Image

പൊതുപ്രവർത്തനത്തിന്റെ നിറഞ്ഞ മാതൃകയായി ജോർജ് പണിക്കർ 2024 -2026  ലെ ഫൊക്കാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നു 

ഡോ.കല ഷഹി  Published on 04 November, 2023
പൊതുപ്രവർത്തനത്തിന്റെ നിറഞ്ഞ മാതൃകയായി ജോർജ് പണിക്കർ 2024 -2026  ലെ ഫൊക്കാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നു 

കലാകാരനായി ജനിക്കുകയും കലാകാരനായി തുടരുകയും ചെയ്യുന്ന സാമൂഹ്യ പ്രവർത്തകൻ ചിക്കാഗോയിലെ പൊതുപ്രവർത്തന മാതൃകയുമായ ജോർജ് പണിക്കർ ഫൊക്കാനയുടെ 2024 -2026  
വർഷത്തെ സെക്രട്ടറി സ്ഥാനാർത്ഥിയായി ഡോ.കല ഷഹിയുടെ പാനലിൽ മത്സരിക്കുന്നു .

ഫൊക്കാനയുടെ അസിസ്റ്റന്റ്  അസ്സോസിയേറ്റ് ട്രഷറർ ആയ ജോർജ് പണിക്കർ  പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ചിക്കാഗോ മലയാളികളുടെയും ഫോക്കാനയിൽ എത്തിയ ശേഷം ഫൊക്കാന പ്രവർത്തകരുടെയും പ്രിയപ്പെട്ട സുഹൃത്താണ്.സംഘടനാ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഫൊക്കാനയിൽ അടിയുറച്ചു നിൽക്കുകയും ഫൊക്കാനയുടെ എല്ലാ പ്രവർത്തങ്ങളുടെയും സജീവ സാന്നിധ്യമാകുകയും ചെയുന്ന അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് എന്നും മുതൽക്കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ഡോ.കല ഷഹി അറിയിച്ചു .ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചിട്ടുണ്ട്.  2002 ൽ ഡോ.എം. അനിരുദ്ധൻ ഫൊക്കാന പ്രസിഡന്റ്  ആയിരുന്നപ്പോൾ ചിക്കാഗോയിൽ നടന്ന കൺവെൻഷന്റെ ജോയിന്റ് കൺവീനർ ആയിരുന്നു ജോർജ് .വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജോർജ് പണിക്കരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ,സാംസ്കാരിക കലാപ്രവർത്തനങ്ങൾ എല്ലാം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ലെന്നും  ഡോ.കല ഷഹി അറിയിച്ചു .

കൊല്ലം കുണ്ടറതെക്കേപ്പുര വീട്ടിൽ നൈനാൻ പണിക്കരുടെയും മുള്ളികാട്ടിൽ വീട്ടിൽ തങ്കമ്മ പണിക്കരുടെയും മകനായിജനിച്ച  ജോർജ് പണിക്കർ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം  ഡിഗ്രി  ഇക്കണോമിക്സിലും, പിജി എക്കണോമിക്സിലും,സോഷ്യോളജിയിലും പൂർത്തിയാക്കുകയും ചെയ്ത  ശേഷം ഒരു വർഷത്തോളം ബാംഗ്ലൂരിലെ ഒരു കോളേജിൽ അധ്യാപകനായി ജോലി ചെയ്ത ജോർജ്  പിന്നീട് സൗദി എയർലൈൻസിലേക്ക് മാറുകയും അവിടെ 4 വർഷത്തോളം ജോലി ചെയ്യുകയുമുണ്ടായി. തുടർന്നാണ് മൂത്ത സഹോദരൻ വഴി അമേരിക്കയിൽ എത്തിച്ചേരുന്നത്.ഫൊക്കാന 1989 ൽ ചിക്കാഗോയിൽ നടന്ന രണ്ടാമത് ഫൊക്കാന കൺവൻഷൻ മുതൽ ഫൊക്കാനയുമായി ചേർന്ന് പ്രവർത്തിക്കുന്ന ജോർജ് പണിക്കർ ഫൊക്കാനയുടെ ഭൂരിഭാഗം കൺവൻഷന്റെയും ഭാഗമായിരുന്നു .  2022-2024 ഭരണസമിതിയിൽ അഡിഷണൽ അസോസിയേറ്റ് ട്രഷറർ, ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സീനിയർ നേതാവ് എന്നിങ്ങനെ അമേരിക്കൻ മണ്ണിൽ ജോർജ് പണിക്കർക്ക് സാമൂഹ്യ സേവനത്തിന്റെ ഒരു വലിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ടും മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന നേതാവുമായി ഈ സ്ഥാനങ്ങൾ അദ്ദേഹത്തെ മാറ്റി.


ജോർജ് പണിക്കർ മികച്ച സംഘാടകനെന്നതിലുപരി ദേശീയ തലത്തിലുള്ള ട്രേഡ് യൂണിയൻ നേതാവുകൂടിയാണ്. യൂ. എസ്. പോസ്റ്റൽ സർവീസിൽ നിന്നു വിരമിക്കുന്നതിനു മുൻപ് തന്നെ   ജോർജ്   സജീവ സംഘടനാ – രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ആയിരുന്നു . എന്നാൽ നാട്ടിലായിരിക്കെ കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ്   വലിയ പള്ളിയിലെ അംഗമെന്ന നിലയിൽ സഭയുടെ വളർച്ചക്കായി വലിയ ഇടപെടലുകൾ നടത്തി വന്നിരുന്ന അദ്ദേഹം സ്വന്തം കുടംബത്തിൽ നിന്നുള്ള വൈദികരും വൈദിക ശ്രേഷ്ടരുമായ  മുത്തച്ഛൻ പരേതനായ ഫാ.ഗീവർഗീസ് പണിക്കർ, മുൻ മദ്രാസ് ഭദ്രാസനാധിപൻ പരേതനായ സക്കറിയാസ് മാർ ദിവാനിയോസ്, കോട്ടയം  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ഡിയോസ്കോറോസ് എന്നിവരിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്  സഭയുടെ  പ്രവർത്തങ്ങനൾക്കൊപ്പം സജീവമായി . കുണ്ടറ സെന്റ്തോമസ് ഓർത്തഡോക്സ്   വലിയ പള്ളി യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1970 കളുടെ അവസാനം കൊല്ലം ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥിയായിരിക്കെ, അവിടെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ക്രിസ്ത്യൻ  സ്റ്റുഡന്റ് മൂവ്മെന്റ് (MGOCSM) യൂണിറ്റ് സ്ഥാപിച്ചു.2007 മുതൽ 2012 വരെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭദ്രാസന  കൗൺസിൽ അംഗം, 2007  മുതൽ 2017 വരെ മലങ്കര അസോസിയേഷൻ അംഗം  എന്നീ സ്ഥാനങ്ങൾ ജോർജ്   പണിക്കർ അലങ്കരിച്ചിരുന്നു.  ഇല്ലിനോയി എൽമസ്റ്റ് സെയിന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ജോർജ് പണിക്കർ പള്ളിയുടെ സെക്രട്ടറിയായും മാനേജിംഗ്‌  കമ്മിറ്റി അംഗമായും നിരവധി വർഷങ്ങളിൽ സേവനം ചെയ്തു. ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ (CEC)മെമ്പർ ,സെക്രട്ടറി(2015 )എന്ന നിലയിലും  നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോർജ് പണിക്കർ CECയുടെ രജത ജൂബിലി ആഘോഷകമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായിരുന്നു.

1998 മുതൽ 2007 വരെ തുടർച്ചയായി 9 വർഷം അമേരിക്കൻ പോസ്റ്റൽ വർക്കേഴ്സ് യൂണിയന്റെ പ്രഥമ ഇന്ത്യൻ വംശജനായ യൂണിയൻ സ്റ്റ്യൂവാർഡ് ( യുണിയൻ പ്രതിനിധി) ആയിരുന്ന ജോർജ് പണിക്കർ യൂ എസ് പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യൻ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ  പ്രസിഡണ്ട്, മലയാളികളായ ഫെഡറൽ  ഗവൺമെൻറ് ജീവനക്കാരുടെ സംഘടനയായ ഫെഡറൽ എംപ്ലോയീസ് മലയാളി അസോസിയേഷൻ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇല്ലിനോയി മുൻ  ഗവർണർ പാറ്റ് ക്യുനിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ട രണ്ടു മലയാളികളിൽ ഒരാളായിരുന്നു ജോർജ് പണിക്കർ.
ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ  പ്രസിഡണ്ട് ആയിരുന്നപ്പോഴാണ് കേരളത്തിൽ രണ്ടു വർഷം മുൻപ്  മഹാ പ്രളയം ഉണ്ടായത്. അന്ന് ജനിച്ച നാടിനു കൈത്താങ്ങായി 25 ലക്ഷം രൂപ സമാഹരിച്ചു വിവിധ പ്രവർത്തനങ്ങൾ കേരളത്തിൽ സംഘടിപ്പിച്ചു . കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ  പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായമായി നൽകി .സഹായം വേണ്ട കുടുംബങ്ങളെ തേടിപ്പിടിച്ച് അർഹരായവർക്ക് സഹായങ്ങൾ നേരിട്ട് നൽകാൻ സാധിച്ചതിൽ മലയാളി സമൂഹത്തിൽ നിന്നും നിരവധി അഭിനന്ദനങ്ങൾ ആണ് ജോർജ് പണിക്കരുടെ നേതൃത്വത്തിന് ലഭിച്ചത്  .
2001-2002,  2018 -2020 എന്നീ കാലഘട്ടങ്ങളിൽ  ഇല്ലിനോയി മലയാളി അസോസിയേഷൻ (ഐ.എം.എ)ന്റെ പ്രസിഡണ്ട് പദവി അലങ്കരിച്ച ജോർജ് പണിക്കർ ഐ.എം.എയുടെ  സീനിയർ വൈസ് പ്രസിഡണ്ട്, സെക്രട്ടറി  എന്നീ പദവികളും വഹിച്ചിട്ടുണ്ട്.   അതിനു പുറമെ ഐ.എം.എ വഴിയും വ്യക്തിപരമായ നിലയിലും നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -യു.എസ്.എ യുടെ ചിക്കാഗോ മേഖല പ്രഥമ വൈസ് പ്രസിഡണ്ട് കൂടിയാണ് ജോർജ്   പണിക്കർ.

ഇതിനെല്ലാം പുറമെ അറിയപ്പെടുന്ന ഗായകൻ കൂടിയാണ് ജോർജ് പണിക്കർ .ശാസ്ത്രീയ  സംഗീതം പഠിയ്ക്കുകയും പഠിപ്പിക്കുകയും പാടുകയും ചെയ്ത  അമ്മ തങ്കമ്മ പണിക്കർ ആ പാരമ്പര്യം തന്റെ എട്ട് മക്കളിൽ അഞ്ചാമനായ ജോർജിന് പകർന്നു നൽകിയിരുന്നു. വിവിധ സംഘടനകളുടെ  ധനശേഖരണാർത്ഥം നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചിട്ടുള്ള ജോർജ് ചിക്കാഗോ മലയാളികൾക്കിടയിലും അറിയപ്പെടുന്ന ഗായകനാണ്‌.ജോർജ് പണിക്കർ ബിസിനസ് രംഗത്തും ശോഭിച്ച വ്യക്തിത്വമാണ് . 24 വർ വര്ഷം ഗ്യാസ് സ്റ്റേഷൻ വിജയകരമായി നടത്തി .കൂടാതെ റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നു 1989  മുതൽ മികച്ച രീതിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പ്രവർത്തിക്കുകയും നിരവധി ആളുകളെ ഈ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്തു."എന്നും സമൂഹത്തോടൊപ്പം" എന്ന ആപ്തവാക്യമാണ് തന്റെ ബിസിനസിന്റെയും മറ്റു പ്രവർത്തനങ്ങളുടെയും അടിത്തറ .
ഈ ശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തെ ഫൊക്കാനയുടെ ജനറൽ സെക്രട്ടറി പദത്തിലേക്ക് നടന്നടുക്കുവാൻ സഹായിക്കുന്ന ഘടകം .ഈ നൽവഴികൾക്ക് കൂട്ടായി   ഭാര്യ മിനി ( ഡയറക്ടർ ഓഫ് നഴ്സിംഗ് പദവിയിൽ നിന്ന് വിരമിച്ചു.)മക്കൾ ജോമിൻ പണിക്കർ (പ്രമുഖ ഐ.ടി. കമ്പനിയിൽ സെയിൽസ് വിഭാഗം വൈസ് പ്രസിഡണ്ട്) , ജെസ്‌ലിൻ പണിക്കർ സക്കറിയ (കൗണ്ടി ഡിസ്ട്രിക്ട്  അറ്റോർണി). മരുമക്കൾ ഡോ.സിയ പണിക്കർ (പീഡിയാട്രീഷൻ). ഡോ.റിജോയി സക്കറിയ ( ഫാമിലി ഫിസിഷ്യൻ )എന്നിവരും ജോർജ് പണിക്കർക്ക് ഒപ്പം ഉണ്ട് .

ചുരുക്കത്തിൽ അർപ്പണ ബോധമുള്ള ഒരു സർവ്വകലാവല്ലഭൻ ഫൊക്കാനയുടെ ഏറ്റവും മികച്ച ഒരു പദവിയിലേക്ക് മത്സരിക്കുമ്പോൾ അമേരിക്കൻ മലയായികൾക്ക് അദ്ദേഹത്തെ തള്ളിക്കളയുവാനാവില്ല എന്നതാണ് സത്യം .ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഫൊക്കാനയുടെ ഭാവി 
ജോർജ് പണിക്കരിൽ ഭദ്രമാകും എന്ന് അമേരിക്കൻ മലയാളികൾക്ക് ഉറപ്പിക്കാം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക