പലകുറി ഞാനേ മറികടന്നയാ
പരിശുദ്ധനുണയിന്‍ കുരുക്കഴിക്കെ,
എത്ര പേലവമായൊരു നാരിലെന്റെ
ചിത്രകായം കുരുങ്ങിപ്പരുങ്ങിടുന്നു!
യാതൊന്നുമാവാതുഴറിമാഴ്കുമ്പൊഴും,
താപം വഹിച്ചു ഹൃദയം വേവുമ്പൊഴും,
ആകാശമാകെയരിച്ച പ്രത്യാശയിന്‍
മൗഢ്യം നിനച്ചു പശ്ചാത്തപിക്കുമ്പൊഴും,
ജരാനരനൊമ്പരങ്ങളിലുലഞ്ഞ്,
നിണസ്വേദചറമശ്രുഗണതത്തിന്‍
ക്ഷുബ്ധവര്‍ണ്ണവര്‍ഷത്തില്‍ കൊഴിഞ്ഞ്
ഇലവീണുകുമിയു,ന്നന്ത്യവഹ്നിക്കായോ?
കൊടിയ വിഷനാഗങ്ങള്‍ ചുറയുന്നു
മനസ്സിന്റെ ചിലകളില്‍, തക്കംപാര്‍ത്തു
ചുറ്റും മണ്ടുന്നു കഴുകര്‍, ചെന്നായ്ക്കളും,
കലപിലഹരം കപികള്‍, കാകരും.
കണ്ഠീരവനുടെ പ്രൗഢഗര്‍ജ്ജനം
വിപിനഭീഷണമായിരു,ന്നതു
നേര്‍ത്തു ഞരക്കമായ് ചോര്‍ന്നുപോകുന്നു,
കുണ്ഠിതകണ്ഠം ശിരസ്സു താഴുന്നു.
മൂഷികന്റെ കൃതഘ്‌നതയല്ല, ദന്തീന്ദ്ര-
വൈരമ,ല്ലീശ്വരശാപവുമല്ല
മൃഗരാജനുടെ തുയരകാരണം--
അത്രമേല്‍ ബലിഷ്ഠം ഈയദൃഷ്ടബന്ധനം.