Image

എന്റെ ജീവിതം ; ഇസഡോറ ഡങ്കന്‍ ( പുസ്തക പരിചയം : ജോയ്ഷ് ജോസ് )

ജോയ്ഷ് ജോസ് Published on 13 November, 2023
എന്റെ ജീവിതം ; ഇസഡോറ ഡങ്കന്‍ ( പുസ്തക പരിചയം : ജോയ്ഷ് ജോസ് )

'അതായിരുന്നു ആദ്യപ്രണയം. ഭ്രാന്തവും തീവ്രവുമായ ആദ്യപ്രണയം. അതിനുശേഷം അത്തരമൊന്ന് ഞാന്‍ അനുഭവിച്ചിട്ടില്ല. തീക്ഷ്ണമായ ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടിയതേയുള്ളൂ. അടുത്തതില്‍ നിന്നും രക്ഷപെടുമോ തിരശ്ശീല വീണ് അരങ്ങ് അവസാനിക്കുമോ എന്നറിയില്ല. അതുകൊണ്ടാണിങ്ങനെ തുറന്നെഴുതുന്നത്.''
(ഇസഡോറ ഡങ്കന്‍)

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളും രൂപപ്പെടുത്തിയ ജീവിതവീക്ഷണങ്ങളാണ് ഇസഡോറ ഡങ്കന്‍ എന്ന അമേരിക്കന്‍ നര്‍ത്തകിയുടെ എന്റെ ജീവിതം എന്ന ആത്മകഥ.കലാകാരന്റെ ജീവിതവും വിശുദ്ധന്റെ ജീവിതവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഇസഡോറ ഡങ്കന്‍ പറയുന്നത്.സമകാലിക സാഹിത്യപരിസരത്ത് ആത്മകഥകള്‍ ഇറങ്ങുകയും  വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചിലത് പൊങ്ങച്ചതിന്റെയും ആത്മ പ്രശംസയുടെയും മൂര്‍ത്ത രൂപത്തിലുള്ളത്.ഉദാഹരണത്തിന് ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ  മറ്റുനാമത്തിലും ജേക്കബ് തോമസിന്റെ 
സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോളും. എന്നാല്‍ മറ്റു ചിലത് ഹൃദയ രക്തം കൊണ്ട് എഴുതപ്പെട്ടവയാണ് അതിനുദാഹരണങ്ങളാണ് നളിനി ജമീലയുടെയും നമ്പി നാരായണന്റെയും ആത്മകഥകള്‍. 

 ഓരോ ആത്മകഥയും  ഇവിടെ ഇങ്ങനെയൊരാള്‍ ഉണ്ടായിരുന്നു, ജീവിതംകൊണ്ട് അളന്നും അടയാളപ്പെടുത്തിയും നൊന്തും നോവിച്ചും കടന്നുപോയി എന്നതിന്റെ തെളിവുകളാണ്. ശരിക്കും പറഞ്ഞാല്‍ കാലത്തിലേക്കും വ്യക്തിയിലേക്കുമുള്ള ഒളിഞ്ഞുനോട്ടങ്ങളാണ് ആത്മകഥകള്‍.
ഹൃദയം രക്തം കൊണ്ടെഴുതപ്പെട്ട ആത്മകഥകള്‍ നമ്മെ പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതിരിക്കാനുള്ള പ്രചോദനമേകിയും മറ്റു ചിലപ്പോള്‍ അസ്വസ്ഥതപ്പെടുത്തിയും കൊണ്ടും കടന്നു പോകും. അത്തരം പുസ്തകങ്ങളാണ് നമ്മെ പുനര്‍ വായനയ്ക്ക് നിര്‍ബന്ധിതരാക്കുന്നത്. ഇസഡോറയുടെ എന്റെ ജീവിതവും അങ്ങനെയൊന്നാണ്.

1877 ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ബാങ്കര്‍ ജോസഫ് ഡങ്കന്റെ കുടുംബത്തിലാണ് ഇസഡോറ ഡങ്കന്‍ ജനിച്ചത്. പിതാവ് താമസിയാതെ കുടുംബം ഉപേക്ഷിച്ചു, അമ്മ മേരി ഇസഡോറ ഗ്രേയ്ക്ക് തന്റെ നാല് മക്കളെ സഹായിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവന്നു.  സംഗീതം എല്ലായ്‌പ്പോഴും അവരുടെ വീട്ടില്‍ മുഴങ്ങിരുന്നു.ലിറ്റില്‍ ഇസഡോറ രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ നൃത്തം ചെയ്യാന്‍ തുടങ്ങി. ആറാമത്തെ വയസ്സില്‍ അവള്‍ സമീപത്തെ കുട്ടികള്‍ക്കായി ആദ്യത്തെ 'നൃത്ത വിദ്യാലയം' തുറന്നു: അവള്‍ സ്വയം കണ്ടുപിടിച്ച ചലനങ്ങള്‍ അവരെ പഠിപ്പിച്ചു. പന്ത്രണ്ടാം വയസ്സില്‍, പാഠങ്ങള്‍ പഠിപ്പിച്ച്  അവള്‍ പണം സമ്പാദിച്ചു.

ഒരു വര്‍ഷത്തിനുശേഷം, അവള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങുകയും നൃത്തം, സംഗീതം, സാഹിത്യം, തത്ത്വചിന്ത എന്നിവ പഠിക്കുകയും ചെയ്തു. 1895 ല്‍ കുടുംബം ചിക്കാഗോയിലേക്ക് മാറി. നൈറ്റ്ക്ലബുകളില്‍ അവതരിപ്പിച്ച ഡങ്കന്‍ തിയേറ്ററില്‍ ജോലി ചെയ്തു. നൃത്തത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് ക്ലാസിക്കല്‍ പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുടുംബം ആദ്യം ലണ്ടനിലേക്കും പിന്നീട് പാരീസിലേക്കും മാറി. 1902 ല്‍ നടിയും നര്‍ത്തകിയുമായ ലോ ഫുള്ളര്‍ ഇസഡോറയെ യൂറോപ്പ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അവര്‍ ഒന്നിച്ച് പുതിയ കോമ്പോസിഷനുകള്‍ സൃഷ്ടിച്ചു: 'സെര്‍പന്റൈന്‍ ഡാന്‍സ്', 'ഫയര്‍ ഡാന്‍സ്'. 'ദിവ്യ ചെരുപ്പുകള്‍' - യൂറോപ്യന്‍ സാംസ്‌കാരിക അന്തരീക്ഷത്തില്‍ ഡങ്കന്‍ വളരെ പ്രശസ്തയായി.

മാതാപിതാക്കളുടെ പരാജയപ്പെട്ട കുടുംബജീവിതം കണ്ട ഡങ്കന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചില്ല.  സംവിധായകന്‍ ഗോര്‍ഡന്‍ ക്രെയ്ഗുമായി ഡങ്കന്  ബന്ധം ഉണ്ടായിരുന്നു. ഒപ്പം പാരീസ് യൂജിന്‍ സിംഗറുമായും.1921 ല്‍ ഇസഡോറ ഡങ്കന്‍ മോസ്‌കോയിലേക്ക് പോയി. അവിടെ തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായി ഒരു നൃത്ത വിദ്യാലയം സംഘടിപ്പിച്ചു.ആ കാലത്താണ് സെര്‍ജി യെസെനിനുമായി ഡങ്കന്‍ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ കവിതകള്‍ അവള്‍ക്കായി വായിച്ചു പക്ഷേ ഭാഷ ഇസഡോറയ്ക്ക്  മനസ്സിലായില്ല, പക്ഷെ അത് സംഗീതമാണെന്നും വരികള്‍ ഒരു പ്രതിഭ എഴുതിയതാണെന്നും അവള്‍ മനസ്സിലാക്കി. ആദ്യം, അവര്‍ വിവര്‍ത്തകരിലൂടെ ആശയവിനിമയം നടത്തി.അവള്‍ക്ക് റഷ്യന്‍ അറിയില്ല, സെര്‍ജിക്ക് ഇംഗ്ലീഷും ആദ്യം, അവര്‍ വിവര്‍ത്തകരിലൂടെ ആശയവിനിമയം നടത്തി. അവരില്‍ മൊട്ടിട്ട പ്രണയം പൂത്തുലഞ്ഞ് തുടങ്ങി അവര്‍ പരസ്പരം 'ഇസഡോറ', 'യെസെനിന്‍' എന്ന് വിളിച്ചു.1922-ല്‍ ഡങ്കനും യെസെനിനും വിവാഹിതരായി.

ഡങ്കന്റെ മനോഹരമായ  പ്രണയ വരികളിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.ഡങ്കന്റെ സംഭവ ബഹുലമായ പുസ്തകം വായിച്ച് തന്നെയറിയൂ..''പ്രണയം ഒരു വിശ്വാസം മാത്രമാണ്. ഒരാളുടെ പ്രണയത്തെ മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുന്നത് ബിഥോവന്റെ സംഗീതത്തെ പുചിനിയുടേതുമായി താരതമ്യപ്പെടുത്തുന്നതുപോലെയാണ്. ഓരോ പ്രണയവും നാദമുണര്‍ത്തുന്ന സംഗീതോപകരണമാണ്. ഒരാളുടെ പ്രണയം മാത്രമറിഞ്ഞ സ്ത്രീ ഒരു സംഗീതോപകരണത്തെ മാത്രമറിയുന്ന ആസ്വാദകയാണ്. പ്രണയം മതിഭ്രമാണ്'.

പുസ്തകം - എന്റെ ജീവിതം.
ആത്മകഥ - ഇസഡോറ ഡങ്കന്‍
പരിഭാഷ - കൃഷ്ണവേണി.
പ്രസാധനം - പാപ്പിയോണ്‍ - ഒലിവ്
വില - 240
കുറിപ്പ് തയ്യാറക്കിയത്  - ജോയിഷ് ജോസ്
ഫോണ്‍ - 9656935433

പിന്‍കുറിപ്പ് - കുറിപ്പ് തയ്യാറാക്കാനായി സഹായങ്ങള്‍ തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക