
വാഷിംഗ്ടണ്‍: 22 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് യു.എസ്. പ്രതിനിധി സഭയ്ക്ക ഒരു സ്പീക്കര്‍ ഉണ്ടായത്. സഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് മൈക്ക് ജോണ്‍സനെ അനുകൂലിച്ചു വോട്ടു ചെയ്തു. ന്യൂനപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഒന്നടങ്കവും ഏതാനും റിപ്പബ്ലിക്കനുകളും, എതിര്‍ത്ത് വോട്ടുചെയ്തു. ദേശീയതലത്തില്‍ പ്രശസ്തി നേടിയിട്ടില്ലാത്ത ഒരു കോണ്‍ഗ്രസംഗം ഭരണാധികാരം കൈയാളുന്നവരില്‍ മൂന്നാമനായി.
ഒരംഗം പോലും എതിര്‍ത്ത് ഒരു പ്രമേയം കൊണ്ടുവന്നാല്‍ സ്പീക്കര്‍ കസേര ഒഴിയാമെന്ന് വാക്ക് നല്‍കുകയും ആ വാക്ക് പാലിച്ച് രാജിവയ്ക്കുകയും ചെയ്ത തന്റെ മുന്‍ഗാമി കെവിന്‍ മക്കാര്‍ത്തിയുടെ പാത പിന്തുടരില്ല എന്ന് ജോണ്‍സണ്‍ വ്യക്തമാക്കി. സ്പീക്കറെ പുറത്താക്കാനുള്ള നിയമം മാറ്റിയെഴുതുമെന്ന് പറഞ്ഞു. നവംബര്‍ 17ന് അവസാനിക്കുകയാണ് സഭ പാസ്സാക്കിയ താല്‍ക്കാലിക ധനാഭ്യര്‍ത്ഥനകള്‍. ഇനിയും ഒരു സ്റ്റോപ് ഗ്യാപ് ഫണ്ടിംഗ് പ്ലാന്‍ ജോണ്‍സണ്‍ പാടെ തള്ളിയില്ല. ബജറ്റില്‍ 8% വെട്ടിച്ചുരുക്കല്‍ ആവശ്യമാണെന്ന അഭിപ്രായക്കാരനാണ്. സഭയില്‍ ഉടലെടുക്കുന്ന ഏകാഭിപ്രായം അമേരിക്കന്‍ ജനത അംഗീകരിക്കുമെന്ന് പുതിയ സ്പീക്കര്‍ പറയുന്നു.
വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത് 60 ബില്യന്‍ ഡോളറിന്റെ അധിക ധനാഭ്യര്‍ത്ഥനയാണ്. ഉക്രെയിനും ഇസ്രേയിലിനും ഒന്നിച്ച് ധനസഹായം നല്‍കുന്നതിന് പകരം ഇവ രണ്ടും പ്രത്യേകം പ്രത്യേകം പരിഗണിക്കണം. വൈറ്റ്ഹൗസ് ഇസ്രേയിലിന് ആവശ്യപ്പെടുന്ന 14.3 ബില്യന്‍ ഡോളര്‍ മറ്റു ചെലവുകള്‍ വെട്ടിക്കുറച്ച് കണ്ടെത്തണം. നാം വിദേശത്തേയ്ക്ക് അയയ്ക്കുവാന്‍ നോട്ട് പ്രിന്റു ചെയ്യുകയില്ല.
സമീപകാല ചരിത്രത്തില്‍ നിന്ന് വ്യതിചലിച്ച് മദ്ധ്യപൂര്‍വ്വമേഖലയില്‍ മിലിട്ടറി അയയ്ക്കുവാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ അധികാരം നിയന്ത്രിക്കുവാന്‍ റിപ്പബ്ലിക്കനുകള്‍ക്ക് കഴിയണം. കോണ്‍ഗ്രസിനെ സമീപിക്കാതെ യുദ്ധതീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രസിഡന്റിന് അധികാരമില്ല. മെയിനില്‍ നടന്ന കൂട്ടക്കൊലപാതകത്തിന് തോക്കുകളല്ല ഉത്തരവാദികള്‍. മനുഷ്യമനസ്സുകളാണ് മാറേണ്ടത്.
പ്രസിഡന്റ് ബൈഡനെ ഞാന്‍ ബഹുമാനിക്കുന്നു.( തുടര്‍ന്ന് പ്രായത്തെക്കുറിച്ച് ഫലിതത്തില്‍ കലര്‍ന്ന ഒരു അഭിപ്രായം പറഞ്ഞു). എന്നാല്‍ ബൈഡന്റെ പ്രസിഡന്‍സിയെക്കുറിച്ച് എനിക്ക് മൂന്ന് വാക്കുകളേ പറയാനുള്ളൂ: എ ഫെയില്‍ഡ് പ്രസിഡന്‍സി.' ഞങ്ങള്‍ തമ്മില്‍ വളരെ സൗഹാര്‍ദ്ദപരമായ 20 മിനിറ്റ് നീണ്ട ഒരു കൂടിക്കാഴ്ച നടന്നു. ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയും ഇപ്പോള്‍ നടത്തിയ ഒരു പ്രസംഗവും കടകവിരുദ്ധമാണ്. ഇത് വ്യക്തിപരമായി അവഹേളിക്കുവാന്‍ പറയുന്നതല്ല. ഇതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ കോര്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് കണ്‍സര്‍വേറ്റിസത്തില്‍ വിശ്വസിക്കുന്നു. അതായത് വ്യക്തിസ്വാതന്ത്ര്യം, പരിധികളുള്ള ഭരണം, നിയമവാഴ്ച, സാമ്പത്തിക ഉത്തരവാദിത്തം, സ്വതന്ത്രവിപണി, വ്യക്തികളുടെ മാനം, സമാധാനത്തിലൂടെ ശക്തിയാര്‍ജ്ജിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു, ജോണ്‍സണ്‍ തന്റെ നിലപാട് വ്യക്തമാക്കി.
ജോണ്‍സനെ ഡെമോക്രാറ്റ് അംഗങ്ങള്‍ പിന്തുണയ്ക്കുക വിഷമകരമാണ്. പ്രത്യേകിച്ച് സ്വവര്‍ഗത്തില്‍ അവശകാശങ്ങളോടുള്ള എതിര്‍പ്പ്, ഗര്‍ഭഛിദ്ര അവകാശങ്ങളോടുള്ള എതിര്‍പ്പ് എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നത് എതിരാളികളുടെ വീര്യം കൂട്ടുകയേ ഉള്ളൂ. ഉക്രെയിന്‍ ഇസ്രേല്‍ രാജ്യങ്ങള്‍ക്ക് വര്‍ധിച്ച ധനസഹായം നല്‍കുക, ആവശ്യമായ പക്ഷം സേനയെ അയയ്ക്കുവാന്‍ തനിക്ക് അധികാരമുണ്ട് എന്ന പ്രസിഡന്റിന്റെ നിലപാട് എന്നിവ സ്പീക്കര്‍ വ്യക്തമാക്കുന്ന നയങ്ങളുമായി യോജിച്ചു പോകുന്നതല്ല. വൈറ്റ് ഹൗസ്-സ്പീക്കര്‍ ബന്ധങ്ങളില്‍ ഉലച്ചിലിന് സാധ്യതയുണ്ട്.