Image

വിറ്റ് തീരാത്ത ടിക്കറ്റിൽ ബംബർ വരെ അടിച്ച ചരിത്രം ( കഥ : പോളി പായമ്മൽ )

Published on 18 November, 2023
വിറ്റ് തീരാത്ത ടിക്കറ്റിൽ ബംബർ വരെ അടിച്ച ചരിത്രം ( കഥ : പോളി പായമ്മൽ )

ഈയിടെയായ്, ലോട്ടറി വിറ്റ് നടക്കണ മണിച്ചേട്ടനെ  കാണാറില്ല.
രാവിലെ നടക്കാനിറങ്ങുമ്പോ അങ്ങാടിയിൽ വച്ചോ റയിൽവേ സറ്റേഷൻ പരിസരത്തു വച്ചോ  കാണാറുള്ളതാണ്.

ഇനിയെങ്ങാനും ആള് റൂട്ട് മാറ്റി പിടിച്ചാവോ എന്നുമറിഞ്ഞു കൂടാ. ആൾടെ കാര്യായതോണ്ട് അതിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

ചിലപ്പോ ഇരിഞ്ഞാലക്കുടേന്ന് ടെയിൻ കേറി തൃശൂര് ചെന്നിറങ്ങി പൂരപ്പറമ്പിൽ കറങ്ങി നടന്ന് ടിക്കറ്റ് വിക്കാറുണ്ട്. മറ്റു ചിലപ്പോ ഗുരുവായൂര്, തൃപ്രയാറ്, കൊടുങ്ങല്ലൂര് അല്ലെങ്കി ചാവക്കാട് കടപ്പുറം വരെ ആ കറക്കം നീളാറുണ്ട്.
എന്നിട്ടും വിറ്റു തീരാത്ത ടിക്കറ്റുമായ് തിരിച്ചു വരാറുണ്ട്. എന്തുട്ടൊക്കെയോ പിറുപിറുത്തോണ്ട് തെരുവോരത്തൂടെ നടന്നു നീങ്ങാറുമുണ്ട്.

മണിച്ചേട്ടാ ടിക്കറ്റൊക്കെ വിറ്റു തീർന്നില്ലല്ലേ എന്നെങ്ങാനും ചോച്ചാ ആള് പറയണത് 
വിറ്റ് തീരാത്ത ടിക്കറ്റില് ബംബർ വരെ അടിച്ച ചരിത്രമുണ്ടെന്നാണ്. 

അങ്ങനെയങ്ങനെ സ്വപ്നങ്ങൾ കൊയ്തു കൂട്ടിയ മണിച്ചേട്ടൻ ഉടുതുണിക്ക് മറുതുണിയില്ലാത്ത വിധം കടക്കെണിയിലേക്ക് വലതു കാൽ വച്ചു.

കാണുമ്പോഴൊക്കെ ഭാഗ്യ നിർഭാഗ്യങ്ങളുടെ ഒരു പാട് കഥകൾ  മണിമണിയായ് മണിച്ചേട്ടൻ പറയാറുണ്ട്.
അതിൽ ചിലതൊക്കെ തള്ള് കഥകളാണെങ്കിലും യാഥാർത്ഥ്യവും പറ്റി പിടിച്ചിരിക്കാറുണ്ട്. അതൊക്കെ കേട്ട് നേരമ്പോക്കുമ്പോ ഒരു ടിക്കറ്റ് പോലും എടുക്കാത്ത എന്നോട് പുള്ളിക്കാരന് പരിഭവം തോന്നാറുണ്ടെങ്കിലും ഇഷ്ടക്കേടൊന്നുമില്ല.

ആള് പറയാണേ 
കാശിന് ബുദ്ധിമുട്ടാവുമ്പോഴൊക്കെ ദൈവം വഴിയിൽ കാശ് കൊണ്ട് ഇടാറുണ്ടത്രെ.ലോട്ടറി വിറ്റ് നടക്കണേന്റിടയിൽ കിട്ടാറുണ്ടത്രേ.

"അതാണല്ലേ മണിച്ചേട്ടൻ താഴത്തു നോക്കി എപ്പഴും നടക്കണേ ...."
"അതെന്നെ നീ ആക്കിതാണല്ലേ.."
"ഞാൻ ചുമ്മാ ഒരു രസത്തിന് പറഞ്ഞതാ മണിച്ചേട്ടാ..."

മറ്റൊരവസരത്തിൽ ആള് ഒരു പഴ്സ് കളഞ്ഞു കിട്ടിയ കഥ പറഞ്ഞു. അതിൽ നിറയെ കാശുണ്ടായിരുന്നുവെന്ന് മാത്രം പറഞ്ഞു. പിന്നെ എ ടി എം . ആധാർ പാൻ കാർഡുകളും .
എത്ര കാശുണ്ടായെന്നു ചോച്ചപ്പോ ആള് പറഞ്ഞത് സഹോദരന്റെ മകളുടെ കല്യാണത്തിന് കൊടുക്കാമെന്നേറ്റ കാശുണ്ടായിരുന്നെന്ന്.

അത് പഴ്സിന്റെ ഉടമയ്ക്ക് തിരിച്ചു കൊടുക്കേണ്ടതല്ലേ.
ആളെ കണ്ടു കിട്ടിയില്ലെങ്കി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കേണ്ടതല്ലേ
എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും തനിക്ക് ദൈവം തന്നതാന്നും പറഞ്ഞ് മണിച്ചേട്ടൻ എന്റെ വാക്കുകൾക്ക് തടയിട്ടു.

ചിലരുടെ നിർഭാഗ്യമാണ് മറ്റു ചിലരുടെ ഭാഗ്യമായ് ഭവിക്കുന്നതെന്നോർത്തപ്പോ മണിച്ചേട്ടനോട് എനിക്ക് വല്ലാത്തൊരിത് തോന്നി.  ചില മനുഷ്യരെ തിരുത്താൻ വല്യ പാടാന്നും മനസ്സിൽ കുറിച്ചു.

കുറെ നാൾ കഴിഞ്ഞ് വിറ്റു തീരാത്ത ഒരു ലോട്ടറിയിൽ മണിച്ചേട്ടന് രണ്ടാം സമ്മാനം കിട്ടി. മതി മറന്നാഹ്ലാദിച്ച മണിച്ചേട്ടൻ സമ്മാനാർഹമായ ആ  ടിക്കറ്റും കൊണ്ട് ബാങ്കിൽ പോയി. രേഖകളുടെ കൂട്ടത്തിൽ ഹാജരാക്കാൻ കീശയിൽ ടിക്കറ്റ് തപ്പിയിട്ടും കിട്ടിയില്ല.

അത് വഴിയിൽ വച്ചെങ്ങോ കളഞ്ഞു പോയ്..!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക