
വാഷിംഗ്ടണ്‍: പ്രമുഖ രാഷ്ട്രീയ പാര്‍ട്ടുകളും നേതാക്കളും വലിയ പ്രാധാന്യമോ, പ്രീണനമോ പ്രലോഭനങ്ങളോ നല്‍കാത്ത യു.എസിലെ ഒന്നാമത്തെ ന്യൂനപക്ഷ സമൂഹമാണ് ഹിസ്പാനിക്കുകള്‍. പരമ്പരാഗതമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച വോട്ടു ബാങ്ക്. ഇവരുടെ വോട്ടുകള്‍ ഉറപ്പാക്കാതെ തിരഞ്ഞെടുപ്പുകള്‍, പ്രത്യേകിച്ചു പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ വിജയിക്കാനാവില്ല. പക്ഷേ ഈ വിഭാഗത്തെ ടേക്കണ്‍ ഫോര്‍ഗ്രാന്റഡ് ആയാണ് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും കരുതുന്നത് എന്ന ആരോപണം ശക്തമാണ.
കഴിഞ്ഞ ചില പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഗണ്യമായ ഒരു ഹിസ്പാനിക് വിഭാഗം മാറി ചിന്തിച്ചു എന്നാണ് തിരഞ്ഞെടുപ്പു വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രമ്പിന് 29% ഹിസ്പാനിക് വോട്ടുകള്‍ കിട്ടിയതായാണ് കരുതുന്നത്. നാല് വര്‍ഷത്തിന് ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിസ്പാനിക്കുകളുടെ 42% വോട്ടുകള്‍ നേടി ട്രമ്പ് നില മെച്ചപ്പെടുത്തി(തിരഞ്ഞെടുപ്പു വിജയിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും).
പക്ഷെ 2024 ലെ തിരഞ്ഞെടുപ്പിലേയ്ക്ക് വരുമ്പോള്‍ ഹിസ്പാനിക് സമൂഹം പൂര്‍ണ്ണമായും മതിഭ്രമ വിമുക്തിയിലാണ്(ഡിസ്ഇല്യൂഷന്‍സ്). ഇപ്പോഴത്തെ ഹിസ്പാനിക്കുകളില്‍ ഒരു വലിയ വിഭാഗം (വോട്ടിന് അര്‍ഹതയുളളവര്‍) കുടിയേറ്റക്കാരുടെ മൂന്നാം തലമുറയാണ്. അഭ്യസ്ഥവിദ്യര്‍ കൂടുതലാണ്. ട്രമ്പിന്റെ ഹിസ്പാനിക് പിന്തുണ ഭദ്രമല്ലെന്ന് ഒരു സമീപകാല സര്‍വേ പറഞ്ഞു. 70 ശതമാനം ഹിസ്പാനിക്കുകള്‍ ട്രമ്പ് അനഭിമതനാണെന്ന് പറഞ്ഞതായാണ് സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്. 61% ഹിസ്പാനിക്കുകള്‍ മാത്രമേ പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും വേണ്ട എന്ന് പറഞ്ഞുള്ളൂ. ഇതിനര്‍ത്ഥം ഇവര്‍ക്ക് ട്രമ്പും ബൈഡനും വേണ്ട എന്നുതന്നെയാണ്.
കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരും ചേര്‍ന്നാലും ഹിസ്പാനിക്ക് വോട്ടര്‍മാരുടെ അത്രയും വരില്ലെന്ന് പുതിയ ജനസംഖ്യ വിവരങ്ങള്‍ പറയുന്നു. ഓരോ ദിവസവും യു.എസില്‍ 2,500 ഹിസ്പാനിക്കുകള്‍ അധികമായി വോട്ടര്‍ പട്ടികയില്‍ ചേരുന്നതായാണ് കണക്ക്. ഒരു ആസ്പിയോസ്. ഇപ്‌സോസ് ലാറ്റിനോ പോള്‍ പ്രകാരം മൂന്നില്‍ ഒരു ഹിസ്പാനിക് വോട്ടറും പറയുന്നത്. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തങ്ങളുടെ ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ജനസംഖ്യയില്‍ ഒരു വലിയ ശതമാനം ഹിസ്പാനിക്കുകള്‍-52% തങ്ങള്‍ സ്വതന്ത്രരാണെന്ന് രേഖപ്പെടുത്തി. മറ്റ് ജനവിഭാഗങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയവര്‍ 42% മാത്രമാണ്. ഹിസ്പാനിക്കുകളുടെ ഈ സ്വതന്ത്രചിന്താഗതി റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് തുറന്ന് പ്രഖ്യാപിക്കുന്നു.
ഇടതും അല്ല, വലതും അല്ല എന്ന് പറയുമ്പോള്‍ വ്യക്തമാവുന്ന ഒഴിവിലേയ്ക്ക് നോ ലേബല്‍സിന് ശക്തമായ ചുവടുവയ്പിന് സാധ്യത ഒരുക്കുന്നു എന്ന് ഈ പാര്‍ട്ടി അനുകൂലികള്‍ പറയുന്നു. സാമാന്യബോധം എന്ന ഭൂരിപക്ഷ സിദ്ധാന്തമാണ് നോ ലേബല്‍സ് മുന്നോട്ടു വയ്ക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും പോരായ്മകള്‍ മുതലെടുത്ത് നോ ലേബല്‍സിന് ഹിസ്പാനിക്കുകള്‍ക്കിടയില്‍ വേരോട്ടം ഉണ്ടാക്കാന്‍ കഴിയുമോ എന്ന ചോദ്യം പ്രസ്‌കതമാണ്.
ഹിസ്പാനിക്കുകളുടെ മുന്നില്‍ ഒരു പ്രശ്‌നം മാത്രമല്ല ഉള്ളത്. കുടിയേറ്റം പ്രധാനപ്രശ്‌നം തന്നെയാണ്. എന്നാല്‍ സാമ്പത്തികാവസ്ഥയും ഹെല്‍ത്ത് കെയറും ദേശീയ സുരക്ഷയും അത്‌പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്. 2022ലെ ഇടക്കാല തിരഞ്ഞെടുപ്പുവേളയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ബിസിനസ് കൗണ്‍സില്‍ നടത്തിയ ഹിതപരിശോധനയില്‍ 72% പേരും സാമ്പത്തികാവസ്ഥ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു. 67%വും ആരോഗ്യസുരക്ഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. മറ്റെല്ലാ അമേരിക്കക്കാരും ആശങ്കപ്പെടുന്ന വിഷയങ്ങള്‍ ഹിസ്പാനിക്കുകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണെന്ന് സര്‍വേഫലങ്ങള്‍ വ്യക്തമാക്കി.