വർഷങ്ങൾക്ക് ശേഷമാണ്
പറയാതെ പറന്നകന്ന ഞാൻ
തിരികെയെത്തിയത്.
ഞാനില്ലെങ്കിൽ പൂട്ട് വീഴുമെന്ന്
കരുതിയ ഗേറ്റുകൾ
തുറന്നു കിടക്കുന്നു!
ഞാനില്ലെങ്കിൽ കരിയുമെന്ന്
കരുതിയ ചെടികൾ
പൂവിട്ട് നിൽക്കുന്നു!
ഞാനില്ലെങ്കിൽ ഇല മൂടുന്ന
വീട്ടു മുറ്റമിപ്പോൾ
ടൈലുകളാൽ മിനുങ്ങുന്നു!
ഞാനില്ലെങ്കിൽ മുഷിയുമെന്ന്
കരുതിയ ജനൽക്കർട്ടനുകൾ
പുതുപുത്തനായിരിക്കുന്നു!
ഞാനില്ലെങ്കിൽ ഇല്ലാതാകുമെന്നു
കരുതിയ അലങ്കാര മത്സ്യങ്ങൾ
പൂമുഖത്ത് നീന്തിത്തുടിക്കുന്നു!
ഞാനില്ലെങ്കിൽ അടയുമെന്ന്
കരുതിയ ബെഡ്റൂമിൽ
എസിത്തണുപ്പരിച്ചിറങ്ങുന്നു!
ഞാനില്ലെങ്കിൽ പുക ഉയരില്ലെന്ന്
കരുതിയ അടുക്കളയിൽ
പുതിയ നറുമണം ഉയരുന്നു!
ഞാനില്ലെങ്കിൽ ഇരുട്ട് നിറയുമെന്ന്
കരുതിയ വീടാകെ
തൂവെട്ടത്തിൽ മുങ്ങി നിൽക്കുന്നു!
ഇനി ഞാൻ യാത്രയാകട്ടെ,
ശാന്തിയിൽ, സമാധാനത്തിൽ,
അനന്തമാം വിഹായസ്സിൽ …