Image

എഡിൻബറോയ്ക്കും പ്രാഗിനും ഒപ്പം-- ബീന ഏഴാം സ്വർഗത്തിൽ (കുര്യൻ  പാമ്പാടി)

Published on 05 November, 2023
എഡിൻബറോയ്ക്കും പ്രാഗിനും ഒപ്പം-- ബീന ഏഴാം സ്വർഗത്തിൽ (കുര്യൻ  പാമ്പാടി)

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എഡ്യുക്കേഷനിൽ നേടിയ  പിഎച് ഡിയുമായി കോഴിക്കോട് കോർപ റേഷൻ  മേയർ  പദവിയിൽ എത്തിയിട്ട് അഞ്ചു വർഷമായി. നടക്കാവ് ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആയി വിരമിച്ചിട്ടു ഒരു പതിറ്റാണ്ടും. ജീവിതത്തിന്റെ ഒരുപാടു വൈതരണി കടന്നു പോയപ്പോഴും കിട്ടാത്ത ആഹ്ളാദത്തിലാണ് ബീന ഫിലിപ്പ്.

കോഴിക്കോടിനു ഇന്ത്യയിലാദ്യത്തെ ലോക ബഹുമതി നേടിയ മേയർ  ബീന ഫിലിപ്

സാമ്രാജ്യങ്ങൾ   ഉണ്ടാകുന്നതും തകർന്നടിയുന്നതും കണ്ട, അറിവിന്റെയും  സംസ്‌കാരങ്ങളുടെയും സംഗമവേദിയായ എഡിന്ബറോക്കും പ്രാഗിനുമൊപ്പം ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി  തെരെഞ്ഞെടു ത്ത കോഴിക്കോടിന്റെ മുമ്പിൽ യുനെസ്കോ തുറന്നിട്ട വാതായനത്തിലൂടെ ഇനി എന്തെല്ലാം സാധ്യതകൾ! അവ കണ്ടെത്താൻ ഒരുകോടി രൂപയുടെ  ബജറ്റ് വിഹിതവുമായി ഇറങ്ങിത്തരിച്ചിരിക്കയാണ് ഈ അറുപത്തഞ്ചുകാരി.

പൊറ്റക്കാടിന്റെ നോവൽ ആലേഖനം ചെയ്ത കോഴിക്കോടൻ തെരുവ്

സാഹിത്യ നഗര പട്ടം നല്കിതുടങ്ങിയിട്ടു യുനെസ്കോ രണ്ടു പതിറ്റാണ്ടു പിന്നിടുന്ന  അടുത്ത ജൂലായ് 1-5 തീയതികളിൽ പോർട്ടുഗലിലെ ബ്രാഗ സിറ്റിയിൽ നടക്കുന്ന സംഗമത്തിൽ ഹാജരായി ബഹുമതി ഏറ്റു  വാങ്ങാൻ ഒരുങ്ങുകയാണ് ടീച്ചർ. വടക്കൻ പോർട്ടുഗലിലെ മനോഹരമായ ഒരു തീർത്ഥാടന  കേന്ദ്രമാണ് ബ്രാഗ. പനജിയിലെതു പോലെ അവിടത്തെ  ബോം ജീസസ് പള്ളിയും ആഗോള തീർത്ഥാടന  കേന്ദ്രമാണ്.

മേയർ ബീന യിൽ നിന്ന് അഭനന്ദനം നേടുന്ന ആർക്കിടെക്ട് ഐറീൻ ആന്റണി

ഫാത്തിമയാണ് അവിടത്തെ മറ്റൊരു  തീർത്ഥടന കേന്ദ്രം. വർഷങ്ങൾക്കു മുമ്പ് ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം പോർട്ടുഗലിൽ നിന്ന് കൊണ്ടുവന്നു കൊച്ചി മുതൽ കേരളമൊട്ടാകെ പ്രദക്ഷിണം ചെയ്യിച്ചത് നേരിട്ട് കണ്ട മലയാളികൾ ചിലരെങ്കിലും  ജീവിച്ചിരിപ്പുണ്ടാവും.  ആ പ്രദക്ഷിണം നേരിട്ട് കണ്ട ഒരാളാണ് ഞാനും.

ബീന ടീച്ചർ പോർട്ടുഗലിൽ പോകുന്നതിനു മറ്റൊരു രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ടെന്ന്  തോന്നുന്നു. ബ്രിട്ടന് മുമ്പ് ലോക സാമ്രാജ്യ ശക്തികളിൽ ഒന്നാമതായിരുന്ന പോർട്ടുഗൽ കൂടുതൽ    വെട്ടിപ്പിടിക്കുന്നതിന്റെ ഭാഗമായി വാസ്കോ ഡഗാമയുടെ നേതൃത്വത്തിൽ ഒരു കപ്പൽ പടയെ അയച്ചു. 1498 അവർ കോഴിക്കോട്ടു കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കാപ്പാട് കടലോരത്തു ശിലാഫലവും സ്ഥാപിച്ചിട്ടുണ്ട്.

 പ്രോജക്ട് ടീം ഡൽഹി യൂണിസെഫ് ആസ്ഥാനത്ത്

1998ൽ ഗാമ എത്തിയതിന്റെ അഞ്ഞൂറാം വാർഷികവേളയിൽ പോർട്ടുഗീസ് ഗവർമെന്റ് ഒരു സമ്മാനം പ്രഖ്യാപിച്ചു-കേരളത്തിൽ ഒരു മാരിടൈം യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ അഞ്ഞൂറ് കോടി രൂപ നൽകാം. അന്ന് ഇകെ നായനാർ മുഖ്യമന്ത്രി. സർക്കാർ പോർട്ടുഗലിന്റെ ഓഫർ പുശ്ചിച്ച് തള്ളിയെന്നു മാത്രമല്ല ഇൻഡ്യാഭൂഖണ്ഡത്തിൽ കൊളോണിയൻ യുഗത്തിന്റെ ആരംഭം കുറിച്ചത് ഗാമയാണെന്നു  ആക്ഷേപിച്ച്  അഞ്ഞൂറു ചുവപ്പു വോളണ്ടീയർമാർ കാപ്പാടിലേക്കു മാർച്ചു ചെയ്തു സ്മാരക ഫലകത്തിൽ കാർക്കിച്ച് തുപുകയും ചെയ്തു.  

കോഴിക്കോട് അന്നും ഇന്നും

ഗാമയോടും അതുപോലുള്ള വിദേശ കപ്പിത്താൻമാരോടും  ചക്കളത്തിപ്പോരാട്ടം നടത്തിയ സാമൂതിരിയുടെ നാട്ടിൽ നിന്നാണ് ബീന ഫിലിപ്പ് പോർട്ടുഗലിലേക്കു പോകുന്നത്. നായനാർക്കു ശേഷം കേരളത്തിലെ പാർട്ടിയുടെ  തന്നെ അലകും പിടിയും  മാറി. കേരളബ്രാൻഡിന്റെ കാലമായി. ഇപ്പോൾ വിദേശ നിക്ഷേപങ്ങൾ നാലു  കയ്യും നീട്ടി സ്വീകരിക്കാൻ ഗവർമെന്റ് തയ്യാറായാണ്. പഴയ ചരിത്രം ഒന്ന് കൂടി പഠിച്ച്  പണ്ടത്തെ ഓഫർ ഇപ്പോഴും നിലവിലുണ്ടോ എന്ന് അന്വേഷിച്ചാൽ  കോഴിക്കോടിന്റെ വികസനത്തിന് വേണ്ടതിലേറെ പണമായി.

ടീമിന്റെ യോഗം മേയറുടെ ഓഫീസിൽ. പ്രാഗിൽ നിന്നെത്തിയ ലുഡ്മിള ഒപ്പം

കൂത്താട്ടുകുളത്തുനിന്നു മലബാറിലേക്ക് കുടിയേറിയ വിപ്ലവച്ചൂടിൽ ജീവിക്കാൻ മറന്ന ഒരു തനി കമ്മ്യുണിസ്റ് കാരന്റെ മകളായി ജനിച്ചതിൽ  അഭിമാനിക്കുന്ന ആളാണ്‌ ബീന. അതുകൊണ്ടാണ് എജെ ഫിലിപ്പ് എന്ന പിതാവിന്റെ പേര് എന്നെന്നും കൂടെ കൊണ്ടുനടക്കുന്നത്. ഭർത്താവ്   വിക്ടർ ആന്റണി നൂൺ  അഭിഭാഷകനാണ്.  രണ്ടു മക്കളിൽ മഞ്ജുഷ കാലിഫോർണിയയിൽ, അരവിന്ദ് ഒക്ലഹോമയിലെ ട്യുത്സയിൽ ഇൻഫോസിസ് ടെക്കി.  

സാഹിത്യയോത്സവം- ബീന, മുഹമ്മദ് ഫിറോസ്, അജിത് കാളിയത്ത്, ആതിര, ലാവണ്യ, നിമിൽ

'പതിനാറു വയസ് ഉള്ളപ്പോൾ സ്‌കൂൾ യുവജനോത്സവത്തിൽ നടത്തിയ മികച്ച പ്രകടനം കണ്ടു യൂസഫലി കേച്ചേരി വീട്ടിൽ വന്നു ചോദിച്ചു, വനദേവത എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായി അഭിനയിക്കാമോ എന്ന്. അന്ന് ഞാനതു നിരസിച്ചു, ഇന്നതിൽ ദു:ഖിക്കുന്നു. കലാകാരന്മാർ എന്നും ജനമനസ്സിൽ ജീവിക്കുന്നവരാണ്' ബീന ടീച്ചർ യൂണിവേഴ്‌സിറ്റിയിലെ ഒരു യോഗത്തിൽ പറഞ്ഞു.

'നസീറിന്റെ നായികയായിരുന്നെങ്കിൽ കേരളീയത്തിന്റെ സ്റ്റേജിൽ നടിയും നർത്തകിയുമായ  ശോഭനയോടൊപ്പം തിളങ്ങി നിൽക്കുമായിരുന്നില്ലേ?'  ഞാൻ ചോദിച്ചു. ടീച്ചർ മറുപടി പറഞ്ഞില്ല. പക്ഷെ മേയർ എന്ന നിലയിൽ ഇന്ന് ശോഭിക്കുന്നണ്ടല്ലോ. യുനസ്കോ ബഹുമതിയോടെ ആ തിളക്കത്തിന്  കൂടുതൽ വർണ്ണഭംഗിയായി.  

  ആദ്യത്തെ സാഹിത്യ നഗരം എഡിൻബറോ

കാളിദാസന്റെ ഉജ്ജയ്‌നും  കുമാർ ഗുപ്തന്റെ നളന്ദയും  ടാഗോറിന്റെ ശാന്തിനികേതനും  ഒക്കെയുണ്ടായിട്ടും എങ്ങിനെ കോഴിക്കോടിന് ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത ബഹുമതി കിട്ടി എന്ന് അന്വേഷിച്ചെത്തുമ്പോൾ ത്യശൂരിലെ കിലയിലും കോഴിക്കോട്ടെ നിറ്റിലുമുള്ള ഒരു കൂട്ടം യുവ ആർക്കിടെകടകളുടെ ഭാവനാപൂർണമായ പഠനത്തിലേക്കാണ് ബീന ടീച്ചർ വിരൽ ചൂണ്ടുന്നത്.

ഡോ. ജോയ്‌ ഇളമൺ ഡയറക്ടറായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും    ഡോ. പ്രസാദ് കൃഷ്ണ ഡയറക്ടർ ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും കൈകോർത്ത്  കൊണ്ട് പൂർത്തിയാക്കിയ പഠനമാണ് അത്യപൂർവമായ  ആഗോള അംഗീകാരത്തിലേക്ക് നയിച്ചയിച്ചത്.  നഗരത്തിന്റെ നൂറ്റാണ്ടുകൾ മുമ്പുള്ള കലാസാഹിത്യ ചരിത്രം അവർ ആഴത്തിൽ വിലയിരുത്തി ഡൽഹിയിൽ  യുനെസ്‌ക്കൊയ്ക്കു സമർപ്പിച്ചു.

 രണ്ടു സാ.നഗരമുള്ള നെ തർലന്ഡ്സിലെ ആംസ്റ്റർഡാമിൽ  ഇളമണ്ണും സജിതയും

കിലയിലെ അർബൻ ചെയർ  ആയ ഡോ.അജിത്  കാളിയത്തും റിസർച് ഫെലോ ഐറീൻ ആന്റനിയും നി റ്റിലെ ആര്കിടെക്ച്ചർ തലവൻ ഡോ.  മുഹമ്മദ്  ഫിറോസ്, ഷൈനി അനിൽകുമാർ,  നിമിൽ മെഹ്മർ ഹുസൈൻ, സൂസൻ സിറിയക്   എന്നിവരും ടീമിനെ നയിച്ചു.  കണ്ണൂർ, തൃശൂർ, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്ക് കൂടി യുനെസ്‌കോയുടെ ഇതര ബഹുമതികൾ നേടിയെടുക്കാനുള്ള പരിശ്രമം പുരോഗമിക്കുന്നതായി അജിത്തും ഫിറോസും  അറിയിച്ചു.

ഇരുപത്തെട്ടു ലക്ഷം ജനങ്ങളും  37 കോളജുകളും സർവ കലാശാലകളുമുള്ള മനോഹരനഗരമാണ് കോഴിക്കോട്.  ഐഐഎമ്മും നിറ്റും മെഡിക്കൽ കോളജുമുള്ള പട്ടണം.  550  ലൈബ്രറികൾ. വ്യക് തികൾക്കു സ്വന്തമായുള്ളത് പുറമെ. അറബിയും യിദ്ദിഷും പോർട്ടുഗീസും ഡച്ചും ഇംഗ്ലീഷും സമ്പുഷ്ട്ടമാക്കിയ ഭാഷ. ബഷീറും എംടിയും ഉറൂബും എസ്‌കെ പൊറ്റക്കാടും തേരോട്ടം നടത്തിയ നാട്. ഇനിയും എന്തെല്ലാം നേടാനിരിക്കുന്നു!

കോഴിക്കോടിനു ബഹുമതി കൈമാറുന്ന പോർട്ടുഗലിലെ ബ്രാഗ 

2004ൽ ആദ്യത്തെ സാഹിത്യ നഗരമായി പ്രഖ്യാപിക്കപ്പെട്ട എഡിന്ബറോയിലെ വിശ്വ വിഖ്യാതമായ   ഫെസ്റ്റിവലിൽ   പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ ഒരാളാണ് ഞാൻ.  കിംഗ് ആർതറുടേതെന്നു കരുതപ്പെടുന്ന നഗരം.  യുനെസ്കോ ബഹുമതി .ലഭിച്ച യുകെയിലെ ഇതര നഗരങ്ങൾ മാഞ്ചെസ്റ്ററും നോട്ടിങ്ഹാമും  സന്ദർശിച്ചിട്ടുണ്ട്  എഡിന്ബറോയിൽ ഭാവികസന പരിപാടികൾക്കായി ലിറ്ററേച്ചർ ട്രസ്റ്റും സ്ഥിരം ഓഫീസും തുറന്നിട്ട് വർഷങ്ങളായി. അവർക്കു സ്വന്തം ആസ്ഥാന കവിയും ഉണ്ട്.

കില ഡയറക്ടർ ഒരർത്ഥത്തിൽ ഭാഗ്യവാനാണ്.  ഒന്നിന് പിറകെ ഒന്നായി രണ്ടു നഗരങ്ങള്ക്കു--ലൈവാർഡനും യൂട്രെക്റ്റും-സാഹിത്യ ബഹുമതി നേടിയ നെതർന്ഡ്സിൽ ഭാര്യ സജിതമായി പോയിട്ടുള്ള ആളാണ് ഡോ. ജോയ് ഇളമൺ.  തലസ്ഥാനമായ  ആംസ്റ്റർഡാമിൽ വാൻഗോഗ് മ്യുസിയവും റെംബ്രാന്റ് ചിത്രശേഖരവും കണ്ടു. ഒടുവിൽ കൺകുളുർക്കെ പല വർണങ്ങൾ നിറഞ്ഞ ട്യൂലിപ് തോട്ടങ്ങളും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക