പേറ്റൻ്റ് കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന പതിനഞ്ചാം സർക്യൂട്ട് ഫെഡറൽ കോർട്ടിൻ്റെ വിധിയുടെ രത്ന ചുരുക്കം ഇപ്രകാരമായിരുന്നു "കർഡോണയുടെ കോവിഡ് വാക്സിൻ നിർമ്മാണം ടാബസ് കമ്പനിയുടെ നാനോ ടെക്ക്നോളജി ഉപയോഗിച്ചാണ് എന്ന് തെളിയിച്ചിരിക്കുന്നു. ആയതിനാൽ കർഡോണ കമ്പനി വിറ്റഴിക്കുന്ന ഒരോ വാക്സിൻ്റെയും ലാഭവിഹിതത്തിൽ ഒരു നിശ്ചിത വിഹിതം ടാമ്പസ് കമ്പനിക്ക് കൊടുത്തിരിക്കണം' എന്നിരുന്നാലും ഈ വിധിക്ക് എതിരേ കർഡോണ കമ്പനിക്ക് രണ്ടാഴ്ച്ചക്കുള്ളിൽ ഫെഡറൽ പേറ്റൻ്റ് കോർട്ടിൽ അപ്പീൽ കൊടുക്കാവുന്നതാണ് .കോവിഡ് വാക്സിൻ നിർമാണത്തെയും വിതരണത്തെയും ഈ വിധി ബാധിക്കില്ല.
കണ്ഠനാളങ്ങളിലെവിടെയോ തങ്ങി നിൽക്കുന്ന പ്രാണവായു പ്രയാസപ്പെട്ട് അകത്തേക്ക് ,നെഞ്ചിൻ കൂടിലേക്ക് വലിച്ചെടുക്കയാണ് മാത്യു
ശ്വാസത്തിൻ്റെ താളക്രമങ്ങൾ ശരീരം മറന്നു തുടങ്ങുന്ന പോലെ ..
എന്നാലും ഫോണിലേക്ക് നോക്കിയിരുന്ന അയാളുടെ കണ്ണുകൾ തിളങ്ങി .. കവിളുകളിൽ ഒരു ചെറു ചിരിയുടെ ഇളം വെയിൽ പരന്നു ചുവന്നു ..
മാത്യുവിൻ്റെ കണ്ണിലെ പ്രകാശവും ചുണ്ടിലെ പുഞ്ചിരിയും കണ്ട് മേഗന് സന്തോഷം തോന്നി .മരണം മണക്കുന്ന ആ താഴ് വരയിൽ പുഞ്ചിരിയുടെ പൂക്കൾ വിരിയാറില്ല
" മാത്യു നീ ഇന്ന് സന്തോഷവാനായിരിക്കുന്നു "
അതിശക്തമായി പ്രാണവായു മൂക്കിലേക്ക് ഒഴുകിയെത്തിക്കുന്ന ട്യൂബ് മാറ്റി വച്ച് മാത്യു മേഗനെ അരികിലേക്ക് വിളിച്ച് തൻ്റെ ഫോണിൻ്റെ സ്ക്രിൻ കാണിച്ചു കൊടുത്തു .
ഉയർന്നു പൊങ്ങി കൊണ്ടിരിക്കുന്ന പച്ച മലനിരകൾ പോലെ ടാബസ് ഓഹരിയുടെ സൂചികകൾ
" ഇത് നോക്കൂ .. ഈ ടാബസ് സ്റ്റോക്കിൻ്റെ വില കുതിച്ചുയരുന്നത് കണ്ടില്ലേ ..? ഇന്നൊരു ദിവസം തന്നെ എത്രയോ ആയിരം ഡോളറുകളുടെ ഉയർച്ചയാണ് എൻ്റെ പോർട്ട് ഫോളിയോയിലേക്ക് വന്ന് ചേർന്നിരിക്കുന്നത് .
ഇനി അപ്പീൽ കോടതിയുടെ വിധി കൂടി വന്നാൽ ലക്ഷങ്ങളുടെ വർദ്ധനവാകും ഉണ്ടാവുക. കഡോണ വിൽക്കുന്ന ഓരോ കോവിഡ് വാക്സിൻ്റെ ലാഭത്തിൻ്റെ പങ്ക് ടാബസിന് വന്ന് ചേരും. ഞാൻ വെറും ഒരു ഡോളറിന് വാങ്ങിച്ച പതിനായിര കണക്കിന് സ്റ്റോക്കുകളാണ് ഇപ്പോൾ പത്ത് ഡോളറിൽ എത്തിയിരിക്കുന്നത് . ഇത് ഇനിയും കൂടുക തന്നെ ചെയ്യും.
മേഗനും മേടിക്കൂ ...ടാമ്പസിൻ്റെ സ്റ്റോക്കുകൾ "
"മാത്യു ,നിങ്ങൾ ഒരു നിമിഷം പോലും ഓക്സിജൻ എടുത്ത് മാറ്റരുത് - .ഒരു നിമിഷം പോലും " മാസ്ക്കിലൂടെ മേഗൻ്റെ ശാസനയുടെ ചിലമ്പിച്ച സ്വരമാണ് പുറത്തേക്ക് വന്നത്
"നിങ്ങളുടെ ശരീരത്തിന് അത് ഒട്ടും തന്നെ താങ്ങാനാവില്ല ".
മഞ്ഞ ഗൗണിൻ്റെ ഇടയിലൂടെ നീല വിരലുകളാൽ മാത്യുവിൻ്റെ ഓക്സിജൻ ട്യൂബ് കൃത്യമാക്കുകയായിരുന്നു മേഗൻ.
" നിൻ്റെ വിരലുകൾ തണുത്തുറഞ്ഞിരിക്കുന്നു മേഗൻ ..
ജീവൻ്റെ നിലക്കാത്ത ഉന്മാദത്തിരകളുടെ വേലിയിറക്കങ്ങൾക്ക് താളം പിടിക്കുന്ന മരണത്തിന്റെ തണുതണുത്ത മഞ്ഞ വിരലുകൾ പോലയാണ് നിൻ്റെ വിരലുകൾ -
"ശരിയാവും ! കൈകൾ കഴുകി കഴുകി എൻ്റെ കൈകൾ ഞാനറിയാതെ തണുത്തുറഞ്ഞു പോയിട്ടുണ്ടാവും "
"മാത്യു ..
നീ മരണത്തെ പറ്റി സംസാരിക്കാതിരിക്കൂ ..നിൻ്റെ പ്രതിക്ഷകൾക്ക് ചിറകു നൽകുന്ന ടാബസ് സ്റ്റോക്കിനെ പറ്റി ഓർത്ത് വിശ്രമിക്കൂ.'
അപ്പോഴെക്കും മേഗന് അടുത്ത കോൾ വന്നിരുന്നു..
" മേഗൻ അടുത്ത മുറിയിലെ ബെഡിൽ നിന്നും ബോഡി കൊണ്ടു പോകുവാൻ ആളുകൾ എത്തിയിട്ടുണ്ട് ,നീ ഒപ്പിട്ട് കൊടുക്കണം"
"ബിറ്റ് കോയിൻ ഇനി ഒരു ലക്ഷം ഡോളറിലേക്ക് കുതിക്കാൻ അധികം താമസമില്ല , ഡിജിറ്റൽ കോയിൻസിൻ്റെ പുതു യുഗമാണ് വരാൻ പോവുന്നത് .."
ആ ഐ സി യു വിൻ്റെ ഇടനാഴികളിൽ മുഴങ്ങുന്ന ഇലക്ട്രോണിക് നാദങ്ങളുടെ ഇടയിലിരുന്ന് ഡോക്ടർ മൈക്കിൾ ' ഒരു കൂട്ടം നഴ്സുമാരോട് സംസാരിച്ചു കൊണ്ടിരിക്കയായിരുന്നു.
" ഏല്ലാവർക്കും ബാധിച്ചത് ഒരു വാൾ സ്ട്രീറ്റ് വൈറസാണ് എന്ന് തോന്നുന്നു ,എല്ലാവരും എപ്പോഴും ഇവിടെ സ്റ്റോക്ക് മാർക്കറ്റിനെ പറ്റിയാണ് സംസാരിക്കുന്നത് ,
"മേഗൻ സാമാധാനകാംക്ഷിയായ ഈ ഡോക്ടറിൽ നിന്നും നിനക്ക് എന്താണ് വേണ്ടത്" മേഗൻ്റെ നീരസത്തെ പുഞ്ചിരിയോടെയാണ് ഡോക്ടർ മൈക്കിൾ നേരിട്ടത്
"മാത്യുവിന് ആൻ്റി വയറൽ കോവിഡ് മരുന്നിന് പരിഗണിക്കാമോ ..?"
"ശരിയാണത് അയാൾ വന്നപ്പോൾ തന്നെ അത് കൊടുക്കാമായിരുന്നു .
മാത്യു യുവാവാണ് ,രോഗ ലക്ഷണങ്ങളും തീവ്രമായിരുന്നില്ല .അതിനാൽ പരിഗണന പട്ടികയിൽ അയ്യാൾ പിന്നിലായി പോയി. പക്ഷെ കൃതിമശ്വാസം കൊടുക്കേണ്ടി വന്നാൽ, വെൻ്റിലേറ്റർ വേണ്ടി വന്നാൽ അയാൾക്ക് മുൻഗണന നൽകിയിരിക്കും "
"മരിക്കുന്നവർക്ക് ഒരു പരിഗണന ! ജീവിച്ചിരിക്കുന്നവർക്ക് വേറൊരു പരിഗണന..
എന്നാണ് ഇതൊക്കെ അവസാനിക്കുക .,"
മേഗൻ്റെ ആത്മഗതം ഇടനാഴികളിൽ എവിടെയോ അലിഞ്ഞില്ലാതായി .
" ഞാൻ ഇനി ഒരാഴ്ച കഴിഞ്ഞാണ് ജോലിക്ക് വരികയുള്ളു അപ്പോഴെക്കും നിങ്ങൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരിക്കും, നിങ്ങൾക്കും നിങ്ങളുടെ ടാബസ് ഓഹരികൾക്കും എല്ലാ ഭാവുകങ്ങളും "
ജനാലയരികിലൂടെ ചെരിഞ്ഞിറങ്ങുന്ന സായം സന്ധ്യയുടെ ഇളം ചുവപ്പൻ വെയിൽ മേഗൻ്റെ കൺതടങ്ങളെ ഒന്നു കൂടി സുന്ദരമാക്കി .ഷിഫ്റ്റിൻ്റെ അവസാന മണിക്കൂറിൽ മാത്യുവിനോട് യാത്ര പറയാൻ എത്തിയതാണ് മേഗൻ.
" മേഗൻ നിങ്ങളുടെ കണ്ണുകൾ മാത്രമെ ഞാൻ കണ്ടിട്ടുള്ളു .. ചില്ലു ഭരണിയിൽ പ്രണയം സൂക്ഷിച്ചു വച്ചിരിക്കുന്ന പോലെയുള്ള വെള്ളാരം കണ്ണുകൾ !
കരുണാദ്രമായ നിൻ്റെ വെള്ളാരം കണ്ണുകൾ !
എന്നാണ് എനിക്ക് മൂടുപടമില്ലാതെ നിൻ്റെ മുഖം ഒന്ന് കാണാനാവുക? "
" അടുത്തയാഴ്ച്ച ഞാൻ തിരിച്ചു വരുമ്പോഴെക്കും നിങ്ങളുടെ അസുഖമെല്ലാം കുറഞ്ഞ് ഐ സി യു വിൽ നിന്നും നിങ്ങൾ മാറിയിട്ടുണ്ടാവും .. മുഖപടങ്ങൾ മറച്ചു കളയാത്ത പുഞ്ചിരിയുമായി ഞാൻ നിന്നെ കാണാൻ വരാം .. പിന്നെ നീ പറഞ്ഞ പോലെ ടാബസിൻ്റെ ഓഹരികൾ ഞാനും വാങ്ങിക്കുന്നുണ്ട് .
"ഓഹരികളെക്കാളും പതിന്മടങ്ങ് വളർച്ചയുണ്ടാവും ക്രിപ്പറ്റോ കറൻസ്സിക്കും ബിറ്റ് കോയിനുമായിരിക്കും"
ഇത്തവണ ഒരു പറ്റം മെഡിക്കൽ വിദ്യാർത്ഥികളോടാണ് ഡോ. മൈക്കിൾ മാറി വരുന്ന സാമ്പത്തിക വ്യവസ്ഥകളെ പറ്റി സംസാരിച്ചു കൊണ്ടിരുന്നത്. °
"ഓഹരി വിപണി സൂചികകൾ ഇങ്ങനെ കുതിച്ചുയരുന്നതിൻ്റെ കാരണം ഏന്താണ്..?
ആയിരക്കണക്കിന് ജീവിതങ്ങളുടെ ചിറകുകളാണ് കോവിഡ് ഒരോ ദിവസവും അരിഞ്ഞു വീഴത്തുന്നത് നാളെയെന്താവുമെന്ന് ഉറപ്പില്ലാത്ത ഈ വിപണി , ചരിത്രത്തിൽ ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ലാത്ത വേഗത്തിൽ മുൻപോട്ട് കുതിക്കുന്നതിന് കാരണം മനുഷ്യൻ്റെ അടങ്ങാത്ത ആഗ്രഹമാണ്.
മരണത്തെ മുഖാമുഖം നേരിടുമ്പോഴും അവൻ്റെയുള്ളിൽ നുരഞ്ഞു പൊങ്ങി വരുന്ന അത്യാർത്തിയുടെ വേറൊരു മുഖമാണ് ഈ വിപണി "
വിജനതകളിൽ എവിടെ നിന്നോ ഒഴുകയിറങ്ങി വന്ന ഒരു അശരീരി പോലെയാണ് ഒരു മെഡിക്കൽ വിദ്യാർത്ഥി ഇത് പറഞ്ഞത് .
ഒരാഴ്ച്ച അവധി കഴിഞ്ഞുള്ള പ്രസരിപ്പും മാത്യുവിനായി ,അവന് എറ്റവും ഇഷ്ട്ടമുള്ള ചോക്ലേറ്റ് ചിപ്പ് കുക്കിയുമായാണ് മേഗൻ ജോലിക്കെത്തിയത് .മാത്യു പറഞ്ഞ പോലെ സംഭവിച്ചിരുന്നു ,കർഡോണക്കെതിരെ ടാബസ് വിജയിച്ചിരിക്കുന്നു .. പത്തു ഡോളർ മൂല്യമുണ്ടായിരുന്ന ടാബസ് കബനിയുടെ ഓഹരി മൂല്യം അഞ്ച് മടങ്ങ് കൂടിയിരുന്നു.
മാത്യുവിൻ്റെ സ്വപ്നങ്ങൾ സന്തോഷങ്ങളായി തിളങ്ങുന്ന മുഖത്തിൻ്റെ ഓർമ്മയിൽ മേഗൻ്റെ മനസ്സ് നിറഞ്ഞിരിന്നു -
"മേഗൻ ,പതിനഞ്ചാം നമ്പർ മുറിയിൽ നിന്നും ബോഡി കൊണ്ടു പോയി കഴിഞ്ഞാൽ നിനക്ക് ഒരു പുതിയ രോഗി എമർജൻസിയിൽ നിന്നെത്തും -- തയ്യാറായി ഇരുന്നു കൊള്ളുക.
പതിനഞ്ചാം നമ്പർ മുറിയെന്ന് കേട്ടപ്പോൾ മേഗൻ അമ്പരുന്നു പോയി .
മാത്യു നിശ്ചലമായി ശാന്തമായി മയങ്ങുന്ന പോലെ
"മേഗൻ നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിരുന്നു . വെൻ്റിലേറ്ററിനുള്ള മുൻഗണന മാത്യുവിന് തന്നെ നൽകിയിരുന്നു ,..പക്ഷെ നമ്മുക്ക് അവനെ പിടിച്ചു നിർത്താൻ പറ്റിയില്ല
ഇന്ന് രാവിലെ അയാൾ പോയി "
മേഗൻ്റെ വെള്ളാരകണ്ണുകളിൽ നിന്നടർന്നു വീണ കരുണാർദ്രരമായ ജലസ്പർശനങ്ങളാൽ
മാത്യുവിൻ്റെ വിരലുകൾ തണുത്തുറഞ്ഞു കൊണ്ടേയിരുന്നു..
മേശപ്പുറത്തിരുന്ന ഫോൺ സ്ക്രീനിൽ ടാബസ് കമ്പനിയുടെ ഓഹിരി സൂചികകൾ മുനമ്പുകളിൽ നിന്നും പുതിയ മുനമ്പുകളിലേക്ക് വളർന്ന് കൊടിമുടികളാവുന്ന ചിത്രങ്ങൾ മാറിമറിഞ്ഞു കൊണ്ടിരുന്നു !!
(ഇതൊരു സാങ്കൽപ്പിക കഥ മാത്രമാണ്)