Image

കവിയും യോദ്ധാവും പോപ്പിപ്പൂവിൻറെ ഓർമ്മകളും : നിർമ്മല

Published on 12 November, 2023
കവിയും യോദ്ധാവും  പോപ്പിപ്പൂവിൻറെ ഓർമ്മകളും :  നിർമ്മല
𝐖𝐞 𝐚𝐫𝐞 𝐭𝐡𝐞 𝐝𝐞𝐚𝐝, 𝐬𝐡𝐨𝐫𝐭 𝐝𝐚𝐲𝐬 𝐚𝐠𝐨
𝐖𝐞 𝐥𝐢𝐯𝐞𝐝, 𝐟𝐞𝐥𝐭 𝐝𝐚𝐰𝐧, 𝐬𝐚𝐰 𝐬𝐮𝐧𝐬𝐞𝐭 𝐠𝐥𝐨𝐰,
𝐋𝐨𝐯𝐞𝐝 𝐚𝐧𝐝 𝐰𝐞𝐫𝐞 𝐥𝐨𝐯𝐞𝐝, 𝐚𝐧𝐝 𝐧𝐨𝐰 𝐰𝐞 𝐥𝐢𝐞
𝐈𝐧 𝐅𝐥𝐚𝐧𝐝𝐞𝐫𝐬 𝐟𝐢𝐞𝐥𝐝𝐬.
-𝐉𝐨𝐡𝐧 𝐌𝐜𝐂𝐫𝐚𝐞
 
യുദ്ധവും സ്മൃതിയും നവംബർ പതിനൊന്നിനെ പോപ്പിപ്പൂവിൻറെ ചുവന്ന മുദ്രകുത്തിയാണ് സ്വീകരിക്കുന്നത്.
 
കാനഡക്കാരനായ ജോൺ മക്രേയുടെ ഇൻ ഫ്ലാണ്ടേഴ്സ് ഫീൽഡ്സ് (In Flanders Fields) എന്ന കവിതയാണ് പോപ്പിപ്പൂവിനെ പ്രശസ്തമാക്കിയതും യുദ്ധസ്മരണയുടെ ഭാഗമാക്കിയതും.
 
യുദ്ധത്തിൽ മരിച്ചവരുടെ നിരനിരായുള്ള ശവകുടീരങ്ങൾക്കിടയിൽ വളർന്നു നിന്ന ചുവന്ന കാട്ടുപൂക്കളായിരുന്നു പോപ്പികൾ.
ജോൺ മക്രേ ജനിച്ചതും വളർന്നതും കാനഡയിലെ, ഒണ്ടോറിയോ സംസ്ഥാനത്തിലെ ഗ്വൽഫിലാണ് (Guelph, Ontario, Canada).
 
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് ഗൃഹലക്ഷ്മിയുടെ ഓൺലൈനിൽ വന്നിട്ടുണ്ട്.  താഴെയുള്ള ചിത്രത്തിൽ കാണുന്ന വഴിയേ പോയാൽ വായിക്കാം. (home/pen point/literature)
അതിലെ ചില ഭാഗങ്ങൾ :
 
ഒന്നാം ലോകമഹായുദ്ധ കാലത്ത് ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുണ്ടായ യുദ്ധത്തിൽ അമ്പതിനായിരത്തോളം കാനഡക്കാർ പങ്കെടുത്തതിൽ ജോൺ മക്രേയും ഉണ്ടായിരുന്നു. യുദ്ധത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുകയായിരുന്നു ആ ഡോക്ടറുടെ ജോലി. ജർമ്മനി ക്ളോറിൻ വാതകം പ്രയോഗിച്ചു എതിരാളികളെ പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവർ ദിവസങ്ങളോളം കിടങ്ങുകളിൽ തന്നെയായിരുന്നു. മരിച്ചവരുടേയും , മരിച്ചുകൊണ്ടിരിക്കുന്നവരുടേയും, ദീനതയോടെ നിലവിളിക്കുന്നവരുടേയും നടുവിൽ കവിയായ ഡോക്ടറിൻറെ ശരീരവും മനസ്സും തളർന്നു. ഹൃദയത്തിൻറെ മുറിവിൽ നിന്ന് അയാൾ അമ്മക്ക് എഴുതിയത് ഇങ്ങനെയാണ് :
 
“ഇവിടുത്തെ അവസ്ഥ ഒരു പേക്കിനാവിൻറെ നടുക്കു നിൽക്കുന്നതുപോലെയാണ്. ഏറ്റവും കഠിനമായ യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പതിനേഴു രാവും പതിനേഴു പകലും ഞങ്ങളാരും ഇട്ടിരുന്ന വസ്ത്രം ഒന്നു മാറ്റിയിട്ടില്ല. ഇതിനിടയിൽ വല്ലപ്പോഴുമൊരിക്കലാണ് ബൂട്ട്സ് ഊരിയിരുന്നത് തന്നെ. ഈ പതിനേഴു ദിവസങ്ങളിലും ഉണർന്നിരിക്കുന്ന സമയമത്രയും വെടിയൊച്ചയും പീരങ്കികൾളുടെ ശബ്ദവും ഒരു മിനിട്ടിടവിടാതെ കേൾക്കുന്നുണ്ടായിരുന്നു. ഇതിനു പശ്ചാത്തലമായി എനിക്കു ചുറ്റുമുണ്ടായിരുന്നതോ മരിച്ചവരും, പരിക്കേറ്റവരും, അംഗഭംഗം വന്നവരും….”
 
യുദ്ധത്തിനിടയിൽ ജോണിൻറെ അടുത്ത സുഹൃത്തും മരിച്ചു. കൂട്ടുകാരനെയോ മരിച്ച മറ്റു ഭടന്മാരെയോ രക്ഷിക്കാൻ തനിക്കു കഴിയാത്ത തിലുള്ള വേദനയും അപരാധബോധവും കുഴഞ്ഞ മനസ്സുമായിട്ടാണ് ജോൺ ശവസംസ്കാരത്തിൽ പങ്കെടുത്തത്. രണ്ടു കമ്പുകൾ ചേർത്തുണ്ടാക്കിയ കുരിശു കുത്തിനിർത്തിയൊരു മൺകൂന മാത്രമായി തീർന്ന ചങ്ങാതിയുടെ ഓർമ്മകൾ അയാളെ നിരാശനാക്കി.
 
കുനിഞ്ഞുപോയ തലയുമായി ആ മരണപ്പാടത്തിലൂടെ നടക്കുമ്പോൾ കുഴിമാടങ്ങളുടെ നിരയിൽ കടുംനിറത്തിൽ പൂവിട്ടു നിന്ന പോപ്പികൾ അയാളോടു സംസാരിച്ചിട്ടുണ്ടാവും. മരിച്ചുപോയവരുടെ എല്ലിലും മജ്ജയിലും വേരുറപ്പിച്ചു നിന്നു കാറ്റിലാടുന്ന പോപ്പികളെ നോക്കി കവി നെടുവീർപ്പിട്ടു.
 
ഗാസയും ഉക്രെയിനും വാർത്തയിലെ വിശേഷം മാത്രമായി ഒതുക്കി പിന്നെയും നവംബർ പതിനൊന്നിനെ ആദരിക്കാൻ രാജ്യങ്ങൾ തയ്യാറിയിരിക്കുന്നു. യുദ്ധം കാലാൾപ്പടയുടേതല്ലാത്ത ഇക്കാലത്ത് യുദ്ധത്തിൻറെ ഇരകൾ ഭടന്മാരെക്കാൾ അധികം സാധാരണക്കാരാണ്. അതുകൊണ്ട് കാനഡയിൽ നിന്നു തന്നെ സമാധാനത്തിൻറെ വെളുത്ത പോപ്പിപ്പൂക്കൾക്കു വേണ്ടിയുള്ള പ്രചരണപ്രവര്ത്തനങ്ങളും മുമ്പത്തേക്കാളും ശക്തമായി നടക്കുന്നുണ്ട്.
 
Canadian Voice of Women for Peace-ൻറെതാണ് ഈ ആഹ്വാനം:
“Join us in the urgent call for peace as an alternative to war profiteering and war preparation. Let’s turn the focus of our collaborative resources towards healing, regenerative solutions for humanitarian and climate disasters. Together we can free ourselves from our dependence on war and militarism.”
കവിയും യോദ്ധാവും  പോപ്പിപ്പൂവിൻറെ ഓർമ്മകളും :  നിർമ്മല
കവിയും യോദ്ധാവും  പോപ്പിപ്പൂവിൻറെ ഓർമ്മകളും :  നിർമ്മല

കവിയും യോദ്ധാവും  പോപ്പിപ്പൂവിൻറെ ഓർമ്മകളും :  നിർമ്മല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക