യുഎസിലെ മുതിര്‍ന്ന പൗരന്മാര്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ വന്നിട്ടുള്ള വലിയ വര്‍ദ്ധനവ് എന്തുകൊണ്ട് എന്നതാണ് ഈ ലേഖനത്തില്‍ അന്വേഷിക്കുന്നത്.
ലഹരി വസ്തുകള്‍, പുകയിലയില്‍ നിന്നാരംഭിച്ച് സിന്തറ്റിക് ലഹരി വരെ തുടരുന്ന വലിയ കറുത്ത ചങ്ങല ഇന്ന് ലോകത്തിന്റെ സാമ്പത്തിക മേഖല തന്നെ നിയന്ത്രിക്കുന്ന അദൃശ്യ ശക്തിയാണ്. പല രാജ്യങ്ങളുടേയും നിലനില്‍പ്പു പോലും ഡ്രഗ് ട്രാഫിക്കിലൂടെയാണ്. പട്ടിണി മാറ്റണമെങ്കില്‍ കറുപ്പ് അഥവാ പോപ്പികൃഷി ചെയ്യേണ്ട ഗതികേട് അനുഭവിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരും ഈ ലോകത്തുണ്ട്. പല രാജ്യങ്ങളിലും ഇന്ന് മരിജുവാനയും കഞ്ചാവും അംഗീകരിക്കപ്പെട്ട വസ്തുക്കളുമാണ്. ഷോപ്പിങ് മാളുകളില്‍ കഞ്ചാവ് അടങ്ങിയ മിഠായികളോ ചോക്‌ളേറ്റുകളോ കണ്ടാല്‍ അതിശയിക്കണ്ട, അതു സത്യമാണ്. ഇന്ത്യയിലും കടുത്ത തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കഞ്ചാവ് ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമെന്ന പേരില്‍ ഉപയോഗിക്കുന്ന വലിയ കൂട്ടം മനുഷ്യരുണ്ട്. മെക്‌സിക്കോ, കൊളമ്പിയ പോലുള്ള രാജ്യങ്ങളാകട്ടെ മയക്കുമരുന്ന് വ്യാപാരികളുടെ പ്രധാന തട്ടകവുമാണ്. നമ്മള്‍ നിത്യേന കേള്‍ക്കുന്നതും ലഹരി വസ്തുക്കള്‍, പ്രത്യേകിച്ച് മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന, സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഭയപ്പെടുത്തുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചാണ്.
വസ്തുതകള്‍ ഇങ്ങനെയാകുമ്പോള്‍ത്തന്നെ, ഇതിനൊരു മറുവശമുണ്ടെന്നു പറഞ്ഞാല്‍ നെറ്റി ചുളിയരുത്. അതെ, പറയാന്‍ പോകുന്നത് കഞ്ചാവ്, മരിജുവാന തുടങ്ങിയവ മരുന്നിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്, ഉറപ്പായും ആളെ കൊല്ലുന്ന സിന്തറ്റിക് മയക്കുമരുന്നുകളെക്കുറിച്ചല്ല, മറിച്ച് പ്രകൃതിയില്‍ നിന്നും കിട്ടുന്ന, ചില പ്രത്യേക ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് അവരുടെ രോഗാവസ്ഥയില്‍ ആശ്വാസം നല്‍കുന്നവയെക്കുറിച്ചാണ്.
യുഎസില്‍ നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്, അവിടെ കഞ്ചാവ് ഉപയോഗിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നാണ്. എന്താണ് ഇങ്ങനെയൊരു വര്‍ദ്ധനയ്ക്കു പിന്നില്‍ എന്നു നോക്കിയാല്‍ പ്രധാന കാരണം രോഗാവസ്ഥകളാണ്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിവിധ രോഗങ്ങള്‍ നല്‍കുന്ന ഉറക്കമില്ലായ്മ, വേദന, ഇവയ്ക്ക് ആധുനിക വൈദ്യശാസ്ത്രം കുറിച്ചു നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമാകാതെ വരുമ്പോള്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രകൃതിയിലെ അത്തരം വസ്തുക്കളെയാണ്. പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള ഉറക്കുമരുന്നുകളേക്കാള്‍, വേദനസംഹാരികളേക്കാള്‍ ഫലപ്രദമാണ് കഞ്ചാവ് അടങ്ങിയ മരുന്നുകള്‍ എന്നാണ് കണ്ടെത്തല്‍. 2007 ല്‍ യുഎസില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള 0.4% പേര്‍ മാത്രമായിരുന്നു കഞ്ചാവ് ഉപയോഗിച്ചിരുന്നതെങ്കില്‍ 2016ല്‍ അത് 3% ആയി വര്‍ദ്ധിച്ചു. 2022 ല്‍ അത് 8% ല്‍ അധികമായി.
ചിലര്‍ തങ്ങളുടെ വിരസമായ വാര്‍ദ്ധക്യകാല ജീവിതത്തില്‍ വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നു. എന്നാല്‍ വിനോദത്തിനപ്പുറം, പാര്‍ക്കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ഉള്ള പങ്കാളി ഒപ്പമുണ്ടാകുമ്പോള്‍ കഞ്ചാവ്, വിനോദത്തിന് എന്ന അവസ്ഥ മാറുന്നു. അവിടെ കഞ്ചാവിന് മരുന്നിന്റെ പരിവേഷം ലഭിക്കുന്നു. ഉറക്കക്കുറവ് പരിഹരിക്കപ്പെടുന്നുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഡെന്‍വറിലെ വയോജന മനഃശാസ്ത്രജ്ഞനായ ഡോ.ആരോണ്‍ ഗ്രീന്‍ സ്റ്റീന്‍ പറയുന്നത്, തന്റെ മുന്നിലെത്തുന്ന മനുഷ്യര്‍ തീര്‍ത്തും നിരാശരാണ് എന്നാണ്. അവര്‍ എന്തും പരീക്ഷിക്കാന്‍ തയ്യാറാകുന്നു. ഡിമെന്‍ഷ്യയുടെ അവസാന ഘട്ടങ്ങളില്‍ മരിജുവാനയിലെ സൈക്കോ ആക്ടീവ് ഘടകമായ ടി എച്ച്‌സിയുടെ ചെറിയ അളവിലുള്ള അലിഞ്ഞുപോകാവുന്ന സ്ട്രിപ്പ് രോഗികള്‍ക്കു സമാധാനം നല്‍കുന്നതായി അദ്ദേഹം കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വയോജനമനഃശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കഞ്ചാവ് മരുന്നിനായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു ബോധവത്കരണം നല്‍കണം എന്നതിലാണ്. എണ്‍പത്തെട്ടുകാരിയായ കാര്‍മിനേറ്റ വെര്‍ണര്‍ എന്ന മേരിലാന്‍ഡുകാരിയെപ്പോലുള്ള ചില മുതിര്‍പൗരന്മാര്‍, തങ്ങളുടെ റിട്ടയര്‍മെന്റ് കമ്യൂണിറ്റിയില്‍ ഒരു കഞ്ചാവ് ക്ലബ് തന്നെ ആരംഭിച്ചു. അതില്‍ മെഡിക്കല്‍ കഞ്ചാവിനെക്കുറിച്ചു ഒരു മാനുവല്‍ തന്നെ നിര്‍മ്മിച്ചു.
പ്രായമായവര്‍ക്ക് മരുന്നിനു പകരമായി കഞ്ചാവ്, മരുന്നു പോലെ ഉപയോഗിക്കുമ്പോള്‍ കൃത്യമായ ഗൈഡന്‍സ് ആവശ്യമുണ്ട്.
മിസ്. വെര്‍ണറുടെ വാക്കുകളില്‍ കഞ്ചാവിന് അതിന്റെ ചീത്തപ്പേരില്ലാതിരുന്നുവെങ്കില്‍ ധാരാളം പേര്‍ക്ക് അത് ആശ്വാസം നല്‍കുന്ന മരുന്നായി മാറുമായിരുന്നു എന്നാണ്.
റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള വേദനാജനകമായ രോഗാവസ്ഥയില്‍ ആശ്വാസം നല്‍കാന്‍ ഈ പ്രകൃതിജന്യ വസ്തുക്കള്‍ക്കു സാധിക്കും. ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കഞ്ചാവ് നിയമവിധേയമാക്കുകയാണ്. ഇരുപതിലധികം സംസ്ഥാനങ്ങഖിലും ഡിസിയിലും കഞ്ചാവ് വിനോദത്തിനായി ഉപയോഗിക്കാം, മുപ്പത്തിയെട്ടു സംസ്ഥാനങ്ങളിലും ഡിസിയിലും ഇത് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.
അമ്പത്തഞ്ചു വയസ്സില്‍ പ്രായമുള്ള മൂന്നില്‍ രണ്ടു പേരും കഞ്ചാവ് ഉപയോഗിക്കുന്നതു നിയമപരമാണെന്നു കരുതുന്നവരാണ്.
കഞ്ചാവ് ഉപയോഗിച്ചു പല ഉത്പന്നങ്ങളും നിര്‍മ്മിക്കാന്‍ കമ്പനികളും മത്സരിക്കുകയാണ് ഇവിടെ. എല്ലാവരും ലക്ഷ്യമിടുന്നതും മുതിര്‍ന്ന പൗരന്മാരെത്തന്നെയാണ്.
എന്നാല്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ ചില മാര്‍ഗനിര്‍ദ്ദേശം പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. സാന്‍ഡിഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അഡിക്ഷന്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്ററായ ഹാന്‍, യു എസിലെ വയോധികരിലെ ലഹരി ഉപയോഗത്തെക്കുറിച്ചു ഗവേഷണം നടത്തുന്നു. അദ്ദേഹം പറയുന്നത്, കഞ്ചാവ് വളരെ സങ്കര്‍ണമായ ഒരു ചെടിയാണ്. ഇതില്‍ നൂറിലധികം കന്നാബിനോയിഡുകള്‍ സജീവ ഘടകങ്ങളാണ്. അതിനാല്‍ വളരെ ചെറിയ ഡോസില്‍ വേണം ഇവ ഉപയോഗിച്ചു തുടങ്ങാന്‍. ഇവയുടെ ഉപയോഗം വര്‍ദ്ധിച്ചാല്‍ച്ചിലപ്പോള്‍ കാബിന്നോയിഡ് ഹൈപ്പര്‍മെസിസ് സിന്‍ഡ്രോം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്നത്തെ കഞ്ചാവ് ഉല്‍പന്നങ്ങള്‍ വളരെ ശക്തമാണ്, അപകടകരവും. അതിനാല്‍ത്തന്നെ കന്നാബിന്‍ ഉപയോഗത്തിനു മുന്‍പ് ഡോക്ടറുമായി ഇതിന്റെ ഗുണദോഷങ്ങള്‍ സംസാരിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഏതായാലും ലോകം, മരിജുവാനയുടേയും കഞ്ചാവിന്റേയും ഗുണങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അത് ലഹരിയുടെ തലത്തില്‍ മാത്രം കാണാതെ അതിന്റെ മെഡിസിനല്‍ ഉപയോഗത്തിനു പ്രാധാന്യം നല്‍കി ഗവേഷണങ്ങള്‍ നടത്തിയാല്‍ അതൊരു മികച്ച കാര്യമായി മാറും.