അവളുടെ ശ്രദ്ധ മുഴുവൻ ആ വാർപ്പുവീടിനു തൊട്ടടുത്തുള്ള പഴയ വീട്ടിന്മേലായിരുന്നു. ഏകദേശം ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ നാലുകെട്ട്. ഓടുകളെല്ലാം നിരങ്ങി താഴെ വീഴാറായി നിൽക്കുന്നു.ചില ഭാഗങ്ങളിൽ ഓട് താഴെ വീണു കിടക്കുന്നുണ്ട്. വീടിനുചുറ്റിലും കാട്ടപ്പയും, പുല്ലും കാടുപിടിച്ചു കിടന്നു അതിനുള്ളിലേക്ക് പ്രവേശനം നഷ്ടപ്പെടുത്തിയിരിക്കുന്നു.
" ഇത്രേം നല്ല വീടുള്ളപ്പോൾ എന്തിനാണ് നിങ്ങൾ ഒരു വാർപ്പ് കെട്ടിടം പണിതത്?" രാധിക ചോദിച്ചു.
"എന്റെ ഗൾഫിലുള്ള ഏട്ടന്റെ നിർബന്ധമായിരുന്നു അച്ഛനും അമ്മയും പുതിയ വീട്ടിൽ ആധുനിക സൗകര്യങ്ങളോടെ താമസിക്കണമെന്ന്. അല്ലാതെ അവർക്ക് ഇഷ്ടമില്ലായിരുന്നു. ആ വീട്ടിലെ തണുപ്പും, സുഖവുമൊന്നും ഇവിടെ കിട്ടില്ല എന്ന് എപ്പോഴും അച്ഛൻ പറയും.
ഏട്ടന്റെ നിർബന്ധത്തിന് ഏട്ടൻ തന്നെയാണ് ഈ പുതിയ വീട് കയറ്റിയത്." സൗമ്യ പറഞ്ഞു
" ഇപ്പോൾ നാട്ടിലെ ഒരു ഫാഷനാണല്ലെ പഴയ വീട് കേടൊന്നുമില്ലെങ്കിലും തൊട്ടടുത്ത് ഒരു വാർപ്പ് കെട്ടിടം പണിയാ എന്നത്. ആരും പഴയ ഓടിട്ട വീടിന്റെ ഗുണങ്ങൾ ഓർക്കാറില്ല. ഇതിപ്പോൾ ഒരു അഭിമാനപ്രശ്നമായി" രാധിക പറഞ്ഞു
" ഇതെന്തേ കുട്ടികൾ വന്നിട്ട് വീട്ടിലേക്ക് കയറാതെ അവിടെ നിന്നുതന്നെ സംസാരിക്കുന്നത്?”. സൗമ്യയുടെ 'അമ്മ ഇറങ്ങിവന്നു ചോദിച്ചു
“അല്ല ഇവൾ ആ വീടിന്റെ കാര്യം ചോദിക്കുകയായിരുന്നു അമ്മേ" സൗമ്യ പറഞ്ഞു."അതൊന്നും നോക്കണ്ട കുട്ട്യേ. ഇനീപ്പോ അതൊക്കെ ആര് നോക്കാനാ? മുഴുവൻ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായി" 'അമ്മ പറഞ്ഞു
ആ വീട്ടിൽ നിന്നും കണ്ണെടുക്കാതെ രാധിക പുതിയ വീട്ടിലേക്കു കയറി. സൗമ്യ അവളുടെ ബാഗെടുത്ത് ഒരു മുറിയിൽ കൊണ്ടുവച്ചു അവളോട് പറഞ്ഞു. " ഇതാണ് എന്റെ മുറി. ഈ രണ്ടുദിവസം നമ്മുടെ മുറി. ദേ ഇതുനോക്ക്....ഇതാണ് ഞാൻ പറഞ്ഞ രാധാകൃഷ്ണന്റെ ഫോട്ടോ സാഗർ എനിക്ക് പിറന്നാളിന് സമ്മാനിച്ചത്"
"മനോഹരമായ ചിത്രം. ശരിക്കും രണ്ടുപേരുടെയും കണ്ണുകൾ പ്രണയാർദ്ദ്രമായിരിക്കുന്നു. ഇത്രയും നന്നായി നിന്റെ സാഗർ വരക്കുമെന്ന് നീ പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. ഇപ്പോഴാണ് ബോധ്യമായത്" രാധിക വളരെ അതിശയത്തോടെ പറഞ്ഞു
“രണ്ടുപേരും കുളിച്ച ഫ്രഷ് ആയിവരിൻ ഞാൻ കഴിക്കാൻ എടുത്ത് വെയ്ക്കാം. എന്നിട്ടാകാം ഇനി വർത്തമാനമൊക്കെ" 'അമ്മ വന്നു പറഞ്ഞു.
രണ്ടുപേരും കുളിയെല്ലാം കഴിഞ് വാർത്താനം പറഞ്ഞു അടുക്കളയിലേക്കു ചെന്നു. 'അമ്മ ഊണുമേശക്കുപുറത്ത് ഉള്ളിച്ചമ്മന്തിയും ദോശയും തയ്യാറാക്കി വച്ചിരുന്നു. ഊണുമേശക്കുപുറത്തുവച്ച വാഴയില കീറീടുത്ത് രണ്ടുപേർക്കും നിരത്തി
" 'അമ്മ കഴിച്ചോ?" രാധിക സൗമ്യയുടെ അമ്മയോട് ചോദിച്ചു.
" ഇല്ല കുട്ടികള് കഴിച്ചിട്ടാകാം എന്നുകരുതി" 'അമ്മ പറഞ്ഞു
" അല്ല അമ്മേ നമുക്ക് മൂന്നുപേർക്കും ഇലകഷണത്തിൽ ദോശയും ഉള്ളിച്ചമ്മന്തിയും നിലത്തിരുന്ന് കഴിക്കാം. എനിക്ക് ചമ്രപ്പടിയിട്ട് ഇരുന്നു വർത്തമാനമെല്ലാം പറഞ്ഞു കഴിക്കാനാണ് കൂടുതൽ ഇഷ്ടം"
അങ്ങിനെ അവർ പ്രഭാത ഭക്ഷണമെല്ലാം കഴിച്ചു. സൗമ്യ രാധികയെ പറമ്പെല്ലാം കാണിക്കാൻ കൊണ്ടുപോയി. പോകുന്നതിനിടയിൽ സൗമ്യ പറഞ്ഞു " രാധികേ ഞാൻ നിന്നോട് ഇവിടെ വന്നു താമസിക്കാൻ പറഞ്ഞത് എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട് അതിനാണ്. ഒരാൾ നിന്നെ സ്നേഹിച്ചു അയാളെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ല എന്നുവെച്ച് നീ എന്തിനു ഒറ്റയ്ക്ക് ജീവിക്കുന്നു? നിന്റെ അമ്മയ്ക്ക് എത്ര വിഷമമുണ്ടെന്ന് അറിയുമോ?"
" എടീ ഞാൻ അതിനു വിവാഹം വേണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ? പ്രേമനൈരാശ്യം വെച്ച് ആത്മഹത്യ ചെയ്യാനോ, ഒറ്റക്ക് ജീവിക്കാനോ അത്രമാത്രം ഭീരുവോന്നുമല്ല ഞാൻ. എന്റെ മനസ്സിന് ഇണങ്ങിയ ഒരാളെ കണ്ടെത്തിയാൽ ഞാൻ തീർച്ചയായും അയാൾക്ക് എന്റെ മനസ്സിൽ ഇടംകൊടുക്കും" രാധിക വളരെ ലാഘവത്തോടെ പറഞ്ഞു
" എന്നാൽ പിന്നെ നിന്നെ ഇഷ്ടപ്പെടുന്ന അയാൾക്ക് നിന്റെ മനസ്സിൽ ഇടം കൊടുത്തുകൂടെ? സജീവിനെന്താ കുഴപ്പം? കാണാൻ അതിസുന്ദരൻ. കേട്ടറിഞ്ഞ നിലക്ക് നല്ല തറവാടി. നിന്നെക്കാൾ ഉയർന്ന വിദ്യാഭ്യാസം, ഓഫീസിൽ നല്ല പോസ്റ്റിൽ ...പിന്നെന്താ നിനക്കയാളെ വിവാഹം ചെയ്‌താൽ ?"
“ദേ സൗമ്യേ ഞാൻ പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളതാ ആ കൊലപാതകിയേക്കുറിച്ച് എനിക്കൊന്നും കൂടുതൽ അറിയേണ്ട. എപ്പോൾ നോക്കിയാലും സജീവ് .....സജീവ് ....എനിയ്ക്ക് ആ പേരും കേൾക്കുകയേ വേണ്ട . പിന്നെ നീ എന്തിന് എന്നെ അതുതന്നെ കേൾപ്പിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇതിനായിരുന്നു നീ എന്നെ വീട്ടിലേക്ക് വിളിച്ചതെങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോകും" വല്ലാത്ത ദേഷ്യത്തിൽ ചുവന്നു തുടുത്ത രാധികയുടെ മുഖഭാവവും, സംസാരവും സൗമ്യയെ ഭയപ്പെടുത്തി.
" വേണ്ട മോളെ. ഞാൻ ഒന്നും പറയുന്നില്ല നീ ഓടിപ്പോകേണ്ട. നമ്മൾ വീട്ടിൽ തിന്നും കുടിച്ചും ഉറങ്ങിയും അടിച്ചുപൊളിക്കാൻ വന്നതല്ലേ!" സൗമ്യ പറഞ്ഞു
പറമ്പെല്ലാം കണ്ട് അവർ അടുക്കളത്തോട്ടത്തിനടുത്തെത്തി. " എടീ ഇത് മത്തങ്ങയല്ലേ. ആഹാ കുമ്പളങ്ങയുമുണ്ടല്ലോ, ദേ പയർ! " രാധിക വളരെ അതിശയത്തിൽ ചോദിച്ചു
" അപ്പോൾ നിങ്ങൾക്ക് പച്ചക്കറിയൊന്നും വാങ്ങേണ്ട അല്ലെ? " രാധികയ്ക്ക് മനസ്സ് നിറയെ സന്തോഷം തോന്നി.
"ഇത് കണ്ടോ നീ? ഇത് നീലവഴുതനങ്ങാ, പിന്നെ ഈ വരിയിൽ ഉള്ള മുളകുകൾ ശ്രദ്ധിച്ചോ? ഇപ്പോൾ ഇതിൽ രണ്ടുതരം മുളകുണ്ട്, വെളുത്തതും പച്ചയും. ഇനി മൂന്നു തരം കൂടി ഉണ്ടാകും. അത് വയലറ്റ്, പിന്നെ ഒന്ന് വെള്ള ഉണ്ടമുളക്, പിന്നെ നമ്മുടെ ഇത്തിരി കുഞ്ഞൻ മുളക്" സൗമ്യ ഓരോ ചെടിയെയും പരിചയപ്പെടുത്തി.
"ഇതെല്ലാം നിന്റെ അച്ഛനും അമ്മയും കൂടി ചെയ്യുന്നതാണോ അതോ ആരെയെങ്കിലും പണിക്കു വെക്കുമോ? രാധികയുടെ ജിഞ്ജാസ കുറഞ്ഞില്ല
" അതെ ആരും വേലക്കാരൊന്നുമില്ല.അകത്തെ പണികളെല്ലാം കഴിഞ്ഞാൽ അച്ഛനും അമ്മയും കൂടി ഉണ്ടാക്കുന്നതാണ്. മാത്രമല്ല ഇതിൽ ഒരിക്കലും കീടനാശിനികളോ, രാസവളമോ ഉപയോഗിക്കാറില്ല. നമ്മൾക്ക് തന്നെ കഴിക്കേണ്ടതല്ലേ? സൗമ്യ പറഞ്ഞു
" അപ്പോൾ ഇവിടെ കൃഷി ചെയ്യുന്നതെല്ലാം നിങ്ങൾ കഴിക്കുമോ" രാധികയ്ക്ക് പച്ചക്കറി കഴിക്കുന്നതിലും സന്തോഷം അവയെല്ലാം കണ്ണുനിറയെ കണ്ടപ്പോൾ ലഭിച്ചു
" ഇല്ല മിക്കവാറും വീട്ടാവശ്യങ്ങൾക്കാണ് ഉണ്ടാകാറുള്ളത്. പിന്നെ കൂടുതൽ വന്നാൽ 'നാട്ടുചന്തക്ക് അച്ഛൻ കൊണ്ടുപോയികൊടുക്കും" സൗമ്യ പറഞ്ഞു
" അതെന്താ ഈ നാട്ടുചന്ത?" കൂടുതൽ അറിയാൻ രാധികയ്ക്ക് ആകാംഷ.
" അത് ഈ നാട്ടുകാർ തുടങ്ങിയതാണ്. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആഴ്ചയിൽ ഒരുദിവസം റോഡിൽ ഒരു കമ്പോളം ഒരുങ്ങും. മധ്യവർത്തികളില്ലാതെ നമ്മുടെ ഉത്പന്നങ്ങൾ വിൽക്കുകയും, നമുക്കാവശ്യമുള്ളവ വാങ്ങുകയും ചെയ്യാം." സൗമ്യ വിശദീകരിച്ചു
" അത് കൊള്ളാമല്ലോ! ഇങ്ങിനെ ഓരോ വീട്ടിലും നമുക്കാവശ്യമുള്ള പച്ചക്കറികൾ എല്ലാവരും രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കാതെ ഉത്പാദിപ്പിക്കാൻ തുടങ്ങിയാൽ എത്ര നന്നായിരുന്നു. നമ്മുടെ കേരളത്തിൽ പുറമെ നിന്നും പച്ചക്കറികൾ ഇറക്കുമതി ചെയ്യേണ്ടതായി വരില്ല. ഞാൻ പറയുകയാണെങ്കിൽ എല്ലാവരും ഇങ്ങനെ ചെയ്യണം" രാധിക അത്തരത്തിലൊരു കേരളം വിഭാവനം ചെയ്തു
" മോളെ കേരളത്തിലെ മണ്ണ് മറ്റു വ്യവസായങ്ങളേക്കാൾ പറ്റിയത് കൃഷിക്കാണ്. ഇവിടെയുള്ളവർ മണ്ണിനെ ശരിയായി ഉപയോഗിക്കുന്നില്ല, സ്നേഹിക്കുന്നില്ല. അതൊന്നും മനസ്സിലാക്കാതെ പല വ്യവസായങ്ങളും കൊണ്ടുവന്ന് പെട്ടെന്ന് പണക്കാരാകാൻ ശ്രമിക്കുന്നു." ഇവരുടെ സംഭാഷണം കേട്ടുകൊണ്ട് നിന്ന സൗമ്യയുടെ അച്ഛൻ അഭിപ്രായം പറഞ്ഞു.
" ശരിക്കും കച്ചവടത്തിനായി പച്ചക്കറികളും, പഴങ്ങളും ഉണ്ടാക്കി കേരളത്തിലേക്ക് അയക്കുന്നത് വാങ്ങി കഴിച്ചിട്ടാണ് ഇവിടെ ഇത്രയും ക്യാൻസർ പോലുള്ള അസുഖങ്ങൾ കേരളത്തിൽ കൂടിയത് എന്ന് അച്ഛൻ ഇപ്പോഴും പറയാറുണ്ട്. അവരുടെ കുട്ടിക്കാലത്തത്തൊക്കെ ഒരു വീട്ടിൽ ഉണ്ടാകുന്ന കാലാനുസൃതമായ പച്ചക്കറികളും, പഴങ്ങളുമാണ് കഴിച്ചിരുന്നതത്രെ". രാധികയ്ക്ക് സൗമ്യയെക്കാൾ കൃഷിയിലും പ്രകൃതി സൗന്ദര്യത്തിലും താല്പര്യമാണ് പ്രകൃതി സൗന്ദര്യത്തെയും കൃഷിയെയും പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ രാധിക കൂടുതൽ വാചാലയായി.
"പെണ്ണെ നിന്റെ ഈ അറിവുനേടാനുള്ള ആസക്തിയും, ചുറുചുറുക്കും, ജിത്ജ്ഞാസയും, പ്രകൃതിസ്നേഹവും ഒക്കെത്തന്നെയാണ് സജീവന് നിന്നോട് ഇഷ്ടം തോന്നാൻ കാരണം. അദ്ദേഹവും അങ്ങിനെ ഒരു പ്രകൃതിസ്നേഹിയാണ്" സൗമ്യ സംസാരത്തിനിടയിൽ വിഷയം മാറ്റാൻ ശ്രമിച്ചു.
" നിന്നോട് ഞാൻ പറഞ്ഞു അയാളെക്കുറിച്ച് എന്നോട് പറയരുത് എന്ന്. എന്റെ ഉയർന്ന ഉദ്ധ്യോഗസ്ഥനാണ്, പണിയിൽ അദ്ദേഹത്തിന്റെ ആഴമുള്ള അറിവ് അതിനെയൊക്കെ ഞാൻ ബഹുമാനിക്കുന്നുണ്ട്. പക്ഷെ ആ കൊലപാതകിയെക്കുറിച്ച് എന്നോട് കൂടുതലായൊന്നും സംസാരിക്കരുത്" വീണ്ടും രാധിക ദേഷ്യത്തിൽ പറഞ്ഞു.
"അയ്യോ നീ അയാളെ കൊലപാതകി എന്നൊന്നും വിളിക്കരുത്" സൗമ്യ അപേക്ഷ സ്വരത്തിൽ പറഞ്ഞു.
"പിന്നെ ഞാൻ അയാളെ എന്തുവിളിക്കണം. നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു മേലുദ്യോഗസ്ഥൻ എന്ന നിലയിൽ ഞാൻ അയാളെ ബഹുമാനിക്കുന്നു. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് നീ എന്നോട് കൂടുതൽ പറയാൻ വരരുത്. അതും എന്റെ സ്‌കൂൾ സഹപാഠിയെക്കൊന്ന അയാളോട് എനിക്കൊട്ടും അനുകമ്പയില്ല"
" എടീ സതി നിന്നോടൊപ്പം പത്താം ക്ലാസ്സുവരെ പഠിച്ചിട്ടല്ലേയുള്ളൂ. അതിനുശേഷം എന്തായിരുന്നു അവളുടെ ജീവിതം എന്ന് നിനക്കറിയുമോ?" സൗമ്യ ചോദിച്ചു.
" അതെ എന്റെ കൂടെ പത്താംക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അവൾ വളരെ നല്ല ശാന്തസ്വഭാവമുള്ള ഒരുവളാണ്. പഠനത്തിന്റെ കാര്യത്തിലും അവൾ മിടുക്കിയാണ് പിന്നെ അവളുടെ മാതാപിതാക്കളെയും എനിക്കറിയാമായിരുന്നു. വളരെ ഭക്തിയും, ബഹുമാനവുമൊക്കെ ഉള്ള നല്ല തറവാടികളാണ് അവർ. നീ ഇനി ആ വിഷയം എന്നോട് പറയരുത്" വീണ്ടും രാധിക വിഷയത്തിൽ നിന്നും വഴുതിമാറി.
"നീ പറഞ്ഞ ആ കൃഷ്ണന്റെ അമ്പലത്തിലേക്ക് നമുക്ക് പോകാം" രാധിക സൗമ്യയോട് ആവശ്യപ്പെട്ടു
" ശരി നമുക്ക് പോകാം. ഞാൻ അമ്മയോട് ചോദിക്കട്ടെ ഡ്രൈവർ ഇപ്പോൾ വിളിച്ചാൽ വരുമോന്ന്?" സൗമ്യ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി
" അതെന്തിനാ ഡ്രൈവർ നമുക്ക് നടന്നുപോകാം" രാധിക പറഞ്ഞു.
" എടീ നടക്കുകയാണെങ്കിൽ ഏകദേശം അരമണിക്കൂർ കൂടുതൽ നടക്കണം" സൗമ്യ ഒരൽപം മടിയോടെ പറഞ്ഞു
" അതിനെന്താ നമുക്ക് നടന്നുപോകാം. എനിക്ക് ഈ ഗ്രാമവീഥികളിലൂടെ നടന്ന് ഗ്രാമഭംഗിയെല്ലാം ആസ്വദിക്കണം . പിന്നെ നടത്താം ആരോഗ്യത്തിന് നല്ലതല്ലേ?
പണ്ടൊക്കെ ഗ്രാമത്തിലെ ആളുകൾ എത്രയോ വഴി നടന്ന് പോയിരുന്നതാ. ഇപ്പോൾ ആർക്കും അഞ്ചു മിനിറ്റുപോലും നടക്കാൻ വയ്യ. ചിലർ എന്നിട്ട് ജിമ്മിന് ചേരും.മറ്റു ചിലർ ഭക്ഷണം കഴിക്കാതെ തടികുറക്കാനാണെന്നും പറഞ്ഞു എല്ലാ അസുഖങ്ങളും വരുത്തിവെയ്ക്കും." രാധിക നാട്ടിലെ ഇപ്പോഴത്തെ ആളുകളെ ഒരൽപം വിമർശിച്ചു
" പ്രകൃതി എന്ന് വെച്ചാൽ ഈ പെണ്ണിന് ഭ്രാന്താണ്. നീ ഒരു എഴുത്തുകാരിയാകേണ്ടിയിരുന്നു. നീ നിന്റെ വിമർശനമൊന്നു നിർത്ത്. ശരി നടന്നുതന്നെ പോകാം. " സൗമ്യ സമ്മതിച്ചു
രണ്ടുപേരും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് യാത്രയായി. പോകും വഴിയിൽ കാണുന്ന ഓരോന്നും രാധിക ശ്രദ്ധിച്ചു. അതിലൊക്കെ അവൾ അവളുടെ കുട്ടികാലത്തെ കണ്ടു. കുറെ വര്ഷങ്ങള്ക്കുശേഷം നാട് കാണുമ്പോൾ ഓരോന്നിലും അവൾ കൗതുകം കണ്ടു. " എടീ നീ കണ്ടോ ഈ പക്ഷിയെ ഇത് ചെമ്പോത്തല്ലേ? നീ അനങ്ങാതെ നിൽക്ക് ഞാൻ ഇതിന്റെ ഒരു ഫോട്ടോ എടുക്കട്ടേ "
അമ്പലകുകുളത്തിനടുത്തെത്തിയപ്പോൾ രാധിക ഒരു പക്ഷിയെ ചൂണ്ടികാണിച്ചു പറഞ്ഞു.
"അതെ ....ഓ ഞാൻ ഇതിന്റെ പേരുപോലും മറന്നു. നിനക്ക് ഇതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടല്ലോ!: സൗമ്യ വളരെ നിസ്സാരമായി പറഞ്ഞു.
" എടി നിനക്കറിയുമോ നാട്ടിൽ നമ്മൾ പണ്ട് കണ്ടിരുന്ന ഒരുപാട് പക്ഷികൾ ഇപ്പോൾ വംശനാശം സഭവിച്ചുകൊണ്ടിരിക്കുകയാണത്രെ! എനിക്ക് തോന്നുന്നത് ഈ ചെമ്പോത്തും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പക്ഷിയാണെന്നാണ്"
രാധികയുടെ സംശയങ്ങൾ തുടർന്നു
"നിനക്ക് ശരിക്കും ഭ്രാന്താണ് മോളെ. ദേ നമ്മൾ അമ്പലത്തിൽ എത്തിക്കഴിഞ്ഞു"
നീ അമ്പലത്തിനുള്ളിലും ഓരോന്ന് നോക്കി നിൽക്കരുത്. ഈ അമ്പലത്തിൽ വന്നാൽ എന്നും ഞാനും സാഗറും വഴക്കുകൂടും. അവൻ ഇവിടെ വന്നാൽ പെട്ടെന്ന് തൊഴുത് ഇറങ്ങില്ല. ഈ കൃഷ്ണ വിഗ്രഹത്തെ നോക്കി കുറെ നേരം നിൽക്കും. അവനും നിന്നെപ്പോലെ വേറൊരു വട്ടാണ്. അവൻ പറയുന്നത് ഈ വിഗ്രഹത്തെ നോക്കി നിൽക്കുമ്പോൾ അവനു പല ഭാവത്തിലുള്ള കൃഷ്ണനെ വരക്കാനുള്ള ഭാവന കിട്ടുന്നു എന്നാണ്. അങ്ങിനെ ഭാവന കിട്ടിയപ്പോൾ വരച്ചതാണത്രേ ഞാൻ നിനക്ക് കാണിച്ചു തന്ന രാധാകൃഷ്ണൻ" സൗമ്യ പറഞ്ഞു
"അതെ പെണ്ണേ...അവൻ ഒരു കലാകാരനാണ്. കലയോടുള്ള ആസക്തി മനസ്സിലുണ്ടെങ്കിലേ ചുറ്റുപാടുമുള്ള നൈസർഗ്ഗിക ഭംഗി ആസ്വദിക്കാനാവൂ" രാധിക സാഗറിനെക്കുറിച്ച് പറഞ്ഞു
അമ്പലത്തിൽ തൊഴുത് രണ്ടുപേരും തിരിച്ചെത്തി. കുറെ നേരം സൗമ്യയുടെ അച്ഛനമ്മമാർക്കൊപ്പം സംസാരിച്ചിരുന്നു. പിന്നെ സൗമ്യയുടെ 'അമ്മ അവർക്ക് രണ്ടുപേർക്കും ഇഷ്ടപ്പെട്ട വിഭവങ്ങളോട് തയ്യാറാക്കിയ അത്താഴം കഴിച്ചു. അവർ സൗമ്യയുടെ മുറിയിലേക്ക് കിടക്കാൻ പോയി.
"എടീ ഇന്ന് നമുക്ക് വെളുക്കുവോളം എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാം. ഓഫീസിൽ നമുക്ക് മനസ്സുതുറന്നു സംസാരിക്കാനൊന്നും കിട്ടില്ലല്ലോ" സൗമ്യ പറഞ്ഞു
" ഞാൻ റെഡി. എനിക്കുറപ്പുണ്ട് നീതന്നെയാണ് ഉറക്കം വരുന്നു എന്നും പറഞ്ഞു ആദ്യം ഉറങ്ങാൻ തയ്യാറാകുക" രാധിക പറഞ്ഞു
"ഉം ഉറപ്പുപറയാൻ പറ്റില്ല. എനിക്ക് ഉറക്കം വന്നാൽ പിന്നെ നിയന്ത്രിക്കാൻ കഴിയില്ല" സൗമ്യ പറഞ്ഞു രണ്ടുപേരും ചിരിച്ചു.
"ഞാൻ വീണ്ടും നിന്റെ സാഗറിന്റെ രാധാകൃഷ്ണ പടത്തിൽ നോക്കിയിരിക്കുകയായിരുന്നു. എന്ത് നല്ല ഭാവന! ശരിക്കും കൃഷ്ണന്റെ കണ്ണുകളിലേക്ക് നോക്ക് അവനു നിന്നോടുള്ള പ്രണയം മുഴുവൻ ആ കൃഷ്ണന്റെ കണ്ണിലില്ലേ" രാധിക ആ ചിത്രത്തെ നോക്കി സൗമ്യയോട് പറഞ്ഞു
"ഉവ്വ് നിന്നെപ്പോലുള്ളവർക്ക് അതൊക്കെ പ്രത്യേകം കാണും. എനിക്ക് ആ ചിത്രം ഇഷ്ടമായി പ്രത്യേകിച്ചും എന്റെ സാഗർ വരച്ചതായതുകൊണ്ട്. അല്ലാതെ നീ പറഞ്ഞതൊന്നും എനിക്ക് തോന്നിയില്ല" സൗമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ തുടർന്നു " രാധികേ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ വിശദമായി പറയാനുണ്ട്. നീ എഴുനേറ്റു പോകില്ല, എന്നോട് ദേഷ്യപ്പെടില്ല, മിണ്ടാതിരിക്കാൻ പറയില്ല എന്ന് എനിക്ക് നീ വാക്ക് തരണം. എനിക്ക് പറയാനുള്ളതെല്ലാം നീ ഒന്ന് കേൾക്കണം"
" ദേ ആ കൊലപാതകിയെക്കുറിച്ചാണെങ്കിൽ എനിക്ക് കേൾക്കണ്ട" രാധിക ഉടനെ പ്രതികരിച്ചു
" നീ ഒന്നും പറയണ്ട. നീ കൊലപാതകി എന്നൊന്നും സജീവിനെ വിളിക്കരുത്. നീ കാര്യമറിയാതെയാണ് പറയുന്നത്" സൗമ്യ പറയാൻ തുടങ്ങി
" അയാൾ കൊന്നിട്ടില്ല എങ്കിലും വിവാഹം കഴിഞ്ഞു മൂന്നാം ദിവസം ഭാര്യ ആത്മഹത്യ ചെയ്‌താൽ അതിന്റെ കാരണം അയാൾ തന്നെയല്ലേ? പിന്നെ ഞാൻ എങ്ങിനെ അയാളെ അങ്ങിനെ വിളിക്കാതിരിക്കും" രാധിക പറഞ്ഞു .
നീ മനസ്സിലാക്കിയതുപോലെയൊന്നുമല്ല കാര്യങ്ങൾ. സജീവിന് നിന്നെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഞാൻ എല്ലാം അറിയാനായി സാഗറിനെ അദ്ദേഹവുമായി പരിചയപ്പെടുത്തി. ഞങ്ങൾ ഇടക്ക് പുറമെ ഒരുമിച്ച് പോകാറുണ്ട് . ഇപ്പോൾ സാഗറും അദ്ദേഹവും അടുത്ത കൂട്ടുകാരാണ്. അദ്ദേഹം എല്ലാ കഥകളും സാഗറിനോട് പറഞ്ഞു. സതി പത്താം ക്ലാസ് കഴിഞ്ഞു സെന്റ് മേരീസ് കോളേജിൽ നിന്നും ഡിഗ്രി എടുത്തു. അതിനുശേഷം എം. ബി. എ എടുക്കുന്നതിനായി ഡൽഹിക്കുപോയി. കേരളത്തിന് പുറമെപ്പോയി എം ബി എ ചെയ്യണം എന്നത് അവളുടെ ഒരാഗ്രഹമായിരുന്നു. അവിടെ ഹോസ്റ്റലിൽ നിന്നാണ് അവൾ പഠിച്ചിരുന്നത്. മൂന്നു മാസത്തിൽ ഒരിക്കൽ അവൾ വീട്ടിൽ വരുമായിരുന്നു. അവിടെ പഠിച്ചുകൊണ്ടിരിക്കെ ഫേസ്ബുക്കിൽ അഫ്ഗാനിസ്ഥാനിയായ അബ്ദുൾ അലീമിനെ അവൾ പരിചയപ്പെട്ടു. അലീം ഒരു വർഷത്തെ എന്തോ ഒരു ഓഫീസ് ട്രെയിനിങ്ങിന് ഡൽഹിയിൽ എത്തിയതാണ്. അബ്ദുൾ അലീമും എം ബി എകാരണാണ്. പിന്നീടവർ ഫേസ്ബുക്കിലൂടയല്ലാതെ ഫോണിൽ സംസാരിക്കാൻ തുടങ്ങി. അലീം അവളെ പഠനകാര്യത്തിൽ സഹായിച്ചു. പിന്നീടവർ ഒരുപാട് അടുത്തു. അവർ വിവാഹിതരാകാൻ തീരുമാനിച്ചു. അലീം അവളോട് മതം മാറുവാൻ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷമേ അവന്റെ കുടുംബം വിവാഹത്തിന് സമ്മതിക്കു എന്നും പറഞ്ഞിരുന്നു. അവൾ മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിരുന്ന അവനുവേണ്ടി അതിനെല്ലാം തയ്യാറായി "
" നീ സതിയുടെ കാര്യം തന്നെയല്ലേ പറയുന്നത്? ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ഭക്തിയും, ചിട്ടകളും ഒക്കെ അനുസരിച്ച് ജീവിച്ചിരുന്ന അവൾ എങ്ങിനെ ഇത്തരം ഒരു തീരുമാനമെടുക്കാൻ ധൈര്യം കാണിച്ചു?" രാധിക ഇടയ്ക്ക് സംശയം ചോദിച്ചു
"അതല്ലേ ഞാൻ പറഞ്ഞത് നിനക്കറിയാവുന്ന സതി പത്താം ക്ലാസ് വിദ്യാര്ഥിനിയല്ലേ? നീ കഥ മുഴുവൻ കേൾക്ക്. അങ്ങിനെ എം ബി എ പൂർത്തീകരിച്ച് തിരിച്ചുവരായായപ്പോൾ ഈ തീരുമാനം അവൾ മാതാപിതാക്കളെ അറിയിച്ചു. ഈ വിവരം അറിഞ്ഞ അവൾ ഒരുപാട് വിഷമത്തിലായി .
"എന്തോ ഏതോ എന്നൊന്നും അറിയാത്ത ഒരു സ്ഥലത്തുനിന്നും ഒരാളെ മകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നറിഞ്ഞ അവർ തകർന്നുപോയി. ഒരു ഹിന്ദു, അല്ലെങ്കിൽ നമ്മുടെ കേരളത്തിലുള്ളവൻ തന്നെയായാലും വിവാഹത്തിന് എങ്ങിനെയെങ്കിലും സമ്മതിക്കിച്ചേനെ. ഭയഭക്തിയോടെ അവർ വളർത്തിയ മകൾ എവിടെയോ ജനിച്ചുവളർന്ന ഒരുവനെ വിവാഹം കഴിക്കുവാനും, അവനുവേണ്ടി മതം മാറുവാനും തയ്യാറായി എന്ന് അറിഞ്ഞപ്പോൾ ആ മാതാപിതാക്കൾ ആകെ തകർന്നുപോയി. വീട്ടിൽ വന്ന അവളെ അവർ ഒരുപാട് ഉപദേശിച്ചു നോക്കി. പക്ഷെ അവൾ ആ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് അവളുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും ചേർന്ന് നിർബന്ധിതമായി എങ്ങിനെയോ അവളെ കൗൺസിലിങ്ങിന് കൊണ്ടുപോയി.”
"കൗൺസിലിങ് കഴിഞ്ഞപ്പോൾ അവൾ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായോ? " രാധിക ഇടക്കുകയറി ചോദിച്ചു’
“" എല്ലാവരും ഒരുപാട് പറയുകയും, കൗൺസിലിങ് ചെയ്യുകയും ചെയ്തപ്പോൾ അവൾ വരുവരായ്മകളെ കുറച്ച് തിരിച്ചറിഞ്ഞു. ഇനി ഒരു വിവാഹം കഴിക്കാൻ നിർബന്ധിക്കരുത് എന്നപേക്ഷിച്ച് അവൾ അവളുടെ തീരുമാനത്തിൽനിന്നും പിന്മാറി. ആ സമയത്ത് അവൾ എന്തെങ്കിലും ചെയ്തുകളയുമോ എന്ന് അച്ഛനും അമ്മയ്ക്കും പേടിയുണ്ടായിരുന്നു അങ്ങിനെ മൂന്നുമാസം അവൾ വീട്ടിൽത്തന്നെ ആരോടും അധികം ഇടപഴകാതെ തുടർന്നു”. സൗമ്യ തുടർന്നു
" പിന്നീടെങ്ങനെയാണ് അവൾ സജീവിന്റെ വിവാഹം കഴിക്കാൻ തയ്യാറായത്? അവരുടെ പ്രണയ വിവാഹമായിരുന്നോ " രാധികക്ക് സംശയം.
"ആ കൗൺസിലിങ് ഗ്രുപ്പിൽ പ്രവർത്തിക്കുന്ന ഒരാളാണ് സജീവിന്റെ അച്ഛൻ. അദ്ദേഹത്തെ അവൾക്ക് വളരെ വിശ്വാസവും ബഹുമാനവുമായിരുന്നു. അവളുടെ എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെ അവളെ വിവാഹം ചെയ്യാൻ സജീവ് തയ്യാറായി. അങ്ങിനെ സജീവിന്റെ അച്ഛൻ സതിയോട് സംസാരിച്ചപ്പോൾ അവൾക്ക് വേണ്ടെന്ന് പറയാനായില്ല. അവൾ സമ്മതിച്ചു. അങ്ങിനെയാണ് ഈ വിവാഹം നടക്കുന്നത്"
"പിന്നെ എന്തിനാണവൾ ആത്മഹത്യ ചെയ്തത്? സജീവ് പഴയ കാര്യം പറഞ്ഞു അവളെ ബുദ്ധിമുട്ടിച്ചു കാണും അല്ലെ?" വീണ്ടും സജീവിനെക്കുറിച്ചുള്ള രാധികയുടെ സംശയം മാറിയില്ല.
സൗമ്യ തുടർന്നു " അല്ല അതല്ല. സതി അലീമുമായുള്ള വിവാഹത്തിൽനിന്നും പിന്മാറിയതുമുതൽ അയാൾക്ക് അവളോട് തീരാത്ത വൈരാഗ്യമായിരുന്നു. അയാൾ അയാളുടെ തനിസ്വരൂപം പുറത്തെടുത്തു. അയാൾ അവളെ ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. അതുകൊണ്ടാണ് അവൾ ആരോടും ഇടപഴകുന്നതും, പുറമെ പോകുന്നതിനും വിസമ്മതിച്ചിരുന്നത്. അത് ആരോടും തുറന്നു പറയാൻ അവൾ ധൈര്യം കാണിച്ചില്ല". അതാണ് അവൾ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന് പിന്നീട് അവളുടെ മൊബെയിൽ മെസ്സേജുകളിൽ നിന്നും മനസ്സിലായി. വിവാഹം കഴിഞ്ഞപ്പോഴും അവൾ സജീവുമായി ഇടപഴകാൻ തയ്യാറായിരുന്നില്ല. അവൾ മാറുമെന്ന വിശ്വാസത്തോടെ മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോഴാണ് മൂന്നാം ദിവസം അവൾ അങ്ങിനെ ഒരു തീരുമാനമെടുത്തത്" സൗമ്യ മുഴുവൻ കാര്യങ്ങളും രാധികയോട് പറഞ്ഞു. ആദ്യമെല്ലാം ഇടക്കിടക്ക് സംശയങ്ങൾ ചോദിച്ചിരുന്ന രാധിക കഥ കേട്ടുകഴിഞ്ഞപ്പോൾ തരിച്ച് ഒരു വിഗ്രഹംപോലെയിരുന്നു.
എന്താ നിനക്കൊന്നും ചോദിക്കാനില്ലേ?" സൗമ്യ രാധികയോട് ചോദിച്ചു.
കുറ്റബോധമാണോ, പറഞ്ഞ കാര്യങ്ങൾ വിശ്വാസമില്ലായ്മയാണോ എന്നറിയില്ല ഒരു നേർത്ത ചിരിയിൽ മറുപടി അവസാനിപ്പിച്ച് രാധിക പറഞ്ഞു " ഇനി നമുക്ക് ഉറങ്ങാം. എനിക്ക് ഉറക്കം വരുന്നു” . അവളുടെ മുഖത്ത് തെളിഞ്ഞ ഭാവമാറ്റം വായിച്ചെടുക്കാൻ സൗമ്യക്ക് കഴിഞ്ഞില്ല.
ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന രാധികയെ സൗമ്യ ശ്രദ്ധിച്ചിരുന്നു. ഒരു ചെറു മയക്കത്തിനുശേഷം ഉണർന്നു കണ്ണുതുറന്നു രാധിക ജനൽ പാളികളിലൂടെ എത്തിനോക്കുന്ന നിലാവെളിച്ചത്തിൽ സാഗറിന്റെ രാധാകൃഷ്ണനെ ശ്രദ്ധിച്ചപ്പോൾ ആ ചിത്രത്തിലെ കൃഷ്ണന് സജീവിന്റെ മുഖമായത് അവൾ ഇമവെട്ടാതെ നോക്കിയിരുന്നു.