Image

കൂനമ്പാറക്കവല (അധ്യായം 19 നോവല്‍: തമ്പി ആന്റണി)

Published on 13 November, 2023
കൂനമ്പാറക്കവല (അധ്യായം 19 നോവല്‍: തമ്പി ആന്റണി)

പൊട്ടന്‍ ചെങ്ങാലി

    വാച്ച്മാന്‍ പൊട്ടന്റെ ശരിയായ പേര് ആര്‍ക്കുമറിയില്ല. പള്ളിമേടയുടെ കാവല്‍ക്കാരന്‍ എന്നു വേണമെങ്കില്‍ പറയാം. ഒന്നാന്തരം പാചകക്കാരനാണ്. കൂനമ്പാറയില്‍ ഏതോ അച്ചന്റെകൂടെ വന്നകാലത്ത് ആരോ ചെങ്ങാതിയെന്നു വിളിച്ചുതുടങ്ങിയതാണ്. അതു കാലപ്പഴക്കത്തില്‍ തേഞ്ഞുതേഞ്ഞ്, ചെങ്ങാലിയെന്നായി. പൊട്ടനായതുകൊണ്ട്, നാട്ടുകാര്‍ പൊട്ടന്‍ചെങ്ങാലിയെന്നാണു വിളിക്കുന്നതെന്ന് അയാളൊരിക്കലും അറിയാനും കേള്‍ക്കാനും പോകുന്നില്ലല്ലോ! 

    ജന്‍മനാ പൊട്ടനായതുകൊണ്ട് ഭാര്യ കുഞ്ഞമ്മയുമായി കീരിയും പാമ്പുംപോലെയാണ്. രാത്രിയില്‍ മിക്കപ്പോഴും അടിയുടെയും ഇടിയുടെയും തൊഴിയുടെയും ഒച്ച കേള്‍ക്കാമെന്ന് അയല്‍പക്കക്കാര്‍ പറയുന്നു. പക്ഷേ അതൊക്കെ ആര്‍ക്കിട്ടാണു കിട്ടുന്നതെന്ന് ആര്‍ക്കുമറിയില്ല! പഠിപ്പും പത്രാസുമില്ലാത്ത ഭിന്നശേഷിക്കാരനെക്കൊണ്ടു പത്താംക്ലാസ്സുകാരിയെ കെട്ടിച്ചാലെങ്ങനെ ശരിയാകും?! കുഞ്ഞമ്മയെ ചങ്ങനാശ്ശേരിയിലെ ഏതോ കന്യാസ്ത്രീമഠത്തിന്റെ അനാഥശാലയില്‍നിന്നു കണ്ടെടുത്തതാണെന്നാണ് കുഞ്ചാക്കോ ഒരിക്കല്‍ കുട്ടാപ്പി ആന്‍ഡ് സണ്‍സ് കൂട്ടായ്മയില്‍ പറഞ്ഞത്. പത്താംക്ലാസ്സ് പാസ്സായപ്പോള്‍ അവളുടെ ഇഷ്ടപ്രകാരം ബ്യൂട്ടീഷന്‍ കോഴ്‌സിനു വിട്ടു. കല്ല്യാണാലോചനകള്‍ പലതു നടത്തിയെങ്കിലും അനാഥയായ പെണ്ണിനെക്കെട്ടാന്‍ ആരും തയ്യാറായില്ല. അങ്ങനെയിരിക്കുമ്പോഴാണ്, കാടുകേറിയച്ചന്‍ ഒരിക്കല്‍ അവിടെച്ചെല്ലുന്നതും പൊട്ടന്‍ചെങ്ങാലിയുമായുള്ള കല്ല്യാണാലോചനയിലെത്തുന്നതും. പൊട്ടനും അനാഥനായതുകൊണ്ട് ആര്‍ക്കും എതിരൊന്നുമില്ലായിരുന്നെങ്കിലും കുഞ്ഞമ്മയിക്കിഷ്ടമല്ലായിരുന്നു. പിന്നെ അച്ചനുംകൂടി ഇടപെട്ട്, പീരുമേട്ടിലൊരു ബ്യൂട്ടി പാര്‍ലറിട്ടുകൊടുക്കാമെന്നു പറഞ്ഞപ്പോള്‍ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു. കുഞ്ചാക്കോയ്ക്കും അതു സമ്മതമായിരുന്നു. അന്നുതൊട്ടേ കുഞ്ചാക്കോ അവളെ നോട്ടമിട്ടതാണെന്ന് ഇടവകയിലൊക്കെ ഒരു വര്‍ത്തമാനമുണ്ട്. 

    അങ്ങനെ കല്ല്യാണമുറപ്പിച്ചു. കൂനമ്പാറപ്പള്ളിയില്‍വച്ച്, ഫാദര്‍ റോഷന്‍ കാടുകേറിയച്ചന്റെ കാര്‍മ്മികത്വത്തില്‍ കല്ല്യാണം നടന്നു. എന്തായാലും അച്ചന്‍ വാക്കു പാലിച്ചു. പീരുമേട്ടില്‍ത്തന്നെ, ഇടവകക്കാരുടെ സഹായത്തോടെ ഒരു ബ്യൂട്ടി പാര്‍ലറിട്ടുകൊടുത്തു. കുട്ടികളൊന്നുമുണ്ടായില്ല. ഇതാണ് അവരുടെ കുടുംബചരിത്രം. 

    പൊട്ടനൊരു ജീവിതം കിട്ടട്ടെയെന്നേ കാടുകേറിയച്ചന്‍ വിചാരിച്ചുള്ളു. ചെങ്ങാലിക്ക് അവളെ ജീവനാണ്. അതുതന്നെയാണു സ്വരച്ചേര്‍ച്ചയില്ലാത്തതിന്റെ കാരണവും. ഫെമിനിസ്റ്റായ കുഞ്ഞമ്മയ്ക്ക്, പൊട്ടന്‍ ഏതു കാര്യത്തിനും പിറകേ നടക്കുന്നതിഷ്ടമല്ല. പോരാത്തതിന് അയാള്‍ക്കു സംശയരോഗവും കൂടിയുള്ളപ്പോള്‍പ്പിന്നെ പറയുകയും വേണ്ട. 

    കുഞ്ഞമ്മയ്ക്കിത്തിരി ഇരുണ്ട നിറമാണ്. എന്നാലും ഒതുക്കമുള്ള ശരീരവും ചുരുണ്ടു നീണ്ട സമൃദ്ധമായ മുടിയും വിടര്‍ന്ന കണ്ണുകള്‍കൊണ്ടുള്ള നോട്ടവും കണ്ടാല്‍ ഏതു വികാരിയച്ചനും ഒരുള്‍ക്കിടിലമുണ്ടാകും. അപ്പോള്‍പ്പിന്നെ, പെണ്ണുകെട്ടാത്ത, പള്ളിയിലെ കൈക്കാരന്‍ കുഞ്ചാക്കോയുടെ കാര്യം പറയണോ! അയാള്‍ ഹിറ്റ്‌ലറെ അഴിച്ചുവിട്ടു പൊട്ടനെ കടിപ്പിച്ചതാണ് പുതിയ കേസ്. 

    സംഭവം ഇങ്ങനെയാണ്: കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്ന കുഞ്ഞമ്മ ഗതികെട്ടിട്ടാണ് പൊട്ടനെ കെട്ടാമെന്നു സമ്മതിച്ചത്. കടുത്ത സംശയരോഗിയായ ചെങ്ങാലിക്കു ചെവി കേള്‍ക്കില്ലെങ്കിലും കൂര്‍മ്മബുദ്ധിയാണ്. കുഞ്ഞമ്മ ചുണ്ടനക്കുമ്പോഴേക്കും പൊട്ടനു കാര്യം പിടികിട്ടും. 

    കുഞ്ഞമ്മയുടെ താളത്തിലുള്ള നടപ്പും ഒരുക്കവുംകണ്ടു പള്ളിക്കൂടംപിള്ളേരാണ് 'സ്റ്റൈലിക്കുഞ്ഞമ്മ' എന്നു പേരിട്ടത്. കുഞ്ഞമ്മയ്ക്ക് കുഞ്ചാക്കോയുമായി വെറും ബന്ധമല്ല ഉള്ളതെന്നാണു പിന്നാമ്പുറക്കഥകള്‍. അച്ചന്‍പട്ടത്തിനു പോയ കുഞ്ചാക്കോ, കൊച്ചച്ചന്‍പോലുമാകാതെ ചാടിയതല്ലേ! അതുകൊണ്ടു കല്ല്യാണം കഴിക്കാനൊന്നും തരപ്പെട്ടില്ലെന്നാണ് അയാള്‍ എല്ലാവരോടും പറയുന്നത്. എന്തായാലും കാടുകേറിയച്ചന്റെ വിശ്വസ്തനാണയാള്‍. അച്ചന്‍ ഏതിടവകയില്‍പ്പോയാലും അയാള്‍ നിഴല്‍പോലെ കൂടെയുണ്ടാകും. 

    തയ്യല്‍ക്കാരി രമണിയുടെ ശവം കരയ്ക്കടിഞ്ഞതിന്റെ പിറ്റേദിവസം വൈകിട്ടാണ് പൊട്ടന്‍ചെങ്ങാലിയെ ഹിറ്റ്‌ലര്‍ ഓടിച്ചിട്ടു കടിച്ചത്. കാലു മുറിഞ്ഞു ചോര വന്നതുകണ്ട് ആരോ ഡോക്ടര്‍ സോളമന്റെ വീട്ടിലേക്കു കൊണ്ടുപോയി. 

    ഗവണ്‍മെന്റ് ഡോക്ടറാണെങ്കിലും സോളമനു വീട്ടില്‍ അത്യാവശ്യചികിത്സയൊക്കെയുണ്ട്. തോട്ടംതൊഴിലാളികളുടെ ചികിത്സകളൊക്കെ അയാള്‍ക്കവകാശപ്പെട്ടതാണ്. വൈകുന്നേരമായാല്‍ വീട്ടില്‍ നല്ല തിരക്കുണ്ടാകും. ഭാര്യയും രണ്ടു കുട്ടികളുമായി പീരുമേട്ടില്‍ സര്‍ക്കാരെടുത്തുകൊടുത്ത പഴയ ബംഗ്ലാവിലാണു താമസം. കൂടുതല്‍ ചികിത്സ വേണ്ടവര്‍ മുണ്ടക്കയത്തോ കാഞ്ഞിരപ്പള്ളിയിലോ പോകും. 

    ഡോക്ടര്‍ സോളമന്‍, നീലിമയെ പിന്താങ്ങുന്ന റോഷനച്ചനെ കുരുക്കാനുള്ള അവസരം നോക്കിയിരിക്കുകയായിരുന്നു. പൊട്ടനു കാര്യങ്ങളൊന്നും പിടികിട്ടിയില്ല. ഒരു പേപ്പറില്‍ എന്തൊക്കെയോ എഴുതി, അവനെക്കൊണ്ടു വിരലടയാളം പതിപ്പിച്ച് നേരേ എസ് ഐ ജനാര്‍ദ്ദനന്‍പിള്ളയ്ക്കു പരാതിയയച്ചു. പൊട്ടനായതുകൊണ്ട് കേസിനു ബലം കൂടുമെന്നു ഡോക്ടര്‍ക്കു നന്നായറിയാമായിരുന്നു. 

    ഡോക്ടര്‍ ഇടപെട്ടതുകൊണ്ട്, കാര്യത്തിനു ഗൗരവം കൂടി. മുല്ലപ്പുഴ ഡാമിന്റെ സംരക്ഷണസമിതിയുടെ സമരത്തിനിടെ, പോലീസുമായി പലതവണ വാക്കുതര്‍ക്കങ്ങളും ലാത്തിച്ചാര്‍ജ്ജുംവരെയുണ്ടായിട്ടുള്ളതുകൊണ്ട്, ജനമര്‍ദ്ദകനും അച്ചനോടു കലശലായ ദേഷ്യമുണ്ട്. 

    പൊട്ടന്‍ വടിയെടുത്ത് ഹിറ്റ്‌ലറെ അടിക്കാനോങ്ങിയെന്നും അടിച്ചെന്നും മറ്റുമുള്ള കഥകള്‍ കവലയിലും കുട്ടാപ്പിയുടെ ഹോട്ടലിലുമെത്തി. വാര്‍ത്തയുടെ ഗൗരവമറിഞ്ഞ്, അപ്പാജിയും സന്നിഹിതനായി. 

    കുട്ടാപ്പി പറഞ്ഞു: 

    'ആ പൊട്ടന്‍ വടിയെടുത്തു തല്ലിക്കാണും. അല്ലെങ്കില്‍ എന്നും കാണുന്നവനെ പട്ടി ചുമ്മാതങ്ങ് ഓടിച്ചിട്ടു കടിക്കുമോ?'

    'കോലിട്ടു കുത്തിയാല്‍ കടിക്കാത്ത പട്ടിയുണ്ടോ! അതും ഹിറ്റ്‌ലറോടാ അവന്റെ കളി!'

    അപ്പാജി അഭിപ്രായം പറഞ്ഞു. 

    'അതു കുഞ്ചാക്കോയുടെ പണിയാ. അയാളതു മനഃപൂര്‍വ്വം ഒപ്പിച്ചതാ. പൊട്ടന്റെ ഭാര്യയുമായി ഒന്നൊത്തുകളിച്ചതാ. പാവം ഹിറ്റ്‌ലര്‍! ആ മിണ്ടാപ്രാണിക്ക് അവരുടെ ചുറ്റിക്കളി വല്ലതുമറിയാമോ? അയാളാണെങ്കില്‍ പെണ്ണുപോലും കെട്ടാതെ ഒറ്റത്തടിയായി നില്‍ക്കുവല്ലേ!'

    തുടര്‍ന്ന്, അപ്പാജി അയാളുടെ ചരിത്രം മുഴുവന്‍ പറഞ്ഞുതുടങ്ങി: 

    'അച്ചന്‍പട്ടത്തിനു പോയിട്ട് സെമിനാരീലെ പിള്ളേര്‍ക്കു രഹസ്യമായി പട്ടച്ചാരായം വിറ്റതിനു പട്ടം കിട്ടാതെ ചാടിയതാ. റോഷനച്ചന്റെകൂടെ ഒരേ സെമിനാരീല്‍ പഠിച്ചതാണെന്നും കേട്ടിട്ടുണ്ട്. അങ്ങനെ അച്ചന്റെകൂടെ കൂടിയിട്ടിപ്പോള്‍ വര്‍ഷങ്ങളായി. ആ പാവം പൊട്ടനെക്കൊണ്ടു കപ്യാരുപണിയുള്‍പ്പെടെ സകല പണിയും ചെയ്യിക്കും. പൊട്ടനും അയാളെ സംശയമുണ്ടെന്നാ കേട്ടത്. ഡോക്ടര്‍ സോളമന്‍ പരാതി കൊടുത്തപ്പോഴേ അച്ചനെ ജനമര്‍ദ്ദകന്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ചു നല്ലതുപോലെ ഒന്നു പെരുമാറിയെന്നാ അറിഞ്ഞത്.'

    ആരോ പറഞ്ഞറിഞ്ഞ് നീലിമ ഓടിവന്ന് അച്ചനെ ഇറക്കിക്കൊണ്ടുപോന്നെന്നു കരണ്ടുരാജപ്പന്‍ പറഞ്ഞു. ഡാം സംരക്ഷണസമിതിയെ എതിര്‍ക്കുന്ന തമിഴ്മക്കളും എതിര്‍ സ്ഥാനാര്‍ത്ഥി സുശീലയും കന്തസ്വാമിയുടെ നിര്‍ബ്ബന്ധത്തിനുവഴങ്ങി, എസ് ഐ ജനാര്‍ദ്ദനനെക്കൊണ്ടു ചെയ്യിച്ചതാണെന്നും അതല്ല, എസ് ഐക്ക് അച്ചനോടെന്തോ മുന്‍വൈരാഗ്യമുണ്ടായിരുന്നെന്നും കഥകള്‍ പ്രചരിച്ചു. ആരെക്കിട്ടിയാലും ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ കുനിച്ചുനിര്‍ത്തിയിടിക്കുന്നത് എസ് ഐ ജനാര്‍ദ്ദനന്റെ ശൈലിയാണ്. ജനമര്‍ദ്ദകനെന്നുള്ള പേരു വീണതും അതുകൊണ്ടുതന്നെ. 

    റോഷനച്ചന്റെ നടുവിനു പരിക്കുണ്ടെന്നും തിരുമ്മുകാരനെക്കൊണ്ട് എണ്ണയിട്ടു തിരുമ്മിച്ചെന്നും ആരോ പറഞ്ഞു. 

    അടുത്തൊരു ദിവസം പത്രത്തില്‍ വന്ന വാര്‍ത്ത എല്ലാവരേയും അമ്പരപ്പിച്ചു. എസ് ഐ ജനമര്‍ദ്ദകന്‍ എന്നറിയപ്പെടുന്ന ജനാര്‍ദ്ദനനെ കാണ്‍മാനില്ല എന്നതായിരുന്നു ആ വാര്‍ത്ത! അന്തിച്ചന്തയിലും കുട്ടാപ്പിയുടെ ചായക്കടയിലും കൂലംകഷമായ ചര്‍ച്ച നടന്നു. സംഭവം നടന്ന ദിവസം രാത്രിതന്നെ പള്ളീലച്ചനെ ഇടിച്ച കേസില്‍ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്‍ എന്‍ക്രോച്ച് ചെയ്തു ജനമര്‍ദ്ദകനെ ഘെരാവോ ചെയ്തിരുന്നു. അവസാനം പോലീസ് എല്ലാവരേയും അടിച്ചോടിക്കുകയായിരുന്നു. 

    പഞ്ചായത്ത് പ്രസിഡന്റ് നീലിമാ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ വകുപ്പുമന്ത്രിക്കു പരാതിയയച്ചു. അച്ചനെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനുത്തരവിടുക, ജനാര്‍ദ്ദനനെ സസ്‌പെന്‍ഡ് ചെയ്യുക എന്നീയാവശ്യങ്ങളാണുന്നയിച്ചിരുന്നത്. 

    തമിഴ്മക്കള്‍ പാര്‍ട്ടിക്കും സിനിമാനടി സസ്‌നേഹം സുശീലയ്ക്കും കൂനമ്പാറ മണ്ഡലത്തില്‍ കാര്യമായ ജനപിന്തുണയില്ലെന്ന് ആ സംഭവത്തോടുകൂടി ജനാര്‍ദ്ദനന്‍പിള്ളയ്ക്കും മനസ്സിലായി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക