വെളിച്ചമില്ലാതായാൽ
ഇരുട്ട് മുഖത്തു തുപ്പും
പുതിയ ജീവിതം പഠിയ്ക്കാൻ
വെളിച്ചം തിരയും.
ഓർമ്മകളിൽ നട്ടുപിടിപ്പിച്ച വെളിച്ചമോർത്ത്
ഊരുതെണ്ടാനിറങ്ങും
അവശേഷിച്ച കണ്ണടയും
കുത്തി നടന്ന വടിയും സാക്ഷികൾ മാത്രമാകും.
ഒരു ദിവസം
വെളിച്ചമില്ലാതായാൽ
ഉറങ്ങിയുറങ്ങി മടുക്കും
പുതപ്പുകളിൽ ജീവിതഭിനയിക്കും
കുട്ടികൾ കുളിയ്ക്കാനും കഴിയ്ക്കാനും
മടി പിടിയ്ക്കും
വെളിച്ചത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായ്
മണി മുഴങ്ങും
പൊതുനിരത്തിൽ കലഹങ്ങൾ ഒഴിവാകും
ടൂറിസ്റ്റുകൾ റൂമുകളിൽ കുത്തിയിരിക്കും
ഒരു ദിവസം
വെളിച്ചമില്ലാതായാൽ
മറ്റൊരിടത്ത് വെളിച്ചത്താൽ മടുത്ത മനുഷർ
ഇരുട്ടിനു വേണ്ടി പ്രാർത്ഥിക്കും
നിറങ്ങൾക്ക് പ്രസക്തിയുണ്ടെന്നു
പ്രത്യയശാസ്ത്രങ്ങൾ അന്നു പഠിയ്ക്കും
ഇരുട്ടിലായവർ ഇരുട്ടിനെയും
വെളിച്ചത്തിലായവർ വെളിച്ചത്തേയും
പ്രണയിച്ച് മരിക്കും.
ഒരു ദിവസം
വെളിച്ചമില്ലാതായാൽ
വെയിലത്തിടാൻ കഴിയാതെ നാമൊക്കെ
വിളറും.
വിത്തിൽ നിന്നും മുളപൊട്ടാനാവാതെ
ചിലർ അവിടവിടങ്ങളിൽ മരിക്കും
മണ്ണു വെയിലു കായാതെ
മരം ചില്ല വിരിയ്ക്കാതെ
ഋതുഭേതങ്ങൾ മറന്ന കാലം
എല്ലാറ്റിനും കാലനാകും