Image

തൊട്ടേനേ ഞാൻ മനസ്സുകൊണ്ട്‌ ....തോളിൽ പിടിച്ചേനേ (നർമ്മഭാവന: സുധീർ പണിക്കവീട്ടിൽ)

Published on 06 November, 2023
തൊട്ടേനേ ഞാൻ മനസ്സുകൊണ്ട്‌ ....തോളിൽ പിടിച്ചേനേ (നർമ്മഭാവന: സുധീർ പണിക്കവീട്ടിൽ)

“അമ്പലക്കുളങ്ങരെ കുളിക്കാൻ പോയപ്പോൾ അയലത്തെ”
തമ്പുരാൻ തോളിൽ തട്ടി. തമ്പുരാൻ മധ്യവയസ്സ് കഴിഞ്ഞ വ്യക്തിയാണ്. അച്ഛന്റെ പ്രായമുള്ളയാളാണ്. ബാല്യം മുതൽ അറിയാം. തമ്പുരാൻ സൗമ്യനാണ്. കഥകളി വിദ്വാനാണ്. അദ്ദേഹം എതിരെ വന്നപ്പോൾ തലേദിവസം കണ്ട തമ്പുരാന്റെ ഒരു പ്രകടനം ഓർത്തു  വിസ്മയാധീനയായി നിന്നു  പോയതാണ്. ഇരയിമ്മൻതമ്പിയുടെ രതിജന്യമായ കാവ്യത്തിന്റെ നടനാവിഷ്കാരം. "അങ്കത്തിൽ ഇരുത്തിയെൻ കൊങ്കതടങ്ങൾ കരപങ്കജം കൊണ്ടവൻ തലോടി".കുടുംബത്തോടെയാണ് കാണാൻ പോയത്. തമ്പുരാന്റെ പത്നിയും അടുത്താണു  ഇരുന്നത്. അവർപോലും ലജ്ജകൊണ്ട് തലകുനിക്കുന്നുണ്ടായിരുന്നു. തമ്പുരാന്റെ അഭിനയപാടവം കാണികളുടെ മുക്തകണ്ഠ അഭിനന്ദനം ഏറ്റുവാങ്ങിയതാണ്. കൂടെയുണ്ടായിരുന്ന ഭർത്താവ് ആരും കാണാതെ തന്റെ കൈകളിൽ ഒന്നമർത്തിയിട്ടും അതറിയാതെ അവൾ  സ്റ്റേജിലേക്ക് നോക്കി ഏതോ ദിവ്യമായ അനുഭൂതി നുകർന്നുകൊണ്ട് ഇരുന്നുപ്പോയി. അപ്പോൾ  അവാച്യമായ ആനന്ദത്തിന്റെ സ്വർണ്ണമരാളങ്ങൾ മാനസസരസ്സിൽ നീന്തി തുടിച്ചു. താമരപ്പൂക്കളുടെ വാസന കലർന്ന ഇളങ്കാറ്റ് അവളെ തഴുകുന്നതായി തോന്നി.

തമ്പുരാൻ ആറടി ഉയരത്തിൽ വെളുത്ത് തുടുത്ത സാക്ഷാൽ കാമദേവൻ. വയസ്സിനൊന്നും തമ്പുരാനെ തൊടാൻ കഴിഞ്ഞിട്ടില്ല. വിലകുറഞ്ഞ ഭാഷയിൽ പറഞ്ഞാൽ തമ്പുരാന്റെ രോമത്തിൽ തൊടാൻ സാധിച്ചു. താടിയും തലയും നരച്ചുപോയി. പൗരുഷം, ഗാംഭീര്യം അതൊക്കെ യൗവനസൗരഭ്യം ചൂടി നിൽക്കുന്നു. ആയിരം ദിവാകരന്മാർ ഉദിച്ചുയരുന്ന ശോഭയോടെ കസവു മുണ്ടും തോളിലിട്ട് മുറുക്കി ചുവപ്പിച്ച ചുണ്ടുമായി തമ്പുരാൻ നടന്നു വരുന്നത് കണ്ണെടുക്കാതെ പെൺകുട്ടി നോക്കി നിന്നു. പെൺകുട്ടി നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സുഹൃത്തിന്റെ മകൾ എന്ന നിലക്കുള്ള വാത്സല്യത്തോടെ തമ്പുരാൻ തോളിൽ തട്ടി ചോദിച്ചു. സുഖമല്ലേ കുട്ടി. അപ്പോഴാണവൾ സ്വപ്നതുല്യമായ അവസ്ഥയിൽ നിന്നുമുണർന്നത്.

ബലിഷ്ഠമായ തമ്പുരാന്റെ കൈത്തലം അവളുടെ തോളിൽ പതിഞ്ഞപ്പോൾ അവളിൽ അതിശയ താളങ്ങൾ ഉണരാൻ തുടങ്ങി. "അതുവരെ അറിയാത്ത പ്രാണഹർഷങ്ങളിൽ  അവളുടെ താരുണ്യം അലിഞ്ഞിറങ്ങി". പുരുഷന്റെ കരുത്ത്. തന്റെ ഭർത്താവ് ഒന്നിനും കൊള്ളാത്തവൻ എന്ന് അവൾക്ക് ആദ്യമായി തോന്നിപോയി. അയാളുടെ സ്പർശനങ്ങൾ  കാക്ക കാലുകൾ  ഇഴയുന്നപോലെ. അവൾ ഓർത്തു. ഇതാണ് സ്പർശനം. തമ്പുരാൻ സ്നേഹവാത്സല്യത്തോടെ തോളിൽ തട്ടിയതാണെങ്കിലും അവളിലെ സ്ത്രീ ഉണർന്നു. തമ്പുരാന്റെ സ്പർശനത്തിൽ  അപാകതയൊന്നുമില്ലായിരുന്നു. പക്ഷെ അവളുടെ ഭർത്താവിൽ നിന്നും അവൾ അതുവരെ അനുഭവിച്ച സ്പർശനത്തിനു കരുത്തില്ലായിരുന്നതുകൊണ്ട് അവളുടെ മനസ്സ് തെന്നി തെന്നി പറന്നു. അതൊക്കെ വെറും തൊടലുകളായിരുന്നു. പക്ഷെ തമ്പുരാൻ തൊട്ടപ്പോൾ കോരിത്തരിച്ചുപോയി. ഭാസ്ക്കരൻ മാഷിന്റെ ഭാഷയിൽ "ഇന്നെന്റെ കരളിലെ പൊന്നണി പാടത്തൊരു പുന്നാര പനംതത്ത പറന്നു വന്നു." പുരുഷസ്പർശനത്തിനു ഇത്രയും മാസ്മരികതയോ? ബസ്സിലോ  കടകളിലോ വച്ച് ഞരമ്പ് രോഗികളുടെ അറപ്പുളവാക്കുന്ന തൊടലുകൾ പോലെയല്ല ഇത്. ഇതാണ് പുരുഷസ്പർശനം. “മനുഷ്യൻ ഭൂകtമ്പങ്ങളെ അതിജീവിച്ചേക്കാം; മഹാമാരികളെയും രോഗപീഡകളെയും ദുരന്തങ്ങളെയും ആത്മദുഃഖങ്ങളെയും അതിജീവിച്ചേക്കാം; പക്ഷേ കിടപ്പറയിലെ ദുരന്തംപോലെ അവനെ ദഹിപ്പിക്കുന്ന മറ്റൊന്നില്ല.” ലിയോ ടോൾസ്റ്റോയിയുടെ ഈ വാക്കുകൾക്ക് ഇവിടെ പ്രസക്തിയുണ്ട്. അവൾ ജീവിതത്തിൽ സംതുപ്തയല്ല. മനുഷ്യരുടെ രണ്ടാമത്തെ വിശപ്പ്’ എന്നൊക്കെ ലൈംഗികതയെ വിശേഷിപ്പിച്ചു കാണാറുണ്ട്. ഡോപമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ലൈംഗിക ആസ്വാദനത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു സ്പര്ശനം ചിലപ്പോൾ സുഖാനുഭൂതി പകരുന്നതായിരിക്കും. അവളുടെ ഭ്രമകല്പനയിൽ അവളെ തലോടിക്കൊണ്ട് ഒരു ഗാനശകലം ഒഴുകിവന്നു. “തൊട്ടേനേ  ഞാൻ മനസ്സുകൊണ്ട് കെട്ടിപിടിച്ചേനേ”.. പാതിവൃതകൾ കണ്ണുരുട്ടുന്നതുകണ്ടു  .ഉടനെ ശിവ ശിവ എന്ന് ജപിച്ചു.

തമ്പുരാന് അച്ഛന്റെ പ്രായമുണ്ടെങ്കിലും അദ്ദേഹം വെറുതെ ഒരു സ്നേഹപ്രകടനം നടത്തിയതാണെങ്കിലും അവളുടെ ലൈംഗികദാരിദ്ര്യം അവളെ മോഹാലസ്യപ്പെടുത്തി. അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ, ദേഹത്തോട് ഒട്ടിച്ചേർന്നു നനഞ്ഞ നേരിയ മുണ്ടുമായി സോപ്പ് തേക്കാൻ കല്പടവുകളിൽ  ഇരുന്നപ്പോൾ ഓർമ്മയിൽ കാവടിയാട്ടം. "ഹേ മുരുകാ ഹരോ ഹരാ " എന്ന് ഓളങ്ങൾ പാടുന്നപോലെ അവൾ കേട്ടു. കുളികഴിഞ്ഞു ഈറൻ മാറുമ്പോൾ, കാർവേണി കോതിയൊതുക്കുമ്പോൾ, കണ്ണെഴുതുമ്പോൾ എല്ലാം മനോഹരമായ ഒരു മന്ദസ്മിതത്തോടെ വാക്കുകളില്ലാത്ത ഒരു പ്രണയഗാനം അവൾ മൂളിക്കൊണ്ടിരുന്നു. അവളുടെ അമിതമായ  മാനസികോല്ലാസം കണ്ടു അമ്പരന്ന അവളുടെ പതി ചോദിച്ചു. നിനക്കിന്നെന്താണ് ഇത്ര സന്തോഷം. അവളുടെ മനസ്സ് ഓളം വെട്ടുകയായിരുന്നു. ഭർത്താവു ചോദിച്ചപ്പോൾ അവൾ എല്ലാം പറഞ്ഞു. "അതേ, ഞാൻ കുളിക്കാൻ പോകുമ്പോൾ തമ്പുരാൻ എതിരെ വരുന്നു. തമ്പുരാന്റെ ഇന്നലത്തെ പ്രകടനം ആലോചിച്ച് ഞാൻ ഒരു നിമിഷം സ്തബ്ധയായി. തമ്പുരാൻ എന്റെ തോളിൽ തട്ടി സുഖമല്ലേ കുട്ടി എന്ന് ചോദിച്ചു കടന്നുപോയി. വാസ്തവത്തിൽ അപ്പോഴാണ് ഞാൻ ഉണർന്നത്. പക്ഷെ ആ തട്ടൽ അതൊരു സുഖമുള്ള സ്പർശനമായിരുന്നു. എന്തൊരു കരുത്ത് ആ കൈകൾക്ക്. അയാളുടെ മുഖത്ത് കരിങ്കാറുകൾ പരന്നു.
എണ്ണ തേച്ച് കുളിക്കാൻ പോയ നിന്റെ തോളിൽ തട്ടി സുഖമാണോ എന്ന് തമ്പുരാൻ ചോദിച്ചത് ദുരുദ്ദേശ്യത്തോടെയാണ്. തമ്പുരാനെകൊണ്ട് ഇതിനു ഞാൻ സമാധാനം പറയിപ്പിക്കും. പെൺകുട്ടി അപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ആലോചിച്ച് ഞെട്ടിയത്. അയ്യോ അങ്ങനെയൊന്നുമില്ല, തമ്പുരാൻ എന്നെ കൊച്ചുനാൾ തൊട്ട് അറിയുന്നയാൾ. എന്റെ അച്ഛന്റെ സമപ്രായക്കാരൻ. നീ ഒരു സ്ത്രീയാണ്. നിനക്ക് നിന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകരുത്. ഞങ്ങൾ പുരുഷന്മാർ പറയുന്നത് അനുസരിക്കുക. അയാൾ അങ്ങനെ ആക്രോശിച്ച് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു  ഈ സംഭവം ആരും വിശ്വസിക്കുകയില്ല ഞാൻ തന്നെ നാണം കെടും. പേരും പ്രശസ്തിയുമുള്ള തമ്പുരാന് ഒന്നും വരികയുമില്ല. ദയവുചെയ്ത് ഇങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും ഇറങ്ങി പുറപ്പെടരുത്. നിന്റെ തോളിൽ തൊടണമെങ്കിൽ തമ്പുരാൻ നിന്റെ അടുത്ത് വരണം. നിങ്ങൾ സംസാരിക്കുബോൾ പാലിച്ച അകലമാണ് നിങ്ങൾ  തമ്മിലുള്ള ബന്ധത്തെക്കുറിച്ച്  മറ്റുള്ളവർ മനസ്സിലാക്കുന്നത്.  അങ്ങനെ ആളുകൾ സംസാരിക്കുമ്പോൾ ഇടയിൽ ഒരു നിശ്ചിത അകലം പാലിക്കാറുണ്ട്. അതിനെ PROXEMICS  എന്നാണു പറയുക. നീയും തമ്പുരാനും സംസാരിക്കുമ്പോൾ എത്ര അകലെ നിന്നാണ് സംസാരിച്ചത്. എല്ലാം ചർച്ച ചെയ്തു  തമ്പുരാനെ കോടതി കയറ്റണം. 

എന്റെ ദൈവമേ.. അവൾ തലയിൽ കൈ വച്ച് നിസ്സഹായയായി ഇരുന്നു. ഞങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ല, അഭിപ്രായങ്ങൾ പറയാൻ അവസരമില്ല, ഞങ്ങൾ പുരുഷന്റെ അടിമകളോ? ഇന്ദ്രൻ ഞങ്ങളെ കാര്യസാധ്യത്തിനായി ഉപയോഗിച്ചിരുന്നു. പരസ്യകമ്പനികൾ ഞങ്ങളുടെ ശരീരഘടന വിറ്റ് കാശാക്കുന്നു. എല്ലായിടത്തും സ്ത്രീ വെറും ഉപഭോഗവസ്തു. വിവാഹം പവിത്രകർമ്മമൊന്നുമല്ല. ഒരു താലി ചാർത്തി ജീവിതകാലം മുഴുവൻ പുരുഷന്മാർക്ക് ഞങ്ങളെ അടിമയാക്കാനുള്ള വെറും ലൈസെൻസ്  മാത്രം. എന്തു  വന്നാലും ഞാൻ തമ്പുരാന് അനുകൂലമായി പറയും. എന്റെ ഭർത്താവിന്റെ ദൗർബല്യം മൂലം എന്റെ മനസ്സിൽ തോന്നിയ ഒരു ചാപല്യം. അത് ഭർത്താവിനോട് പറയരുതായിരുന്നു. സത്യം ചിലപ്പോൾ അപകടകാരിയാണ്. 
ശുഭം

Join WhatsApp News
Raju Mylapra 2023-11-06 02:34:10
"മല്ലികാ ബാണൻ തന്റെ വില്ലെടുത്തു മന്ദാരമലർ കൊണ്ടു ശരം തൊടുത്തു മാറിലോ, എന്റെ മനസ്സിലോ.. മധുര മധുരമൊരു വേദന മദകരമാമൊരു വേദന...." ഒരു സമകാലിക സംഭവം, അനുയോജ്യമായ ഗാനശകലങ്ങൾ കോർത്തിണക്കി, വർണ്ണക്കടലാസിൽ പൊതിഞ്ഞു സമ്മാനിക്കുന്നു. Great classic satire. Regards to Sri Sudheer.
Abdulpunnayurkulam 2023-11-06 10:38:59
First part is interesting. Second part lengthy.
കോരസൺ 2023-11-06 12:53:53
കേവലം ഒരു സ്പർശം, ഇത്രയും സാധ്യതയുള്ള സംഭവമാക്കി മാറ്റിയ കവി,അതു ഉത്തഗംഗ lമാക്കിയ സുധീർസാർ, മനോഹരം, ആസ്വദിച്ചു. കോരസൺ
Chinchu Thomas 2023-11-06 15:05:18
Supercalifragilistic
Jayan varghese 2023-11-06 16:27:16
‘ എന്നെ ബലാൽസംഗം ചെയ്തേ ‘ എന്ന് കരഞ്ഞു വിളിച്ചാൽ ഒരു കവിയും പോലീസുകാരനും നിങ്ങളെ രക്ഷിക്കാൻ വരില്ല എന്ന് സ്ത്രീകൾ മനസ്സിലാക്കണം. കമന്റെഴുത്തുകാരെപ്പോലെ അത് ഗൂഢമായി ആസ്വദിക്കുകയും ചെയ്യും. ഒരുത്തൻ മോശമായി നിങ്ങളെ സമീപിച്ചാൽ രൂക്ഷമായ ഒരു നോട്ടം കൊണ്ട് അവനെ തടയാം. അല്ലെങ്കിൽ ‘ ഗോ എവേ സൺ ഓഫ് ഡോഗ് ‘ എന്ന ഒറ്റ വാക്കു കൊണ്ട്. ഇതുകൊണ്ടും സാധിക്കുന്നില്ലെങ്കിൽ അവന്റെ ആസ്ഥാനം നോക്കി ഒരു ചവിട്ടു കൊടുക്കാം, കണ്ണിലേക്ക് നിങ്ങളുടെ നീണ്ട നഖങ്ങൾ കുത്തിയിറക്കാം, ചുണ്ടോ മൂക്കോ ചെവിയോ കടിച്ചു പറിച്ചെടുക്കാം, കയ്യെത്തും ദൂരത്തിലുള്ള വൃഷണ ദ്വയങ്ങളെ ഞെരിച്ചു വെള്ളമാക്കാം. ഇതിനെയെല്ലാ അതിജീവിച്ചു കൊണ്ടുള്ള ഒരു ബലാൽസംഗം നടക്കില്ല. അഥവാ നടക്കുകയാണെങ്കിൽ ‘ സാധനം കയ്യിലുണ്ട് ‘ എന്ന ഡയലോഗിലെ ‘ സാധനം ‘ ചെത്തിയെടുത്ത് പട്ടിക്ക് ഇട്ടു കൊടുക്കുന്നതിനുള്ള നിയമങ്ങളുണ്ടാവണം. ആദ്യം നട്ടെല്ലുള്ള ഒരു പെണ്ണായി മാറുക. എന്നിട്ടാവാം ചാനൽ ചർച്ചകളിൽ ഫെമിനിസ്റ്റ് വേഷം കെട്ടി പേക്കോലം തുള്ളാൻ ? ജയൻ വർഗീസ്.
American Mollakka 2023-11-06 16:58:36
Supercalifragilistic എന്റെ അള്ളോ ഞമ്മള് ഒന്ന് ശങ്കിച്ചു.മൂത്ത ബീവി കോളേജിൽ English പഠിപ്പിക്കുന്നതുകൊണ്ട് ഓളോട് ചോദിച്ചു. അപ്പോഴല്ലേ ഇമ്മടെ ശശി തരൂർ ഉപയോഗിക്കുന്ന പോലെ ഒരു ബാക്കാണ് എന്ന് മനസ്സിലായത്. extra ordinary /wonderful എന്നൊക്കെ അർഥം. ഇ മലയാളിയിൽ മറ്റു ബായനക്കാർക്ക് പുടി കിട്ടിയോ? ചിഞ്ചു തോമസ് സാഹിബ - ഇങ്ങടെ രചനകൾ ബായിക്കാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ബാക്കുകൾ ഉപയോഗിച്ച് ഞമ്മളെ കസ്റ്റത്തിൽ ആക്കരുത്. ഹാ..ഹാ . സുധീർ സാഹിബിനു കിട്ടിയ കമന്റുകളിൽ ഇത് supercaifragilistic തന്നെ. അപ്പോൾ അസ്സലാമു അലൈക്കും !
മാത്യു Joys 2023-11-06 17:48:13
സുന്ദരമായ ഒരു ക്ലാസിക്കൽ Satire. ഒരു തൊടലിനും ഇത്ര സർഗ്ഗാത്മക സാദ്ധ്യതകൾ, നിത്യഹരിത കാമ സങ്കല്പങ്ങൾ ഉൾക്കൊണ്ട ഗാനശകലങ്ങളും സമാസമം ചേർത്തു രചിച്ച ഈ നർമ്മലേഖനം സുന്ദരം മനോഹരം. മാത്യു ജോയിസ്
വേണുനമ്പ്യാർ 2023-11-07 11:16:15
ത്രികോണക്കഥകളുടെ ഗതാനുഗതികത്വത്തിൽ നിന്ന് വേറിട്ട ഒരു നർമ്മഭാവന. സെക്സിന്റെ അതിപ്രസരത്തിനുള്ള മുഴുവൻ സ്കോപ്പും അവഗണിച്ച് മറ്റൊരാംഗിളിൽ,എല്ലാ മലയാളികളുടെയും നാവിൽ തത്തിക്കളിക്കുന്ന ചില ഗാനശകലങ്ങളും മേമ്പൊടിക്കായി ചേർത്ത്, ഒരു കേമൻ വായനസദ്യ ഒരുക്കിയ ശ്രീ സുധീർ സാറിനെ ആരാണ് അഭിനന്ദിക്കാതിരിക്കുക!
Sudhir Panikkaveetil 2023-11-09 02:20:14
വായിക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക