Image

കൊഴിഞ്ഞതും കിളുർത്തതും ( കുഞ്ഞിക്കഥകൾ : ദീപ ബിബീഷ് നായർ)

ദീപ ബിബീഷ് നായർ Published on 18 November, 2023
കൊഴിഞ്ഞതും കിളുർത്തതും ( കുഞ്ഞിക്കഥകൾ : ദീപ ബിബീഷ് നായർ)

പാഠം 4   
(ബാലെയും പാറുക്കുട്ടിയും) 

"അടുത്ത ഒരു ബെല്ലോട് കൂടി ആറ്റിങ്ങൽ അപ്സര തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബാലെ പാഞ്ചാലി' ഈ വേദിയിൽ ആരംഭിക്കുകയാണ് , അതിന് മുന്നേ ഈ വേദിയിലേക്ക് കടന്നുവരാനിടയുള്ള എല്ലാ വൈദ്യുത വിളക്കുകളും അണച്ച് ഞങ്ങളോട് സഹകരിക്കണമെന്നപേക്ഷിക്കുന്നു " .

"എന്തൊരു വല്യ ശബ്ദത്തിലാ അനൗൺസ്മെമെന്റ്. മുത്തശ്ശീ വേഗം ഇറങ്ങ്. മിനി ചേച്ചീം മാമീം മാമനും നമ്മളെ കാത്തു നിക്കണുണ്ടാവും " .. പാറുവിന് ധൃതിയായി.." മോള് പോണ്ട, ചിന്നുവിന്റെ കൂടെ ഇവിടെ കിടന്നുറങ്ങ്, നാളെ സ്കൂളിൽ പോണ്ടേ " അമ്മ പാറുവിനോടായി ചോദിച്ചു.
"എനിക്കു പോണം" പാറു മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി ചിണുങ്ങി . "അവള് വരട്ടെ പെണ്ണേ, ഞാനുണ്ടല്ലോ, പിന്നെന്തിനാ പേടി "? പാറുവിന് സന്തോഷമായി. " പാറു മോള് ആ പായ കൈയ്യേലെടുത്തോളു , അവ്ടെ ചെന്നിരിക്കണ്ടേ ഞാനീ ഓലച്ചൂട്ട് ഒന്ന് കത്തിക്കട്ടെ' .

അങ്ങനെ പാറുവും മുത്തശ്ശിയും ചൂട്ടും വീശി വീശി യാത്രയായി. പ്രതീക്ഷിച്ചതു പോലെ മാമനും മാമിയും മിനിച്ചേച്ചീം നിൽപ്പുണ്ട്. പാറുക്കുട്ടി ഓടിപ്പോയി മിനിച്ചേച്ചിയുടെ കൈയ്യിൽ പിടിച്ചു. "എന്തിനാ മുത്തശ്ശീ ഓലച്ചൂട്ട് ,എന്തു നല്ല നിലാവാണെന്ന് നോക്കിയെ ?" മാമി മുത്തശ്ശിയോടായി ചോദിച്ചു. "വല്ല ഊരുന്നതും ഉണ്ടെങ്കിലോ പെണ്ണേ, നിങ്ങള് വാ...." മുത്തശ്ശി ചൂട്ടും വീശി മുന്നേ നടന്നു.
വയലിന്റ കരയിൽ ചേനത്തണ്ടന്റെ ഗന്ധം വല്ലാതെ അനുഭവപ്പെട്ടു. മിനിച്ചേച്ചി പാറുവിനോട് പറഞ്ഞു, "പാമ്പ് വാ തുറക്കണതാണ്, മാറി വാ പാറുക്കുട്ടീ...."
തവളകളുടെ കരച്ചിലും ചീവീടുകളുടെ മൂളലും കൂടെയായപ്പോൾ പാറുവിന് ഉള്ള പേടി ഇരട്ടിയായി. അങ്ങനെ എന്തായാലും
വയലും തോടും കഴിഞ്ഞ് അവർ അമ്പല മുറ്റത്തെത്തി. 

ആകെ തിരക്ക് തന്നെ . പുറകിലായേ സ്ഥലം കിട്ടിയുള്ളു. പായും വിരിച്ച് എല്ലാരും ഇരുന്നു. .ആകെ നിശബ്ദത . ബെൽ മുഴങ്ങി, ഘനഗംഭീരമായ ശബ്ദത്തോടെ ബാലെയുടെ അവതരണം. കർട്ടൻ ഉയർന്നു. ചൂതുകളിയാണ് രംഗത്ത്. അമ്മുമ്മയും മാമിയുമൊക്കെ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ സ്റ്റേജിലേക്കും നോക്കിയിരിപ്പാണ്. മിനിച്ചേച്ചി പാറുവിനോട് ചോദിച്ചു, "ആരാ പാഞ്ചാലീന്നറിയോ പാറൂന്?" "അറിയാല്ലോ, ഭഗവാൻ കിഷ്ണൻ സാരി കൊടുക്കുന്നതല്ലേ, മറ്റവര് ഊരുമ്പം ", " തന്ന, ന്നാലും അവരാരാന്ന് അറിയോന്ന് "? "ആരാന്ന് ചേച്ചി പറയ്", "അതേ പാണ്ഡവരുടെ ഭാര്യയാ".... "പാണ്ഡവരുടേം കൗരവരുടേം യുദ്ധമല്ലേ മഹാഭാരതം, യെനിക്കറിയാം... ഇന്നാള് മുത്തശ്ശി പറഞ്ഞല്ലോ", എന്നാ പറയ് ആരാ പാണ്ഡവര് , " അതു ഞാൻ കേട്ടില്ല, ചേച്ചി പറയ് " - " അത് അഞ്ച് പേരാ " - "അഞ്ചാൾക്ക് ഒരു പെണ്ണുമ്പിള്ളയാ " പാറു വിശ്വാസം വരാത്തതു പോലെ മിനിച്ചേച്ചിയെ നോക്കി. "കപ്പലണ്ടി, കപ്പലണ്ടി, നല്ല ചൂടുള്ള കപ്പലണ്ടി " അവരുടെ സംസാരത്തെ തടസ്സപ്പെടുത്തിക്കൊണ്ട് ദേ കടന്നുപോകുന്നു ഒരാൾ. "ചേച്ചീ കപ്പലണ്ടി വാങ്ങ്യാലോ? വാങ്ങാം പാറു, " രണ്ട് കവർ കപ്പലണ്ടി താ" , അമ്പതു പൈസയും കൊടുത്തു. " ചുക്കു കാപ്പി, ചുക്കു കാപ്പി " ദേ അടുത്ത ആൾ. പാറു മിനിച്ചേച്ചിയെ നോക്കി. " ഇല്ല , പൈസ തീർന്നു , ഇങ്ങനായാൽ നിന്നെ ഇനി എങ്ങും ഉത്സവം കാണാൻ കൊണ്ടുപോവില്ല മുത്തശ്ശി " ഇതും പറഞ്ഞു മിനിച്ചേച്ചി ചിരിച്ചു... ഇതിനിടയിൽ ബാലെയുടെ അവസാനമായി. "യഥാ യഥാ ഹി ധർമ്മസ്യ ..... " ശ്ലോകം കേട്ടതും മുത്തശ്ശി തൊഴുകൈയോടെ കൃഷ്ണനെ പ്രാർത്ഥിക്കുകയാണ്, "കൃഷ്ണാ ഗുരുവായൂരപ്പാ, സർവ്വേശ്വരാ," .... പാറു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് സ്റ്റേജിലേക്ക് നോക്കി. സാക്ഷാൽ മഹാവിഷ്ണു തന്നെ. "തൊഴുത് നിൽക്ക് ന്റെ കുട്ട്യേ ...." മുത്തശ്ശി പറഞ്ഞതും പാറു കണ്ണുകളടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക