Image

ഗര്‍ഭഛിദ്രത്തിന്റെ കാണാപ്പുറങ്ങള്‍- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 November, 2023
ഗര്‍ഭഛിദ്രത്തിന്റെ കാണാപ്പുറങ്ങള്‍- (ഏബ്രഹാം തോമസ്)

ടെക്‌സസ്: 2022 ജൂണ്‍ 24ന് യു.എസ്. സുപ്രീം കോടതി പ്രഖ്യാപിച്ച അന്തിമവിധിയില്‍ യു.എസ്. ഭരണഘടന ഗര്‍ഭഛിദ്രത്തിനുള്ള അവകാശം നല്‍കുന്നില്ല എന്ന് വിധിച്ചു(ഡോബ്‌സ് വേഴ്‌സസ് ജാക്ക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍).49 വര്‍ഷത്തിലധികം നീണ്ടുനിന്ന റോവേഴസസ് വേഡ് കേസിന്റെ യു.എസ്. സുപ്രീം കോടതി വിധി അതോടെ റദ്ദായി.

ഈ വിധിയുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം അനുഭവപ്പെടുന്നത് ടെക്‌സസിലാണ്. 2021ല്‍ പാസ്സാക്കിയ ടെക്‌സസ് ഹാര്‍ട്ട് ബീറ്റ് ആക്ട് പ്രകാരം ഗര്‍ഭധാരണത്തിന്റെ ആറാഴ്ചയ്ക്കുശേഷമുള്ള ഗര്‍ഭഛിദ്രം ടെക്‌സസില്‍ നിയമവിരുദ്ധമാണ്. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.

ടെക്‌സസില്‍ ഗര്‍ഭഛിദ്ര നിരോധത്തിന് 1850 മുതലുള്ള ചരിത്രമുണ്ട്. ആ വര്‍ഷം ടെക്‌സസ് ലെജിസ്ലേച്ചര്‍ പാസ്സാക്കിയ നിയമത്തില്‍ 'ഇന്‍ഡ്യൂസ്ഡ് മിസ്‌കാരേജ്' നിയമവിരുദ്ധമാക്കിയിരുന്നു. ഈ നിയമം 1973 വരെ പ്രാബല്യത്തിലുണ്ടായിരുന്നു. അപ്പോഴാണ് ഒരു ഡാലസുകാരി ഗര്‍ഭഛിദ്ര അവകാശത്തിന് വേണ്ടി യു.എസ്. സുപ്രീം കോടതിയെ സമീപിച്ചത്. റോവേഴ്‌സസ് വേഡ് എന്നറിയപ്പെടുന്ന ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

2021ലെ ടെക്‌സസ് നിയമവും അതിനടുത്ത വര്‍ഷത്തെ യു.എസ്. സുപ്രീം കോടതി വിധിയും ഉണ്ടായതിന് ശേഷം ടെക്‌സസ് സ്ത്രീകളില്‍ നടത്തുന്ന ഗര്‍ഭഛിദ്രങ്ങള്‍ അതീവ രഹസ്യങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ പ്രക്രിയയ്ക്ക് വേണ്ടി ഗര്‍ഭിണികള്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് നടത്തുന്ന യാത്രകളും വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഇത് സഹായിക്കുവാന്‍ കുറെയധികം സഹായിക്കുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ യു.എസില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നു. സമീപ കാലങ്ങില്‍ ഇവയുടെ ആധിക്യവും പ്രസക്തിയും വര്‍ധിച്ചിട്ടുണ്ട്. ദ മിഡ് വെസ്റ്റ് ആക്‌സസ് അത്തരമൊരു സ്ഥാപനമാണ്. ഈ വര്‍ഷം കണക്കുകള്‍ ലഭ്യമാകുന്ന് വരെ 400ല്‍ അധികം ടെക്‌സസ് സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം സ്ഥാപനം സഹായിച്ചിട്ടുണ്ട്. ദേശവ്യാപകമായുള്ള അബോര്‍ഷന്‍ ഫണ്ട് ചങ്ങലയിലെ ഒരു പ്രധാന ചരടാണ്. ഈ സ്ഥാപനം. യഥാര്‍ത്ഥ ഗര്‍ഭഛിദ്രചെലവുകള്‍ സ്ഥാപനം വഹിക്കാറില്ല. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി ഊബര്‍ വാഹനചെലവു മുതല്‍ ബേബിസിറ്റിംഗ്, ചെലവുവരെ സ്ഥാപനം വഹിക്കുന്നു. വേണ്ടി വരുന്നത് പലപ്പോഴും ആയിരക്കണക്കിന് ഡോളറുകള്‍ ആയിരിക്കും. ടെക്‌സസ് നിയമവും അതിന് ശേഷമുള്ള യു.എസ്. സുപ്രീം കോടതി വിധിയും സഹായസ്ഥാപനങ്ങള്‍ക്ക് വളരെ പെട്ടെന്ന് ധാരാളം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതിന്റെയും കുറഞ്ഞത് 21 സംസ്ഥാനങ്ങളിലെ ആവശ്യക്കാരായ സ്ത്രീകളെ സഹായിക്കുവാന്‍ മില്യണ്‍ കണക്കിന് ഡോളറുകള്‍കണ്ടെത്തേണ്ടതിന്റെയും സാഹചര്യം സൃഷ്ടിച്ചു.

മിഡ് വെസ്റ്റ് ആക്‌സെസ് കോ അലിഷന്റെ കോഡയറക്ടര്‍ എമിലി മൊര്‍ബാഷന്‍ ചില അനുഭവകഥകള്‍ പങ്കുവച്ചു. ഈസ്റ്റ് ടെക്‌സസിലെ ഒരു സ്ത്രീ അബോര്‍ഷന്‍ വേണ്ടെന്ന് വച്ചത് അവരുടെ ഡോക്ടര്‍മാരെ ഭയന്നാണ്. ഒടുവില്‍ അവരുടെ കുട്ടി ജനിച്ചത് ജീവനില്ലാതെയാണ്. കുഞ്ഞ് മരിച്ചത് അവരുടെ കൈകളിലേയ്ക്കു എത്തുന്നതിന് മുമ്പാണെന്ന് അവര്‍ പറഞ്ഞു. മറ്റൊരു സംഭവംഒരു ഇല്ലിനോയി ക്ലിനിക്കില്‍ അബോര്‍ഷന്‍ നടത്താനെത്തിയ ഒരു ടെക്‌സസുകാരിക്ക് നേരിടേണ്ടി വന്ന പ്രതിഷേധമായിരുന്നു. അവരുടെ യാത്രയ്ക്കും താമസത്തിനും തന്റെ സ്ഥാപനം 2,000 ല്‍ അധികം ഡോളര്‍ നല്‍കിയെന്ന് മൊര്‍ബാഷര്‍ പറഞ്ഞു. ഒരു ദിവസം തനിക്ക് സഹായം അഭ്യര്‍ത്ഥിച്ച് 50 കോളുകള്‍ വരെ ലഭിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.
ഫണ്ട് ടെക്‌സസ് ചോയ്‌സിന്റെ ഡെവലപ്പ്‌മെന്റ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയ്‌ലിന്‍ ഫാര്‍ മന്‍സണ്‍ പറയുന്നത് മുമ്പ് തങ്ങള്‍ക്ക് ഒരു മാസം 40 ഓ 50 ഓ കോളുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇത് 300ല്‍ അധികം ആയിരിക്കുന്നു. എട്ട് ജീവനക്കാരില്‍ നിന്ന് വര്‍ധിപ്പിച്ച് 10 പേരെ നിയമിക്കേണ്ടി വന്നു. 2022 ജൂണില്‍ അമേരിക്കയില്‍ മൊത്തം 88, 840 അബോര്‍ഷനുകള്‍നടന്നതായാണ് കണക്ക്. ടെക്‌സസിന്റേത് 2,600 ആയിരുന്നു. 2023 നവംബര്‍ 6 വരെ ഷിക്കാഗോ അബോര്‍ഷന്‍ ഫണ്ടിലേയ്ക്ക് ടെക്‌സസുകാര്‍ നട്തതിയത് 1,261 ഫോണ്‍ വിളികളാണ്. അടുത്ത വര്‍ഷത്തെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണ വിഷയങ്ങളിലൊന്ന് ഗര്‍ഭഛിദ്ര അവകാശം ആയിരിക്കും. പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇതിന് വേണ്ടി വാദിക്കുമ്പോള്‍ റിപ്പബ്ലിക്കനുകള്‍ എതിര്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക