Image

ഉവാള്‍ഡി കൂട്ടക്കുരുതിയില്‍ മകളെ നഷ്ടപ്പെട്ട മാതാവ് മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു

ഏബ്രഹാം തോമസ് Published on 06 November, 2023
ഉവാള്‍ഡി കൂട്ടക്കുരുതിയില്‍ മകളെ നഷ്ടപ്പെട്ട മാതാവ് മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു

ഉവാള്‍ഡി, ടെക്‌സസ്: ഉവാള്‍ഡി റോബ് എലിമെന്ററി മെയ് 2022ല്‍ നടന്ന കൂട്ടക്കുരുതിയില്‍ കിംബര്‍ലി മാറ്റ റൂബിയോയ്ക്ക് നഷ്ടമായത് തന്റെ 11 വയസ്സുകാരി മകള്‍ ലെക്‌സിയെയാണ്. ഒന്നരവര്‍ഷത്തിന് ശേഷവും കിംബര്‍ലിക്കോ 15,000 വരുന്ന ഉവാള്‍ഡിയിലെ ജനങ്ങള്‍ക്കോ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. തന്റെ മകളുടെ ദുഃസ്മരണകളില്‍ നിന്ന് ആശ്വാസം ലഭിക്കുവാന്‍ മൂവിംഗ് ഫോര്‍വാര്‍ഡ് ടുഗെദര്‍ എന്ന പ്രസ്ഥാനവും സ്മരണാര്‍ത്ഥമുള്ള ഓട്ടവും സംഘടിപ്പിച്ചു വന്ന ഇവര്‍ സമൂഹത്തില്‍ ക്രിയാത്മകമായ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ഉവാള്‍ഡി മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.


റോബ് എലിമെന്ററി സ്‌ക്കൂളില്‍ കടന്നു കയറി 19 കുട്ടികളെയും രണ്ട് അധ്യാപികമാരെയും ഘാതകന്‍ വധിച്ചതിന്റെ ആഘാതത്തില്‍ നിന്ന് ഉവാള്‍ഡി ഇനിയും മുക്തമായിട്ടില്ല. ഒരു വര്‍ഷം മുമ്പ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റായി മത്സരിച്ച ബീറ്റോ ഔറോര്‍കെയ്ക്ക് പകരം റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനെയാണ് ഉവാള്‍ഡിക്കൗണ്ടി പിന്തുണച്ചത്. കൗണ്ടി കമ്മീഷ്ണര്‍ സ്ഥാനത്തേയ്ക്ക് സ്വയം പേരെഴുതി ചേര്‍ത്ത് മത്സരിച്ച വ്യക്തിയും പരാജയപ്പെട്ടു. ഇയാളുടെ 9 വയസുകാരി മകളും സ്‌ക്കൂളിലുണ്ടായ വെടിവെപ്പില്‍ മരണപ്പെട്ടിരുന്നു.

34കാരിയായ കിംബര്‍ലിക്ക് രണ്ട് എതിരാളികള്‍ ഉണ്ട്. നിലവിലെ മേയറും ഒരു അധ്യാപികയും. ഉവാള്‍ഡിയില്‍ 5ല്‍ ഒരാള്‍ വീതം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. പൊതുവെ വലുതായി പരിഗണിക്കപ്പെടാത്ത പ്രദേശം. ദാരുണമായ കൂട്ടക്കൊലപാതകങ്ങള്‍ നടന്നിട്ടും പ്രസിഡന്റോ വൈസ് പ്രസിഡന്റോ അന്നത്തെ സ്പീക്കറോ ഉവാള്‍ഡി സന്ദര്‍ശിച്ചില്ല എന്ന് പരാതി ഉണ്ടായിരുന്നു.

തനിക്ക് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് തങ്ങളുടെ യാര്‍ഡില്‍ ഒരു സൈന്‍ സ്ഥാപിച്ച് അതിനരികില്‍ ഭര്‍ത്താവ് ഫെലിക്‌സിനൊപ്പം നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ വികാരഭരിതയായി കിംബര്‍ലി പറഞ്ഞു: 'ഞങ്ങള്‍ക്കൊപ്പം ലക്‌സിയും നില്‍ക്കേണ്ടതായിരുന്നു.'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക