ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന
P എന്ന പ്രദേശത്തേക്ക്
ഞാന്‍ വിട്ടുപോന്ന
K എന്ന നഗരത്തില്‍ നിന്നും സന്ദേശമെത്തി
A എന്ന മുത്തശ്ശന്‍ മരിച്ചു പോയിരിക്കുന്നു
92 വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്
എനിക്കോ അമ്പത്തി ഒന്നും
ആയത് ,പ്രകടിപ്പിക്കാന്‍ അക്കങ്ങളെ
അനുവദിക്കാതെ അക്ഷരങ്ങള്‍ പിടഞ്ഞുവീഴുന്നു ,കണ്ടില്ലേ ??
നടപ്പാതകളില്‍ ഞങ്ങള്‍
നേര്‍ക്ക് നേര്‍ വന്നു
അദ്ദേഹത്തിന് ഞാന്‍ വെറൂം
നിഴലായിരുന്നു
മങ്ങിയ കാഴ്ച്ചയില്‍
എന്റെ അഭിവാദ്യങ്ങളും കുശലങ്ങളും
കൂട്ടിച്ചേര്‍ത്താവാം
അദ്ദേഹമെന്നെ രൂപപ്പെടുത്തിയത്
'ആരാ '
'ഞാനാ '
എത്ര എളുപ്പമാണ് ചില ചോദ്യോത്തരങ്ങള്‍
ലിപികള്‍ പിണങ്ങരുത്
പഴിചാരുകയുമരുത്
ഇത് ജീവിതമാണ്
പരിചിത ശബ്ദങ്ങള്‍
പലതും
A യുടെ വഴി തെളിച്ചു
വിറയലുള്ള കരങ്ങള്‍
ദേഹത്തെ മുന്നോട്ട് കൊണ്ടുപോയി
നടപ്പാതയിലെ ഇലയനക്കങ്ങളും
പറവകളും ,ചെറുപ്രാണികളും
ഇനി ആര്‍ക്ക് വേണ്ടിയാണ് ?
മുറുകാത്ത ആ ജലധാര
ഒറ്റത്തുള്ളി ക്രമത്തില്‍
ഇടവിട്ടിടവിട്ട് A യുടെ
ചുവടുകള്‍ എണ്ണിയില്ലേ ?
P എന്ന പ്രദേശത്ത്
കടലും തീരവുമുണ്ട്
k യിലും അങ്ങനെ തന്നെ
ഇവിടെ കടല്‍ ശാന്തമാണ്
പക്ഷെ
K യില്‍ നിന്നെത്തിയ സന്ദേശത്തില്‍
മനസ്സ് പ്രക്ഷുബ്ധമാണ്
മഴ പെയ്ത് നടപ്പ് മുടങ്ങിയ സായാഹ്നങ്ങള്‍
വിരുന്നുകാര്‍
മുടന്തന്‍ ന്യായങ്ങള്‍
92 വര്‍ഷങ്ങള്‍ കയ്യിലൊതുക്കി
A എന്ന മുത്തശ്ശന്‍ പോയിരിക്കുന്നു
എന്റെ കാഴ്ച്ചയില്‍
A മങ്ങിയ നിഴലാകുന്നു.