ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?
ലിയോ ടോൾസ്‌റ്റോയിയുടെ How much money does a man need? എന്ന വിഖ്യാത കഥയുടെ മലയാള പരിഭാഷാശ്രമം. 1886 ൽ എഴുതിയ ചെറുകഥയാണ്.
0I/09
ഒരു ജ്യേഷ്ഠ സഹോദരി തന്റെ ഇളയ സഹോദരിയെ സന്ദർശിക്കുന്നതിനായി നാട്ടിൻപുറത്ത് എത്തിയതായിരുന്നു. മൂത്തവളെ വിവാഹം ചെയ്തിരുന്നതു പട്ടണത്തിലുള്ള ഒരു ചെറുവ്യാപാരി ആയിരുന്നു, ഇളയവളെ ആകട്ടെ ഗ്രാമത്തിലെ ഒരു കർഷകനും. ചായയും കുടിച്ച് സഹോദരിമാർ സംസാരിച്ചു കൊണ്ടിരിക്കവേ, പട്ടണജീവിതത്തിന്റെ ഗുണഗണങ്ങളെ കുറിച്ച് മൂത്തവൾ വീമ്പു പറയുവാൻ തുടങ്ങി: അവർ എത്ര സൗകര്യത്തിലാണ് അവിടെ ജീവിക്കുന്നത്, അവർ എത്ര നന്നായിട്ടാണ് വസ്ത്രങ്ങൾ അണിയുന്നത്, തന്റെ മക്കൾ എത്ര പരിഷ്‌കൃതമായ വേഷങ്ങളാണ് ധരിക്കുന്നത്, അവർ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് എത്ര നല്ല സാധനങ്ങളാണ്, അവൾ എങ്ങനയൊണ് നാടകശാലകളിലും വിനോദശാലകളിലും, ആഘോഷങ്ങളിലും പങ്കെടുക്കുന്നത് എന്നു തുടങ്ങി കുറേയേറെ. ഇളയ സഹോദരിക്ക് അപ്രിയം തോന്നി, പകരം ഒരു വ്യാപാരിയുടെ ജീവിതത്തെ പറ്റി താഴ്ത്തിക്കെട്ടി പറയുവാൻ തുടങ്ങി, പിന്നെ ഒരു കൃഷ്‌ക്കാരന്റെ ജീവിതമാണ് മേന്മയുള്ളത് എന്നു വാദിച്ചു.
'എന്റെ ജീവിതം ഞാൻ ഒരിക്കലും നിന്റെ തരം ജീവിതത്തിനു വേണ്ടി മാറ്റിമറിക്കില്ല,' അവൾ പറഞ്ഞു. 'ഞങ്ങളുടെ ജീവിതം പരുക്കൻ ആയിരിക്കാം, പക്ഷേ ഞങ്ങൾ ഒന്നുമില്ലെങ്കിൽ ഉത്കണ്ഠപ്പെടുന്നതിൽ നിന്നു മോചിതരാണല്ലോ. നീ ഞങ്ങളുടേതിനേക്കാൾ നല്ല രീതിയിലാണ് കഴിയുന്നത്, പക്ഷേ, ആവശ്യമുള്ളതിലും കൂടുതൽ പലപ്പോഴും നിങ്ങൾ നേടുന്നുണ്ടെങ്കിലും, നിങ്ങൾക്ക് ഉള്ളതു മുഴുവൻ നഷ്ടപ്പെട്ടു പോകുന്നതിന് എല്ലാ സാദ്ധ്യതയുമുണ്ട്. നിനക്ക് പഴഞ്ചൊല്ല് അറിയാമല്ലോ, 'നഷ്ടവും ലാഭവും ഇരട്ട സഹോദരങ്ങളാണ്. ' ഒരു നാൾ വളരെ സ്വത്തുള്ളവർ, അടുത്ത ദിവസം തങ്ങളുടെ ആഹാരത്തിനായി ഭിക്ഷ യാചിച്ചെന്നു വരും. ഞങ്ങളുടെ രീതിയാണ് കൂടുതൽ സുരക്ഷിതം. ഒരു കർഷകന്റെ ജീവിതം അത്ര വർണ്ണശബളമൊന്നും അല്ലായിരിക്കാം, പക്ഷേ അതിന് ദൈർഘ്യം കൂടുതലുണ്ട്. ഞങ്ങൾ ഒരിക്കലും പണക്കാരാവില്ല, പക്ഷേ ഞങ്ങൾക്ക് ഭക്ഷണത്തിന് ആവശ്യമുള്ളത് എന്നും ഉണ്ടായിരിക്കും താനും.'
മൂത്ത സഹോദരി പരിഹാസത്തോടെ പറഞ്ഞു:
'ആവശ്യത്തിനോ? ശരിയാണ്, നീ ഒരു പക്ഷേ പന്നികൾക്കും കന്നുകുട്ടികൾക്കും ഒപ്പം പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ! നിനക്ക് സൗന്ദര്യത്തെ കുറിച്ചും പെരുമാറ്റ മര്യാദകളെ കുറിച്ചും എന്തറിയാം! നിന്റെ ഈ നല്ല മനുഷ്യൻ എത്രത്തോളം അടിമപ്രവർത്തികൾ ചെയ്താലും, നീ ഇന്നു എങ്ങനെയാണോ ജീവിച്ചിരിക്കുന്നത്, അതേ പോലെ തന്നെ മരിക്കും - ഒരു ചാണകക്കൂനയിൽ - നിന്റെ കുട്ടികളും അങ്ങനെ തന്നെ.'
'ശരി, പക്ഷേ അതുകൊണ്ടെന്താണ്? അനുജത്തി മറുപടി പറഞ്ഞു.'തീർച്ചയായും ഞങ്ങളുടെ ജോലി കഠിനമാണ്, പരുക്കനുമാണ്. പക്ഷേ അതിന്റെ മറുവശം ഒരു കാര്യം ഉറപ്പാക്കുന്നുണ്ട്; ഞങ്ങൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല. നീ, നിങ്ങളുടെ പട്ടണങ്ങളിൽ, പ്രലോഭനങ്ങൾക്കു ചുറ്റുമാണ് ജീവിക്കുന്നത്; ഇന്ന് എല്ലാം ശുഭകരമായിരിക്കും, പക്ഷേ നാളെ ആ ദുഷ്ടശക്തി നിന്റെ ഭർത്താവിനെ ചീട്ടുകളും വീഞ്ഞും അല്ലെങ്കിൽ പെണ്ണുങ്ങളേയും കൊണ്ട് പ്രലോഭിപ്പിക്കും, എല്ലാം നശിച്ചു പോകുകയും ചെയ്യും. അങ്ങനെയുള്ള സംഭവങ്ങൾ ആവശ്യത്തിനു നടക്കുന്നില്ലേ? '
അടുപ്പിനു മുകളിൽ വിശ്രമിക്കുകയായിരുന്ന പാഹം, ആ വീട്ടിലെ ഗൃഹനാഥൻ, പെണ്ണുങ്ങളുടെ ഈ ചിലയ്ക്കൽ ശ്രദ്ധിച്ചു.
'അതു തികച്ചും ശരിയാണ്,' അയാൾക്കു തോന്നി.'നമ്മൾ ചെറുപ്പം മുതലേ ഭൂമീമാതാവിനെ ഉഴുതു മറിച്ചുകൊണ്ടിരുന്നതിനാൽ, ഞങ്ങൾ കൃഷിക്കാർക്ക് ഒരു തരത്തിലുള്ള വേണ്ടാതീനങ്ങളും തലയിൽ കയറുന്നതിന് സമയം ഉണ്ടായിട്ടില്ല. ആവശ്യത്തിനു ഭൂമി ഇല്ല എന്ന ഒരേയൊരു പ്രശ്‌നമേ നമുക്കുള്ളു. ആവശ്യത്തിനു ഭൂമി ഉണ്ടായിരുന്നെങ്കിൽ, എനിക്ക് ചെകുത്താനെ പോലും ഭയക്കേണ്ടി വരുമായിരുന്നില്ല!'
സ്ത്രീകൾ അവരുടെ ചായകുടി അവസാനിപ്പിച്ചു, വസ്ത്രങ്ങളെ കുറിച്ചു ലേശം സംസാരിച്ചു, പിന്നെ ചായപ്പാത്രങ്ങളെല്ലാം ഒതുക്കി വച്ച് ഉറങ്ങാൻ കിടന്നു.
പക്ഷേ അടുപ്പിന്റെ പിന്നിൽ ചെകുത്താൻ ഇരിക്കുന്നുണ്ടായിരുന്നു, അവിടെ നടന്ന സംഭാഷണങ്ങൾ എല്ലാം അവൻ കേൾക്കുന്നുമുണ്ടായിരുന്നു. കൃഷിക്കാരന്റെ ഭാര്യ ഭർത്താവിനെ പൊങ്ങച്ചത്തിലേക്കു വലിച്ചിഴച്ചതിനും തനിക്കു ധാരാളം ഭൂമി ഉണ്ടായിരുന്നെങ്കിൽ താൻ ചെകുത്താനെ പോലും ഭയക്കില്ല എന്നു പാഹം ചിന്തിച്ചതും അവന് ഇഷ്ടപ്പെട്ടു.
'ശരി, അങ്ങനെ തന്നെ ആകട്ടെ.' ചെകുത്താൻ ചിന്തിച്ചു. 'നമുക്കു തമ്മിൽ ഒരു മൽപിടുത്തം നടത്താം. ഞാൻ നിനക്ക് ആവശ്യമുള്ളത്ര ഭൂമി തരും; ആ ഭൂമി ഉപയോഗിച്ച് ഞാൻ നിന്നെ എന്റെ വരുതിയിൽ നിർത്തും.'
പരിഭാഷ: ശ്രീലത എസ്
തുടരും....