Image

ശിഷ്ടം  ജീവിതം ( കവിത : പി. സീമ )

Published on 15 November, 2023
ശിഷ്ടം  ജീവിതം ( കവിത : പി. സീമ )

മൗനത്തെ അളന്ന്
ഏകാന്തതയാൽ ഇരട്ടിപ്പിച്ച്‌ 
ശബ്ദത്താൽ ഗുണിച്ചു 
ചിരിയാൽ പകുത്തു 
സ്വപ്നങ്ങളാൽ സങ്കലനം ചെയ്തു 
നിശ്വാസങ്ങളാൽ വ്യവകലനം 
ചെയ്തപ്പോൾ
കിട്ടിയ ശിഷ്ടമാണ്
ജീവിതം.

ഒരു പട്ടികയിലും
എഴുതി ചേർക്കാനാവാത്ത വിധം 
അക്കങ്ങളും
അക്ഷരങ്ങളും
മാഞ്ഞ ഓർമ്മത്താളിൽ
മാത്രം ഇടം തേടിയ
ശിഷ്ടം.

മഞ്ഞിൽ പൂത്തു 
മരുപ്പച്ചയിൽ കുളിച്ചു
വെന്തു പൊള്ളി
ആത്മാവിനെ പകുത്തു പോയ 
ഒരോർമ്മ പോലെ
ശൂന്യമായ 
ബാക്കിപത്രത്തിലെ
ശിഷ്ടം.

Join WhatsApp News
Sudhir Panikkaveetil 2023-11-17 02:37:05
ജീവിതത്തെ കാല്പനികമാക്കുക. അതിൽ അക്കങ്ങൾ കൊണ്ടുവരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നു. അതായത് ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും കൂട്ടുമ്പോഴുമെല്ലാം. ഒരു അക്കത്തെ മറ്റൊരു അക്കം കൊണ്ട് ഹരിക്കാൻ കഴിയാതെ വരുമ്പോൾ ശിഷ്ടം വരുന്നു. ജീവിതത്തിലും അത് തന്നെ അപ്പോൾ എളുപ്പം കാൽപ്പനിക ലോകത്തേക്ക് കടക്കുക.fantasy യുടെ ലോകം. കവിത കൊള്ളാം ട്ടോ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക