ഫിലാഡല്‍ഫിയാ, യു.എസ്.എ.: 2022 ഒക്‌ടോബറിനും 2023 സെപ്റ്റംബറിനും മദ്ധ്യേയുള്ള കാലഘട്ടത്തില്‍ 2,180 ഇന്‍ഡ്യന്‍ പൗരന്മാരെ അമേരിക്കന്‍ അതിര്‍ത്തിസേന അനധികൃതമായി കുടിയേറ്റ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചതായി അമേരിക്കന്‍ കസ്റ്റംസ്സ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബോര്‍ഡര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചവരുടെ കൃത്യമായതോ സാങ്കല്പിതമായതോ ആയ വിവരങ്ങള്‍ മാദ്ധ്യമ ദൃഷ്ടിയില്‍ എത്തിയിട്ടില്ല. 2019-20 ല്‍ 19,883 ഉം 2018 ല്‍ ഏകദേശം 2400 ല്‍ അധികം ഇന്‍ഡ്യന്‍ ജനതയെ കുടിയേറ്റ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വാഷിംങ്ടണ്‍ പോസ്റ്റ് ദിനപത്ര വാര്‍ത്തയില്‍ പറയുന്നു.
കൃത്രിമമായ നാമകരണത്തോടുകൂടി ഇന്‍കോര്‍പ്പറേറ്റ് ചെയ്തു അയോഗ്യമായും നിയമവിരുദ്ധമായും 10 വര്‍ഷത്തിലധികമായി അമേരിക്കന്‍ മലയാളിയും ഏതാനും ഉത്തരേന്ത്യന്‍ വ്യക്തികളും ചേര്‍ന്നു നടത്തികൊണ്ടിരുന്ന അശുദ്ധ സംഘടനയുടെ ക്രമക്കേടുകള്‍ യുണൈറ്റ് സ്റ്റേറ്റ്‌സ് അറ്റോര്‍ണി ജാക്വലിന്‍ റോമിയോ കണ്ടെത്തി 42 ലധികം വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്തതായി ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് പെന്‍സില്‍വാനിയ വിജ്ഞാപനത്തില്‍ പരസ്യപ്പെടുത്തി.
അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധി മാര്‍ക് ടകാനോയുടെ യു. എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കാലിഫോര്‍ണിയ സ്റ്റേറ്റിലെ ജയില്‍ സന്ദര്‍ശന വേളയില്‍ അപ്രതീക്ഷിതമായി 40 ശതമാനം തടവുശിക്ഷയില്‍ ഉള്ളവര്‍ ഇന്‍ഡ്യന്‍ പൗരന്മാരാണെന്നു നേരില്‍ കണ്ടു അത്ഭുതപ്പെട്ടതായി എ. പി. റിപ്പോര്‍ട്ടില്‍ പറയുന്നു. സകല സ്വത്തുക്കളും വിറ്റശേഷം വന്‍ തുക വ്യാജ ഏജന്റിന് കൊടുത്തു ബന്ധുക്കളോടും മിത്രങ്ങളോടും യാത്രാമൊഴി ചൊല്ലി അമേരിക്കന്‍ സ്വപ്ന വാസത്തിനായി പുറപ്പെട്ട ഹതഭാഗ്യവാന്മാര്‍ സുദീര്‍ഘമായ കോടതി കേസുകളും ജയില്‍ പീഡനങ്ങളും സഹിച്ചു ഇരുമ്പഴിക്കുള്ളില്‍ എത്രയധികം മാസങ്ങളോ വര്‍ഷങ്ങളോ കഴിയേണ്ടി വരുമെന്നു നിര്‍ണ്ണായകമല്ല. തടവില്‍ കഴിയുന്ന വന്‍ വിഭാഗം അനധികൃത ഇന്‍ഡ്യന്‍ കുടിയേറ്റക്കാര്‍ ഏകാന്തതയില്‍ ആത്മാഭിമാനം മൂലം ബാഹ്യലോകവുമായി ബന്ധപ്പെടുന്നില്ല.
കാലിഫോര്‍ണിയ സ്റ്റേറ്റിന്റെ സൗത്ത് സൈഡിലുള്ള മെക്‌സികോയിലെ ബാജാ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ കൂടിയും പടിഞ്ഞാറു ഭാഗത്തുള്ള പസഫിക് സമുദ്രമാര്‍ഗ്ഗവും രഹസ്യമായി അനേകം ഇന്‍ഡ്യക്കാര്‍ അമേരിക്കയില്‍ എത്തിച്ചേരുന്നതായി വിവിധ മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. വ്യാജ മാര്‍ഗ്ഗത്തിലൂടെ അമേരിക്കയില്‍ എത്തിയ ഇന്‍ഡ്യക്കാരുടെ കൃത്യമായ എണ്ണം ലഭ്യമല്ല.
പലപ്പോഴും ജയില്‍ലഹളയും തടവുകാര്‍ തമ്മിലുള്ള കലഹവുംമൂലം തടവിലുള്ളവരെ പല സ്റ്റേറ്റുകളിലുള്ള ജയിലിലേക്കു മാറ്റുന്നതിനാല്‍ കൃത്യമായ എണ്ണം ലഭ്യമല്ല. സൈറാക്യൂസ് യൂണിവേഴ്‌സിറ്റിയുടെ ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡിലും തടവിലുള്ള ഇന്‍ഡ്യക്കാരുടെ ഏകദേശമായ എണ്ണം മാത്രമേ പറയുന്നുള്ളൂ. കാലിഫോര്‍ണിയായിലെ എല്‍ക് ഗ്രോവില്‍ താമസിക്കുന്ന രജീന്ദ്രര്‍ പാല്‍ സിംഗെന്നും, ജസ്പാല്‍ ഗില്ലെന്നും കുറ്റകൃത്യമറവിനുവേണ്ടി രണ്ടുപേരുള്ള, പഞ്ചാബ് സദേശി 800 ലധികം അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിലേക്കു വന്‍ പ്രതിഫലം വാങ്ങി കയറ്റി അയച്ചതിനും, കള്ളപ്പണം വെളുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയതിനുമുള്ള കുറ്റസമ്മതം നടത്തി 45 മാസത്തെ ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയതായി ആക്ടിംങ് യു.എസ്. അറ്റോര്‍ണി ടെര്‍സം ജെര്‍മന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ ചാര്‍ജ് ഷീറ്റില്‍ ജസ്പാല്‍ ഗില്‍ 5 ലക്ഷത്തിലധികം ഡോളര്‍ (4 കോടി 17 ലക്ഷം രൂപാ) അമേരിക്കയില്‍ വരുവാനാഗ്രഹിക്കുന്ന പല ഇന്‍ഡ്യക്കാരില്‍നിന്നുമായി വ്യാജ ഉറപ്പും വാഗ്ദാനവും ചെയ്തു കൈപ്പറ്റിയതായുമുള്ള കുറ്റസമ്മതം നടത്തി.
4 വര്‍ഷത്തിലധികമായി അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ക്കൂടിയും പസഫിക്ക് സമുദ്രതീരത്തുകൂടിയും നൂറുകണക്കിന് ഇന്‍ഡ്യക്കാരെ അമേരിക്കയില്‍ എത്തിച്ചതായുമുള്ള കുറ്റസമ്മതം സിംഗ് നടത്തി. യാതൊരുവിധ രേഖയും ഇല്ലാതെ സിംഗിന്റെ കെണിയില്‍ക്കൂടി അമേരിക്കയില്‍ എത്തിയവരുടെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതവും സിംഗിനു കൊടുക്കുവാന്‍ വേണ്ടി കടംവാങ്ങിയ വഞ്ചിത കടക്കെണി ഉടമകളുടെ ഭീഷണിയും ഇപ്പോഴും തുടരുന്നതായി അറിയപ്പെടുന്നു.
വന്‍തുകകള്‍ ബാങ്കില്‍നിന്നും ക്രെഡിറ്റ് കാര്‍ഡില്‍നിന്നും എടുത്തശേഷം തവണകള്‍ ആയിട്ടോ മൊത്തമായോ തിരിച്ചടയ്ക്കാതെ കോടതി അനുമതിയോടെ 'ബാങ്ക്രപ്റ്റ്‌സി' അഥവാ 'പാപ്പരത്തം' പ്രഖ്യാപിക്കുന്ന ഇന്‍ഡ്യാക്കാര്‍ കുറവല്ല.