അമേരിക്ക ഇന്നു നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. അത്രമാത്രം മാറ്റങ്ങളാണു ഇന്നു അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പണ്ടു ഒന്നിച്ചു (?) നിന്നിരുന്ന അമേരിക്ക ഇന്നു മാനസീകമായും, സാമൂഹികമായും, രാഷ്ട്രീയമായും മുമ്പുള്ളതിലും കൂടുതല്‍ ഭിന്നിച്ചിരിക്കുന്ന അവസ്ഥയിലാണോ എന്നു തോന്നിപോവുന്നു. 'അമേരിക്കന്‍ ഐക്യനാടുകള്‍' ആണോ ഐക്യം കൈമോശം വന്ന ഇന്നത്തെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നും ഒരു ചെറിയ സംശയം. അതു കൂടുതലായി കണ്ടു തുടങ്ങിയത് 2016 ലെ ഇലക്ഷനോടു കൂടെയാണ്.
ഒരു ജുഡയോക്രിസ്ത്യന് സംസ്കാരത്തില്‍ അഭിരമിച്ചിരുന്ന അമേരിക്ക ഇന്നു നാനാലോകത്തുനിന്നും വന്നവരുടേയും രാജ്യമാണ് - യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍, അറബിക് സംസ്കാരങ്ങളുടെ ഒരു കൊളാഷ് ! അവരൊക്കെയും കുടിയേറിയപ്പോള്‍ തങ്ങളുടെ ഭാഷയും, മതവും, രാഷ്ട്രീയവും കൂടെ കൊണ്ടുവന്നു. അവരുടെ ഒക്കെ ഒരു പരിഛേദം ഇന്നത്തെ അമേരിക്കന്‍ ഗവണ്മെന്റു തലത്തിലും ഇപ്പോള്‍ കാണാന്‍ തുടങ്ങി. അതില്‍ ചിലര്‍ ശ്രീബുദ്ധന്റെയും, മഹാത്മാ ഗാന്ധിയുടേയും അഹിംസാമന്ത്രം ചൊല്ലുന്നവര്‍, കമ്മ്യൂണിസ്റ്റു സൈദ്ധാന്തികര്‍, ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണമെന്നു വിശ്വസിക്കുന്നവര്‍, ഒരു കരണത്തടിച്ചാല്‍ അടിച്ചവന്റെ മറു കരണത്തു തിരികെ കൊടുക്കണമെന്നു ശഠിക്കുന്നവര്‍, അല്ലെങ്കില്‍ 'കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് ' എന്ന് ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ക്രുദ്ധനായ ബാബിലോണിയന്‍ രാജാവ് ഹാമുറാബിയുടെ പ്രതിനാണയ സിദ്ധാന്തം ഇന്നും അതേപടി അനുഷ്ടിക്കുന്ന ദേശത്തുനിന്നും വന്നവര്‍. ഇവരെല്ലാമാണു ഇന്നത്തെ അമേരിക്കയുടെ പരിഛേദം. ബഹുസ്വരത കൂടിയപ്പോള്‍ അസന്തുലിതാവസ്ഥയും കൂടി, ഒരനുപാതത്തില്‍. ഉദാഹരണത്തിന് ഇന്നത്തെ യൂറോപ്പിലേക്കു ഒന്നു കണ്ണോടിക്കൂ. ഒരിയ്ക്കല്‍ ഫ്രാന്‍സു സന്ദര്‍ശിച്ച വേളയില്‍ അവിടുത്തെ ഒരു പോലീസ് ഓഫീസര്‍ പറഞ്ഞതു അവരുടെ ജയിലിലെ അന്തേവാസികളില്‍ നല്ലൊരു ശതമാനവും ചില വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് എന്നാണ്. അവര്‍ കുടിയേറിയപ്പോള്‍ അവരുടെ നിയമങ്ങളും കൂടെകൊണ്ടുവന്നു. അവര്‍ക്കു ഫ്രഞ്ചു നിയമം സ്വീകാര്യമല്ല. അങ്ങിനെ വരുമ്പോള്‍ രാജ്യത്തിന്റെ ഏകതാനത നഷ്ടമാവുകയാണ്.
ഇന്നത്തെ മുതിര്‍ന്ന രണ്ടു പാര്‍ട്ടിയിലും കൂടുതല്‍ വിഭാഗീയത കടന്നുകൂടിയിരിക്കുന്നു. ഒരിയ്ക്കല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രയാഥാസ്ഥിതീകരായിരുന്നു 'ടീ പാര്‍ട്ടി' ഘടകം. ഇപ്പോള്‍, ഒരു തൊഴുത്തില്കുത്തു ഘടകമായ 'റൈനോ' (റിപ്പബ്ലിക്കന്‍ ഇന്‍ നേയം ഒണ്‍ളി) എന്നൊരു പിന്തിരിപ്പന് വകഭേദം കൂടി ജന്മം കൊണ്ടിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയിലുള്ള മറ്റു നേതാക്കളുടെ ഉപസ്ഥത്തിലെ കട്ടുറുമ്പ് ! പാരവയ്പ്പാണ് അവരുടെ മുഖ്യ തൊഴില്‍.
ഇന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയിലുമുണ്ട് ഭിന്നത. പണ്ടത്തെ പ്രോഗ്രസീവിസം, സോഷ്യലിസം, ലിബറലിസം അതോടൊപ്പം അല്പം മാര്‍ക്സിസവും കാണാന്‍ കഴിയുന്നുണ്ടെന്നു ചരിത്രകാരനായ ട്രെവര്‍ ലോഡന്റെ 'ബേണ്‍ ദിസ് ബുക്ക്' എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. അതിനെല്ലാമുപരി ഒരു ആന്റൈ എവരിതിംഗ് സെന്റിമെന്റുമായി നിലകൊള്ളുന്ന 'സ്ക്വാഡ്' എന്നൊരു വിഘടന ഗ്രൂപ്പും രൂപം കൊണ്ടിട്ടുണ്ട്.
ഇന്നത്തെ അമേരിക്കല്‍ യൂണിവേഴ്സിറ്റികളിലെ നല്ലൊരു വിഭാഗം പ്രൊഫസേഴ്സും സോഷ്യലിസ്റ്റുകളോ, മാര്‍ക്സിസ്റ്റു അനുഭാവമുള്ളവരോ ആണ് എന്നും കേള്‍ക്കുന്നു. ഇതിന്റെയൊന്നും മെരിറ്റ്സിനെ കണ്ണടച്ചു ചോദ്യം ചെയ്യലല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം; പ്രത്യുത ഒരു കാപ്പിറ്റലിസ്റ്റു വ്യവസ്ഥിതിയില്‍ അധിഷ്ടിതമായ ഒരു രാജ്യമായതിനാലും, മാറ്റത്തിന്റെ ശംഖൊലി കൂടുതല്‍ മുഴങ്ങികേള്ക്കുന്നതിനാലും എടുത്തു കാട്ടി എന്നുമാത്രം. സോഷ്യലിസം ആലിംഗനം ചെയ്ത് പരീക്ഷിച്ച ഒരിയ്ക്കല്‍ സാമ്പത്തിക ഔന്ന്യത്വത്തില്‍ വിരാജിച്ചിരുന്ന നമ്മുടെ അയല്‍ പക്കമായ വെനീസ്വലയില്‍ ഇന്നു ദൈനംദിന പ്രാഥമീകാവശ്യങ്ങള്ക്കു വേണ്ട ടോയ്ലെറ്റ് ടിഷ്യു പേപ്പര്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണു എന്നാണു മീഡിയാ റിപ്പോര്‍ട്ട്.
ഇന്നു രണ്ടു പാര്‍ട്ടിയിലും പെടാതെ മറ്റൊരു നിഗൂഡ സമാന്തര പാര്‍ട്ടിയായി 'ഡീപ് സ്റ്റേറ്റ് ' എന്നൊരു വിഘടന ഘടകത്തിന്റെയും പേരു പറഞ്ഞു കേള്‍ക്കുന്നു. വളരെ ഗോപ്യമായ് ഭരണത്തില്‍ കയ്കടത്താന് ശ്രമിക്കുന്ന ഒരു അദൃശ്യപാര്ട്ടി. ചിലര്‍ പറയുന്നതു ജോര്‍ജ് സോറോസിന്റെ പേറോളിലാണ് അവര്‍ എന്ന്. ഇതെല്ലാം ഇന്നത്തെ അമേരിക്കയില്‍ . ഇന്നത്തെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പണ്ടത്തെ ഏബ്രഹാം ലിങ്കന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല. അതുപോലെ ഇന്നത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി പണ്ടത്തെ കെന്നഡി ഡെമോക്രാറ്റിക് പാര്‍ട്ടിയുമല്ല. ഈ പാര്‍ട്ടികള്‍ തമ്മില്‍ ഇന്നു നേരില്‍ കണ്ടുകൂടാ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തെരുവുമീറ്റിംഗില് എതിര് പാര്ട്ടിയിപെട്ടവര് വാഹനം ഓടിച്ചുകയറ്റി കൊല്ലാന്‍ തക്കവണ്ണം അമേരിക്കന്‍ രാഷ്ട്രീയം തരംതാണിരിക്കുന്നു എന്നു പറയുമ്പോള്‍.....?
ഈ രാജ്യം എന്നും മറക്കാന്‍ ശ്രമിക്കുന്ന ഭൂതകാലമായിരുന്നു അടിമത്വത്തിന്റെ കാലം. അതു ഈ പരിഷ്കൃതരാജ്യത്തിന്റെ തിരുനെറ്റിയില്‍ എത്ര അമര്‍ത്തി തൂത്താലും മായാത്ത ഒരു വലിയ കറുത്ത പൊട്ടായി കിടക്കത്തക്കവണ്ണം ചരിത്രത്താളുകളില്‍ സ്ഥാനം പിടിച്ചു. അന്നത്തെ വംശവെറി നിമിത്തം എത്രയെത്ര ഹതഭാഗ്യരുടെ ചോരയും, നീരും വീണു ഈ ഭൂമി പങ്കിലമായി. ഇന്നത്തെ മനുഷ്യനു ചിന്തിക്കാന്‍ പോലും മേലാത്ത ലിഞ്ചിംഗ്, സെഗ്രിഗേഷന്, കൂ ക്ലക്സ് ക്ലാന്, ജിംക്രോ ലോ, ഡിക്സീകാറ്റ് എന്നീ പ്രതിലോമ പ്രസ്ഥാനങ്ങള്‍ ഇന്നും മറക്കാനാവാത്ത ചില യാഥാര്‍ത്ഥ്യങ്ങളായി അവശേശിക്കുന്നു.
അമേരിക്കയുടെ ഇന്നത്തെ പ്രശ്നത്തിനു ബഹുമുഖങ്ങളാണ്. അവര്‍ ഭീകരവാദത്തിനെതിരായി വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നു. ഉക്രെയ്ന് റഷ്യാ പ്രോക്സിവാര്‍ നടന്നുകൊണ്ടിരിക്കുന്നു - അമേരിക്കയുടെ ചെലവില്‍. ഇസ്രായേല്‍ പാലസ്തീന് യുദ്ധത്തിന്റെ കേളികൊട്ട് അന്തരീക്ഷത്തില്‍ മുഴങ്ങികേള്‍ക്കുന്നു, ചൈനാ ഏതുനിമിഷവും തായ്വാനെ ഇങ്ങെടുക്കാന്‍ തിടുക്കം കൂട്ടുന്നു. അതിനെല്ലാം പുറമെ വിശാലമായി തുറന്നു കിടക്കുന്ന അതിര്‍ത്തിയില്‍ കൂടെ സമീപ ദരിദ്രരാജ്യങ്ങളില്‍ നിന്നും എന്നും വെടിയൊച്ച കേട്ടുകൊണ്ടുറങ്ങി നേരം വെളുപ്പിക്കുന്നവരായ പാവങ്ങളുടെ കൂട്ടപ്പലായനം. ഇതിനെയും ചിലര്‍ ഒരു തരം യുദ്ധമായി വിശേഷിപ്പിക്കുന്നു. അതിനും പുറമെ രാജ്യത്തിന്റെ അസഹനീയമായ വിലക്കയറ്റം, ട്രില്യന്‍സിന്റെ വലിയ കടബാദ്ധ്യത, നാണയപ്പെരുപ്പം മറ്റു ആന്തരീക പ്രശ്നങ്ങള്‍ എന്നിവയ്ക്കു പുറമെയാണു പ്രസിഡന്റു തെക്കന്‍ അതിര്‍ത്തിയിലേക്കു നോക്കി 'കേറിവാടാ മക്കളേ ' എന്നു വിളിക്കുന്നത്. ഈ കേറിവരുന്ന മക്കളില്‍ ചിലര്‍ ബി.ടെര് (ബാച്ച്ലര് ഓഫ് ടെററിസം) റെസ്യുമെയുമായി വന്നവരാണെന്നും കേള്‍ക്കുന്നു. അവരുടെയൊക്കെ വരവിന്റെ ഉദ്ദ്യേശശുദ്ധിയില് ഇന്നത്തെ സാഹചര്യം വച്ചു നോക്കുമ്പോള്‍ എന്ത് എന്നു സംശയിച്ചു പോവുന്നു. ഇന്നു നാല് യുദ്ധങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന്റെയൊക്കെ അനന്തരഫലമായി ഉണ്ടായേക്കാവുന്ന സ്പില്ലേജു കൂടെയായാല്‍ എത്രയെത്ര പുതിയ അഭയാര്ത്ഥികളെയാണു ഈ രാജ്യത്തിനു ദാനമായി ലഭ്യമാവാന്‍ പോവുന്നത് ? ലോകത്തിന്റെ സമസ്ത പ്രശ്നങ്ങള്‍ക്കും അമേരിക്കയാണല്ലോ പരിഹാരം. ഇതുപോലെ മറ്റൊരു പലായനവും നമ്മുടെ ജന്മനാടായ കേരളത്തിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്ക ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുകയാണെന്നു മുന്‍ സൂചിപ്പിച്ചല്ലോ ? ഈ ലേഖകന്റെ അമേരിക്കനിന്ത്യന്‍ ബിസിനസ്മാന് സുഹൃത്തു പറയുന്നതു അവര്‍ 1492 മുതല്‍ ഭീകരവാദത്തിനെതിരെ പൊരുതുന്നു എന്ന് - ആരു കേള്‍ക്കാന്‍ !
ശക്തവും, സാമ്പത്തിക സാങ്കേതിക മികവുള്ള ഒരു സൂപ്പര്‍ പൗവ്വറിനു അതിര്‍ത്തിയിലൂടെ വര്‍ഷാവര്‍ഷങ്ങളായി നിയന്ത്രണ രേഖ മറികടന്നു വരുന്നവരെ ഒരു വിധത്തിലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നതു എന്തൊരു വിരോധാഭാസമാണ്. ഒരു രാജ്യത്തിന്റെ ഫെഡറല്‍ നിയമം ലംഘിക്കുന്നവര്‍ക്കു വലിയ പരിരക്ഷ ; എന്നാല്‍ ഒരു പെറ്റി കേസിനു പോലും ജയിലിലടയ്ക്കുന്ന സാഹചര്യത്തിലാണു ഇത് എന്നോര്‍ക്കണം. ഇങ്ങനെ തുടര്‍ന്നാല്‍ അതിവിദൂര ഭാവിയില്‍ നിക്കറാഗ്വയും, ഗ്വാട്ടിമാലയും, വെനീസ്വലയും, എല്സാവഡോറു മൊക്കെ ആളും, അരങ്ങും ഒഴിഞ്ഞ ദേശങ്ങളായി മാറും. ഇതിലെല്ലാമുപരി വരുന്നവര്‍ക്കു നാലുലക്ഷത്തി അന്‍പതിനായിരം ഡോളര്‍ പാരിതോഷികം (മീഡിയാ റിപ്പോര്‍ട്ട്) ഐ ഫോണ്‍, കുഞ്ഞുകുട്ടി ആബാലവൃത്തത്തിന്റെ മെഡിക്കല്‍ പരിരക്ഷ, സൗജന്യ സ്കൂളിംഗ്, മുന്തിയ ഹോട്ടലുകളില്‍ അന്തിയുറക്കം. പഠിക്കേണ്ട, ഡിഗ്രിവേണ്ട, ജനന സര്‍ട്ടിഫിക്കേറ്റു വേണ്ട, കൗണ്‍സിലേറ്റു ഓഫീസുകളുടെ മുറ്റത്ത് കാവല്‍ കിടക്കേണ്ട അമേരിക്കയില്‍ വരാന്‍.... ! ഹോ..... അസൂയ തോന്നുന്നു. സിനിമയില്‍ പോലും കാണാത്ത കാര്യം. ഇതു മറ്റേതു രാജ്യത്തു നടക്കുന്ന കാര്യമാണ് ?
ആപ്പിള്‍ പറിക്കാനും, ഫാമില്‍ പണി ചെയ്യാനും, സായിപ്പും, ഏഷ്യനും ആഫ്രിക്കനമേരിക്കനും തയ്യാറാകാത്തിടത്തു എന്തു പണിയും ചെയ്യാന്‍ തയ്യാറായി വരുന്ന ഈ അര്‍ദ്ധ പട്ടിണിക്കാരെ ചേര്‍ത്തു പിടിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍ ആഴ്ചയില്‍ 6000 - 7000 എന്ന കണക്കേ അമേരിക്കന്‍ അതിര്‍ത്തി ലക്ഷ്യമാക്കി യാത്ര തിരിച്ചാല്‍ അതു ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും. മെക്സിക്കോ വരെ എത്തിയാല്‍ മതി ബാക്കി കാര്യം കയോട്ടി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മനുഷ്യക്കടത്തുകാര്‍ നോക്കികൊള്ളും. അതു അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ തന്നെ ലോകത്തോടു അതിതാരസ്ഥായിയില്‍ വിളിച്ചു കൂവുമ്പോള്‍.... ?
ഇന്നു കൊലൂഷന്‍, ഇംപീച്ചുമെന്റ് , ഇന്ഡൈക്റ്റുമെന്റ്, ഹണ്ടര്‍, ഉക്രെയ്ന് എന്നൊക്കെ പറഞ്ഞു എത്രമാത്രം സമയവും, പണവുമാണ് പാഴാക്കുന്നത്. ട്രമ്പു പറയുന്നു തനിക്ക് ഒരു ഇന്ഡൈക്റ്റുമെന്റ് കൂടെ വേണം വിജയം ഉറപ്പിക്കാന്‍. അദ്ദേഹത്തെ ഒരു കാരണവശാലും വീണ്ടും ആ വലിയ കസേരയില്‍ കയറി ഇരിക്കാന്‍ അനുവദിക്കുകയില്ലെന്നു സോറോസും, അയാളുടെ അണികളും പെറുമ്പറ മുഴക്കുന്നു. ട്രമ്പിനു വീണ്ടും ആ വെള്ളിമാളികയില് കയറാന്‍ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ക്കു ഇനിയും രാഷ്ട്രീയം വേണമെന്നു തോന്നുന്നില്ല, - ദേ ഹാവ് ഇനഫോഫിറ്റ് ! ഡേവിഡ് ഹോറോ വിറ്റ്സിന്റെ 'ഫൈനല്‍ ബാറ്റില്‍' എന്ന പുസ്തകത്തില്‍ അടുത്ത അമേരിക്കന്‍ ഇലക്ഷന് അമേരിക്കയുടെ അവസാനത്തെ ഇലക്ഷന് ആയിരിക്കും എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഒരു മുപ്പതു വര്‍ഷത്തിനകം അമേരിക്കയിലെ വെള്ളക്കാര്‍ ന്യൂനപക്ഷമായി മാറുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് അമേരിക്കയില്‍ വസിക്കുന്ന കുടിയേറ്റക്കാരില്‍ ചിലര്‍ ഇവിടെ വന്നിട്ടു ഈ രാജ്യത്തിന്റെ സകല സൗഭാഗ്യങ്ങളും നുകര്‍ന്നിട്ടു ഈ രാജ്യത്തോടു വിപ്രതിപത്തി കാട്ടുന്നവരാണ്. ജാതീയ, രാഷ്ട്രീയ, സാമൂഹ്യ, മതധ്രൂവീകരണം ഇന്നു ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലയളവുകൂടിയാണിത്, അതോടൊപ്പം വെറുപ്പും, ഭിന്നതയും. അതറിയണമെങ്കില്‍ നാഷണല്‍ ന്യൂസ് ഒന്നു ശ്രദ്ധിച്ചാല്‍ മാത്രം മതിയാവും. ഇപ്പോള്‍ പശ്ചിമേഷ്യാ യുദ്ധത്തിന്റെ ദൂഷ്യപാര്ശ്വഫലമെന്നോണം ആന്റൈ സെമറ്റിസവും കൂടിയിരിക്കുകയാണ്. ഈ ക്രോസ് - ഫയറില്‍ തെറ്റിദ്ധരിക്കപ്പെട്ടു മറ്റു പല കുടിയേറ്റ സമൂഹത്തിനു നേരെയും ആക്രമണമുണ്ടാവാം.
നിര്‍മ്മിത ബുദ്ധിയുടെ കാലത്തു ജീവിക്കുന്ന മനുഷ്യന് തന്നിലേക്കു തന്നെ ഉള് വലിയുകയാണ്. ഈ രാജ്യത്ത് ഇന്നും ഫ്രീംഡം ഓഫ് എക്സ്പഷനുണ്ട്. എകസ്പ്രസ് ചെയ്തു കഴിഞ്ഞും ഫ്രീഡം ഉണ്ട്. അതല്ലല്ലോ മറ്റു പല രാജ്യത്തേയും സ്ഥിതി. ആ ഫ്രീഡത്തെ തമസ്ക്കരിച്ചാല്‍ ...? ഇങ്ങനെ ഒരു ഫ്രീഡത്തിനു വേണ്ടിക്കൂടെയാണ് പലരാജ്യങ്ങളില്‍ നിന്നും ആളുകള്‍ ഓടി എത്തുന്നത്. ഇന്നത്തെ പാലസ്തീന് ജനതയോടു ചോദിക്കൂ ഫ്രീഡം എന്തെന്ന്. ഇന്നത്തെ ഇസ്രയേല്‍ ജനതയോടു ചോദിക്കൂ സമാധാനം എന്താണെന്ന്. 'നിങ്ങള്‍ക്കു സമാധാനം ' എന്നു വിളിച്ചു പറഞ്ഞു നടന്ന ഒരു അവധൂതന്റെ പാദസ്പര്‍ശനമേറ്റ മണ്ണില്‍ സമാധാനം എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്ത അവസ്ഥയിലാണ്. ശതാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ പാലസ്തീന് പ്രശ്നങ്ങള്‍ക്കു കഴിഞ്ഞ എഴുപത്തി അഞ്ചില്‍പരം വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ പാകിസ്ഥാന് ശീത സമരങ്ങള്‍ക്കും ഒരു ശാശ്വത പരിഹാരം ഈ ലേഖകന്റെ ക്രിസ്റ്റല്‍ ബോളില്ക്കൂടെ നോക്കിയിട്ടു ഇന്നത്തെ അവസ്ഥയില്‍ കാണുന്നില്ല. എന്റെ പാലസ്തീന് സുഹൃത്തു പറയുന്നതു യഹൂദാ പാലസ്തീന് പ്രശ്നത്തിനു മൂവായിരത്തി അഞ്ഞൂറു വര്‍ഷത്തെ കാലപ്പഴക്കമുണ്ട് എന്നാണ്. അയാളും പറയുന്നു ഒരിക്കലും തീരാത്ത ഒരു കലഹമാണിതെന്ന്.
ഒരു മള്‍ട്ടികള്‍ച്ചറല്‍ സമൂഹമായ അമേരിക്കയുടെ മുഖഛായ തന്നെ മാറിയിരിക്കുകയാണ്. അതി വിദൂര ഭാവിയില്‍ തീന്മേശക്കു ചുറ്റും വന്നിരിക്കുന്ന മക്കളുടേയും, പേരക്കിടാങ്ങളുടേയും കൂട്ടത്തില്‍ ഒരുവന് വെളുത്തവന്, ഒരുവന് കറുത്തവന്, ഒരുവന് തവിട്ടു നിറക്കാരന്, മറ്റവന് മഞ്ഞ നിറക്കാരന് ഇങ്ങനെ പലനിറങ്ങളുള്ളവരാകാം ഇന്ത്യയിലെ ജനങ്ങളെപ്പോലെ ! അതായതു മുപ്പത്തി അഞ്ച് ശതമാനം കോട്ടന്‍, അറുപത്തി അഞ്ച് ശതമാനം പോളിയേസ്റ്റര്‍ എന്നു പറയും പോലെ.
ഇന്നിവിടെയുള്ളവര്‍ മിതവാദം, പുരോഗമനവാദം, വിമതവാദം, തീവ്രവാദം, ഭീകരവാദം, വിഘടനവാദം, പ്രചണ്ഡവാദം പിന്നെ സ്പ്ളിന്റര് വാദം എന്നീ വാദഗതികള്‍ വച്ചു പുലര്‍ത്തുന്നവരുടെയൊക്കെ ദേശങ്ങളില്‍ നിന്നും കുടിയേറി വന്നവര്‍ കൂടെയാണ്. അവരൊക്കെയും വിഭിന്ന രാഷ്ട്രീയ ചിന്താഗതിയിലുള്ളവര്‍. മേല്‍പ്പറഞ്ഞ വാദഗതികള്‍ വച്ചു പുലര്‍ത്തുന്ന ഇന്നത്തെ ഇന്ത്യയില്‍ ഈ ലേഖനമെഴുതുമ്പോള്‍ എത്രയെത്ര രാഷ്ട്രീയ പാര്‍ട്ടികള്‍ പിറന്നിട്ടുണ്ടാവും ? അപ്പോള്‍ കാലത്തിന്റെ പ്രയാണത്തില്‍ ഇവിടെയും...?
രണ്ടാം ലോകമാഹായുദ്ധത്തില്‍ കൈകോര്‍ത്തുപിടിച്ചു ഒന്നിച്ചു നിന്നു പൊരുതിയ റഷ്യയ്ക്കു അന്നും അമേരിക്കയോടു ഉള്ളില്‍ നീരസം ആയിരുന്നു. യുദ്ധം എല്ലാം കഴിഞ്ഞു ജോസഫ് സ്റ്റാലിന് അന്നത്തെ അമേരിക്കയെ നോക്കി പറഞ്ഞതു 'അമേരിക്ക ഈസ് ലൈക്കേ ഹെല്‍ത്തി ബോഡി ആന്റ് ഇറ്റ്സ് റെസിസ്റ്റന്‍സ് ഈസ് ത്രീഫോള്‍ഡ് ; ഇറ്റ്സ് പേട്രിയോട്ടിസം, ഇറ്റ്സ് മൊറാലിറ്റി, ആന്റ് ഇറ്റ്സ് സ്പിരിച്വല്‍ ലൈഫ്. ഈഫ് വീ ക്യാന്‍ അണ്ടര്‍ മൈന്‍ ദീസ് ത്രീ ഏറിയാസ്, അമേരിക്ക വില്‍ കൊളാപ്സ് വിതിന്‍... ' അന്നും, ഇന്നും, എന്നും അമേരിക്കയോടു റഷ്യയ്ക്കുള്ള സമീപനം ഇതാണ്.
ഓട്ടമന്‍ തുര്‍ക്കികള്‍ വന്നു യൂറോപ്പിനെ കീഴടക്കിയതു ഒരു ദിവസം കൊണ്ടായിരുന്നില്ല. പ്രത്യുത അനേക നൂറ്റാണ്ടുകള്‍ കൊണ്ടായിരുന്നു. പാമ്പു ഇരയെ വിഴുങ്ങുന്നതുപോലെ അവര്‍ യൂറോപ്പിന്റെയും, യൂറേഷ്യയുടേയും നല്ലൊരു ഭാഗം വിഴുങ്ങി. അതിനുള്ള പ്രധാന കാരണം അന്ന് അവിടെ നടമാടിയിരുന്ന ക്രിസ്ത്രീയ ശക്തികളുടെ വിഭാഗീയതയായിരുന്നു. മതപരമായ, രാഷ്ട്രീയപരമായ ഭിന്നത ! പടിഞ്ഞാറു കിഴക്കിനോടും, കത്തോലിക്കര്‍ ഓര്ത്തഡോക്സിനോടും, റോമന്‍ ഗ്രീക്കിനോടും അങ്ങിനെ ക്രൈസ്തവരുടെ തൊഴുത്തില്‍ കുത്ത് തുടര്‍ന്നു കൊണ്ടേയിരുന്നതിനാല്‍ യൂറോപ്പിനെ ഓട്ടമന്‍ തുര്‍ക്കികളുടെ കൈയ്യിലേക്ക് നിഷ്പ്രയാസം എറിഞ്ഞു കൊടുത്തു.
ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥത്തില്‍ യേശുദേവന് ഇങ്ങനെ പറയുന്നു 'ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന് കഴിയില്ല. ഒരു ഭവനം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ ഭവനത്തിനും നിലനില്ക്കാന് കഴിയില്ല ' എന്ന്.
ഇന്നത്തെ പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ അമേരിക്ക മാത്രമല്ല ലോകം തന്നെ ഛിദ്രിച്ച അവസ്ഥയിലാണ്. ഒരു യുദ്ധവും ഇന്നുവരെ ലോകത്തില്‍ വിജയിച്ചിട്ടില്ല; ഇനിയും വിജയിക്കുകയുമില്ല. ഇന്നത്തെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ യാതന അനുഭവിക്കുന്നത് അവിടുത്തെ അമ്മപെങ്ങന്മാരും കുരുന്നു കുഞ്ഞുങ്ങളുമാണ്. ഇത്തരുണത്തില്‍ യു. എന്‍ എന്ന ഒരു പരാദ സംഘടന ഇല്ലായിരുന്നെങ്കില്‍... എന്നു വ്യാമോഹിച്ചു പോകയാണ്. ടാക്സ് പേയേഴ്സിന്റെ പണം ദുര്‍വിനയോഗം ചെയ്യുന്ന ഒരു വേസ്റ്റ് !
ഇരുപതു വര്‍ഷക്കാലം അഫ്ഗാനിസ്ഥാനിലെ പോര്മുഖത്തു നിന്നും വാര്‍ത്തകള്‍ കവര്‍ ചെയ്ത ബ്രിട്ടീഷ് മധ്യമ പ്രവര്‍ത്തകനും, അവാര്‍ഡ് ജേതാവുമായ ജേംസ് ഫെര്‍ഗൂസന്റെ പുസ്തകത്തില്‍ പറയുന്നു 'യുദ്ധം അല്ല ഡയലോഗ് ആണ് ഇന്നിന്റെ ആവശ്യം ' എന്ന്. ഇന്ന് ലോകത്ത് ഏതൊരു പ്രശ്നം ഉണ്ടാകുമ്പോഴും അതിനെച്ചൊല്ലി ഏഴായിരം എണ്ണായിരം മൈലുകള്‍ക്കിപ്പുറമുള്ള അമേരിക്കന്‍ ജനതയും ഭിന്നിപ്പിന്റെ വക്കിലാണ്. എല്ലാവരും ഭയക്കുന്നു ഇതൊരു ലോക മഹായുദ്ധത്തില്‍ കലാശിക്കുമോ എന്ന്. ചൈനയോ, റഷ്യയോ ഇന്നത്തെ നിലയില്‍ ഒരു ലോകമഹായുദ്ധത്തിനു തയ്യാറാകുമെന്നു തോന്നുന്നില്ല. ഇനിയും ഒരു ലോക മഹായുദ്ധത്തേപ്പറ്റി ചിന്തിക്കാന്‍ പറ്റില്ല ; പിന്നീടൊരിക്കലും ഒരു യുദ്ധത്തെപ്പറ്റി ചിന്തിക്കേണ്ടി വരില്ല. കാരണം അങ്ങിനെ ഒരു യുദ്ധം ഉണ്ടായാല്‍ ആ യുദ്ധം 'മദര്‍ ഓഫ് ഓള് വാഴ്സ്' ആയിരിക്കും. സദാംഹുസൈന് കുവെയ്റ്റ് യുദ്ധത്തിനു മുമ്പു പറഞ്ഞ ആ യുദ്ധവും ഒരു ' മദര്‍ ഓഫ് ഓള് ബാറ്റില്‍സ്' ആയിരിക്കുമെന്നാണ്. ഭാഗ്യം, അങ്ങിനെയൊന്നും ഉണ്ടായില്ല ! റഷ്യ അവരുടെ ഗോഡൗണിലെ ആയുധങ്ങളുടെ ഒരു വലിയ ശേഖരം അടിച്ചു തീര്‍ത്തു. പുട്ടിന് വിചാരിച്ചു ക്രിമിയ പിടിച്ചടക്കിയ പോലെ ഉക്രെയ്നും ഒരു 'ലോ ഹാങ്ങിംഗ് ഫ്രൂട്ട് ' ആയിരിക്കും എന്ന്. ഇനിയും കൈയ്യിലുള്ളത് കുറേ അണുവായുധം മാത്രം. കൂടാതെ റഷ്യയിലെ ജനങ്ങള്‍ക്ക് പുട്ടിന്റെ യുദ്ധത്തില്‍ യാതൊരു താല്പര്യവുമില്ല. അവരുടെ എത്രായിരം മക്കള്‍ ആണ് യുദ്ധക്കളത്തില്‍ കൊഴിഞ്ഞു വീഴുന്നത്. ചൈനയിലെ ഒന്നും മിണ്ടാത്ത, ചിരിക്കാനറിയാത്ത, കണ്ണു തുറക്കാത്ത ഷീ ബുദ്ധിമാനാണ്. കഴിഞ്ഞ അമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഒരു പട്ടിണി രാജ്യമായ ചൈന ഒരു 'ഉട്ടോപ്യയായി' മാറിയത്. അതു അമേരിക്കയോടു കളിച്ച് ഒരു ദിവസം കൊണ്ടു തച്ചുടക്കാന്‍ തക്കവണ്ണം അദ്ദേഹം അത്ര മണ്ടനല്ല. കൂടാതെ ചൈന ഇന്നു സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. മുകളില്‍ പറഞ്ഞ രണ്ടു പേരും ലോക ജനതയെ കബളിപ്പിക്കാന്‍ റ്റീവിയുടെ മുമ്പില്‍ വന്നു നിന്നു വല്ലതുമൊക്കെ പറയും. പക്ഷെ അവര്‍ ചിന്തിക്കുന്നതു അവരുടെ സ്വാര്‍ജ്ജിത നേട്ടം മാത്രമാണ്. ഇതിനെയാണ് പൊളിറ്റിക്സ് എന്നു പറയുന്നത്. ഒരു പാലസ്തീന് ഇസ്രായേല്‍ യുദ്ധത്തില്‍ തലയിട്ടിട്ടു അവര്‍ക്ക് ഒന്നും നേടാനില്ല. യഹൂദികളും പാലസ്തീനികളും ഒരു മേശയ്ക്കു ചുറ്റും സഹോദരമനോഭാവത്തോടെ പരിഹരിക്കുന്നില്ല എങ്കില്‍ ലോകത്തൊരു ശക്തിക്കും ഈ പ്രശ്നം പരിഹരിക്കാന്‍ പറ്റില്ല. ഇന്നു യഹൂദികളോടുള്ള വെറുപ്പിന്റെ പാരമ്യം ഈ അമേരിക്കയില്‍ തന്നെ വളരെയാണ്. യിസ്രായേലിനും, പാലസ്തീനും സ്വതന്ത്രമായി സമാധാനത്തോടു ജീവിക്കാന്‍ ഒരിടം വേണം. അതുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്ലൂറലിസവും, മള്ട്ടികള്ച്ചറലിസവും, മാറ്റങ്ങളും ഭിന്നതയിലേക്കു വഴിതുറന്നാല്‍ ഈ രാജ്യത്തിന്റെ അഖണ്ഡതയെ സാരമായി ബാധിക്കും. ഈ രജ്യം അടപടലം നശിച്ചു കാണാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗം നിഗൂഡ പ്രതിലോമ ശക്തികളുണ്ട് ഈ രാജ്യത്തിനകത്തും പുറത്തും. മുന്‍പറഞ്ഞ പല സംഗതികളും കൂട്ടി വായിക്കുമ്പോള്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ സ്ഥാനത്ത് ഒരു 'ഡിവൈഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയെ' ആണോ ഇന്ന് കാണുന്നത് എന്നു തോന്നിപോവുന്നു.
'യുണൈറ്റഡ് വീ സ്റ്റാന്‍ഡ് , ഡിവൈഡഡ് വീ ഫോള്‍ ' എന്നാണല്ലോ ആപ്തവാക്യം ?