
ഹിപ്പൊപൊട്ടാസിന്റെ സൈസുള്ള മത്തനാണ് പ്രതിശ്രുതവരൻ
വധു ഈർക്കിലി വെണ്ടയ്ക്ക!
പത്തിൽ പതിനൊന്ന് പൊരുത്തം!
വെണ്ടയ്ക്കയുടെ ജാതകത്തിലെ
ഗജമത്തയോഗം നിമിത്തം
മത്തന്റെ ജീവിതത്തിൽ
അടിവച്ചടി വണ്ണം വർദ്ധിക്കുമത്രെ ഭാവിജീവിതത്തിൽ മത്തപ്രവരന്
സർവ്വകാല റിക്കാർഡോടെ
ഗിന്നസ് ക്ലബ്ബിൽ കയറി കൂടാമത്രെ
അപ്രത്യാശിത ഹൃദയസ്തംഭനത്തെ
കണിയാന് കണ്ടില്ലെന്ന് നടിക്കാമത്രെ
മദനനായ മത്തൻ ത്രീ പിസിൽ
അണിഞ്ഞൊരുങ്ങി
മോണയും മുലയും കുറവായ
വെണ്ടയ്ക്ക കിമോണയ്ക്കുള്ളിൽ
നുഴഞ്ഞു കയറി
പൊന്നിന്റെ മത്തൻ വള്ളിയാണ് താലി
പൂശിയ പൊന്ന് ഉരച്ചു കളഞ്ഞാൽ ഉള്ളിൽ നൂറ് ഗ്രാം പരിശുദ്ധ മുക്ക് ലഭ്യമാണ്
തണ്ടാൻപുരയിൽ നിന്നുള്ള
ഒരു സാദാ വെണ്ടയ്ക്ക
മത്തൻവള്ളിത്തറവാട്ടിലേക്ക്
കാലെടുത്ത് വെക്കുമൊ
ഈ ദാമ്പത്യം നീണ്ടു നിൽക്കുമൊ
അതൊ ആദ്യരാത്രി തന്നെ
അന്തിമഹാകാളരാത്രിയാകുമൊ
ഒപ്റ്റിമിസ്റ്റുകളും പെസിമിസ്റ്റുകളും
കെമിസ്റ്റുകളും മിസ്റ്റിക്കുകളും ആയ ജൈവ പച്ചക്കറികൾ വാട്ട്സാപ്പിൽ സന്ദേശങ്ങൾ കൈമാറി
അവർ ക്ഷണിക്കാത്ത സദ്യക്കായി
തിക്കി തിരക്കി
തൊട്ടാൽ പൊള്ളുന്ന വില !
സദ്യക്ക് ഉള്ളിയെയും തക്കാളിയെയും
നിർദ്ദാക്ഷിണ്യം ഒഴിവാക്കിയിരുന്നു.
ഓസിനുള്ള ആകാശ ഫോട്ടൊ ഷൂട്ടിനായി
അച്ചിക്കണിയാനെ ക്ഷണിച്ചിരുന്നു
നാദസ്വരശല്യത്തിനായി പടവലങ്ങ
ഭാഗവതരെ ഏർപ്പാടാക്കി
പിന്നണിയിൽ ഘടത്തിന്റെ
സ്ഥാനത്ത് ചേന
മദ്ദളത്തിന്റെ സ്ഥാനത്ത് കുമ്പളങ്ങ
തുടക്കടിക്കാൻ വാതം പിടിക്കാത്ത കുറുന്തോട്ടി
തലയാട്ടാൻ ചെരങ്ങ
ചെരങ്ങയെ ഉത്തരേന്ത്യക്കാർ ലോക്കി എന്നും വിളിക്കും
നല്ല ലോക്കിയെ ചെരങ്ങ
എന്നു വിളിക്കാൻ അൽപ്പം നാണം വേണം മലബാറികൾക്ക്!
സദ്യ വർച്വലായിരുന്നു. ദേഹണ്ഡം പൊതുവാൾ പതിനൊന്നാം മണിക്കൂറിൽ ചതിച്ചു. ഇലയിട്ട് ഉണ്ണാനിരുന്ന മഹാജനങ്ങൾക്ക് മുന്നിൽ എൽ ഇ ഡി വാളിൽ പൊതുവാൾ വീഡിയൊ ഇട്ടു
കൊടുത്തു.
സ്ക്രീനിലെ ഫേക് ഏമ്പക്കത്തോടെ
വീഡിയൊ ഫേഡായി. സമാപനത്തിന് മുരിങ്ങാക്കോലുകൾ പപ്പടത്തല്ല്
അവതരിപ്പിച്ചു. പഷ്ണി കിടന്ന
ജനത്തിന് സിനിമ ഇഷ്ടപ്പെട്ടു. അവർ
മൃഷ്ടാന്നം കയ്യടിച്ചു
കർണ്ണാടകത്തിലെ മഹാകവി ശ്രീ കുവേമ്പുവിന്റെ ആരാധകരായ കോവയ്ക്കാ കവികൾ മംഗളഗാനം
പാടി:
കവിളത്തൊന്ന് കിട്ടുമ്പോൾ
മറ്റേക്കവിൾ കാട്ടണം
മറ്റേക്കവിളിൽ ചാർത്ത് കിട്ടുമ്പം
മുഖത്തില്ലാ മൂന്നാം കവിൾ കാട്ടണം
പതിയെ പത്നി ചതിക്കൊലാ
പതി പത്നിയെ സ്വാപ്പിങ്ങിന്
കൊടുക്കൊലാ
അനപത്യമല്ല ദാമ്പത്യം
ആധിപത്യമല്ല ദാമ്പത്യം
വാക്കും വക്കാണവും കീറ ക്കോണാനുമല്ല ദാമ്പത്യം
ചെക്കനും കയറാം കിച്ചനിൽ
പെണ്ണ് ചാറ്റുമ്പോൾ വാട്ട് സാപ്പിൽ
ആപ്പിലാക്കാതെ പരസ്പരം
ധൂർത്തടിച്ച് ബ്ലേഡിനൊ വന്ദേ
ഭാരതത്തിലൊ തല വെക്കൊലാ
കടിഞ്ഞൂൽപേറിൽത്തന്നെ
പടച്ചോൻ ദയാലു
ദശാവതാരങ്ങളെ തന്നിടും
വേണമെങ്കിൽ ചക്ക വേരിലും ചേതമില്ലാതെ കായ്ച്ചോളും
ഗൂഗിൾ പേയിൽ കിട്ടണം കവിതയ്ക്കുള്ള കൂലി,
യല്ലെങ്കിൽ കവി പാവം
പേയിളകി ചത്തിടും
വധൂവരന്മാർക്ക് ബഹുമംഗളം!
അതിഥികൾ എല്ലാവരും,പിരിച്ചതിനു ശേഷം അയഞ്ഞു പോയ കയറ് പോലെ, പിരിഞ്ഞു പോയി.
സൂര്യൻ ഷിഫ്ട് മതിയാക്കി. ചന്ദ്രൻ
യൂണിഫോമിടാതെ ഡ്യൂട്ടിയ്ക്ക് കയറി
കാക്കകൾ മാത്രം കൂട്ടിലേക്ക് പോകാതെ പട്ടിണിക്കുരവയുടെ ടേപ്പിട്ടു. പശ്ചാത്തല സംഗീതത്തിനു ദുരന്തം പകരാൻ ഒരു കാലൻ ചിക്കൻ അമർത്തിയും നീട്ടിയും മൂളി.
മത്തൻവള്ളിത്തറവാട്ടിന്റെ ഗേറ്റിൽ
നീല വെളിച്ചം പരത്തിയും സൈറൺ മുഴക്കിയും ഒരു വെള്ള വാഹനം വന്നു നിന്നു. അത് നൂറ്റെട്ട് ആംബുലൻസല്ലേ എന്ന് വായനക്കാർ ഊഹിക്കുമെങ്കിൽ ആ ഊഹം വെറുമൊരു പോഹം മാത്രം.
ഒരു ചീള് വെണ്ടയ്ക്കയെ കൊണ്ടു പോകാൻ എന്തിനാ സാറെ നൂറ്റെട്ട് എണ്ണം, ഒന്ന് തന്നെ അധികമല്ലേ!