Image

വഴിമധ്യത്തിൽ കിണറുകുഴിച്ച അശോകൻ -5  (ജോൺ കുറിഞ്ഞിരപ്പള്ളി)

Published on 03 November, 2023
വഴിമധ്യത്തിൽ കിണറുകുഴിച്ച അശോകൻ -5  (ജോൺ കുറിഞ്ഞിരപ്പള്ളി)

കിണറുകുഴിക്കലുമായി ഞാനും അശോകനും  തിരക്കിലായിരുന്നു.മഴക്കാലം ആയതുകൊണ്ട് തൽക്കാലം  ജല ദൗർലഭ്യ൦  കാണില്ല എന്നുകരുതിയിരിക്കുകയായിരുന്നു.അതുകൊണ്ട്  കിണറുകുഴിക്കൽ അവസാനിപ്പിക്കുവാൻ ഞങ്ങൾ സംയുക്തമായി തീരുമാനിച്ചു.

ചരിത്രം സ്വന്തം  ഇഷ്ടത്തിന് വളച്ചൊടിക്കുന്നത് നമ്മളുടെ മാത്രം സ്വഭാവമല്ല എന്നും നമ്മൾ ഇക്കാര്യത്തിൽ കുട്ടികളാണ് എന്നും ആയിരുന്നു എൻ്റെ അഭിപ്രായം. കാലിഫോണിയൻ ചരിത്രത്തിൽ  ഗോൾഡ് റഷ് എങ്ങനെയാണ് അവർ കൈകാര്യം ചെയ്യുന്നത് എന്ന്  വിശദീകരിച്ചു് അശോകനുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാൻ തയ്യാറെടുക്കുകയായിരുന്നു ഞാൻ .അപ്പോഴാണ് സേർച്ച് എൻജിനുകളും ചരിത്രകുതുകികളായ വിദേശ മാധ്യമങ്ങളും എങ്ങനെയാണ് ഇന്ത്യൻ ചരിത്രത്തെയും ചരിത്രകാരന്മാരെയും  വിലയിരുത്തുന്നത് എന്ന് നോക്കാൻ തീരുമാനിച്ചത്.

ലോകത്തിൽ ചരിത്രം ഏറ്റവും കൂടുതൽ manipulate ചെയ്തിരിക്കുന്നത് ഇന്ത്യക്കാർ ആണ് എന്നുവായിച്ചപ്പോൾ ഞെട്ടാതിരിക്കാൻ മാത്രം കരിങ്കൽ ഹുദയും ഒന്നുമല്ല എനിക്ക് ഉള്ളത്.അങ്ങനെയെങ്കിൽ .ലേഖന കർത്താക്കൾ ആരാണ് എന്ന് തേടിപ്പോകുക തന്നെ.വീണ്ടും ഞെട്ടാതിരിക്കാൻ കഴിഞ്ഞില്ല.കാരണം അതെല്ലാം എഴുതിയിരിക്കുന്നത് ഇന്ത്യക്കാർ തന്നെ.

ഇന്ത്യ ചരിത്രത്തിന് ഈ ഗതികേടോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ  യാദൃശ്ചികമായി ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ വന്നു.1930 കളിൽ സോവിയറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിൻ്റെ  ഗ്രേറ്റ് പർജ്  ഇരകളുടെ കൂട്ടക്കുഴിമാടങ്ങൾ ഉക്രൈനിൽ പുതിയതായി  കണ്ടെത്തി എന്ന വാർത്ത ആയിരുന്നു അത്.

ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരനും  സ്വേച്ഛാധിപധിയും  കൊലപാതകിയുമായിരുന്ന ഒരു മനുഷ്യനെ ലോകം ആരാധിക്കുന്നത് വിചിത്രം എന്നല്ലാതെ എന്തുപറയാനാണ്.ക്രൂരതയിലും കൂട്ടകൊലപാതകങ്ങളിലും ഹിറ്റ്ലറോ സ്റ്റാലിനോ ആരാണ് രണ്ടാമൻ എന്നകാര്യത്തിൽ സംശയമുണ്ട്. 

ഹിറ്റ്ലർ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നുണ്ടങ്കിൽ അതിനുള്ള ഒരു കാരണം യഹൂദരെ കൊന്ന് വംശശുദ്ധിവരുത്താൻ ഹിറ്റ്ലർ നടത്തിയ കോൺസൻട്രേഷൻ  ക്യാമ്പുകളുടെ രേഖകൾ കുറെയെങ്കിലും സൂക്ഷിച്ചുവച്ചു  എന്നതാണ്.ലക്ഷകണക്കിന് അടി  വീഡിയോകളും   ലക്ഷകണക്കിന് ഫോട്ടോകളും രേഖകളാക്കി നാസികൾ സൂക്ഷിച്ചുവച്ചതുകൊണ്ട് അവരുടെ ക്രൂരതയുടെ  ഏകദേശ കണക്കുകൾ ലഭിക്കുന്നുണ്ട്.അപവാദങ്ങൾ ഇല്ല എന്നില്ല.

അതെ സമയം സ്റ്റാലിൻ  ലേബർ ക്യാമ്പുകളിലും അല്ലാതെയുമായി ഉന്മൂലനം ചെയ്യപ്പെട്ടവരുടെ കഥകൾ മറ്റൊരുതരത്തിലാണ്.അവർ  ലോകത്തു ജീവിച്ചിരുന്നു എന്ന രേഖകൾകൂടി നശിപ്പിച്ചുകളഞ്ഞു.ജനിക്കാത്ത ഒരാളെ ഉന്മൂലനം ചെയ്തു എന്ന് പറയുന്നത് എങ്ങനെയാണ്?

ജോസെഫ് സ്റ്റാലിൻ്റെ   ശുദ്ധീകരണത്തിന് ഇരയായ സോവിയറ്റ് പൗരന്മാരുടെ കൃത്യമായ എണ്ണം സംബന്ധിച്ചു  വിവരങ്ങളൊന്നുമില്ല. മോസ്കോയിലെ മെമ്മോറിയൽ ഹ്യൂമൻ റൈറ്റ്സ് സെന്റർ പറയുന്നതനുസരിച്ച്, സോവിയറ്റ് യൂണിയനിൽ 1930 മുതൽ 1950 വരെ കുറഞ്ഞത് 12 ദശലക്ഷം നിരപരാധികളെ ജയിലിലടയ്ക്കുകയോ വധിക്കുകയോ ചെയ്തു എന്നാണ്.

സ്റ്റാലിനെ വളർത്തിക്കൊണ്ടുവന്നത് ലെനിൻ ആണെങ്കിലും ലെനിൻ്റെ  അവസാനകാലത്തു് അവർ തമ്മിൽ ആശയപരമായി വ്യത്യസ്ത തലങ്ങളിൽ എത്തിച്ചേർന്നിരുന്നു.ചിലപ്പോൾ ലെനിൻ കുറച്ചുകാലംകൂടി ജീവിച്ചിരുന്നെങ്കിൽ ചരിത്രം മറ്റൊന്ന് ആകുമായിരുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ട്.സ്റ്റാലിൻ തൻ്റെ  തീരുമാനങ്ങൾക്ക് എതിരുനിന്നവരെ അവർ അടുത്ത സുഹൃത്തുക്കളോ സ്വന്തം പാർട്ടിയിൽ പെട്ടവരോ  ആണെങ്കിൽകൂടി തട്ടിമാറ്റാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല.രോഗഗ്രസ്തനായ ലെനിൻ്റെ മരണം സ്റ്റാലിൻ്റെ മുൻപിലെ തടസ്സം നീക്കിക്കളഞ്ഞു.

ജോർജിയയിലെയും അൽബേനിയയിലേയും  ദേശസാൽക്കരിക്കപ്പെട്ട കൃഷിയിടങ്ങളിലേക്ക് തെളിയിച്ചുകൊണ്ടുപോയ കൃഷിക്കാരിൽ  തിരിച്ചുവന്നവർ ചുരുക്കം ആണ്. വ്യവസായവൽക്കരണത്തിനായി  തൊഴിൽശാലകളിൽ പണിയെടുപ്പിക്കാൻ നിർബ്ബന്ധിതരായവരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.അവരുടെ ജീവിതം നിർബ്ബന്ധിത ലേബർ ക്യാമ്പുകളിൽ അവസാനിച്ചു.

ഉക്രേനിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ മെമ്മറി (UINP)  കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിൽ   29 കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തുകയായിരുന്നു..

ഒഡെസ ആസ്ഥാനമായുള്ള ചരിത്രകാരനായ ഒലെക്സാണ്ടർ ബാബിച്ച്  ഒഡെസയിലെ  കൂട്ടക്കൊലകളും ശവസംസ്കാരവും സംബന്ധിച്ച രേഖകൾ റൊമാനിയൻ ആർക്കൈവിൽ നിന്നും കണ്ടെടുത്തു.ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്നത് രേഖകൾ  അനുസരിച്ച്,  അടുത്തുള്ള സൈനിക ക്യാമ്പുകൾക്ക് അടുത്തായിട്ടാണ് .  ഇത് കൂടുതൽ  പ്രദേശത്തേക്ക് വ്യാപിച്ചേക്കാം.

ഈ സമയത്ത്, കൂട്ടക്കുഴിമാടങ്ങളിൽ കുഴിച്ചിട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും കൃത്യമായ എണ്ണം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഈ ലേഖനത്തിൻ്റെ ഉദ്ദേശ്യം ചരിത്രവിവരണമോ അവയെക്കുറിച്ചുള്ള പഠനമോ ആയിരുന്നില്ല.അതിനുള്ള ശ്രമം സമുദ്രത്തിലെ ജലം  കൈകുമ്പിളിൽ കോരിയെടുക്കാൻ ശ്രമിക്കുന്നതുപോലെയാണ്.

അസത്യങ്ങളും വളച്ചൊടിക്കപ്പെട്ട അർദ്ധസത്യങ്ങളും എഴുതപ്പെട്ട ചരിത്രങ്ങളിൽ വ്യാപകമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു എന്ന ഒരു സൂചന മാത്രമാണ് ഇത്.

"നുണകൾ ആവർത്തിക്കുമ്പോൾ അത് സത്യമായിതീരുന്നു",എന്ന ഗീബൽസിൻ്റെ കണ്ടുപിടുത്തം ഓർമ്മിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക