പരിചയമുള്ള വീടായതു കൊണ്ട് പട്ടിയുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട കാര്യമില്ല.ധൈര്യപൂർവ്വം ഗേറ്റ് തുറന്ന് അകത്തേക്ക് ചെന്നു.പുറത്തേങ്ങും ആരെയും കണ്ടില്ല.തീരെ പരിചയമില്ലാത്ത ഒരാളാണ് വാതിൽ തുറന്നത്.
''ബാലനില്ലേ?’’
‘ ''ഇല്ലല്ലോ’’ ചോദിച്ചു തീരും മുമ്പ് അയാളുടെ മറുപടി.
എന്നാൽ വരുന്നതു വരെ കാത്തിരിക്കാം എന്ന് വിചാരിച്ചപ്പോൾ അയാൾ പറഞ്ഞു..
‘’ഇത് ബാലന്റെ വീടല്ല’’
ഞാൻ ആശയക്കുഴപ്പത്തിലായി.കഴിഞ്ഞ ദിവസം വന്നപ്പോഴും ഇത് ബാലന്റെ വീട് തന്നെ ആയിരുന്നല്ലോ ആരുമറിയാതെ ബാലന് താമസം മാറ്റാനും ആവില്ല.നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് തിളങ്ങി നിൽക്കുന്ന വ്യക്തിത്വം.അങ്ങനെയൊരാൾ ആരുമറിയാതെ മുങ്ങുമോ?
പോയിട്ട് ഒരന്യേഷണത്തിന് ശേഷം വരാമെന്ന് കരുതി ഇറങ്ങുമ്പോഴുണ്ട് ബാലൻ കയറി വരുന്നു.വിശാലമായ ചിരി.കീറിയ ജുബ്ബ.അതേ കൈ വീശൽ..എന്നെ കൈ പിടിച്ച് കുലുക്കി അകത്തേക്ക് ആനയിച്ചു.ഞങ്ങൾ വിദ്യാലയ കാലം മുതൽ പരിചയക്കാർ.ആ സൗഹൃദം ഇന്നും നില നിൽക്കുന്നു.
‘’ഞാൻ തിരിച്ചു പോകാൻ തുടങ്ങുകയായിരുന്നു.ഇവിടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു,ബാലൻ എന്നൊരാൾ ഇവിടെയെങ്ങും താമസമില്ലെന്ന്..’’
‘’അത് അയാളുടെ കുഴപ്പമല്ല,ഞാൻ ബാലൻ എന്ന് പേരിന് ചെറിയൊരു മാറ്റം വരുത്തി,ശ്രീ ബാല്യൻ എന്നാക്കി’’
ഇതെന്ത്,ഈ വയസ്സു കാലത്ത് ഒരു പേരു മാറ്റം എന്ന മട്ടിൽ നോക്കിയപ്പോഴുണ്ട് ബാലന്റെ അല്ല ശ്രീബാല്യന്റെ വിശദീകരണം..
‘’കുറെ നാളായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു.ഇതു വരെ ഒരു തീരുമാനവുമായില്ല.എന്നാൽ പിന്നെ ജ്യോൽസ്യനെ ഒന്നു കണ്ടു കളയാമെന്ന് വെച്ചു.അപ്പോഴാണ് സംഭവം പിടി കിട്ടുന്നത്,ബാലൻ എന്ന പേരിലാണ് കാര്യം..ആ പേര് ഒന്നു മിനുക്കിയാൽ പ്രശ്നം തീരും.അങ്ങനെയാണ് ബാലനെ ശ്രീ ബാല്യനാക്കിയത്''
കഷ്ടം,ഈ നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്നവരുണ്ടല്ലോ?രാഷ്ട്രീയക്കാർക്കിടയിലും സിനിമാക്കാർക്കിടയിലും മാത്രമല്ല, യുവ തല മുറയിലും പേര് പരിഷ്ക്കരണം ഫാഷനാകുന്നുവത്രേ.കുറഞ്ഞത് ഒരക്ഷരം കൂട്ടുകയോ കുറക്കുകയോ ചെയ്താലേ ചെറിയ തോതിലെങ്കിലും കഷ്ടകാലം മാറൂ..ജ്യോൽസ്യൻമാരുടെ നല്ല കാലം.
ഏതായാലും ഇനി ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പഴയതു പോലെ ചോദിക്കാൻ കഴിയില്ല.പേരിലാണ് പലതും ഇരിക്കുന്നത്.