Image

വിരലടയാളങ്ങൾ ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 18 November, 2023
വിരലടയാളങ്ങൾ  ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

 "Life is beautiful
      Its about giving.
     Its about family. (Walt Sydney )

ഇതു ഞാൻ കഷ്ടപ്പെട്ട് കണ്ടു പിടിച്ച ഒരു ഉദ്ധരിണിയല്ല ട്ടോ.' ഒരു സ്ത്രീ രോഗ വിദഗ്ധൻ ഡോക്ടർ റെജി ദിവാകർ കഴിഞ്ഞ 15 വർഷത്തോളമായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഈ രംഗത്ത് വർക്ക് ചെയ്യുന്നു. ഡോക്ടർ റെജി ഒരു ഇൻഫെർടിലിറ്റി സ്പെഷലിസ്റ്റ് കൂടിയാണ്. നല്ലൊരു മനുഷ്യസ്നേഹി , വിദഗ്ധനായ ഒരു gynaecologist, അത്യാവശ്യം നല്ല വായനയുള്ള ഒരാൾ.ഇംഗ്ലീഷ്,ഹിന്ദി സംഗീതത്തെ അകമഴിഞ്ഞ് എഴുത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. എല്ലാത്തിലും ഉപരി തന്റെ കുടുംബത്തെ വല്ലാതെ ചേർത്ത് പിടിച്ചിരിക്കുന്ന ഒരാൾ. കുടുംബമാണ് സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റ്. കുടുംബങ്ങൾ സ്വരചേർച്ചയിൽ ആവുമ്പോഴേ സമൂഹം നന്നാവുകയുള്ളൂ എന്നു പറഞ്ഞത് നമ്മുടെ മുൻ പ്രസിഡന്റ് ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം ആണ്..

ഡോക്ടർ റെജി ദിവാകരന്റെ സ്വപ്ന പുസ്തകമായ 'വിരലടയാളങ്ങൾ' വായിച്ചുതീർത്തിട്ട് ഏറെ ദിവസങ്ങളായി.. കോട്ടയം ഐ. എം.എ. ഹാളിൽ ഡോക്ടർ റോസിത്തമ്പിയിൽ നിന്നും ഡോക്ടർ ഖദീജ മുംതാസ് ഈ പുസ്തകം ഏറ്റുവാങ്ങിയ വേദിയിൽ ഞാനും ഉണ്ടായിരുന്നു എന്നത്എന്റെ ഭാഗ്യമാണ്..

ഒരു സ്ത്രീ രോഗ വിദഗ്ധന്റെ ഘട്ടം ഘട്ടമായുള്ള രൂപപ്പെടലിന്റെ വിരലടയാളങ്ങളാണ് പ്രധാനമായും ഈ പുസ്തകം . സന്തോഷവും സങ്കടങ്ങളും ഇടകലരാതെ എവിടെ ജീവിതം?.  ഒരു അനസ്തീഷ്യോളജിസ്റ്റായ ഞാൻ  വ്യക്തിപരമായി ഏറെ ആരാധിക്കുന്ന ഒരു കൂട്ടം ഡോക്ടർസ് ആണ് സ്ത്രീ രോഗ വിദഗ്ധർ. ഇന്റേൺഷിപ് കാലത്തും, ഹൗസ് സർജെൻസി ലേബർ റൂം പോസ്റ്റിങ്ങിലും കണ്ട കാഴ്ചകളിൽ നിന്നും കരച്ചിലുകളിൽ നിന്നും ഓടി അകലാൻ ആയിരുന്നു എനിക്ക് ഇഷ്ടം.പക്ഷേ ഇങ്ങനെയൊരു കൂട്ടർ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ എന്തു ചെയ്യുമായിരുന്നു? ഒരു ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ അടയാളപ്പെടുന്ന അന്നു മുതൽ ആരംഭിക്കുന്നു ഇവരുടെ ശ്രദ്ധാപൂർവ്വമായ പരിചരണങ്ങൾ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ രണ്ടും രണ്ടു വഴിയായി കിട്ടുന്നിടം വരെയുള്ള കാത്തിരിപ്പ്. അതൊരു വല്ലാത്ത കാലയളവാണ് പോലും.. ഒരു മയക്കു ഡോക്ടർ എന്ന നിലയിൽ ഈ കാലയളവിൽ ഒരു ഗർഭിണിക്ക് സംഭവിച്ചേക്കാവുന്ന എല്ലാ അപകടങ്ങളെ കുറിച്ചും എനിക്കും കൃത്യമായ ധാരണകൾ ഉണ്ടല്ലോ.. രണ്ട് ജീവിതങ്ങളെ ഒരേസമയം കൈകാര്യം ചെയ്യുന്ന രണ്ടു കൂട്ടം ഡോക്ടർസ് ആണ് സ്ത്രീ രോഗ വിദഗ്ധരും മയക്കു ഡോക്ടറും...

ഒരു സ്ത്രീ അനുഭവിക്കുന്ന അനപത്യതയുടെ നീണ്ട നാളുകളിൽ ഒരു ഗൈനക്കോളജിസ്റ്റിനോളം അവരുടെ നൊമ്പരങ്ങൾ, ആഹ്ലാദങ്ങൾ അറിയുന്നവർ വേറെ ആരുണ്ട്? ഇങ്ങനെയുള്ള എത്ര സ്ത്രീകളുടെ കുഞ്ഞുങ്ങളെയാണ് ഡോക്ടർ റെജി അരുമയോടെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നത്.!!

ഈ കഥകൾ മാത്രമല്ല വിരൽ അടയാളങ്ങൾ എന്ന ഈ പുസ്തകത്തിൽ നിങ്ങൾക്ക് വായിക്കുവാൻ സാധിക്കുന്നത്.. 2019ൽ പൊട്ടിപ്പുറപ്പെട്ട കൊറോണ നാളുകളെ കുറിച്ച് ഒരു ഡയറി തന്നെ ഈ പുസ്തകത്തിൽ വരും തലമുറയ്ക്കായി ഡോക്ടർ റെജി അടയാളപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ടുപോയ ചില ഉറ്റവരെ കുറിച്ചുള്ള സങ്കടങ്ങളും നമ്മൾ ഇതിൽ നിന്ന് വായിച്ചറിയുന്നു... 'ലോക്ക് ഡൗൺ അപാരതകൾ' എന്നാണ് ഡോക്ടർ റെജി ഇതിനെ മാർക്ക്‌ ചെയ്തിരിക്കുന്നത്. കൊറോണക്കാലത്ത് സംഭവിച്ച ചില മാറ്റങ്ങളെക്കുറിച്ച് ഡോക്ടർ റെജി എഴുതുന്നത് എത്ര ചാരുതയോടെയാണ്.

" അകന്നുനിന്നും ആൾക്കാരെ സ്നേഹിക്കാൻ നമ്മൾ പഠിച്ചു, കവികളും ആർട്ടിസ്റ്റുകളും ഉണ്ടായി, ഓസോൺ പാളിയിലെ വിള്ളൽ പോലും അടഞ്ഞിരിക്കുന്നു, എവരിതിംഗ് ഈസ് ഹീലിംഗ് ആൻഡ് ദി വേൾഡ് ഈസ്  റീഫോർമിംഗ്.. ഇതു വായിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു സന്തോഷം അത്ര ചെറുതല്ല കേട്ടോ..       ഡോക്ടേഴ്സ് ഡേ ആഘോഷങ്ങൾ, രോഗികളുടെയും വീട്ടിലെയും ചില ജന്മദിനാഘോഷങ്ങൾ ഒക്കെയും ഡോക്ടർക്ക് എഴുത്തിനുള്ള അസംസ്കൃത വസ്തുക്കൾ ആണ്.. 'ഒരു മനസ്സിനെ ആഴത്തിൽ അറിഞ്ഞപ്പോൾ' എന്ന അധ്യായം എന്നെ ഇപ്പോഴും സന്ദേഹി ആക്കുന്നു... ഇതൊക്കെ ശരിക്കുള്ള പേരുകൾ തന്നെയോ. മനുഷ്യമനസ്സോളം കോംപ്ലക്സ് ആൻഡ് കോംപ്ലിക്കേറ്റഡ് ആയി ഈ ഭൂമുഖത്ത് മറ്റെന്തുണ്ട് എന്ന ചോദ്യത്തോടെയാണ് ഡോക്ടർ റെജി ചാപ്റ്റർ ആരംഭിക്കുന്നത്. 'അത് എന്റെയും ജീവനായിരുന്നു ' എന്ന എന്റെ പുസ്തകത്തിലും ഉണ്ട് ഇങ്ങനെയൊരു സംഭവകഥ. ശരിയായ പേര് തന്നെ വച്ചോളൂ, എന്ന് നിർബന്ധം പിടിച്ച ഒരു ചെറുപ്പക്കാരൻ മിടു മിടുക്കൻ ക്യാൻസർ സർവൈവർ.. നമുക്കു മനസ്സിലാക്കാൻ പറ്റാത്ത മനസ്സാഴങ്ങൾ!!.
 

ഒരു ഫാമിലിയിലെ രണ്ടുപേരും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുമ്പോൾ വീടും കുട്ടികളും എങ്ങിനെയും അലങ്കോലമാകുവാൻ സാധ്യത ഏറെയുണ്ട്. എന്നാൽ ഡോക്ടർ റെജിയും അദ്ദേഹത്തിന്റെ പ്രിയതമ ഡോക്ടർ ശോഭ ശ്രീയും,മക്കൾ മിനി & കേശുവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്. വഴക്കിലും എഴുത്തിലും പ്രവർത്തിയിലും സ്റ്റേജുകളിലും ഒക്കെ അവർ എപ്പോഴും ഒറ്റക്കെട്ടായി ഒരാൾ മറ്റൊരാൾക്ക് താങ്ങായി നിൽക്കുന്ന കാഴ്ച അത് നമ്മളെ അത്ഭുതപ്പെടുത്താതിരിക്കില്ല..
     ഡോക്ടർ റെജി ഈ പുസ്തകത്തിന്റെ അവസാനത്താളുകളിൽ കോറിയിടുന്നത് ഒന്ന് നോക്കൂ... "ഞാൻ ഇനിയും ഇവിടെ തന്നെ ഉണ്ടാകും, എന്നിലേക്ക് എത്തുന്നവർക്ക് ഒരു വഴികാട്ടിയായി. അവരുടെ ഡോക്ടറായി, ഒരു നല്ല ചങ്ങാതിയായി". ഇതിലധികം എന്തുവേണം വായനക്കാരാ നിങ്ങൾക്കൊരു ഡോക്ടറില്‍ നിന്ന്.. ഞാനും തൽക്കാലം നിർത്തുന്നു. ഒരു സൗഹൃദം പോലും വെറുതെ അങ്ങ് സംഭവിക്കുന്നതല്ല. എന്തൊക്കെയോ നിമിത്തങ്ങളും നിയോഗങ്ങളും അതിനു പിന്നിലുണ്ട്. ഡോക്ടർ റെജി ദിവാകർ , ഡോക്ടർ ശോഭ ശ്രീയും അവരുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളും ഇപ്പോൾ എന്റെയും ചങ്ങാതിമാരാണ്.

' വിരലടയാളങ്ങൾ 'എന്ന ഈ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് കോട്ടയം  Ascend  Publications ആണ്..  രചയിതാവിനും പുസ്തകത്തിനും ആശംസകൾ നേർന്നുകൊണ്ട്

Dr. കുഞ്ഞമ്മ ജോർജ്ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക