Image

കെ.കെ. റോഡ് (ജിനു കുര്യന്‍ പാമ്പാടി)

Published on 19 November, 2023
കെ.കെ. റോഡ് (ജിനു കുര്യന്‍ പാമ്പാടി)

കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന  ഇരുജില്ലകളുടെയും സഞ്ചാര വാണിജ്യമണ്ഡലങ്ങളിലെ നെടുംതൂണാണ് കോട്ടയം കുമളി റോഡ് . കെ കെ റോഡിന്  പറയാന്‍ ഒരുപാട് കഥകളും കാണിച്ചുതരാന്‍ ഒരുപാട് വിസ്മയങ്ങളമുണ്ട്. അടുത്തിടെ നടന്ന പുതുപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ ദ്ര്യശ്യമാധ്യമങ്ങൾ ധാരാളം തവണ കാണിക്കുകയും എടുത്തുപറയുകയും റോഡിന്റെ ചരിത്രത്തെപറ്റി ചെറുവിവരങ്ങൾ നൽകുകയും ചെയ്ത് കൂടുതൽ സുപരിചിതമായ കോട്ടയം കുമളി റോഡ് അഥവാ കെ കെ റോഡിന്റ ചരിത്രത്തെ പറ്റി പരിശോധിക്കാം.മാത്യു പാമ്പാടി മാതൃഭൂമിയിൽ 2003 ൽ പ്രസിദ്ധീകരിച്ച ലേഖനവും,ചെറിയമഠത്തിൽ വലിയ യാക്കോബ്‌ കത്തനാർ സ്മരണ പരമ്പര,ഡോ.കാനം ശങ്കരപ്പിള്ളയുടെ നാടും നാട്ടാരും എന്നിവയും കേട്ടറിവും അവലംബിച്ചാൽ കെ കെ റോഡിന് ഒരു വലിയ ചരിത്രമുണ്ട്. ലക്ഷ്മി ഭായി തമ്പുരാട്ടി നാടു വഴുന്ന കാലം ചിന്ന മൺട്രൊ തിരുനക്കര ക്ഷേത്രത്തിനു മുൻപിൽ നിന്നു കിഴക്കോട്ടു ദൃഷ്ടി പായിച്ചപ്പോൾ ഉദിച്ച ആശയമാണ്‌ പിന്നീട്‌ കെ.കെ റോഡായി പരിണമിച്ചത് എന്ന് ചില പഴമക്കാർ പറയാറുണ്ട്. 

1863ൽ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് കെ കെ  റോഡിൻ്റെ പണി ആരംഭിക്കുന്നത്. 1845 ൽ  മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കർ ജൂനിയറും  ഇതിന് മുൻകൈ എടുത്തു എന്നും ചിലയിടങ്ങളിൽ പറയപ്പെടുന്നു. ബ്രിട്ടീഷുകാർ കച്ചവടത്തിനും, നായാട്ടിനും വേണ്ടി ആനത്താര നോക്കി സഞ്ചരിച്ചതാണ് കോട്ടയം കുമളി റോഡിന്റെ  അടിസ്ഥാനം. വഴി  നിർമാണത്തിന് ആയിരങ്ങളാണ് മരിച്ചത്.  മധ്യതിരുവിതാംകൂറിനേയും കോട്ടയത്തെയും വാണിജ്യ താല്പര്യാർത്ഥം  ധാരാളം സുഗന്ധവ്യഞ്ജനങ്ങൾ ലഭ്യമായിരുന്ന കിഴക്കൻ മലയിലെ  കുമളിയുമായി ബന്ധിപ്പിക്കാൻ  ഇംഗ്ലീഷുകാരുടെ താല്പര്യാർത്ഥം നിർമ്മിച്ച പുരാതന പാതയാണ് കോട്ടയം-കുമളി റോഡ്‌ . ഇപ്പോൾ ഈ പാത ദേശിയ പാത 183  അതായത്  കൊല്ലം-കൊട്ടാരക്കര-കോട്ടയം- കുമളി- തേനി നാഷണൽ ഹൈവേയുടെ ഭാഗമാണ്. ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച് വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാർക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി. 

അവരുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്. അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വർഷം കൊണ്ടാണ് നാല് ഘട്ടമായിട്ടാണ് പണി പൂർത്തികരിച്ചത്.ഇംഗ്ലീഷുകാരുടെ  മേൽനോട്ടത്തിൽ ആദിവാസികളെയും നാട്ടുകാരെയും കൊണ്ടാണ് പാത പണി ആരംഭിച്ചത്. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിർമാണത്തിൽ പങ്കാളികളായത്.റോഡ് പണിക്ക് സായിപ്പുമാർ കുതിരപ്പുറത്ത് ഇരുന്ന് നേതൃത്വം നൽകി.രണ്ടായിരം ആളുകൾ വരെ ഒരു ദിവസം പണി ചെയ്ത സമയം ഉണ്ട്. പലരും മലമ്പനിയും തുള്ളൽ പനിയും പിടിച്ചും പാമ്പുകടിയേറ്റും മറ്റും  മരണപ്പെട്ടു. ഘോരവനങ്ങളും, ആഴമേറിയ കൊക്കകളും ചെങ്കുത്തായ പാറകെട്ടുകളും പേമാരിയും പ്രളയവും വന്യമൃഗങ്ങളുടെ ആക്രമണവും എല്ലാം റോഡ് പണി അതീവ ദുഷ്കരമാക്കി. ഒരു യുദ്ധത്തിനു പോകുന്ന പോലെയാണ് അന്ന് റോഡ് പണിക്ക് ആളുകൾ  പോയിരുന്നത്. കെ കെ  റോഡിന്റെ  നിർമാണ  സമയത്ത് ഏറ്റവും വലിയ അപകടം ഉണ്ടായത് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ്. ഒരു വലിയ പാറപൊട്ടിക്കുന്നതിനിടയിൽ പണിയുന്ന ആളുകളുടെ മേലേക്ക് ആ പാറ മറിഞ്ഞു വീഴുകയായിരുന്നു. എത്ര പേർ മരിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. അവരെ പാമ്പാടി കാളച്ചന്തയുടെ സമീപത്താണ് മറവ് ചെയ്തത്.

പാമ്പാടിയിൽ സായിപ്പുമാർ കൂടാരമടിച്ചു പണിക്ക് നേതൃത്വം നൽകിയ സ്ഥലത്തിന് കൂടാരകുന്ന് എന്ന പേരു വീണു. പണിക്കിടയിൽ മലമ്പനി പിടിച്ചു മരിച്ചവരെ സംസ്കരിച്ച സ്ഥലമാണ്‌ പാമ്പാടിയിലെ കാളച്ചന്തയ്ക്കു സമീപമുള്ള തെള്ളിച്ചുവട്‌. റോഡ് പണി മുണ്ടക്കയത്ത് എത്തിയപ്പോൾ, മുൻപ്പോട്ട് വഴി നിർണ്ണയിക്കുവാൻ പറ്റാത്ത അവസ്ഥയായി. തുടർന്ന് ആനാത്താര നോക്കിയായിരുന്നു വഴി കണ്ട് പിടിച്ചത്. അതായത് ഇപ്പോൾ കാണുന്ന കെ കെ  റോഡ് നൂറ്റാണ്ടുകൾ മുൻപ് ആനകൾ സഞ്ചരിച്ച വഴികളായിരുന്നു. വിഷമുള്ളുകളും ഉഗ്രവിഷ പാമ്പുകളും വന്യമൃഗങ്ങളും ഉള്ള വനങ്ങൾ വെട്ടി തെളിക്കാൻ മടിച്ച പണിക്കാരെയും  നാട്ടുകാരെയും ആദിവാസികളെയും കൊണ്ട് പണി എടുപ്പിക്കാൻ സായിപ്പുമാർ ഒരു എളുപ്പവഴി കണ്ടെത്തി.ഈ സ്ഥലങ്ങളിൽ എല്ലാം വെളളി, സ്വർണ്ണ നാണയങ്ങൾ വിതറും. ഇത് കരസ്ഥമാക്കാൻ വേണ്ടി എല്ലാവരും കാട് വെട്ടി തെളിച്ച് വെടുപ്പാക്കും. 

കുറെ ആളുകൾ ഇതിനിടയിൽ പാമ്പ് കടിയേറ്റും മറ്റും മരിക്കും. ബാക്കിയുള്ളവർക്ക് സ്വർണ്ണവും വെള്ളിയും കിട്ടും. സായിപ്പുമാർക്ക് പണിയും നടന്നു കിട്ടും. കൂലി കൊടുക്കാതെ പണിയെടുപ്പിക്കാൻ ഉള്ള ഒരു തന്ത്രം കൂടിയായിരുന്നു ഇത്. അങ്ങനെ ഏറ്റവും കൂടുതൽ സ്വർണ്ണം വിതറിയ സ്ഥലത്തിന് പൊൻകുന്നം എന്ന് പേര് കിട്ടി. പൊൻകുന്നത്ത് ആയിരുന്നു ഏറ്റവും കൂടുതൽ വിഷമുള്ളുകൾ ഉള്ള ചെടികളും, വിഷപ്പാമ്പുകളും ഉണ്ടായിരുന്നത് എന്ന് പറയപ്പെടുന്നു. ആദ്യം കാളവണ്ടികളായിരുന്നു കെ.കെ.റോഡിൽ കൂടുതൽ. എസ്റ്റേറ്റുകളിലേക്കു കരാറുകാർ സാധനങ്ങൾ കാളവണ്ടികളിൽ കൊണ്ടൂ പോയിരുന്നു. തുടർന്ന്‌ കിഴക്കൻ മേഖലയിലേക്കു കുടിയേറ്റമുണ്ടായി.   പാമ്പാടി, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ  എന്നീ പ്രദേശങ്ങൾ വികസിച്ചു 

കെ.കെ റോഡിൽ ആദ്യം ഓടിയിരുന്നത്‌ എട്ടു സീറ്റുള്ള ബസ്സുകളായിരുന്നു. കരിഗ്യാസ്‌ ഉപയോഗിച്ചിരുന്നതിനാൽ ഇവയെ കരിവണ്ടി എന്നു വിളിച്ചു. ടാറിഗ്‌ വന്നത്‌ 65 വർഷം മുൻപാണ്‌ .ബാലകുമാർ , സ്വരാജ്‌, സിൻഡിക്കേറ്റ്‌ ബസ്സുകൾ കെ.കെ റോഡിലൂടെ ഓടിയിരുന്നു. തേക്കടി സന്ദർശിക്കാൻ  ആദ്യം ചിത്തിര തിരുനാളൂം പിന്നീട്‌ ജവഹർലാൽ നെഹ്രുവും കെ.കെ റോഡ്‌ വഴി പോയപ്പോൾ  ആയിരങ്ങൾ വഴിക്കിരുവശവും മണിക്കൂറുകൾ കാത്തു നിന്നിരുന്നത്‌  പ്രായമേറിയവർ  ഇപ്പോഴും ഓർമ്മിക്കുന്നു.  പ്രകൃതി അതിന്റെ  സൗന്ദര്യംകൊണ്ട് വിരുന്നൂട്ടിയ, കോടമഞ്ഞും തണുപ്പും  പുതച്ചുനില്‍ക്കുന്ന കിഴക്കൻ മലകള്‍ക്കുള്ളില്‍ ഏലത്തിന്‍െറയും തേയിലയുടെയും കാപ്പിയുടെയും  മലയിറങ്ങിയാൽ റബർ പാലിന്റെയും ഗന്ധം നിറഞ്ഞുനില്‍ക്കുന്ന ഒരു പാത. അതാണ് കോട്ടയം കുമളി റോഡ്.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു ചിത്രം പോലെ വരച്ചിട്ട  കെ.കെ. റോഡിലൂടെ ശീതികരിച്ച വണ്ടികളിലൂടെ ഇന്ന് അനേകായിരങ്ങൾ സഞ്ചരിക്കുമ്പോൾ റോഡിന്റെ  പണിക്കിടയിൽ മരിച്ചു വീണ ആയിരങ്ങൾക്ക് സ്മരണാഞ്ജലികൾ.

 

Join WhatsApp News
TS Nair 2023-11-19 05:09:31
കെ കെ റോഡ് .. നമ്മുടെ സ്വന്തം റോഡ്. അതിനെപ്പറ്റി എത്ര വായിച്ചാലും മതിവരില്ല. 👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക