും കോണ്‍ഗ്രസ് മുന്നണി ധര്‍മ്മം പാലിച്ചില്ലെന്നും നാഥ് യാദവിനോട് ക്ഷമ ചോദിക്കണമെന്നും സി.പി.ഐ. പറഞ്ഞു.
ഇതാണ് ഇന്‍ഡ്യ സഖ്യത്തിലെ അവസ്ഥ. ഉത്തര്‍പ്രദേശിലെ ഖോസി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്.പി.യെ പിന്തുണക്കുകയും എസ്.പി.വിജയിക്കുകയും ചെയ്തതാണ്. എന്നാല്‍ ഉത്തരഖാണ്ഡിലെ ഭാഗേശ്വര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യോട് തോല്‍ക്കുകയാണുണ്ടായത്. അവിടെ ഇന്‍ഡ്യ സഖ്യം കോണ്‍ഗ്രസിന് തുണയായില്ല. ഇന്‍ഡ്യ സഖ്യത്തിലെ ഉള്‍പ്പോര് അതിന്റെ ഭാവിയില്‍ തന്നെ സംശയം ഉളവാക്കുന്നതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ നിലപാട് ഒട്ടും സഹായകരമല്ല.
അഞ്ച് സംസ്ഥാനത്തിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുവിഭജനം സംസ്ഥാന നേതാക്കള്‍ തീരുമാനിക്കണമെന്നും ഹൈക്കമാന്റിന് അതില്‍ യാതൊരു പങ്കും ഇല്ലെന്നും പറഞ്ഞു അദ്ദേഹം കൈകഴുകി. രാജ്യമാകെ ഒരു ബി.ജെ.പി. വിരുദ്ധതരംഗം അടിക്കുന്നുണ്ടെന്നും ഇന്‍ഡ്യ സഖ്യത്തിന്റെ വിജയം ഉറപ്പാണെന്നും പറഞ്ഞ് ഖാര്‍ഗെ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാതെ രക്ഷപ്പെടുകയാണുണ്ടായത്.
ഇന്‍ഡ്യസഖ്യത്തിലെ ദുരവസ്ഥ ഇവിടെ തീര്‍ന്നില്ല. ജനതദള്‍ (യു) അഞ്ചുസീറ്റുകളില്‍ തനിച്ചാണ് മധ്യപ്രദേശില്‍ മത്സരിക്കുന്നത്. അവരും എസ്.പി.യെ പോലെ കോണ്‍ഗ്രസുമായി ഒരുമിച്ച് മത്സരിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതാണ്. ഇതുതന്നെ ആം ആദ്മി പാര്‍ട്ടിയുടെയും ഗതി. ബീഹാറിലേതുപോലെ കോണ്‍ഗ്രസുമായി ഒരുമിച്ചു പോകുവാനായിരുന്നു നിതീഷ്‌കുമാറിന്റെയും പാര്‍ട്ടിയുടെയും ലക്ഷ്യം. ബീഹാറില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലം ആണ്. അതിനാല്‍ നിതീഷിന്റെ ഒപ്പം ചേര്‍ന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമാണ്. അത് വിജയവും മണക്കുന്നു. അത് കൊണ്ട് സഖ്യകക്ഷികളോടുള്ള പെരുമാറ്റത്തിലും അഹങ്കാരം പ്രതിഫലിക്കുന്നു. തനിച്ച് മത്സരിച്ച് മധ്യപ്രദേശ് പിടിച്ചെടുത്താല്‍ ഇന്‍ഡ്യസഖ്യത്തില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ ഉണ്ടാകും എന്നാണ് കണക്കുകൂട്ടല്‍. മധ്യപ്രദേശില്‍ ഇന്‍ഡ്യസഖ്യത്തിലെ ഘടകകക്ഷികളെല്ലാം പരസ്പരം മത്സരിക്കുകയാണ്. ഇവരെ ഒരുമിച്ചുകൊണ്ടുപോകുവാനും സീറ്റുവിഭജനത്തില്‍ അനുനയിപ്പിക്കുവാനും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
സമാജ്വാദി പാര്‍ട്ടി 33 സീറ്റുകളിലാണ് തനിച്ച് മത്സരിക്കുന്നത്. യാദവ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന് പറഞ്ഞ് പരിതപിച്ചു. കോണ്‍ഗ്രസ് 229 സീറ്റുകളിലാണ് മത്സരിക്കുന്നത്. അവര്‍ ഇന്‍ഡ്യസഖ്യ ഘടകക്ഷികള്‍ക്കായി ഒരു സീറ്റും നീക്കിവച്ചില്ല. എസ്.പി.ക്ക് ആറ് സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നതാണെങ്കിലും ഒടുവില്‍ ഒന്നും ഉണ്ടായില്ല. ഇന്‍ഡ്യസഖ്യം 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിനായിട്ട് രൂപീകരിച്ചതാണെങ്കിലും കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഘടകകക്ഷികളെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്താമെന്ന് വാക്കു കൊടുത്തതാണ്. പക്ഷേ, നടന്നില്ല. കോണ്‍ഗ്രസ് ഇന്‍ഡ്യസഖ്യം 2024-ലേക്കുള്ളതാണെന്ന വാദത്തില്‍ പിടിച്ചുനിന്നു.
സഖ്യകക്ഷി ഭരണത്തിലും അതിന് പിന്തുണ നല്‍കുന്നതിലും കോണ്‍ഗ്രസിനുള്ളത് നല്ലൊരു പാരമ്പര്യം അല്ല. രണ്ടു ഗവണ്‍മെന്റുകള്‍ക്ക്- ദേവഗൗഢ, ഇന്ദര്‍കുമാര്‍ ഗുജറാള്‍-പുറത്തുനിന്ന് പിന്തുണ നല്‍കിയെങ്കിലും പിന്നീട് അവയെ താഴെയിറക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അധികാരത്തിനു വെളിയില്‍ കോണ്‍ഗ്രസ് അക്ഷമരാണ്. കോണ്‍ഗ്രസിന്റെ മധ്യപ്രദേശിലെ പെരുമാററം കണ്ടിട്ട് ഇന്‍ഡ്യസഖ്യത്തിലെ ഒരു ഘടകകക്ഷിയായ നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അഭിപ്രായപ്പെട്ടത് സഖ്യകക്ഷി ധര്‍മ്മം കോണ്‍ഗ്രസ് പുലര്‍ത്തിയില്ല എന്നതാണ്.
കേരളത്തില്‍ എന്‍.സി.പി. ചെറിയ ഒരു ഘടകകക്ഷി ആണെങ്കിലും അതിന് ഒരു മന്ത്രി ഉണ്ടെന്നും ചൂണ്ടികാണിക്ക്പപെടുകയുണ്ടായി. ഏതായാലും തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ഇന്‍ഡ്യ സഖ്യത്തില്‍ വെടിനിര്‍ത്തലാണ്. അഖിലേഷ് യാദവും ശാന്തനാണ്. ഇന്‍ഡ്യസഖ്യം 2024-ലേക്കുള്ളതാണെങ്കില്‍ തന്നെയും ഈ തെരഞ്ഞെടുപ്പുകളിലെ അനുഭവം സഖ്യകക്ഷികളില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. കൊടുക്കല്‍-വാങ്ങല്‍ എന്ന തത്വശാസ്ത്രം പിന്‍തുടര്‍ന്നില്ലെങ്കില്‍ ഇന്‍ഡ്യസഖ്യം പോലുള്ള മുന്നണികള്‍ ഒറ്റക്കെട്ടായി നില്‍ക്കുവാന്‍ സാധിക്കുകയില്ല. വിജയിക്കുവാനും സാധിക്കുകയില്ല.
ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കിയാല്‍ ഇന്‍ഡ്യസഖ്യം ഒറ്റക്കെട്ടായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും. മഹാത്മഗാന്ധിയുടെ മകന്റെ മകന്‍ തുഷാര്‍ഗാന്ധി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടത് ഇവിടെ ഉദ്ധരിക്കാം: '2024-ല്‍ സംഘപരിവാര്‍ വിജയിക്കുകയാണെങ്കില്‍ അത് ഹിന്ദുരാഷ്ട്രത്തിന് തുടക്കം കുറിക്കും. ഒരു ഭരണഘടന പ്രതിബദ്ധത എന്ന രീതിയില്‍ നിന്നും മതേതരത്വം തുടച്ചുനീക്കപ്പെടും. ഒറ്റശിലാരാഷ്ട്രം ഉടലെടുക്കും. പ്രതിപക്ഷം ഇല്ലാതാകും. ഒരു രാജ്യം എന്ന നിലയിലും ബഹുകക്ഷി ജനാധിപത്യം എന്ന നിലയിലും 2024 വളരെ പ്രധാനം ആണ്. ഇപ്പോള്‍ ഇന്‍ഡ്യയിലുള്ളത് ഏകാധിപത്യ ജനാധിപത്യം ആണ്. ഒരു വ്യക്തിക്കു വേണ്ടി ജനാധിപത്യത്തെ ഇല്ലാതാക്കി.'