ഫൊക്കാനയുടെ അടുത്ത ട്രഷറര്‍ സ്ഥാനത്തേക്ക് ഫിലാഡല്‍ഫിയയില്‍ നിന്നും രാജന് സാമുവല്‍ മത്സരിക്കുന്നു. ഫിലാഡല്ഫിയായില് പമ്പാ മലയാളി അസ്സോസിയേഷനിൽ വിവിധ സ്ഥാനങ്ങള്‍ രാജന് സാമുവേല്‍ ഇതിനകം വഹിച്ചിട്ടുണ്ട്. കലാ ഷാഹി പ്രസിഡന്റായുള്ള ടീമിന്റെ ഭാഗമായാണ് രാജന് സാമുവല്‍ മത്സരിക്കുന്നത്.
സാമൂഹ്യ സാംസ്കാരിക രംഗത്തും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ പതിപ്പിച്ച രാജൻ സാമുവൽ അമേരിക്കൻ മലയാളി സമൂഹത്തിന് ഭാവിയിൽ ഗുണപ്രദമായ സംഭാവനകൾ നൽകുവാൻ കഴിവുള്ള യുവ നേതാവാനിന്ന് ഡോ. കല ഷഹി ചൂണ്ടിക്കാട്ടി. ചില വ്യക്തിത്വങ്ങളുടെ സംഘടനയിലേക്കുള്ള വരവ് സംഘടനയ്ക്ക് വലിയ ഊർജ്ജമാണ് സമ്മാനിക്കുന്നത്. രാജൻ സാമുവലിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് വലിയ മുതൽക്കൂട്ടായിരിക്കുമെന്നും അവർ പറഞ്ഞു.
രാജൻ സാമുവലിന്റെ സ്ഥാനാര്‍ഥിത്വത്തെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തനം ഫൊക്കാനയെ ശക്തിപ്പെടുത്തുമെന്നും ജോർജ് പണിക്കർ പറഞ്ഞു .
മൂന്നു പതിറ്റാണ്ടുകളായി അമേരിക്കയിലെ വിവിധ സാമൂഹ്യ-സാംസ്ക്കാരിക മേഖലയില്‍ രാജന് സാമുവൽ സജീവ സാന്നിധ്യമാണ്. 1990-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ രാജന്, പത്തിലേറെ വര്‍ഷം ഇന്‍ഡസ്ട്രിയല്‍ രംഗത്തും, ബിസ്സിനസ്സ് രംഗത്തും ഇരുപതിലേറെ വര്‍ഷം റിയല്‍ എസ്റ്റേറ്റ് ഏജന്റായും പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് ബിരുദം നേടിയത്.
2016-ല്‍ പെന്‍സില്‍വാനിയായിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ സ്ഥാപകാംഗം, ട്രഷറര്‍, പമ്പാ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ്, ഫൊക്കാനയിലെ 2008 ലെ ഓഡിറ്റര്‍, ഫ്രന്റ്സ് ഓഫ് തിരുവല്ലാ പ്രസിഡന്റ് തുടങ്ങി നിരവധി നേതൃസ്ഥാനങ്ങള്‍ ഇതിനകം ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിര്‍വഹിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു.
അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കുന്ന മാതൃകാ സംഘടനയായ ഫൊക്കാനയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കല ഷാഹിയുടെ ടീമിന് കഴിയുമെന്ന് രാജന് സാമുവല്‍ വിശ്വസിക്കുന്നു. ട്രഷറാറായുള്ള മത്സരത്തിൽ എല്ലാവരുടെയും പിന്തുണയും അഭ്യർത്ഥിച്ചു.