Image

കൊഴിഞ്ഞതും കിളുർത്തതും ( കുഞ്ഞിക്കഥകൾ- പാഠം 3: ദീപ ബിബീഷ് നായര്‍)

Published on 15 November, 2023
കൊഴിഞ്ഞതും കിളുർത്തതും ( കുഞ്ഞിക്കഥകൾ- പാഠം 3: ദീപ ബിബീഷ് നായര്‍)

(ഉത്സവമേളവും, പാറുക്കുട്ടിയും)

അമ്പലത്തിലെ ചെണ്ട കൊട്ടുന്ന താളത്തിനൊത്ത് പാറു വീട്ടിൽ നിന്ന് താളം ചവിട്ടാൻ തുടങ്ങി. 'ഇങ്ങനൊരു പെണ്ണ്. പാറുവിന്റെ അമ്മ പിറുപിറുത്തു . "അമ്മേ വേഗം റെഡിയാക് . ചിന്നുവും ഞാനും എപ്പഴേ റെഡിയായി" പാറു പറഞ്ഞു.
"അമ്പലത്തിൽ കൊട്ടു തുടങ്ങിയതല്ലേ ഉള്ളു. എഴുന്നള്ളത്ത് ഇറങ്ങാനിനിയും സമയമുണ്ട് ഒന്നടങ്ങി നിക്ക് പുള്ളാരെ " അമ്മ അവരെ ശകാരിച്ചു.. "ഈ അമ്മ ഇങ്ങനാ... അവസാനം നമ്മളെ ഇട്ട് ഓടിക്കും അല്ലേ ചിന്നു ?" പാറു മുഖം കോട്ടിക്കൊണ്ട് പറഞ്ഞു. ചെണ്ട കൊട്ടുന്ന ശബ്ദം കൂടിവരുന്തോറും പാറുവിന് ഒരു സമാധാനവുമില്ലാതായി. അവസാനം അമ്മ റെഡിയായി ഇറങ്ങിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. "അവിടെ അടങ്ങി നിന്നോണം രണ്ടെണ്ണവും, അതു വേണം, ഇതു വേണം എന്നൊന്നും പറയരുത്". രണ്ട്മക്കളേയും രണ്ട് കൈ വിരലിൽ കൊരുത്തു ചേർത്തു പിടിച്ചു കൊണ്ട് അമ്മ അമ്പലത്തിലേക്ക്.. 

എന്താ ബഹളം.. എടുപ്പു കുതിരയും , കെട്ടുകാളയും നെറ്റിപ്പട്ടം ചൂടിയ ആനകളും ആകെയൊരു മേളം തന്നെ. ഇതിനിടയിൽ പാറുവിന്റെ കണ്ണുകൾ വഴിയരികിൽ ഉടക്കി.
" അമ്മേ മുറുക്കുകാരൻ , എനിക്ക് മുറുക്ക് വേണം", പാറു പറഞ്ഞു. അമ്മ അവളെ നോക്കി കണ്ണുരുട്ടി . ഓലക്കീറിൽ കെട്ടിയിട്ടിരിക്കുന്ന മുറുക്ക് കൊതിയോടെ നോക്കിക്കൊണ്ട് അവൾ അമ്മയോടൊപ്പം നടന്നകന്നു. അതിനിടയിൽ ചിന്നു പാറുവിനെ ഒന്നു തോണ്ടി. പാറു എന്താ എന്നുള്ള മട്ടിൽ ചിന്നുവിനെ നോക്കി.. ചിന്നു വിരൽ ചൂണ്ടിയിടത്തേക്ക് പാറു നോക്കി. ഈന്തപ്പഴക്കാരൻ : അതു കണ്ട അമ്മ പറഞ്ഞു, "അതു തിന്നാൻ കൊള്ളില്ല, മധുരമാ ശരീരത്തിലെ രക്തം വെള്ളമാകും", പാറു വിശ്വാസം വരാത്തതു പോലെ അമ്മയെ നോക്കി.. ആഹാ ബലൂൺകാരൻ .... ന്തായാലും ബലൂൺ വാങ്ങിയേ പറ്റൂ. ചിന്നുവിന് കിലുങ്ങുന്ന ബലൂണും പാറുവിന് ഒരു മത്തങ്ങയും അമ്മ വാങ്ങിക്കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു. "ഇത് പൊട്ടിപ്പോകില്ലേ പുള്ളാരെ , വെറുതെ കാശ് പാഴിക്കളയാൻ " . 
വഴിയരികിൽ സുഗന്ധം വമിക്കുന്ന കൊഴുന്തുമായി കച്ചവടക്കാർ ഇരുന്നെങ്കിലും പാറുവിന്റെ അമ്മ അങ്ങോട്ടേക്ക് പോയതേ ഇല്ല... എങ്കിലും ഒത്തിരി ആഗ്രഹിച്ച വളക്കാരന്റെ മുന്നിലെത്തിയപ്പോൾ പാറുവിന്റേയും ചിന്നുവിന്റേയും കാലുകൾ വണ്ടി സഡൻ ബ്രേക്കിട്ടതുപോലെ നിന്നു. രണ്ട് കൈ നിറയെ ചുറ്റുവളയും വാങ്ങി അമ്പലത്തിലെ കെട്ടുകാഴ്ചകളും കണ്ടിറങ്ങിയപ്പോൾ ഇരുട്ടു മൂടിത്തുടങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക