Image

ജൂതര്‍-ക്രിസ്ത്യാനി ഭായി ഭായി... (ജോളി അടിമത്ര - ഉയരുന്ന ശബ്ദം-97)

Published on 12 November, 2023
ജൂതര്‍-ക്രിസ്ത്യാനി ഭായി ഭായി... (ജോളി അടിമത്ര - ഉയരുന്ന ശബ്ദം-97)

see EM Weekly: https://mag.emalayalee.com/weekly/11-nov-2023/#page=28

എന്നാ ബഹളമാരുന്നു. ഇപ്പോ ഒരു മാസം കഴിഞ്ഞു. വല്ലോം സംഭവിച്ചോ..
 വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നപോലെ ആയിരുന്നു. നാലക്ഷരം എഴുതാനറിയാവുന്നവരെല്ലാം ആഞ്ഞിരുന്ന് എഴുതി. രണ്ടക്ഷരം പ്രസംഗിക്കാനറിയാവുന്നവരെല്ലാം ഉറഞ്ഞു തുള്ളി. അവസരമൊന്നും വേണ്ട, ഫേസ് ബുക്കും ഇന്‍സ്റ്റായും യുട്യൂബും ഉണ്ടല്ലോ.. വായില്‍ വരുന്നതെല്ലാം കോതയ്ക്കു പാട്ട്.പറഞ്ഞു വരുന്നത് ഇസ്രയേല്‍ -ഹമാസ് യുദ്ധത്തെപ്പറ്റിയാണ്.

മൂന്നാഴ്ച മുന്‍പ് ഒരു പ്രഭാതത്തില്‍ എനിക്കൊരു ഫോണ്‍കോള്‍ .
 ''സിസ്റ്ററേ,  പേറ്റുനോവാരംഭിച്ചുകഴിഞ്ഞു .ഏതു സമയത്തും സംഭവിക്കാം, ഒരുങ്ങിയിരിക്കണം''.
വളരെ പഴയൊരു പരിചയക്കാരന്‍ പാസ്റ്ററാണ്. ഒരുപാടു നാളുകൂടിയുള്ള വിളിയാണ്. കക്ഷിക്ക് രണ്ടുപെണ്‍മക്കളാണ്. അവരുടെ വിവാഹമൊന്നും ഞാനറിഞ്ഞിട്ടില്ല. അതിരാവിലെ ഇങ്ങനെ ബേജാറായി വിളിക്കണമെങ്കില്‍ കൊച്ചിനെ പ്രസവത്തിന് ആസ്പത്രിയില്‍ അഡ്മിറ്റാക്കിയിട്ടുണ്ടാവണം.
''ഏതാസ്പത്രിയിലാണ് പാസ്റ്ററേ, മോളെ അഡ്മിറ്റാക്കിയത്. മെഡിക്കല്‍ കോളേജിലോ പ്രൈവറ്റ് ഹോസ്പിറ്റലിലോ,''  ഞാന്‍ ചോദിച്ചു.
''എന്തോന്ന്,'' പാസ്റ്ററുടെ ശബ്ദം ഉയര്‍ന്നു.
''അല്ല, മോളെ പ്രസവത്തിന് അഡ്മിറ്റാക്കിയത്.. പേറ്റുനോവ് തുടങ്ങിയെന്നല്ലേ പറഞ്ഞത്..'' ഞാന്‍ തിരിച്ചു ചോദിച്ചു.

''സഹോദരീ എന്നാ വര്‍ത്തമാനമാ ഈ പറയുന്നെ...എന്റെ  കൊച്ചിനെ കെട്ടിച്ചിട്ടില്ലല്ലോ. പിന്നെങ്ങനാ..നിങ്ങളെന്നെ കളിയാക്കുവാന്നോ.'' അദ്ദേഹം ക്ഷുഭിതനായി.
ഞാനാകെ പതറി.
''പാസ്റ്ററല്ലേ, പേറ്റുനോവാരംഭിച്ചുകഴിഞ്ഞെന്ന് എന്നോടു പറഞ്ഞത്. രാവിലെ ഇങ്ങോട്ടുവിളിച്ചിട്ട് എന്നോട് മെക്കിട്ടു കയറുന്നോ..'' ഞാന്‍ തിരിച്ചു ചൂടായി.
''സിസ്റ്ററേ, പേറ്റുനോവെന്നല്ല, ഈറ്റുനോവെന്നാ ഞാന്‍ പറഞ്ഞത് ''
'' അത് രണ്ടും ഒന്നല്ലേ പാസ്റ്ററേ.''

 പക്ഷേ, എന്റെ ചോദ്യത്തെ അവഗണിച്ച്   ഒരു മഹാപ്രസംഗംതന്നെ മറുവശത്ത് ഉയര്‍ന്നു. ഇടയ്ക്ക് ബൈബിളിലെ സെഫന്യാവും ഹഗ്ഗായിയും വെളിപ്പാടുപുസ്തത്തിലെ വെള്ളക്കുതിരയും മുദ്രകളും ചാടിമറിഞ്ഞു. വാളെടുത്തവനെല്ലാം വെളിച്ചപ്പാട്.. അല്ലാതെന്തു പറയാന്‍. കര്‍ത്താവിന്റെ വരവിന്റെ ലക്ഷണങ്ങളാണ്, ഈററുനോവിന്റെ ആരംഭമാണ് ഇസ്രയേല്‍- ഹമാസ് യുദ്ധം എന്നിങ്ങനെ പോകുന്നു വാചകമടി. ആയിക്കോട്ടെ നമ്മള്‍ക്കൊരു ബുദ്ധിമുട്ടുമില്ല. കര്‍ത്താവ് വരട്ടെ. മാനം മര്യാദയ്ക്കു ജീവിക്കുന്നവരെയെല്ലാം കൊണ്ടുപോകട്ടെ. അതിനൊരു തര്‍ക്കവും വേണ്ട. പക്ഷേ തിരിച്ച് നമ്മളെന്തെങ്കിലും സംശയം ചോദിച്ചാല്‍ ഇവരുടെ മട്ടു മാറും. കലി തുള്ളും.

യേശുക്രിസ്തു വരുന്നതും യുദ്ധത്തിലെ ഈ നികൃഷ്ടമായ  കൊലപാതകങ്ങളും കൂട്ടിയോജിപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ചാല്‍ കളി മാറും. യഹൂദന്‍മാരെല്ലാം ദൈവത്തിന്റെ സ്വന്തം ജനങ്ങളാണ്. പിന്നെ ക്രിസ്ത്യാനികള്‍. അവര് ക്രിസ്തുവിന്റെ അനുയായികളായതിനാല്‍ മച്ചാ മച്ചാ !.എന്നു വച്ചാല്‍ ഇന്ത്യാ-ചീനാ ഭായി ഭായി എന്നു പറയുന്നപോലെ ജൂതര്‍-ക്രിസ്ത്യാനി ഭായി ഭായി !

ചിരിക്കാതെ എന്തു ചെയ്യാന്‍. ഒന്നര മാസം മുമ്പു വന്ന വാര്‍ത്ത ഒര്‍മ വരുന്നു. യിസ്രയേല്‍ തെരുവില്‍ ജൂതക്രിസ്ത്യാനികളെ കണ്ടാല്‍ മുഖത്തേക്കുതന്നെ കാര്‍ക്കിച്ചു  തുപ്പുന്ന ജൂതന്‍മാരുമുണ്ടെന്ന്. അതിനെതിരെ കോടതി കയറിയിരിക്കയാണ്. അപ്പോഴാ ഇവറ്റകളുടെ ഭായി ഭായി. യിസ്രായേല്‍ യുദ്ധം ജയിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് കേരളത്തിലെ ചില ബുദ്ദൂസുകള്‍. പാലസ്തീനികളെന്നു കേള്‍ക്കുമ്പോഴേക്കും ആകെ അരിശംകൊണ്ടു വിറയ്ക്കും. സ്വന്തം ചേട്ടാനുജന്‍മാരോട് ഇല്ലാത്ത സ്‌നേഹമാണ് ജൂതരോട്. ഈ യുദ്ധം ലോകമഹായുദ്ധമായി മാറുമെന്ന് പാസ്റ്റര്‍ ചൂണ്ടിക്കാട്ടി പ്രഖ്യപിച്ചിട്ടാണ് ഫോണ്‍ വച്ചത്. യുഎന്‍-നും യിസ്രയേല്‍ മന്ത്രിസഭയ്ക്കും നെതന്യാഹുവിനും അമേരിക്കയ്ക്കുമൊന്നും ഗണിച്ചെടുക്കാന്‍ കഴിയത്തില്ലെങ്കിലെന്നാ, വണ്ടന്‍മേട്ടിലെ അവറാച്ചന്‍കുട്ടി പാസ്റ്റര്‍ക്ക് ഒരു മൂന്നാം കണ്ണുണ്ട്. നെതന്യാഹുവിന്റെ പിന്നില്‍ കട്ട സപ്പോര്‍ട്ടുമായി അദ്ദേഹം ലോകമഹായുദ്ധത്തിന്റെ വരവിനായി കാത്തിരിക്കുന്നു.

കൊലചെയ്യരുതെന്ന് കല്‍പ്പന കൊടുത്ത യഹോവയുടെ നാമത്തില്‍ പലസ്തീനിലെ ശിശുക്കളെ കൊന്നുമുടിക്കുന്ന യിസ്രയേലിനെ എങ്ങനെ ന്യായീകരിക്കുന്നു എന്നു ചോദിച്ചാല്‍ , ഫെലിസ്ത്യരെ നിര്‍മൂലമാക്കാന്‍ യഹോവ പറഞ്ഞ ബൈബിളെടുത്ത് പഴയനിയമത്തിലെ വാക്യങ്ങളൊക്കെ ഉദ്ധരിച്ചു ഉറഞ്ഞുതുള്ളും. ക്രിസ്തു ജനിച്ച വംശമെന്ന ഒറ്റ കാരണത്താല്‍  ഇസ്രയേലിനെ കണ്ണടച്ച് പിന്തുണയ്ക്കുന്ന തീവ്രവാദികളും ഇവിടെയുണ്ട്.

ഒരോരുത്തരുടെയും വേദഗ്രന്ഥങ്ങളില്‍ വ്യത്യസ്തങ്ങളായ വചനങ്ങളുണ്ട്. അതൊക്കെ നടപ്പില്‍ വരുത്താന്‍ തുടങ്ങിയാല്‍ പിന്നെ ലോകം ഇല്ല. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്.. ഇത് പഴയ നിയമത്തിലെ നീതിയായിരുന്നു. ഇന്നോ..ലോകത്തിനു ചില ഏകീകൃത നിയമങ്ങളുണ്ട്, നീതിയുണ്ട്. അതനുസരിക്കാതെ മുന്നോട്ടു യാത്ര വയ്യ. മഹാഭീകരന്‍മാരായ ഹമാസിനെ നമ്മളാരും പിന്തുണയ്ക്കുന്നില്ല. പക്ഷേ..യിസ്രയേല്‍ ചെയ്യുന്നതോ.. സ്വന്തം ഭൂമി നഷ്ടപ്പെട്ട പലസ്തീനികളുടെ നിലവിളി കേള്‍ക്കാതെ പോകരുത്. അവന്റെ കിടപ്പാടം കൈക്കലാക്കിയിട്ട് അവനെ ദാസന്‍മാരാക്കി ചവിട്ടി മെതിയ്ക്കുന്നത് എവിടുത്തെ നീതിയാണ്.

പുതിയൊരു യുദ്ധം വന്നപ്പോള്‍ നമ്മളെല്ലാം റഷ്യ-യുക്രെയിന്‍ പോരാട്ടത്തെ മറന്നു കഴിഞ്ഞു. ഒരു വര്‍ഷം പിന്നിട്ടിട്ടും വമ്പന്‍ ലോകരാഷ്ട്രങ്ങ്‌ളുണ്ടായിട്ടും  യുക്രയിന്‍ ജനത നരകിക്കുകയാണ്. ഭാരതത്തില്‍  മണിപ്പൂരിലെ മെയ്‌തെയ്-കുക്കി ഏറ്റുമുട്ടലും ആര്‍ക്കും വിഷയമല്ലാതായി മാറി. കഴിഞ്ഞ ഒരു ചൊവ്വാഴ്ച വിവാഹത്തിനു പോയ നാലംഗ കുക്കികുടുംബത്തെ തട്ടിക്കൊണ്ടു പോയിരുന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടുകിട്ടി. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇരുനൂറോളം പേരാണ് കൊല്ലപ്പെട്ടത്. യുക്രെയിനിലെയും മണിപ്പൂരിലെയും  പോരാട്ടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും അനാഥത്വത്തിനും ഒരേ മുഖമാണ്. പക്ഷേ അനുഭവിക്കുന്നവര്‍ക്കു മാത്രമാണ്  ദുരിതം. അല്ലാത്തവര്‍ കേവലം കാണികളായി നിലകൊള്ളുന്നു.          

നാല്പത്തൊന്നു  ചതുരശ്രകിലോമീറ്റര്‍മാത്രം വലുപ്പമുള്ള ഗാസയില്‍ 15 ലക്ഷം മനുഷ്യര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പാലായനം ചെയ്യുന്നവര്‍ക്ക് അഭയസ്ഥാനമില്ല. ഒരുമാസത്തിനുള്ളില്‍ 11000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 27,000-ത്തോളം ആളുകള്‍ക്ക് പരിക്കേറ്റു. കുഞ്ഞുങ്ങളില്ലാത്ത ഭവനങ്ങള്‍, മാതാപിതാക്കളില്ലാത്ത മക്കള്‍, അംഗഭംഗം സംഭവിച്ച പതിനായിരങ്ങള്‍, അതിക്രൂരമായ ബലാല്‍സംഗത്തിനിരയായ സ്ത്രീകള്‍, കണ്‍മുന്നില്‍ മാതാപിതാക്കളെ കൊല്ലുന്നതു കണ്ട് പേടിച്ചൊളിച്ച കുഞ്ഞുങ്ങള്‍. ഇവരാണ് നാളെ ഇസ്രയേലിനെ വേട്ടയാടാനുള്ളവര്‍. മുതലും പലിശയും ചേര്‍ത്ത് പക പെരുകിത്തുടങ്ങുകയായി.

ഇസ്രയേലിന്റെ ചരിത്രത്തിലെ തീവ്രവംശീയവാദിയും കുപ്രസിദ്ധനായ അഴിമതിക്കാരനുമാണ് നെതന്യാഹു. ഇസ്രയേലിലെ നല്ലൊരു വിഭാഗം ജനതയും നെതന്യാഹുവിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ കേരളത്തിലെ ചില മലയാളികള്‍ യഹൂദനാണെന്ന ഒറ്റ കാരണത്താല്‍ നെതന്യാഹുവിനെ ആരാധിക്കുന്നു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍. ഇനിയിപ്പോള്‍ കേരളത്തിലിരുന്നും ചേരിതിരിഞ്ഞ് യുദ്ധം നടത്തുമോന്നാണ് പേടിക്കേണ്ടത്. പലസ്തീനെ പിന്തുണയ്ക്കുന്നവരും ഇസ്രയേലിനായി പ്രാര്‍ത്ഥിക്കുന്നവരും തമ്മിലുള്ള പോരാട്ടം. അതൊക്കെ സംഭവിച്ചുകൂടെന്നില്ല. എന്തായാലും ഈ യുദ്ധം മൂന്നാം ലോകമഹായുദ്ധമായി മാറിയില്ലെങ്കില്‍ അവറാച്ചന്‍കുട്ടിപാസ്റ്ററെപ്പോലുള്ളവര്‍ എന്നാ ചെയ്യും. ഈറ്റുനോവ് പ്രസംഗങ്ങള്‍ ചീറ്റിപ്പോവില്ലേ ? കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കാന്‍ ഒടിത്തളര്‍ന്നവര്‍ !.ആരും  എവിടെയും സുരക്ഷിതരല്ലെന്ന് തിരിച്ചറിയാത്തതെന്തേ..

ദിവസവും പത്രങ്ങളുടെ ഒന്നാം പേജില്‍ വരുന്നത് പരിക്കേറ്റു കരയുന്ന  കുഞ്ഞുമുഖങ്ങളാണ്. കുഞ്ഞു മുഖം നിറയെ ചോരവാര്‍ന്ന് അതിവേദനയോടെ കരയുന്ന പൈതങ്ങളുടെ ചിത്രങ്ങള്‍. അവര്‍ പലസ്തീന്‍ കുഞ്ഞുങ്ങളാണെന്നുള്ളതിനാല്‍ നമ്മള്‍ക്ക് കരുണതോന്നാത്ത ഹൃദയമാണെങ്കില്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.. പലായനത്തിന് ഇറങ്ങിപ്പുറപ്പെട്ടിട്ടും പോകാനിടമില്ലാതെ നടുവഴിയില്‍ അന്തം വിട്ടുനില്‍ക്കുന്നവരുടെ നിസ്സഹായത എടുത്തുകാണിക്കുന്ന  ചിത്രങ്ങള്‍.. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനകാലത്തെ പലായനം ഓര്‍മിപ്പിക്കുന്ന പുറപ്പാടിന്റെ കാഴ്ചകള്‍.

എനിക്ക് മൂന്ന് ചെറിയ പേരക്കുട്ടികളുണ്ട്. പലസ്തീനിലെ നിസ്സഹായരായ കുഞ്ഞുങ്ങളുടെ കരയുന്ന ചിത്രം കാണുമ്പോള്‍ എന്റെ കുഞ്ഞുമക്കളുടെ മുഖം എന്നെ തൊട്ടുവിളിക്കുന്നു. നമ്മളും മക്കളും സുരക്ഷിതരാണെങ്കില്‍ എല്ലാം ഒ കെ എന്ന ചിന്ത ശരിയല്ല. ഏതു ജാതിയും മതവും വംശവും ആകട്ടെ, ആരും നരകിക്കാതിരിക്കട്ടെ. കര്‍ത്താവു വരികയോ വരവ് നീട്ടി വയ്ക്കുകയോ ചെയ്യട്ടെ.. പക്ഷേ നീതിക്കു നേരെ മുഖം തിരിക്കാതിരിക്കുക. പലസ്തീനികളായാലും ഇസ്രയേലികളായാലും യുദ്ധത്തില്‍ സര്‍വ്വവും നഷ്ടപ്പെടുന്നവരോട് അനുകമ്പ കാണിക്കാനായില്ലെങ്കില്‍ നമ്മള്‍ക്ക്  എന്തു ദൈവീകത. ദയവു ചെയ്ത് അതിരാവിലെ ഒരു വീട്ടിലേക്കു വിളിച്ച് പേറ്റുനോവും ഈറ്റുനോവും പറഞ്ഞ് സൈഡുപിടിച്ച് പ്രസംഗിക്കാതിരിക്കുക. പകരം യുദ്ധം നിര്‍ത്തല്‍ ചെയ്യാന്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുക.

Join WhatsApp News
benoy 2023-11-12 20:04:05
കിട്ടിയ കാശുകൊണ്ട് തുരങ്കവുംതീർത്തു തോക്കുംവാങ്ങി പൊള്ളയായ ജിഹാദി ആദർശത്തിന്റെപേരിൽ മനുഷ്യബോംബുകളെയും സൃഷ്ടിച്ചാൽ ജോളി അടിമത്രയുടെ ലേഖനംതന്നെ അതിന്റെയൊക്കെ കർമഫലം. അനുഭവിക്കുകയല്ലാതെ വേറെവഴിയില്ല പലസ്തീനിസഹോദരങ്ങളെ.
Ninan Mathulla 2023-11-12 21:18:32
Truth and justice is the foundation of God's principles, and the character of God. We are here as Ambassadors of God to reflect that character of God to others. God has no partiality. All are God's creations. What is happening in Palestine is grave injustice.
Jacob 2023-11-12 21:52:21
One important thing Jolly is not addressing. Gaza got freedom in 2005. Did they create a decent society for the welfare of the people? What did they do with the aid money they received? Who started this war, Israel or Hamas? What was the reason? Yassir Arafat started civil war in Egypt and Jordan. They converted Lebanon into a Muslim country from a Christian country. Why are their madrasas teaching young children to kill the Jews. I know the man who started this animosity towards Jews, but I will not mention his name.
Keraleeyan 2023-11-13 05:20:43
കേരളത്തിലെ ഹമാസ് പ്രേമം മൂത്തു തിമിരം ബാധിച്ച മാപ്രാകളിൽ നിന്നും ലേഖികയും വ്യത്യ്സ്തമല്ല എന്നാണ് ഈ ലേഖനത്തിൽ നിന്നും മനസ്സിലാക്കുന്നത്. നാല് വോട്ടിനു വേണ്ടി ആരുടെ അടിവസ്ത്രം കഴുകി കുടിക്കാനും മടിയില്ലാത്ത കുറെ നെറികെട്ട രാഷ്ട്രീയക്കാരും ഭരണകൂടവും കൂട്ടിന് ഭയം കൊണ്ടോ പ്രീതികൊണ്ടോ തീവ്രവാദത്തെ പറ്റി ഒരക്ഷരം മിണ്ടാൻ ധൈര്യം കാണിക്കാത്ത ചാനലുകളും പത്രങ്ങളും മാത്രം ഉള്ളപ്പോൾ കേരളം ഒരിക്കലും രക്ഷപ്പെടുകയില്ല എന്ന സത്യം തിരിച്ചറിയുന്നത്‌ കൊണ്ടാണ് ചെറുപ്പക്കാർ പോലും കൂട്ടമായി ഇവിടെ നിന്നും പലായനം ചെയ്യുന്നത്.
Sunil 2023-11-13 14:09:17
Whenever there is a war, Defense Contactors and Pentecostal Pastors try to make money. When we get an epidemic, Pharmaceutical companies and Pentecostal pastors will make money.
Thomachen 2023-11-15 18:29:31
മൂന്നു കൊച്ചുമക്കളുടെ വല്യമ്മച്ചി അല്പം കൂടെ ചിന്തിച്ചു ലേഖനങ്ങൾ എഴുതുക. ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുഃഖം കാണുന്നതോടൊപ്പം ഇസ്രായേലിലെ കുഞ്ഞുങ്ങളുടെ ദുഃഖം കാണാൻകൂടെ ശ്രെമിക്കുക. കേരളത്തിലും കുഞ്ഞുങ്ങൾ വല്ലാതെ കഷ്ടം അനുഭവിക്കുന്നവർ ഉണ്ട് അവരെയും കാണാൻ ശ്രെമിക്കുക. വീടുകളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഭീകരന്മാർ രാത്രിയിൽ തട്ടികൊണ്ടുപോയി ക്രൂരമായി കൊന്നുകളഞ്ഞ വാർത്ത ഒന്നും കണ്ടില്ലേ. അതോ കാഴ്ച ഒരു വശത്തേക്കു മാത്രമേ ഉള്ളോ. എല്ലാ ക്രൂരതകളും കാണാനുള്ള ഒരു കണ്ണാടി മേടിച്ചുവെച്ചിട്ടു എഴുതുക അപ്പോൾ എഴുത്തിനോടു ആത്മാർത്ഥത ഉള്ള എഴുത്തുകാരി ആണെന്നു വായനക്കാർക്കു തോന്നും.
josecheripuram 2023-11-16 02:14:52
The survival in a landless land is very difficult for both parties, the war between Jews And Arabs never going to end unless all nations get together and solve the problem. Is it that difficult to solve the problem, there are nations benefits from war, How long we had Kashmir problem , still there is no solution so far, I think no one wants solve the problems or WAR.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക