Image

വല്ലാഗൊ അട്ടു (കഥാമത്സരം 23-സുരേഷ് പേരിശ്ശേരി)

Published on 15 November, 2023
വല്ലാഗൊ അട്ടു (കഥാമത്സരം 23-സുരേഷ് പേരിശ്ശേരി)

“ചെറിയ മനുഷ്യർക്ക് കൊച്ചു കൊച്ചു കാരണങ്ങൾ മതി പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാനും. അവരുടെ സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും തമ്മിലുള്ള അകലങ്ങൾക്ക് ദൂരം വളരെ കുറയും. രണ്ടിനും ഒരു വാക്കോ നോട്ടമോ സ്പർശമോ മതിയാകും. എന്നാലും അതിന് ഹൃദയത്തിൽ തൊടുന്ന സ്നേഹത്തിൻ്റെ കുഞ്ഞൊരു നൊമ്പരമുണ്ട്, ചൂടുണ്ട്.”
                                                                                                                                      കുട്ടൻ വെട്ടുവഴിയിൽ നിന്നും ചരുവിലേക്കിറങ്ങി. തൊമ്മിയുടെ കയ്യാലക്ക് കുത്തിയിരുന്ന കൊന്നത്തണ്ടിൽ പിടിച്ചു നിന്നപ്പോൾ കൊന്നയൊന്നാടി. ഇരുള് തന്നൊരിത്തിരി വെട്ടത്തിൽ ചാഞ്ഞുവന്നൊരു പൂക്കുലകമ്പിലെ കുഞ്ഞൊരു പൂവ് അയാളെ നോക്കി ചിരിച്ചു. തലേന്ന് പെയ്തമഴയിലെ ഇത്തിരിപ്പോരം തേൻതുള്ളി വായിലാക്കിയ പിങ്ക് പൂവ് അയാളിൽ സ്നേഹം നിറച്ചു. അയാളതിനെ മൃദുവായൊന്ന് തൊട്ടു. തേൻകുടം പൊട്ടി താഴെ പോയി. 
"തൊടണ്ടായിരുന്നു." 
"തൊടാണ്ടു പിന്നെ സ്നേഹിക്കാൻ പറ്റുമോ?"
"ഞാൻ ആരെയും തൊടുന്നില്ലല്ലോ."പൂവ് പിന്നെയും ചിരിച്ചു. 
കുട്ടിക്കാലത്തെപോലെ ഒന്നുറക്കെ കൂവി വിളിക്കാൻ അയാൾക്കൊരു മോഹം വന്നു. എന്നാൽ മനസ്സിലേക്ക് വന്ന സന്തോഷത്തിൻ്റെ തള്ളൽ അയാൾ കൈകൾ കൂട്ടിത്തിരുമ്മി അടക്കി. എന്നാ ചെയ്യാനാ? ചില സന്തോഷങ്ങൾ ഇങ്ങനാ. നാട് വളരുമ്പോൾ, നാട്ടാര് വളരുമ്പോൾ കൈവിട്ടുപോകും. ചുറ്റോട് ചുറ്റും വീടുകളല്ലിയോ? കൂകിയാൽ അവർ ഭ്രാന്തനെന്ന് വിളിക്കും. എന്നിട്ടും കുട്ടൻ മോഹം വിട്ടില്ല. മുറ്റത്ത് തളം കെട്ടിക്കിടന്ന ചെളിവെള്ളം ഒഴിഞ്ഞു നിന്ന് ശബ്ദം താഴ്ത്തി ഒതുക്കത്തിൽ വിളിച്ചു. 
"തൊമ്മിയേ കൂയ്."  
ഇത്തരം സന്ദർഭങ്ങളിലാണ് കുട്ടനോർക്കുക ഈ ലോകമെത്ര സുന്ദരമാണ്, മനോഹരമാണ്. അപ്പോഴയാളുടെ സങ്കടങ്ങളൊക്കെ ഒരു മഞ്ഞുതുള്ളിപോലെ അലിഞ്ഞു പോകും. അയാളുടെ സങ്കടങ്ങൾ എന്നാൽ തൊമ്മിയുടേതും കൂടി എന്നർത്ഥം. നാളത്തെ പ്രാതലിനുള്ള പണമെങ്ങനെയെന്ന ചിന്തപോലും അപ്പോൾ അയാളെ അലട്ടില്ല. രണ്ടാളും ഒറ്റച്ചങ്കുപോലുള്ള കൂട്ടാണ്, കുട്ടിക്കാലം മുതൽ.   
അകത്ത് തിരി തെളിഞ്ഞപ്പോൾ സ്വയം രസിച്ച് ഒരു ബീഡിയെടുത്ത് കൊളുത്തി. തലയിലെ വട്ടക്കെട്ട് അഴിച്ചു കെട്ടി. രണ്ട് പുകയെടുക്കുമ്പോഴേക്കും തൊമ്മി വാതിൽ തുറന്നു. 
"കോളിംഗ് ബെല്ലൊന്ന് അടിച്ചാപ്പോരേ കൊച്ചാട്ടാ." കൂടെ വരാന്തയിലേക്ക് വന്ന ത്രേസ്യാമ്മ ചിരിച്ചു. കുട്ടനും ചിരിച്ചു. 
“ആറ്റുവാളയുമായേ വരൂ എന്നും പറഞ്ഞാ ഇവിടൊരാൾ. വല്ലോം നടക്കുവോ?”   
“നീ വാടാ.” തൊമ്മി വിളിച്ചു. 
വെട്ടുകത്തിയും മുളവടിയും മരുമോൻ ഗൾഫീന്ന് കൊണ്ടുക്കൊടുത്ത അഞ്ച് ബാറ്ററി ടോർച്ചുമായി തൊമ്മി മുന്നേ നടന്നു. വെട്ടുവഴിയിൽ പലയിടത്തും വെള്ളം കെട്ടിക്കിടപ്പുണ്ട്. ഒറ്റ രാത്രിയിലെ പെയ്ത്താണ്. 
“ഇടവപ്പാതി വൈകി വന്നാലെന്ത്? ഇത്തിരിനേരം പിള്ളേര് പെടുക്കുന്ന പോലെ പമ്മി നിന്നേച്ച് ഉച്ച മുതൽ എന്നാ പെയ്ത്തായിരുന്നു കർത്താവേ? ഇതിപ്പോൾ ഇടവപ്പാതിയാണോ അതോ തുലാവർഷമാണോ എന്നുപോലും പറയാൻ പറ്റാത്ത അവസ്ഥയല്ലിയോ?” കുട്ടൻ ചള്ളവെള്ളം ഒഴിവാക്കി നടന്നു.  
“എടാ നേരാന്നേ? ഊത്ത ഇറങ്ങിയിട്ടുണ്ടോ? കൊച്ചുവെളുപ്പാം കാലത്തു ഇറങ്ങിയിട്ട് മൂഞ്ചിപ്പോരരുത്. ത്രേസ്യയുടെ മുഖത്ത് നോക്കാനൊക്കത്തില്ല.”
“ആദ്യ പെയ്താ. ഊത്തയിറങ്ങും. ഇന്നലെ രാത്രീലെ കൊടും മഴയത്തു കുന്നേലെ റോയിച്ചൻ കണ്ടതാന്നെ വാള പൊങ്ങിച്ചാടുന്നെ. അവന് വാളെ കണ്ടാലറിയത്തില്ലേ?” 
“എന്നാൽ പിന്നെ ഓ.കെ.” 
വെട്ടുവഴിയിൽ നിന്നും പൊന്തക്കാടുകൾ മുറിച്ചു കടന്ന് ഒരു രണ്ട് ഫർലോങ്ങ് നടന്നാൽ ആറ്റിറമ്പായി. കമ്മ്യൂണിസ്റ്റ് പച്ചയും മൂപ്പരച്ചനും പുല്ലാഞ്ഞിക്കാടും വകഞ്ഞുമാറ്റി കറുകപടർപ്പിലേക്ക് കാലുവച്ചപ്പോൾ ടോർച്ചുവെട്ടത്തിൽ ഒരു മിന്നായം പോലെ തൊമ്മി കണ്ടു. മുന്നിൽ എന്തോ കിടക്കുന്നു.
“നില്ലെടാ.” 
പുറകെ വന്ന കുട്ടനെ തടഞ്ഞു. അപ്പോഴേക്കും പാമ്പിഴഞ്ഞ് കുറ്റിക്കാട്ടിലോട്ട് കയറി. കുട്ടന് കപ്പക്കട്ടിൻ്റെ ചൂരടിച്ചു. 
“മൂർഖനാ. നല്ല മൂത്തത്.” 
“എടാ നിന്നോട് ഞാൻ എപ്പോഴും പറയാറില്ലേ? ഇരുട്ടത്ത് ഇറങ്ങുമ്പോൾ ഒരു ചൂട്ടുകറ്റ എങ്കിലും എടുക്കണമെന്ന്? എവിടെ? കേൾക്കാനായിരുന്നെങ്കിൽ ഈ ബീഡിവലി എന്നേ നിർത്തിയേനെ. എന്നാ നാറ്റമാ.” 
“നമ്മടെ വീട്ടിൽ ഗൾഫുകാരില്ലേ. നമുക്കീ ബീഡി മതിയേ.” 
“നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി ചൊറിഞ്ഞ വർത്താനം പറയരുതെന്ന്. അങ്ങനാന്നോടാ നമ്മൾ കഴിയുന്നേ?” 
“ങ, കള. നീ നടക്ക്.“ 
“ഇന്നാ ടോർച്ച്. നീ നടന്നോ. ഞാൻ ആറ്റുവക്കത്തു വരാം.” പെട്ടെന്നാണ് തൊമ്മിക്ക് ശങ്കയുണ്ടായത്. 
“അത് വേണ്ടെന്നേ. ടോർച്ച് നീ വച്ചോ. ചൂടും പിടിച്ച് വല്ലോം കുറ്റിച്ചെടിയുടെ ചോട്ടിൽ ചുരുണ്ടു കിടപ്പുണ്ടെങ്കിലോ? നീ വേഗം വന്നാൽ മതി. അല്ലേൽ ആമ്പിള്ളേർ കൊണ്ടുപോകും.” തൊമ്മിയുടെ കയ്യിൽ നിന്നും വെട്ടുകത്തിയും മുളവടിയും കുട്ടൻ വാങ്ങി.
“മൂഞ്ചി. പോടാ.” തൊമ്മി ഒരു സിഗററ്റു കത്തിച്ചു. കുറ്റിക്കാട്ടിലോട്ടിറങ്ങി. കുന്തിച്ചിരുന്നു.
കുട്ടൻ അടുത്ത ബീഡി കൊളുത്തി. മൂളിപ്പാട്ടും മൂളി ആറ്റിറമ്പിലേക്ക് നടന്നു. അങ്ങെത്തും മുമ്പേ വെള്ളത്തിൻ്റെ ഹുങ്കാരം കേട്ടു. കിഴക്കൻ മലകളിൽ നിന്നും മദിച്ചുവരുന്ന മലവെള്ളം. കാട്ടിലെ കാടും പടലും മണ്ണും ചെളിയും വലിച്ചിളക്കി കലിപൂണ്ട് പാഞ്ഞു വരുന്ന മീനച്ചിലാറ്. ആറ് നിറഞ്ഞു കവിയാറായി. രണ്ടു നാൾ കൂടി ഇതുപോലെ നിർത്താതെ പെയ്താൽ അല്ലെങ്കിൽ ഒരു ഉരുൾ കൂടി പൊട്ടിയാൽ മതി. അവൾ നാട്ടുമക്കളെ തേടി വീടുകളിൽ വരും. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണത്തെ പോലെ പറ്റരുത്‌. വിലപിടിപ്പുള്ളതൊക്കെ എടുത്തു നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറണം. കുട്ടൻ ഓർത്തു.
“ആറ്റിറമ്പെല്ലാം പുതഞ്ഞു കിടക്കുവാ. നമുക്ക് പറമ്പുകളിൽ കൂടി പോയാലോ?" 
“വേണ്ടെടാ. ആ നാറികളൊക്കെ കയ്യാലക്കെല്ലാം കുപ്പിച്ചില്ലുകൾ വാരി ഇട്ടിരിക്കുകയാണന്നെ വെള്ളമേറുമ്പോൾ ചൂണ്ടക്കാർ പിള്ളേർ വന്നിരിക്കാതിരിക്കാൻ. പിന്നെ ചിലേടത്തൊക്കെ അമേദ്യവും കാണും.”  
അവർ ആറ്റുവക്കിന് കൂടി കിഴക്കോട്ട് കൈത്തോടിന് നേരെ നടന്നു. ആറ്റിൽ നിന്നും കൈത്തോടിലേക്കാണ് പുതുവെള്ളത്തിന് ഊത്തയിറങ്ങുക. ചുറ്റും തവളകളുടെയും ചീവിടുകളുടെയും താളത്തിലുള്ള വിളികൾ. "വാ, വേം വാ." 
“കണ്ടോടാ മീൻ്റെ പുളപ്പ്.” 
“അത് ആറ്റുവാളയല്ലേടാ?" തൊമ്മി തോട്ടുവക്കത്തേക്ക് ടോർച്ചു തെളിച്ചു.
രണ്ടാൾക്കും ഉത്സാഹമായി. പറഞ്ഞോണ്ട് നിന്നതിനിടയിൽ രണ്ടാളും കൈലിയും ഷർട്ടും അഴിച്ചു വച്ചു. തോർത്തുടുത്ത് വെട്ടുകത്തിയുമെടുത്ത് തൊമ്മി ആദ്യമിറങ്ങി. ആറ്റുവെള്ളം തോട്ടിലോട്ട് ചാടുന്നിടത്ത് അരയറ്റം വെള്ളത്തിൽ നിലയുറപ്പിച്ചു. അയാളുടെ രണ്ടു വശത്തൂടെയും മീനുകൾ ഇടയ്ക്കിടെ പൊങ്ങി ചാടുന്നുണ്ടായിരുന്നു. നേരിയ വെട്ടത്തിൽ അവയുടെ അടിവയറ്‌ വെള്ളിപോലെ വെട്ടിത്തിളങ്ങി. 
“എടാ പയ്യെ. വെള്ളത്തിൻ്റെ താളം തെറ്റിക്കല്ലേ.”  
വെട്ടുകത്തി തോർത്തിന് പുറകിൽ തൂക്കിയിട്ട് കൊച്ചുകോരുവലയും വടിയുമായി തൊമ്മിക്ക് അല്പം പുറകിലായി കുട്ടനും റെഡിയായി. രണ്ടാളും കണ്ണിൽ കണ്ണിൽ നോക്കി. മീൻ ചാടിയതും തൊമ്മി വശത്തിന് വെട്ടി. കിട്ടിയില്ല. വെട്ടുകത്തിയുടെ മടമ്പിനാണ് വെട്ടുന്നത്. വായ്ത്തല വച്ച് വെട്ടിയാൽ മീൻ ചിതറിപ്പോകും. വിറ്റാലും വില കിട്ടില്ല. വെട്ടിന് ആക്കം കൂടിയാലും കുഴപ്പമാണ്. തലയ്ക്കു മൃദുവായി അടിക്കുകയെ ആകാവൂ. ദേഹത്തിൽ അടി വീഴാൻ പാടില്ല. മാംസം ചതഞ്ഞു പോകും. വില കിട്ടില്ല. അടിയിൽ മീൻ മറിയുമ്പോൾ ഒഴുക്കിൽ പെട്ട് പോകാതെ പിടിച്ചെടുക്കണം. രണ്ടും ഒരു വശമാണ്. ഇവർ രണ്ടാളും കഴിഞ്ഞേ ഇപ്പണിക്ക് കരയിൽ മറ്റൊരാളുള്ളൂ. വെട്ടിന് തോമയും പിടിത്തത്തിന് കുട്ടനും.      
“തഞ്ചത്തിന്.” കുട്ടൻ പിറുപിറുത്തു. 
അടുത്ത വെട്ട്. കുട്ടൻ കാണും മുൻപേ മീൻ തെറിച്ചു വീണു. ഒഴുക്കിൽ വഴുതിപ്പോയ അതിനെ അയാൾ പുറകെ പോയി വലയിൽ കോരി എടുത്തു. വലിയൊരു വരാൽ. തൂക്കിയെടുത്ത് തോട്ടുകരയിലേക്കിട്ടു. 
“വെട്ടമുണ്ടോടാ? കാണാവോ?” 
“സാരമില്ല.” തൊമ്മി പിറുപിറുത്തു. 

ചെറിയ ചാറ്റൽ വന്നും പോയുമിരുന്നു. പുലരാൻ ഇനിയും സമയം കിടക്കുന്നു. മിന്നായം പോലെ മീനിൻ്റെ ചാട്ടം കാണാം. എന്നാൽ സാധാരണക്കാർക്ക് ചാട്ടത്തിൻ്റെ ദിശയറിയാൻ പാടാണ്. അതിന് പരിചയം വേണം. ഇവിടെയാണ് തൊമ്മിയുടെയും കുട്ടന്റേയും മിടുക്ക്. അധികം താമസിച്ചില്ല. വായുവിൽ വാളയുടെ വെള്ളിത്തിളക്കം പുളഞ്ഞു മറിയുമ്പോഴേക്കും ഫ്ലാഷ് പോലെ കത്തി ഉയർന്നു താഴ്ന്നു. വായുവിൽ ഒന്നുതെറിച്ച് വാള വെള്ളത്തിൽ മുങ്ങിപ്പുളഞ്ഞു. കോരുവലയിൽ എത്തിപ്പിടിച്ച് കുട്ടൻ നിവർന്നു. വലക്കകത്ത് കിടന്നവൻ തല്ലുകയാണ്. ചേർത്ത് പിടിക്കണം. അല്ലേലവൻ വല മുറിച്ചു ചാടും. കുട്ടൻ ചെകിളക്കകത്ത് കൈകടത്തി പൊക്കി. സൂക്ഷിക്കണം. അല്ലേൽ ഈർച്ചപ്പല്ലുകൾ കൊണ്ടവൻ കടിച്ചു കീറും. കടലിലെ രക്തക്കൊതിയൻ സ്രാവാണ് പിടിവിട്ടുപോയ ആറ്റുവാള. വാലിട്ടടിച്ച് വാള ഒതുങ്ങി. വെട്ട് തലക്കാണ്. ഭാഗ്യം. ചതവോ മുറിവോ ഇല്ല. കരക്ക്‌ എറിഞ്ഞാൽ ശരിയാവില്ല. കുട്ടൻ വാളയുമായി കരക്ക്‌ കേറി.  
“വേം വാ.” 
കുട്ടൻ വീണ്ടും തോട്ടിലിറങ്ങും മുൻപേ തൊമ്മി വീണ്ടും വെട്ടി. വെട്ടു കൊണ്ട മീനിൻ്റെ പുറകെ അയാൾ ചാടി. ഒഴുക്കിൽ മുങ്ങിപ്പൊങ്ങിയ മീനിനെ ചാടിപ്പിടിച്ചു. 
“എടാ കൂട് ഇളകിയിട്ടുണ്ടെന്ന് തോന്നുന്നു.” 
“ഒഴുക്കായി പോയി. അല്ലേൽ വല്ല മടയും ഇട്ട് കൂട് വയ്ക്കാമായിരുന്നു.” 
“അതൊന്നും നടക്കില്ലെന്നേ. പഞ്ചായത്ത് സമ്മതിക്കുകേല.” 
തൊമ്മി മീനുമായി കയറിയപ്പോൾ കുട്ടൻ വെട്ടുകത്തിയുമായി സ്ഥാനം പിടിച്ചു. തൊമ്മി സഹായത്തിനും. നേരം പരപരാ വെളുത്തതോടെ മീനിൻ്റെ ചാട്ടം കുറഞ്ഞു. രണ്ടാളും തളർന്നു. കരക്ക്‌ കയറുമ്പോൾ വലുതും ചെറുതുമായി എട്ട് വാളയും പത്ത് വരാലും രണ്ട് ചേറുമീനും കുറെ കുട്ടനും കാളാഞ്ചികളും. കുട്ടന് അത്ഭുതം രണ്ട് മുഴുത്ത ചേറുമീനെ കിട്ടിയതാണ്. അതും വെട്ടില്ലാതെ. കലക്ക വെള്ളത്തിൽ പൊങ്ങിയപ്പോൾ കോരുവലയിൽ കിട്ടിയതാണ്. ഓരോന്നും രണ്ട് കിലോ കാണും.
തോട്ടു വക്കലിരുന്ന് തൊമ്മി സിഗരറ്റ് എടുത്തു. പാക്കറ്റ് കുട്ടന് നേരെ നീട്ടി. 
“ഇന്നൊന്ന് ആവാം.” 
“ഓക്കേ.” കുട്ടൻ ചിരിച്ചു. 
“എടാ കൊച്ചൻ്റെ ഫീസ് അടച്ചാരുന്നോ?” പുകകൊണ്ട് വളയം വിട്ട് കളിക്കുമ്പോൾ തൊമ്മി ചോദിച്ചു.
“എവിടുന്ന്? എനിക്കൊരു എത്തും പിടിയുമില്ല. ഇത്തവണത്തേതും കൂടി ചേർത്ത് അമ്പതിനായിരം വേണം. അവടേല് മുട്ടേം അതുമിതുമൊക്കെ വിറ്റ് കുറച്ചുവല്ലോം കാണും. ആശൂത്രിയിൽ കാണിക്കാൻ മിച്ചം പിടിക്കുന്നതാ. ഗർഭപാത്രത്തിൽ മുഴയാന്നോന്നാ അവടെ പേടി. ആ രൂപയെടുത്താലും പിന്നേം വേണ്ടേ? ഒരു
സെമസ്റ്ററെങ്കിലും കൊടുക്കാതെ പറ്റുമോ? ചെക്കൻ കോളേജിൽ പോയിട്ട് രണ്ടാഴ്ചയായി.” 
“ആരോടെങ്കിലും മറിക്കാൻ?” 
“തിരിച്ചു കൊടുക്കാൻ പാങ്ങില്ലാത്തവന് വല്ലോനും കടം തരുവോ? അതിരിക്കട്ടെ മിനിഞ്ഞാന്ന് പിള്ളേര് വന്നെന്ന് കേട്ടല്ലോ. എന്നാ പറ്റി, രണ്ടാളേയും അങ്ങോട്ടൊന്നും കണ്ടില്ല?”
“ജോസ്‌മോൻ കൊണ്ട് വിട്ടേച്ചും പോയതാ. സ്ത്രീധനം ബാക്കിയിത്തിരി കൊടുക്കാനുണ്ടല്ലോ.” 
“അഞ്ചാറ് ലക്ഷം കൊടുത്തതല്ലേ?” 
“ഇനിയും ഉണ്ടല്ലോ.” 

കുട്ടൻ്റെ നെഞ്ച് വീണ്ടും കനം വച്ചു. അയാളുടെ സങ്കടങ്ങൾ മാത്രമല്ലല്ലോ. തൊമ്മിയുടേതുമുണ്ടല്ലോ. ശീലമായിപ്പോയി. രണ്ടാൾക്കും തനിക്കുമാത്രം എന്നൊന്നില്ലല്ലോ.   
തൊമ്മി അടുത്ത പറമ്പിലെ തൈതെങ്ങിൽ നിന്നും വഴുക ഉരിച്ച് കൊണ്ടു വന്നു. വഴുകയിൽ നിന്നും അടരുകൾ എടുത്ത് കയ്യിലിട്ട് തിരിച്ച് മയപ്പെടുത്തി വാളയേയും വാരലിനെയും ചേറുമീനെയും പ്രത്യേകം പ്രത്യേകം കോർമ്പലുകളിൽ കോർത്തു. ചെറുമീനുകളെയെല്ലാം വള്ളിക്കൊട്ടയിൽ പെറുക്കിയിട്ടു. രണ്ടാളും തോട്ടിലിറങ്ങി മുങ്ങിക്കുളിച്ച് കൈലി ഉടുത്തു. 
“എടാ എന്നാത്തിനാ അമ്മച്ചിയുടെ ഓപ്പറേഷൻ വച്ച് നീട്ടുന്നേ? സണ്ണിയും ജോളിയും സഹായിക്കില്ലേ? അവരുടേയും കൂടി അമ്മച്ചിയല്ലേ?”  
"അതെല്ലാം നേരാ. കുറ്റം പറയാനൊക്കുകേല. അവർക്കും ഓരോ കുടുംബമില്ലേ? ആധാരം കൊടുത്താൽ ലോൺ തരാമെന്ന് ഭൂപണയ ബാങ്ക് പറഞ്ഞു. അതിനത് സ്റ്റേറ്റ് ബാങ്കിലല്ലേ. അവരോടും ചോദിച്ചുനോക്കി വീട്ടു ലോണിൻ്റെ കൂടെ ഇത്തിരി രൂപാ കൂടി തരാൻ. അവർക്കതിന് വകുപ്പില്ലെന്ന്.”
എന്ത് പറയുമെന്നറിയാതെ കുട്ടൻ വിഷമിച്ചപ്പോൾ തൊമ്മി പറഞ്ഞു. 
"ക്യാൻസറിന് അവസാന സ്റ്റേജിലൊക്കെ നല്ല വേദനയുണ്ടാകുമെന്നാ ഡോക്ടർ പറഞ്ഞത്. അമ്മച്ചി കരയത്തേയില്ല. വേദനയെടുക്കുമ്പോൾ മുഖം മറച്ചു പിടിക്കും. എന്നെ വിഷമിപ്പിക്കാതിരിക്കാനാണ്, എനിക്കറിയാം. ഓപ്പറേഷൻ ചെയ്‌താൽ രക്ഷപ്പെടുമെന്ന് ഉറപ്പൊന്നുമില്ലെന്നേ. എന്നാലും ഒന്ന് ശ്രമിച്ചു നോക്കാൻ പോലും പാങ്ങില്ലാതായിപ്പോയല്ലോ എന്നോർക്കുമ്പോൾ?”  
“എങ്ങനേലും നടക്കുമെടാ. കൊറോണക്കാലം നമ്മൾ പിടിച്ചു നിന്നില്ലേ? കർത്താവ് ഒരു വഴി കാണിച്ചു തരും.”    
രണ്ടാളും മീനുമായി ജംഗ്‌ഷനിൽ വറീതിൻ്റെ ചായത്തട്ടിയിൽ കയറി. നല്ല ചൂട് ചായയും രാവിലെയിട്ട ചൂട് പരിപ്പുവടയും. അതുവരെ വെള്ളപ്പൊക്ക കഥകൾ പറഞ്ഞിരുന്നവരെല്ലാം മീനിൻ്റെ ചുറ്റും കൂടി. ഒരു ബീഡിയും കത്തിച്ചു ചായ ഗ്ലാസ്സുമായി കുട്ടൻ പുറത്തോട്ടിറങ്ങി. വറീത് കൈത്രാസ്സ് എടുത്ത് കഴുക്കോലിൻ്റെ അറ്റത്ത് തൂക്കി. 
"തൊമ്മിയെ മീൻ തൂക്കുമ്പോൾ ത്രാസ് നോക്കണേ. അതിൻ്റെയൊരു ചെയിൻ പൊട്ടാറായി ഇരിക്കുവാ." വറീത് വീണ്ടും ചായയടിയിൽ മുഴുകി. 
"നോക്കിക്കോളാവേ." ചില്ലലമാരി തുറന്ന് രണ്ടാമതൊരു പരിപ്പുവട എടുത്തു കടിച്ചു കൊണ്ട് തൊമ്മി പുറത്തോട്ട് വന്നു.     
"ഇതിപ്പോൾ എന്നാ തൂക്കനാടാ തൊമ്മിയേ? നീ ഒരു വില പറ. ഈ മൂന്ന് വാളയും ഞാനെടുത്തോളാം." 
ഗൾഫുകാരൻ ജോണി മുഴുത്ത മൂന്നിനെ മാറ്റി വച്ചിട്ട് ചോദിച്ചു. അയാൾ അടുത്താണ് താമസം. ശിങ്കിടി രാജു ന്യൂസ് കൊടുത്തു വന്നതാണ്. 
"മൂന്നും വേണോ? എങ്ങനായാലും പതിനഞ്ച്‌ കിലോ കാണില്ലേ?" 
"അതെങ്ങനാടാ? കൂടിയാലൊരു എട്ടു കിലോ." 
"എന്തിനാ തർക്കം? തൂക്കാമല്ലോ." കുട്ടൻ പറഞ്ഞു.
"ഓ അതൊന്നും വേണ്ട. ഇന്നാ ഇത് വച്ചോ." 
ജോണി ആയിരം രൂപ എടുത്തു തൊമ്മിയുടെ കയ്യിൽ കൊടുത്തു. തൊമ്മി തർക്കിച്ചത് ചിരിച്ചു കളിച്ചു സൂപ്പാക്കി. ശിങ്കിടി രാജു മീനുമെടുത്ത് ജോണിയുടെ പുറകെ പോയി. മാർക്കറ്റ് വിലയുടെ പകുതിയേ തരുകയുള്ളുവെങ്കിലും വില തരുന്നതിൽ കൂട്ടത്തിൽ ജോണിയാണ് ഭേദം.  
നിമിഷനേരം കൊണ്ട് കച്ചോടം പൊടിപൊടിച്ചു. ആറ്റുവാള കണ്ടതോടെ ചേറുമീനിൻ്റെ പോലും ഡിമാൻഡ് പോയി. അങ്ങനെ എപ്പോഴും കിട്ടുന്നതല്ല ചേറുമീൻ. അതും മൂത്തുവിളഞ്ഞതിനെ. വല്ലപ്പോഴും കുളം തേകുമ്പോഴെങ്ങാനും കിട്ടിയാലായി. എന്നാൽ ആറ്റുവാള കിട്ടാൻ അതിലും പാടാണ്. കടൽവാളയും ചുണ്ണാമ്പ് വാളയുമൊക്കെ കടലിൽ നിന്നും ഇഷ്ടം പോലെ കിട്ടും. എന്നാൽ ആറ്റുവാള കിട്ടാനിത്തിരി പുളിക്കും. വലയിട്ടാൽ പോലും സാധാരണ കുടുങ്ങില്ല. കുടുങ്ങിയാലും അവൻ വല പൊട്ടിക്കും. ഇതുപോലെ ആദ്യമഴക്ക് ഊത്തയിറങ്ങുമ്പോൾ കിട്ടിയാൽ ഭാഗ്യം. 
ചേറുമീനും മുഴുത്ത വരാലുകളും പോയി. ബാക്കിയിനി കുറെ കുട്ടനും രണ്ടു ചെറിയ വരാലുകളുമേയുള്ളു. വാളയെല്ലാം ആദ്യമേ പോയി. ഇനി രണ്ടേയുള്ളു. ആറ്റുവാളയുടെ രുചി ഒന്ന് വേറെയാണേ. കുട്ടൻ വാളകൾ രണ്ടുമെടുത്ത് മാറ്റി വച്ചു. 
"രണ്ടാൾക്കും ഓരോന്ന്. എന്ത് വില കിട്ടിയാലും ഇത് വിൽക്കുന്നില്ല." 
തൊമ്മി മടിയിൽ നിന്നും മീൻ വിറ്റു കിട്ടിയ പണമത്രയും എടുത്ത് കുട്ടന് കൊടുത്തു. 
"എടാ, ന്നാ ഇത് വച്ചോ. കിട്ടിയത് മൊത്തമുണ്ട്.” 
“എന്നാത്തിനാ? എനിക്കെങ്ങും വേണ്ടാ.” 
“അത്രേമാട്ടെന്നേ. കുറച്ചും കൂടി ആരോടെങ്കിലും വാങ്ങിത്തരാം. ഒരു സെമസ്റ്റർ കെട്ടി അവനെ വിടാൻ നോക്ക്.” 
വേണ്ട എന്നൊക്കെ കുട്ടൻ പറഞ്ഞു നോക്കി. തൊമ്മി കേട്ടില്ല. അയാൾ പണം കുട്ടനെ പിടിച്ചേൽപ്പിച്ചു..

ചായക്കടയുടെ മുൻപിലത്തെ മേളം കണ്ടാണ് അന്നേരം അതുവഴി പോയ നേതാവ് സുഗണൻ സ്കൂട്ടർ നിർത്തിയത്. കൂടെ ശിങ്കിടിയും ഗുണ്ടയുമായ ഇസഹാക്കും ഉണ്ട്. മലയോര കോൺഗ്രസ്സിന്റെ നേതാവാണ്. തൊമ്മിയുടേയും. 
നേതാവ് ചോദിച്ചില്ലേലും ഇസഹാക്ക് വാളയെടുക്കും. അത്ര തെണ്ടിയാണവൻ. പോരാത്തതിന് അവന് തൊമ്മിയോടല്പം ചൊരുക്കുമുണ്ട്. അവൻ്റെ വൃത്തികേടുകൾ തൊമ്മി പാർട്ടി മീറ്റിങ്ങുകളിൽ പറയുന്നതാണ് കാരണം. എല്ലാം കുട്ടനറിയാം. അയാൾ തൊമ്മിയെ തോണ്ടി. "വാ വേഗം പോകാം."  
“ആറ്റിൽ വെള്ളമേറ്റ് എങ്ങാനുണ്ടെടാ തൊമ്മിയേ?” സുഗണൻ വണ്ടിയിൽ നിന്നുമിറങ്ങി മുണ്ടിൻ്റെ കര നേരെ പിടിച്ചിട്ടു.
“ഒറ്റ രാത്രികൊണ്ട് ആറ് കവിഞ്ഞു. ഉരുള് പൊട്ടിക്കാണും. രണ്ട് ദിവസം കൂടി നിന്ന് പെയ്താ ഇത്തവണ നേരത്തെ സ്കൂൾ തിണ്ണ പിടിക്കാം.”  
“വെള്ളം പൊങ്ങിയാലെന്നാന്നെ? ആറ്റുവാളേടെ ആയിരുകളിയല്ലേ?” നേതാവ് ഉച്ചത്തിൽ ചിരിച്ചു. “എടാ പിന്നെ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നിന്നെ ഈ വാർഡിൽ നിർത്താനാണ് എൻ്റെ പ്ലാൻ. ഒക്കെയല്ലേ?” 
പിന്നെ ഇസഹാക്കിനെ കണ്ണുകാട്ടി. അപ്പോഴേക്കും ഇസഹാക്ക് വാള രണ്ടും കയ്യിലെടുത്തു. 
"അത് വീട്ടിൽ കൊണ്ടുപോകാനായിരുന്നെ." തൊമ്മി പറഞ്ഞു. 
"അതെന്നാടാ നിൻ്റെ പെണ്ണിന് വ്യാക്കൂൺ ആണോ? അവള് പിന്നേം ലോഡായോ?" ഇസഹാക്ക് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. എന്നിട്ട് സ്വന്തം തമാശയിൽ രസിച്ച് ചുറ്റും നിന്നവരെ നോക്കി കണ്ണിറുക്കി. 
"നീ മീനുമായി പോരെ." 
മറുപടി പറയാതെ തൊമ്മി റോഡിലേക്ക് നടന്നു. ഇസഹാക്കിന് രസം കേറി. 
"ഓ, അവള് ലോഡായത് ഇവൻ അറിഞ്ഞില്ല, പാവം. അതാ."   
"പോടാ @#%#@” 
തൊമ്മി തിരികെ ഓടിവന്ന് ഇസഹാക്കിനെ പിടിച്ചു തള്ളി. ഇസഹാക്ക് തൊമ്മിയെ തല്ലി. തൊമ്മി തിരിച്ചു തല്ലി. രണ്ടാളും മുട്ടൻ അടിപിടിയായി. നേതാവ് രണ്ടാളേയും പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല. ഇടിയും ചവിട്ടും കിട്ടിയതെല്ലാം തൊമ്മിക്ക്. ഇതിനിടയിൽ തൊമ്മി മറിഞ്ഞു വീണു. കൈലി അഴിഞ്ഞു വീണു. ആൾക്കാരുടെ ഇടയിൽ തൊമ്മി പിറന്നപടി നിന്നു. നനഞ്ഞ അടിവസ്ത്രവും തോർത്തും കഴുകി തോളത്തിട്ടിരിക്കുകയായിരുന്നു അയാൾ. കുട്ടൻ സ്‌തംഭിച്ചിരുന്നു പോയി. എല്ലാം വേഗം കഴിഞ്ഞു. 
"ഇന്നിരുട്ടി വെളുക്കും മുന്നേ വാളേ വെട്ടും പോലെ നിന്നേ വെട്ടുമെടാ. മടമ്പിനല്ല വായ്ത്തലക്ക്." 
താഴെ കിടന്ന കൈലി എടുത്തുടുത്ത് തൊമ്മി അലറി. പിന്നെ ആരെയും നോക്കാതെ തിരിഞ്ഞു നടന്നു. കോർമ്പലിൽ കിടന്ന് വാളകൾ പിടച്ചു. എല്ലാവരും പകച്ചു നിൽക്കെ നേതാവ് കുട്ടൻ്റെ അടുക്കൽ വന്നു.
"എല്ലാർക്കും അറിയാം തൊമ്മി പറഞ്ഞാൽ പറഞ്ഞതാ. നീ വേഗം പോയി അവനെ സമാധാനിപ്പിക്ക്."
“ഓ പിന്നേ. @#%#@ അവനിങ്ങ് വരട്ട്. കുടലെടുക്കും ഞാൻ.” 
ഇസഹാക്ക് മീശ പിരിച്ചു നിന്നു. കുട്ടൻ വാള രണ്ടും നേതാവിനെ നിർബന്ധിച്ച് പിടിച്ചേൽപ്പിച്ചു. എന്നിട്ട് ബാക്കി ചെറുമീനുകളുമെടുത്ത് തൊമ്മിയുടെ പുറകെ ഓടി.          
2.
സംശയിച്ചു നിന്ന മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങി. സന്ധ്യ കഴിഞ്ഞിട്ടും മഴയുടെ കലി തീർന്നില്ല. വെട്ടുവഴി നിറഞ്ഞ് പുരയിടത്തിൽ അരയടി വെള്ളം കയറി. വേലിക്കൽ നിന്ന ആഴാന്തയും കുലച്ചു നിന്ന രണ്ട് വാഴകളും മറിഞ്ഞു വീണു. ആകെയുള്ള ഏഴു സെന്റിലെ കൃഷിയാണ്. വെളിയിലോട്ടിറങ്ങി ഒടിയാത്തവയ്ക്ക് ഊന്നു കൊടുക്കണേലും മഴയൊന്ന് തോരണ്ടേ? ഇങ്ങനെ മഴ തുടർന്നാൽ ഇടയ്‌ക്കെങ്ങാനും കിട്ടുന്ന പണിയും കൂടി ഇല്ലാതാകും.
ഇങ്ങനെയോരോന്ന്‌ ചിന്തിച്ച് വരാന്തയിൽ തൂണും ചാരിയിരിക്കുമ്പോഴും കുട്ടനറിയാമായിരുന്നു ഇതൊന്നുമല്ല, തൊമ്മിയുടെ സങ്കടങ്ങളും പ്രശ്നങ്ങളുമാണ് മനസ്സിനെയിട്ട് കുടയുന്നത്. കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും കൊണ്ടുവച്ചിട്ട് സുജാത കൂടെയിരുന്നു, ഇരുട്ടിൽ.  
"മില്ലിലെ ജോയിക്കുഞ്ഞിനോട്‌ ചോദിച്ചാൽ കുറച്ചു രൂപ കിട്ടില്ലേ? രണ്ടാഴ്ചയായില്ലേ അവൻ കോളേജിൽ പോയിട്ട്?"
"കൊറോണക്കാലം കടന്നില്ലേടി. ഇതും എങ്ങനേലും പോകും. നമ്മളേക്കാൾ കഷ്ടപ്പെടുന്നവരും ഉണ്ട്, ചുറ്റിലും. നിന്നേയൊന്ന് ആശൂത്രിയിൽ കാണിക്കണം അതാണ് ഉടനെ വേണ്ടത്."          

കുട്ടനിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് തൊമ്മിയുടെ മോൾ ഷൈനി മഴയത്ത് കരഞ്ഞു കൂവി ഓടിവരുന്നത്.  
“അച്ഛൻ അത്രിടം ഒന്ന് വേഗം വായോ. അപ്പനും ജോസ്‌മോനും കൂടി മുട്ടൻ അടിപിടി.” 
പറഞ്ഞതും അവൾ തിരിച്ചോടി. കുട്ടിക്കാലം മുതൽ അവൾ കുട്ടനെ അച്ഛാ എന്നാണ് വിളിക്കാറ്. വേഗം ഷർട്ടുമെടുത്തിട്ട് ആയാളും അവളുടെ പുറകെ ഓടി. ചെന്നപ്പോഴേക്കും വഴക്കും കഴിഞ്ഞ് ജോസ്‌മോൻ സ്ഥലം വിട്ടിരുന്നു. തൊമ്മി തലയ്ക്ക് കയ്യും കൊടുത്ത് വരാന്തയിലിരിപ്പുണ്ട്. കൈത്തണ്ട മുറിഞ്ഞു ചോര വരുന്നത് തുണിവച്ച് കെട്ടിയിട്ടുണ്ട്. കുട്ടൻ പോയി തൊമ്മിയുടെ കൈകളിൽ പിടിച്ചു. രണ്ടാളും പരസ്പരം നോക്കി. ഒന്നും മിണ്ടിയില്ല. കുട്ടൻ ഒരു ബീഡിയെടുത്ത് കത്തിച്ചു. തൊമ്മി അവിടെയെങ്ങും അല്ലെന്ന് കുട്ടന് മനസ്സിലായി. 
"എടാ." 
"ഒരു ബീഡി എനിക്കും കൂടി താ."  
“നല്ല മുറിവുണ്ട്. ആശപത്രിയിൽ കാണിച്ചേച്ചും വല്ല ഇൻജെക്ഷനും എടുക്കാൻ പറ. ഞാൻ പറഞ്ഞേന് എന്നെ ചീത്ത പറഞ്ഞു.” ത്രേസ്യാമ്മ കണ്ണുകൾ തുടച്ച് ഇറങ്ങി വന്നു. 
"എന്നാത്തിന്? ഇതല്ലല്ലോ മുറിവ്. ചങ്കിലെ മുറിവിന് മരുന്നില്ല.”     
ഷൈനിയുടെ കല്യാണ ഫോട്ടോ ഭിത്തിയിൽ അവരെ നോക്കിക്കിടന്നു. ഒരു വശത്ത് തൊമ്മിയും ഭാര്യയും മറുവശത്ത് കുട്ടനും ഭാര്യയും. നടുക്ക് ജോസ്‌കുട്ടിയും ഷൈനിയും. ജോസുകുട്ടി തൊമ്മിയുടെ തോളത്തുകൂടി കയ്യിട്ട് അയാളെ ചേർത്ത് പിടിച്ചിട്ടുണ്ട്. കുറെ കഴിഞ്ഞ് കുട്ടൻ തിരികെ ഇറങ്ങുമ്പോൾ ത്രേസ്യാമ്മ പുറകെ പടിക്കലോട്ട് ചെന്നു.
"മീൻ പിടിക്കാൻ പോയ ആളല്ല തിരികെ വന്നത്. എന്നാ പറ്റി? രണ്ടാളും കൂടി വഴക്കായോ? പറ." 
"ഒന്നുമില്ലെന്നേ. ഇന്നവനെ വെറുതെ വിട്. ഒന്നും ചോദിക്കണ്ട."    
“അൻപതിനായിരം രൂപായെങ്കിലും ഉടനെ വേണമെന്നും പറഞ്ഞാണ് ജോസ്‌മോൻ വന്നത്. അവനേയും കുറ്റം പറയാനൊക്കില്ല. ദുബായിക്കാരൻ എന്ന പേരല്ലേയുള്ളു? പുതിയ വിസയുടെ കാര്യത്തിന് ഏജന്റിന് കൊടുക്കാൻ അത്രയും കുറവുണ്ടെന്ന്. ഇവിടെ പൂത്ത കാശുണ്ടെന്ന് ആരോ കൊളുത്തി കൊടുത്തിരിക്കുന്നു. ബ്രോക്കർ പണി കൂടാതെ മീൻ പിടിച്ചും ദിവസോം തോനെ പണം കിട്ടുമത്രേ. ഇന്ന് തന്നെ അയ്യായിരത്തിന് മേലെ കിട്ടിയെന്ന്. അവനും എങ്ങാണ്ടൂന്നും നല്ലവണ്ണം പൂശിയിട്ടാണ് വന്നത്. എന്തായാലും സാധാരണ ദിവസമാണെങ്കിൽ ഇങ്ങനൊന്നും നടക്കത്തില്ലായിരുന്നു. ഇന്നെന്തോ അച്ചായൻ മനപൂർവം വഴക്കുണ്ടാക്കുന്ന പോലായിരുന്നു. സഹികെട്ട അവൻ അച്ചായനെ പിടിച്ചു തള്ളിയതാണ്. കയ്യ് കല്ലേൽ ഇടിച്ചു. അതിന് പകരം തലയായിരുന്നെങ്കിലോ?” 
“ഞാൻ ജോസ്‌മോനോടൊന്ന് സംസാരിക്കട്ടെ.”  
“മോൾ പറഞ്ഞു. അയാൾ പോകുന്നെങ്കിൽ പോകട്ടെ അമ്മച്ചീയെന്ന്. നമുക്കത് പറ്റുമോ? അവൾക്കിത് നാലാം മാസമാണ്.”
“ത്രേസ്യാമ്മ വിഷമിക്കാണ്ടിരി. കർത്താവ് ഒരു വഴി കാണിച്ചു തരും.”   
“നിങ്ങൾ ആണുങ്ങൾക്ക് ചാരായവും അടിച്ചുമ്മേച്ച് എല്ലാം മറക്കാം. ഞങ്ങൾ പെണ്ണുങ്ങൾ എന്നാ ചെയ്യും?” 
3. 
പിറ്റേന്ന് രാവിലെ കുട്ടൻ തൊമ്മിയെ തിരക്കി ചെന്നു. വെളുപ്പിനേ പോയതാണെന്നറിഞ്ഞു സ്ഥിരം താവളങ്ങളിലൊക്കെ തപ്പി. ആളെ കിട്ടിയില്ല. അതോടെ ഉള്ള സമാധാനം പോയി. തിരികെ വീട്ടിൽ ചെന്ന് കയറിയതും മാനം ഇരുണ്ടു. മഴയും തുടങ്ങി. ബീഡിയും പുകച്ചു വരാന്തയിൽ മഴ നോക്കിയിരുന്നു. പുരയിടത്തിൽ മിനിറ്റുവച്ച് വെള്ളം കയറിയതൊന്നും അയാൾ അറിഞ്ഞില്ല.     
അഞ്ചു മണിയായിട്ടും മഴ തോരുന്നില്ലെന്ന് കണ്ടപ്പോഴാണ് കുടയുമായി ഇറങ്ങിയത്. വെള്ളം വീടുകൾക്കിടയിലെ അതിരുകൾ മായിച്ചു കളഞ്ഞു. വേലികൾ പിഴുതെറിഞ്ഞു. ആളുകൾ അന്യോന്യം സഹായിച്ചു. അങ്ങനെ അവർക്കിടയിൽ ഏകലോകം സംജാതമായി. 
കലക്കവെള്ളത്തിൽ വാഴപ്പിണ്ടികൾ വെട്ടിയിട്ട് കുട്ടികൾ അർമാദിക്കുന്നുണ്ടായിരുന്നു. മുണ്ടഴിച്ചു തലയിൽ കെട്ടി അരയറ്റം വെള്ളത്തിൽ കൂടി നടന്ന് കുട്ടൻ വറീതിൻ്റെ ചായത്തട്ടിയിൽ ചെന്നു. അപ്പോഴാണ് അയാൾ കാര്യങ്ങൾ വിശദമായി അറിഞ്ഞത്. ഇസഹാക്കിനെ കാണാനില്ല. രാത്രി കിടന്നുറങ്ങുമ്പോൾ ആരോ ചെന്നു വിളിച്ചത്രേ. പെണ്ണുമ്പിള്ളയോട് നീ കിടന്നോ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തോട്ടിറങ്ങിയതാണ്. വൈകിട്ട് നാലുമണിവരെ കാണാതായപ്പോഴാണ് അവൻ്റെ പെണ്ണും സുഗണൻ നേതാവും കൂടി സ്റ്റേഷനിൽ പോയി പരാതി കൊടുത്തത്. തൊമ്മിയേയും കാണുന്നില്ല. ഇസഹാക്കിൻ്റെ പെണ്ണിന് തൊമ്മിയുടെ വഴക്ക് കാര്യങ്ങളൊന്നും അറിയത്തില്ലായിരുന്നെന്ന്. അല്ലേൽ രാത്രി പുറത്തു വിടത്തില്ലായിരുന്നെന്ന്. 
തൊമ്മി വാക്ക് പാലിച്ചു. അയാൾ ഇസഹാക്കിനെ കൊന്നെന്ന് നാട്ടാരും പോലീസും ഉറപ്പിച്ചു. കടത്ത സങ്കടം കുട്ടൻ അടക്കി. വേഗം തൊമ്മിയുടെ വീട്ടിലേക്ക് ഓടി. ത്രേസ്യാമ്മയും ഷൈനിയും പേടിച്ചിരിക്കുകയായിരുന്നു. അമ്മച്ചിയോട് അവരൊന്നും പറഞ്ഞിട്ടില്ല. 
"ഇപ്പോൾ പോലീസ് വന്നു അന്വേഷിച്ചു പോയതേയുള്ളു. എൻ്റെ കർത്താവേ എന്നതാന്നോ കാര്യം?" ത്രേസ്യാമ്മ കരയാൻ തുടങ്ങി. 
“ഒന്നുമില്ലെന്നേ. ഞാനൊന്ന് അന്വേഷിക്കട്ടെ.” 
കുട്ടൻ തൊമ്മിയെ തേടിയിറങ്ങി. തൊമ്മി മൊബൈൽ വീട്ടിൽ വച്ചിട്ടാണ് പോയിരിക്കുന്നത് എന്ന് കേട്ടത് മുതൽ എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്നൊരു ഭയം അയാളെ പിടികൂടി.
4.
കിടന്നിട്ടെങ്ങും ഉറക്കം കിട്ടാഞ്ഞിട്ടാണ് രാത്രി ഏറെ വൈകി മഴയൊന്ന് ശമിച്ചപ്പോൾ കുട്ടൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നത്. വഴിയേത്, പുരയിടമേത്, പുഴയേത് എന്നറിയാത്ത വിധം സർവത്ര വെള്ളം. മുട്ടറ്റം വെള്ളത്തിൽ കൂടി സ്വപ്നാടകനെപ്പോലെ കവലയിലേക്ക് നടന്നു. ആളൊഴിഞ്ഞു വെളിച്ചമില്ലാത്ത കവല. മുക്കാലും വെള്ളത്തിൽ മുങ്ങി നിന്ന ചുമടുതാങ്ങിയിൽ മാനത്തേക്ക് നോക്കി മലർന്നു കിടന്നപ്പോൾ അയാൾക്ക്‌ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. തൊട്ടപ്പുറം മീനച്ചിലാറ്റിൽ കുത്തിയൊഴുകുന്ന മലവെള്ളത്തിൻ്റെ ഹുങ്കാരം. ഇടയ്ക്കിടെ പാഞ്ഞെത്തുന്ന മരങ്ങളും പാഴ് തടികളും. ഒറ്റപ്പെട്ടൊഴുകി വരുന്ന മൃഗങ്ങളുടെ ശവങ്ങളും. ആറ്റുവാളകൾ പുളഞ്ഞു ചാടുന്നു, വായപൊളിച്ച് അറുപത്തിനാല് കോമ്പല്ലുകളും കാട്ടി കണ്ണുരുട്ടി.  

ഒരു പക്ഷെ തൊമ്മി പക വീട്ടിയിരിക്കുമോ? പരസ്പരം ആലോചിക്കാതെ ഒറ്റയ്ക്ക് അവനങ്ങനെ ചെയ്യാനാകുമോ? ഒറ്റച്ചങ്കായി കഴിഞ്ഞതല്ലേ? പറയാൻ പറ്റില്ല, പക ഭ്രാന്താണ്. കുട്ടൻ ഓർത്തു. പകൽ പോലീസ് അയാളേയും വിളിപ്പിച്ചിരുന്നു. അതൊന്നും സാരമില്ല. തൊമ്മി ഇതെല്ലാം എങ്ങനെ സഹിക്കുന്നു? മോളുടെ വിവാഹജീവിതം തുലാസിൽ. അമ്മയുടെ ജീവൻ അപകടത്തിൽ. ഇപ്പോൾ അവൻ്റെ ജീവിതവും. 
കൊട്ടൂടിയുടെ കെട്ടുമിറങ്ങി ബീഡികൾ പുകച്ചു തള്ളി മടുക്കുകയും ചെയ്തപ്പോൾ കുട്ടൻ ആറ്റുവെള്ളം ആഘോഷമാക്കിയ ഇടവഴികളിൽ കൂടി ലക്ഷ്യമില്ലാതെ നടന്നു. വെള്ളം കയറാത്ത സെമിത്തേരി പറമ്പിനടുത്തെത്തിയപ്പോൾ പരന്നുകിടക്കുന്ന പറങ്കിമാവിൻ കൊമ്പുകളുടെ നിഴൽ മറവിൽ ഒളിച്ചുവച്ച പോലെ ഒരു ബൈക്ക് കണ്ടു. കുറ്റാക്കുറ്റിരുട്ടിൽ ചുറ്റും പരതി നോക്കുമ്പോൾ അകലെ പള്ളി മതിലുകൾ തീരുന്നിടത്തു എതിരെയുള്ള വീട്ടിൽ ഒരു കൊച്ചു വെട്ടം മിന്നി മറഞ്ഞു. അയാൾ വെളിച്ചത്തിനു നേരെ നടന്നു.   
ജനാലപ്പാളിയുടെ അങ്ങും ഇങ്ങും ചിതലരിച്ചുണ്ടായ ഓട്ടയിൽ കൂടി ഒരു കള്ളനെപ്പോലെ പതുങ്ങി നോക്കുമ്പോൾ നിലാവത്ത് പുളഞ്ഞു ചാടുന്ന മുഴുത്തൊരു വാളയുടെ അടിവയറുപോലെ ഒരു പെണ്ണുടൽ. 
"നിന്നെ ഞാനൊന്നു കാണട്ടെ. എത്ര നാളായിട്ടുള്ള കൊതിയാണെന്നോ. ഒരു ചെറിയ വെട്ടം. മെഴുകുതിരി കൊളുത്ത്. പ്ലീസ്." 
"പിന്നെ, കേട്ടാൽ തോന്നും ഇതുവരെ കണ്ടിട്ടില്ലെന്ന്.” 
“ഒളിച്ചും പാത്തുമല്ലേ? ഇപ്പോഴല്ലേ പേടിയില്ലാതെ."   
തിരി തെളിയുമ്പോൾ തിരിഞ്ഞു നിൽക്കുന്ന പെണ്ണഴക്. അഴിച്ചിട്ട മുടിയും പരന്നൊതുങ്ങിയ പുറവും വിടർന്ന അരക്കെട്ടും വാളവയറു പോലെ വെളുത്തു തുടുത്ത ചന്തികളും. മെഴുകുതിരി വെട്ടം വാള പുളയും പോലെ പുളഞ്ഞപ്പോൾ മാംസക്കൊതി പൂണ്ട മറ്റൊരു വാളമുഖം മിന്നായം പോലെ കുട്ടൻ കണ്ടു, നേതാവ് സുഗണൻ. 
കൈകൾ കൊണ്ട് കറുത്ത അരഞ്ഞാണച്ചരടിൽ കുസൃതികൾ കാട്ടി അയാൾ വാളയെ ചേർത്തുപിടിച്ച് മുഖത്തു നാവുരച്ച് താഴോട്ട് തുഴഞ്ഞപ്പോൾ വാള പുളയും പോലെ പെണ്ണ് കിടന്നു പുളഞ്ഞു. തുള്ളിച്ചാടുന്ന വാളയെ രണ്ട് ചികളകളിലും പിടിച്ചയാൾ പിടച്ചിലുകൾ തഴുകി തടയുമ്പോൾ കുട്ടനൊരു വിറ വന്നു. ഒരു നിമിഷം അവൻ എല്ലാവരെയും മറന്നു, തൊമ്മിയേയും.
ഇടക്കൊന്ന്‌ ഒതുങ്ങി വീണ്ടും പുളച്ച വാളപ്പെണ്ണിനെ നെഞ്ചോട് ചേർത്ത് ഊമ്പടക്കം പിടിച്ച് സുഗണൻ ഇക്കിളിയാക്കി. പെണ്ണ് മലവെള്ളപ്പാച്ചിൽ പോലെ ചിരിച്ചു. അയാൾ വാളയേയെടുത്ത് കട്ടിലിലേക്കിട്ടു. വാള അയാളെ വിഴുങ്ങാനായി വാലിൽ കുത്തി പൊങ്ങി. കൊതിപൂണ്ട് ചാടിവീണു. 
മാംസക്കൊതി നിറഞ്ഞു നിന്ന മുറിയിൽ എതിരെയുള്ള ഭിത്തിയിൽ ഇളകുന്ന ആണിയിൽ ഇസഹാക്കിൻ്റെ ചില്ലുപൊട്ടിയ ഫോട്ടോ തൂങ്ങിയാടി.  
“എനിക്ക് പേടിയാ. അയാൾ താഴെ കിടക്കുമ്പോൾ.”
“അവനൊന്നും ചെയ്യുകേലെന്നെ. നീ പേടിക്കണ്ട.”      
ഈശ്വരാ ആയാളും അറിഞ്ഞുകൊണ്ടോ? താഴെയോ? കട്ടിലിനടിയിലോ? ഛേ  നാണവും മാനവുമില്ലാത്തവൻ. കട്ടിലിനടി കാണാനായി കുട്ടൻ കുനിഞ്ഞു നിന്ന് ജനാല വാതലിലും പടിയിലും വിടവുകൾ പരതി. നെഞ്ചിടിപ്പോടെ കുട്ടൻ കണ്ടു. വാളകൾ കെട്ടുപുളയുന്ന കട്ടിലിനടിയിൽ ഇസഹാക്ക് നീണ്ടു നിവർന്ന് കിടക്കുന്നു, ചത്തുമലച്ച്. 
എൻ്റെ ദേവീ. ഒരു ശവം, അതും സ്വന്തം ഭർത്താവിൻ്റെ, കട്ടിലിനടിയിൽ ഇട്ട് ഇവർക്കെങ്ങനെ കെട്ടിമറിയാൻ തോന്നി. മനസ്സിലെ ആന്തൽ കുട്ടൻ വായ്‌ പൊത്തിപ്പിടിച്ച് അടച്ചു. അയാളെ അടിമുടി വിറച്ചു. 
തറയിലെ നനഞ്ഞ മണ്ണിലയാൾ കുത്തിയിരുന്നു. ഇപ്പോൾ ഹൃദയം പൊട്ടി മരിക്കും എന്നയാൾക്ക്‌ തോന്നി. അതിഭയങ്കരമായ ഇടിവെട്ടലുകളും മിന്നലുകളും. മനം പിരട്ടി. പെട്ടെന്ന് ആർത്തലച്ചു പെയ്യാൻ തുടങ്ങിയ മഴയിലേക്ക് അയാൾ നിർത്താതെ ശർദ്ദിച്ചു.  
പിന്നെ വേഗം മൊബൈലിൻ്റെ വീഡിയോക്കണ്ണുകൾ ജനാലവിടവിലേക്ക് തിരിച്ചു വച്ചു. 
“കിഴക്കോട്ടൊക്കെ മുട്ടൻ മഴയാ. ഇന്നോ നാളെയോ ഡാം തുറന്നേക്കും. മലവെള്ളപ്പാച്ചിലിങ്ങോട്ടു വരുമ്പോൾ എടുത്ത് ആറ്റിലെറിയാം. കടലിൽ പോയി മറഞ്ഞോളും.”  
“തൊമ്മി പറയുകേലെ?” 
“അവനൊന്നും അറിയത്തില്ലെന്നേ. ഇസഹാക്കിനെ ആരോ കൊന്നു. പോലീസ് നിന്നെ തേടി നടക്കുകയാ മാറി നിന്നോ.” എന്നാണ് അവനോട് പറഞ്ഞത്. 

മഴയൊന്ന് തളർന്ന് ശ്വാസമൊന്ന് നേരെയായപ്പോൾ കുട്ടൻ്റെ പേടിപോയി. കതകിന് കൊട്ടി കഥ പറഞ്ഞു.   
“നിനക്കെന്താണ് വേണ്ടത്?” 
തലയ്ക്ക് കൊട്ടുകിട്ടി കെട്ടിമറയലുകളടങ്ങിയ വാളകൾ വള്ളികൊട്ടയിൽ അടങ്ങി ഒതുങ്ങി. പിന്നിൽ തലതല്ലി സങ്കടങ്ങൾ കരഞ്ഞു തീർക്കുന്ന മഴപ്പെണ്ണിനെ സാക്ഷി നിർത്തി കുട്ടൻ വെട്ടുകത്തി ഉയർത്തി വീശി.   
“തൊമ്മിക്കെതിരെ കേസ് വരരുത്. ഇപ്പോൾ പത്തു ലക്ഷം. ബാക്കി ഞാൻ തൊമ്മി വന്നു കഴിഞ്ഞു പറയാം.” 
“ശവം മറവു ചെയ്യാൻ നീ സഹായിക്കണം. അതുപോലെ വീഡിയോ ഡിലീറ്റ് ചെയ്യണം.”  
“എന്ത് വേണേൽ ചെയ്യാം. തൊമ്മിയെ വെറുതെ വിടണം.” 
അപ്പോൾ കുട്ടൻ്റെ മനസ്സിൽ ഷൈനിയും തൊമ്മിയുടെ അമ്മച്ചിയും മാത്രമേ ഉണ്ടായിരുന്നുള്ളു. സ്വന്തം മകനോ ഭാര്യയോ പോലുമുണ്ടായിരുന്നില്ല. ആദ്യം വീഡിയോ പോലീസിൽ കൊടുക്കാമെന്ന് കരുതി പോയതാണയാൾ. പാതി വഴിക്കാണ് തിരികെ വന്നത്. 
5.     
മലയാറ്റൂർ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയ തൊമ്മി നിരപരാധിയാണെന്ന് പോലീസിന് ബോധ്യമായി. കാണാതെ പോയ ഇസഹാക്കിന് വേണ്ടി പോലീസ് സ്പെഷ്യൽ സ്‌ക്വാഡ് ഉണ്ടാക്കി അന്വേഷണം ഊർജ്ജിതമാക്കി. പിണങ്ങിപ്പോയ ജോസുകുട്ടി തിരികെ വന്നു. ഷൈനിയോട് ക്ഷമ ചോദിച്ചു. നീയാണ് എൻ്റെ സ്ത്രീധനം എന്ന് കുമ്പസാരിച്ചു. എന്നിട്ടും ത്രേസ്യാമ്മ അവരുടെ വളവിറ്റ് അയാൾക്ക്‌ വിസക്കുള്ള ബാക്കി രൂപ കൊടുത്തു. ഓപ്പറേഷനായി അമ്മച്ചിയെ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്തു. കിടപ്പാടത്തിൻ്റെ ആധാരം ഭൂപണയ ബാങ്കിൽ അടമാനം വച്ചാണെന്ന് പറഞ്ഞു കുട്ടൻ തൊമ്മിക്ക് പണം കൊടുത്തു. സങ്കടം സഹിക്കാഞ്ഞു തൊമ്മി കുട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു. 

ഇതിനിടയിൽ തോരാത്ത മഴകൊണ്ടും കിഴക്കൻ മലകളിൽ ഉരുളുകൾ പൊട്ടിയതു കൊണ്ടും ഡാമുകൾ തുറന്നു വിട്ടതു കൊണ്ടും ആറ്റുതീരത്തെ ജനങ്ങളെല്ലാം പതിവുപോലെ കുന്നിൻ പുറത്തെ സ്കൂളിലേക്ക് മാറ്റി പാർപ്പിക്കപ്പെട്ടു. തൊമ്മിയും കുട്ടനും സുഗുണനും അയൽവാസികളും എല്ലാം കുടുംബ സമേതം സ്കൂളിൽ ചേക്കേറി. സങ്കടങ്ങൾക്കിടയിലും ജനങ്ങളെല്ലാം പരസ്പരം കരുതലോടെയും സ്നേഹത്തോടെയും ഒരു വീടുപോലെ കഴിഞ്ഞു. എല്ലാവർക്കും സന്തോഷം. കുട്ടൻ മാത്രം സങ്കടപ്പെട്ടിരുന്നു. അവൻ്റെ കുഞ്ഞുമനസ്സിൽ ആറ്റുവാളയെപ്പോലെ ഇസഹാക്ക് ഇട്ട് കുത്താൻ തുടങ്ങി. 
വെള്ളമിറങ്ങിയപ്പോൾ തൊമ്മി കുട്ടനെ വിളിച്ചു. 
“നാളെ വെളുപ്പിന് നമുക്ക് മീൻ പിടിക്കാൻ പോയാലോ?” 
“ആറ്റുവാള വേണ്ടേ?" 
"അതിനിനി പുതുമഴ വരണ്ടേ? എടാ പിന്നൊരു കാര്യം, നമ്മുടെ വാളയുടെ പേര് ആറ്റുവാള എന്നല്ല. 'വല്ലാഗൊ അട്ടു'. ചില രാജ്യത്തിലൊക്കെ ഇവന് ആറടിക്കുമേലെ നീളവും പത്തുനാൽപ്പത് കിലോ തൂക്കവുമൊക്കെ ഉണ്ടെന്ന്. സുഗണൻ്റെ മോനാ പറഞ്ഞത്. ഗൂഗിളിലുണ്ടെന്ന്.”     
"ഞാനാ പിടിച്ചോ എന്ന് പറഞ്ഞു ഒരു അഞ്ചടി ആറിഞ്ച് 'വല്ലാഗൊ അട്ടു' ഇങ്ങു കേറി വന്നാലോ? അപ്പോ രാവിലെ പോകാമല്ലേ?" കുട്ടൻ ചോദിച്ചു. രണ്ടാളും ചിരിച്ചു.   
പിറ്റേന്ന് വെളുപ്പിന് തൊമ്മി വീട്ടിൽ കാത്തിരിക്കുമ്പോൾ കുട്ടൻ തികഞ്ഞ മനസമാധാനത്തോടെയും സന്തോഷത്തോടെയും പോലീസ് സ്റ്റേഷന് നേരെ നടന്നു. ഇതൊന്നുമറിയാതെ കുഞ്ഞു കൊന്നപ്പൂവ് കുട്ടനെ കാത്തിരുന്നു.  
******************************************************************************************************************  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക