Image

പ്രൈമറി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒഴിവുദിനങ്ങള്‍ ഇല്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 November, 2023
പ്രൈമറി സ്ഥാനാര്‍ത്ഥികള്‍ക്ക് ഒഴിവുദിനങ്ങള്‍ ഇല്ല (ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍: യു.എസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒഴിവു ദിനങ്ങള്‍ ഉണ്ടെന്നാണ് ധാരണ. യഥാര്‍ത്ഥത്തില്‍ രണ്ടോ മൂന്നോ ഒഴിവുദിനങ്ങളാണ്. എന്നാല്‍ പാര്‍ട്ടി ടിക്കറ്റില്‍ അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഒഴിവുദിനങ്ങളിലും വലിയ തിരക്കിലായിരിക്കും. ഇവര്‍ പ്രൈമറികളില്‍ മത്സരിച്ച് 50% അധികം വോട്ടുകള്‍ നേടിയാല്‍ മാത്രമേ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ നോമിനേഷനുകള്‍ ലഭിക്കുകയുള്ളൂ.

പ്രൈമറികളില്‍ മത്സരിക്കുവാനുള്ള ഉദ്ദേശം അറിയിച്ച് പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം ആരംഭിച്ചു. ്അവസാന തീയതി ഡിസംബര്‍ 11 ആണ്. ഓരോ സംസ്ഥാനത്തെയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടിയുടെ കൗണ്ടി ചെയറിലാണ് രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് ശേഷമാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ആരംഭിക്കേണ്ടത്. പലരും ഇതിനു മുമ്പു തന്നെ പ്രചരണം ആരംഭിച്ചു കഴിഞ്ഞു.

ഓരോ അപേക്ഷയോടുമൊപ്പം അപേക്ഷന്‍ പെറ്റിഷന്‍ഫീസ് ആയി അഞ്ഞൂറ് ഡോളറോ അല്ലെങ്കില്‍ ഒരു കൗണ്ടി സ്ഥാനത്തേയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ അഞ്ഞൂറ് പേരുടെ ഒപ്പും സംസ്ഥാനതല ഓഫീസിലേയ്ക്കാണ് മത്സരിക്കുന്നതെങ്കില്‍ അയ്യായിരം പേരുടെ ഒപ്പം സമര്‍പ്പിക്കണം.

ഭരണത്തില്‍ ഇരിക്കുന്ന, വീണ്ടും മത്സരിക്കുവാന്‍ അര്‍ഹതയും വീണ്ടും മത്സരിക്കുകയും ചെയ്യുന്ന യു.എസ്. പ്രസിഡന്റുമാരുടെ വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രൈമറികളിലേയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പേര് നല്‍കുന്ന ബോക്‌സില്‍ വിപിയുടെ പേരും യാന്ത്രികമായി ആവര്‍ത്തിക്കപ്പെടും. സൗത്ത് കാരലിന ഡെമോക്രാറ്റിക് പ്രൈമറി ബാലറ്റില്‍ പ്രസിഡന്റ് ജോ ബൈഡന്റെ പേര് ചേര്‍ക്കാന്‍ വിപി കമല ഹാരിസാണ് എത്തിയത്. ബൈഡന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി പുതുക്കിയ പ്രൈമറികളുടെ കലണ്ടറില്‍ ആദ്യ പ്രൈമറി സൗത്ത് കാരലിനയില്‍ ഫെബ്രുവരി 3ന് നടക്കും.

2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണവേളയില്‍ അയോവയിലെയും ന്യൂഹാംഷെയറിലെയും പ്രൈമറികളില്‍ തിരിച്ചടികള്‍ നേരിട്ട ബൈഡന്‍ സൗത്ത് കാരലിന വിജയത്തോടെയാണ് തിരിച്ചു വരവ് നടത്തിയത്. ആദ്യമായി സൗത്ത് കാരലിനയില്‍ മാറ്റുരച്ച് വിജയം നേടുന്നത് മറ്റു വിജയങ്ങള്‍ക്ക് നാന്ദിയാകുമെന്ന് ബൈഡന്‍ വിശ്വസിക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ബൈഡന്‍ ഏറെ സന്ദര്‍ശനം നടത്തിയിട്ടുള്ളത് മറ്റൊരു സംസ്ഥാനമായ പെന്‍സില്‍വാനിയയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക