Image

പിച്ചച്ചട്ടിയില്‍ കയ്യിട്ട്‌ വാരാന്‍  മഹിളാമണികള്‍ (ഉയരുന്ന ശബ്ദം-98: ജോളി അടിമത്ര)

Published on 20 November, 2023
പിച്ചച്ചട്ടിയില്‍ കയ്യിട്ട്‌ വാരാന്‍  മഹിളാമണികള്‍ (ഉയരുന്ന ശബ്ദം-98: ജോളി അടിമത്ര)

നമ്മുടെ   നാടന്‍ ഭാഷയില്‍ ഒരു ചൊല്ലുണ്ട്,ഇലനക്കി നായുടെ ചിറിനക്കി നായ്.അല്ലെങ്കില്‍ വേണ്ട പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരികള്‍.രണ്ടായാലും അര്‍ത്ഥം ഒന്നു തന്നെ.ആ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന കാഴ്ചയാണ് കേരളം പോയ ആഴ്ചയില്‍ കണ്ടത്.യാതൊരു മര്യാദയും കാണിക്കാതെ ഒരു സാധുകുടുംബത്തിന്റെ പിച്ചച്ചട്ടിയില്‍ രണ്ടുകൈയ്യുമിട്ട് ഉളിപ്പില്ലാതെ വാരിയെടുത്ത കാഴ്ച.ചെറിയ പാര്‍ട്ടികളൊന്നുമല്ല പിച്ചച്ചട്ടിയില്‍ കൈയ്യിട്ടത്.നാളെയുടെ വാഗ്ദാനമെന്നൊക്കെ കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടി വിശേഷിപ്പിച്ച് ചങ്കിലേറ്റിക്കൊണ്ടു നടന്ന മഹതിയുടെ ലീലാ വിലാസം.കൂടുതല്‍ ലീലകള്‍ വൈകാതെ പുറത്തുവരുമെന്നു നമ്മള്‍ക്കാശിക്കാം.ഇതിനിടെ ഒരു എംഎല്‍എയും രംഗത്ത് എത്തി തന്നെയും ഈ മഹതിയും ഭര്‍ത്താവും  കബളിപ്പിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്..
             
ആലുവയില്‍ അന്യസംസ്ഥാനത്തൊഴിലാളിയുടെ അഞ്ചു വയസ്സുകാരി കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച് കൊന്ന് ഒടിച്ചുമടക്കി ചാക്കില്‍കെട്ടി വേസ്റ്റ്കൂനയില്‍ തള്ളിയ സംഭവം.ആ കുഞ്ഞിന്റെ  മനോഹരമായ ചിരിയോടെയുള്ള ഒരു ഫോട്ടോയും ' കാണാനില്ല ' എന്ന വാര്‍ത്തയുമാണ് നാം ആദ്യം കണ്ടത്.പീഡനവാര്‍ത്ത വന്നതൊടെ ചിത്രം പിന്‍വലിച്ചു.എന്നാലും നിറഞ്ഞു ചിരിക്കുന്ന ആ നിഷ്‌കളങ്കമുഖം മനസ്സില്‍ നിന്നു മായാതെ നമ്മളെ വേട്ടയാടുന്നുണ്ട്.പ്രതി അസ്ഫാക്ക് ആലത്തെ വധശിക്ഷയ്ക്ക് വിധിച്ച് ഏകാന്ത സെല്ലിലേക്ക് മാറ്റിക്കഴിഞ്ഞു.ശിക്ഷ കേട്ടയുടനെതന്നെ അയാള്‍ അപ്പീലിന് വക്കാലത്ത്  ഒപ്പിട്ടു കൊടുത്തു .ജീവപര്യന്തക്കാരൊക്കെ 14 വര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങി പെണ്ണുംകെട്ടി സുഖമായി വിരാജിക്കുന്ന മനോഹര കാഴ്ച നമ്മള്‍ക്ക് സുപരിചിതമാണല്ലോ.അപ്പീലില്‍ മിക്കവാറും കേസുകളില്‍  വധശിക്ഷ ജീവപര്യന്തമായി കുറയാറുണ്ട്.14 വര്‍ഷം കഴിഞ്ഞ് ഇയാള്‍ പുറത്തേക്ക് ഒരു വരവുണ്ട്.സ്ത്രീ സംസര്‍ഗ്ഗം ഇല്ലാത്ത നീണ്ട വര്‍ഷങ്ങളുടെ കേടു തീര്‍ക്കാനുള്ള വരവ്.ആലുവായിലെ കുഞ്ഞിനെ കൊല്ലുംമുമ്പ് ദില്ലിയിലെ ഒരു കുട്ടിയെയും ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു.എല്ലാ പീഡനങ്ങളും ക്രൂരമാണെങ്കിലും പിഞ്ചുകുട്ടികളെ പ്രകൃതിവിരുദ്ധമുള്‍പ്പടെയുള്ള അതിക്രൂര ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുന്നത്  നീചമാണ്.ശിശുക്കളുടെ മാംസത്തോടാണ് ഇയാള്‍ക്ക് പ്രിയം.കുഞ്ഞുങ്ങള്‍ വേദനകൊണ്ട് പിടയുമ്പോള്‍ കിട്ടുന്ന ലഹരി ആസ്വദിക്കുന്ന ചെകുത്താന്‍.ജീവപര്യന്തം കഴിഞ്ഞ് ഈ പിശാച് പുറത്തിറങ്ങുമ്പോള്‍ നമ്മുടെ പൊന്നു മക്കളെയാവും ഉന്നം വയ്ക്കുക.വീണ്ടും ജയിലില്‍ പോയാലെന്താ പുറത്തെ ലോകത്തില്‍ ജീവിക്കുന്നതിനേക്കാള്‍ ഇവന് പത്ഥ്യം തടവറ തന്നെ. ജയിലിലെ മെനുവിനെ പറ്റി ഇതിനു മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്.പ്രാതലിന് തിന്നു തീര്‍ക്കാന്‍ വയ്യാത്ത വിധം ആറ് ഇഡ്ഡലി.അല്ലെങ്കില്‍ ദോശ അല്ലെങ്കില്‍ അപ്പം.ഉച്ചയ്ക്ക് ആഴ്ചയില്‍ ഒരിക്കല്‍ മട്ടന്‍ ചാപ്‌സ് നിര്‍ബന്ധം.മീന്‍ കറികൂട്ടി ലഞ്ച് മറ്റൊരു മെനു.ചപ്പാത്തി വൈകിട്ട്.പിച്ചക്കാരനെപ്പോലെ ജോലിയും കൂലിയുമില്ലാതെ നടന്ന ഇവനൊക്കെ ജയില്‍ ജീവിതം പഞ്ചനക്ഷത്രഹോട്ടല്‍ ജീവിതം തന്നെ.കുഞ്ഞുങ്ങളെ ഭോഗിക്കാന്‍ കിട്ടില്ലെന്ന ഒറ്റ കുറവു മാത്രമേ  അസ്ഫാക്ക് ആലത്തിന് ജയിലില്‍ ശേഷിക്കുന്നുള്ളൂ. ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയിലേക്കു കൊണ്ടുവന്ന പ്രതിയെ കണ്ടവര്‍ ഞെട്ടിപ്പോയി.കേവലം 100 ദിവസത്തെ ജയില്‍ഭക്ഷണം കൊണ്ടുതന്നെ അയാള്‍ കൊഴുത്തുമിനുങ്ങി ആളു മാറിയിരിക്കുന്നു.
                    
അതല്ലല്ലോ പറഞ്ഞുവന്നത്.ബീഹാറിലെ ഉള്‍ഗ്രാമത്തില്‍ ജോലിയും കൂലിയുമില്ലാതെ  പട്ടിണികിടന്നു മടുത്തപ്പോഴാണ്  കേരളം സ്വര്‍ഗ്ഗരാജ്യമെന്ന് ആരൊക്കെയോ പറഞ്ഞ് ആ കുഞ്ഞിന്റെ അച്ഛന്‍ അറിഞ്ഞത്.ഭാര്യയേയും മക്കളെയും കൂട്ടി ആലുവയിലെത്തി അറഞ്ഞുപണിയെടുത്ത്  രണ്ടുനേരമെങ്കിലും   അവരുടെ പശി മാറ്റാന്‍ ആ മനുഷ്യന്‍ പാടുപെട്ടു.ചുറ്റുമുള്ള മലയാളികളുടെ വീട്ുകളിലൊക്കെ പണിക്കുപോയി.മക്കളെ മലയാളം സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. മക്കള്‍ കേരളക്കാരെപ്പോലെ പഠിച്ച് നാളെ  വലിയവരാകുമെന്നു മോഹിച്ച സാധു.പണിക്കുപോയ വീട്ടുകാര്‍ക്കൊക്കെ നല്ലതു മാത്രം പറയാനുള്ള കുടുംബം.അപ്പൊഴാണല്ലോ ആ ദുരന്തം സംഭവിച്ചത്.കുഞ്ഞിന്റെ മൃതദേഹം  കാണാന്‍ ഓടിക്കൂടിയ ജനാവലി,അവര്‍ കാണിച്ച സ്‌നേഹാദരവ്,സര്‍ക്കാറിന്റെ കരുതല്‍  എല്ലാം കൂടി മലയാളികളെ കണ്ണടച്ച് വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിച്ചു.അതാണവര്‍ക്കു പറ്റിയ തെറ്റ്.


കുട്ടിയുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്ത് കൊണ്ടുവരാനും വീട്ടുകാരെ ആശ്വസിപ്പിക്കാനുമൊക്കെ മുന്നില്‍ നിന്നവര്‍തന്നെ ചതിക്കുമെന്ന് എങ്ങനെ കരുതാന്‍ .കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന ഒരു സ്ത്രീയാണ് ഈ ചതി ചെയ്തത്.മഹിളാ കോണ്‍ഗ്രസ്സ്   ജില്ലാ ജനറല്‍ സെക്രട്ടറിയും ഐ എന്‍ ടി യു സി  വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഹസീനയാണ് മനസാക്ഷിയിസല്ലാത്ത വഞ്ചന ഈ കുടുംബത്തോട് കാണിച്ചത്. അസ്ഫാക്ക് ആലം കാണിച്ച ക്രൂരതയോട് മത്സരിക്കുന്ന ക്രൂരത.കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ ശോചനീയമായ സാഹചര്യം അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത് 10 ലക്ഷം .സാമൂഹ്യക്ഷേമവകുപ്പ് ഒരു ലക്ഷം,,കെട്ടിടനിര്‍മാണത്തൊഴിലാളി ക്ഷേമനിധി നല്‍കിയ മൂന്നു ലക്ഷം.സുരേഷ്‌ഗോപി നല്‍കിയ രണ്ടുലക്ഷം ഇങ്ങനെ 16 ലക്ഷം രൂപയാണ് ആ സാധുക്കള്‍ക്ക് സഹായം ലഭിച്ചത്.അത് ചോരപ്പണമാണ്.ഒരു കുരുന്നുജീവന്റെ വില.  അതില്‍നിന്നാണ് ഹസീനയും ഭര്‍ത്താവും ചേര്‍ന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ  തട്ടിപ്പറിച്ചത്.ആ പാവം ഗൃഹനാഥന്റെ എടിഎംകാര്‍ഡും പിന്‍ നമ്പറും വലിയ പദവിയുള്ള മേഡം ചോദിച്ചപ്പോള്‍ സംശയിക്കാതെ നല്‍കുകയായിരുന്നു.തന്റെ പിച്ചച്ചട്ടിയില്‍ കയ്യിടുവാനുള്ള സൂത്രമാണതെന്ന് നിരക്ഷരനായ ആ ഗ്രാമീണന് മനസ്സിലായില്ല.ദൈവത്തിന്റെ സ്വന്തം നാട്ടിലെ നല്ല ആള്‍ക്കാര്‍ ചതിക്കുമെന്ന് ചിന്തിക്കാന്‍ തക്ക കുരുട്ടു ബുദ്ധിയൊന്നും അയാള്‍ക്കില്ലായിരുന്നു.ഇതിലും നല്ലത് ഹസീന ഒരു ചാക്കു വിരിച്ച്  ആലുവ റെയില്‍വേ സ്റ്റേഷനിലോ എറണാകുളം  സ്റ്റേഷനിലോ പിച്ച തെണ്ടാന്‍ ഇരിക്കയായിരുന്നു.ഇതിപ്പോ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും മാനക്കേടുണ്ടാക്കി.ചോരപ്പണം തട്ടിപ്പറിക്കുന്ന സാമൂഹ്യപ്രവര്‍ത്തനം.വല്ലവന്റെയും കുഞ്ഞു കൊല്ലപ്പെട്ടപ്പോള്‍ കരുണയൊടെ പലര്‍ നല്‍കിയ  ചോരപ്പണം  സ്വന്തം മക്കള്‍ക്ക് പുട്ടടിക്കാന്‍  തട്ടിയെടുത്തവര്‍ എന്തു തരം സാമൂഹ്യപ്രവര്‍ത്തനമാണ് ചെയ്യുന്നത്.സമൂഹത്തെ മൊട്ടയടിക്കാന്‍ ഇറങ്ങിത്തിരിച്ച അപശകുനങ്ങള്‍.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പതനത്തിനു കാരണം ഇത്തരക്കാരെ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കാന്‍ തലപ്പത്തിരുത്തുന്നതാണ്.കോണ്‍ഗ്രസ്സിന്റെ എന്നല്ല ഏതു പാര്‍ട്ടിയുടെയും സംഘടനാ ചുമതലയുള്ളവര്‍ അഴിമതിക്കാരും കൈക്കൂലിക്കാരും  ആണെങ്കില്‍ ആ പാര്‍ട്ടിയ്ക്ക് അവര്‍ ശവപ്പെട്ടി പണിയുകയാണെന്ന് മനസ്സിലാക്കണം.
                  
വിവരം പുറത്തായതോടെ പാര്‍ട്ടിയില്‍ നിന്ന് സ്ത്രീയെ പുറത്താക്കി കോണ്‍ഗ്രസ്സ് മുഖം രക്ഷിച്ചു.അപ്പോഴുണ്ട് അന്‍വര്‍ സാദത്ത് എംഎല്‍എ ഓടി വരുന്നു.ഹസീനയും ഭര്‍ത്താവ് മുനീറും കൂടി  തന്നെയും കബളിപ്പിച്ചു എന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.എംഎല്‍എ യെ കബളിപ്പിക്കാന്‍ മാത്രം ചങ്കൂറ്റമുള്ളവള്‍ക്ക്  അന്യസംസ്ഥാനത്തൊഴിലാളി വെറും കീടം മാത്രമാണെന്ന നമ്മള്‍ക്കറിയാം.കുട്ടിയുടെ മരണശേഷം കുടുംബത്തെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കാന്‍ സ്വന്തം നിലയ്ക്ക് എംഎല്‍എ വീടെടുത്ത് നല്‍കിയിരുന്നു.ഇരുപതിനായിരം രൂപ അഡ്വാന്‍സും ഏഴായിരം രൂപ വാടകയുമുള്ള വീടായിരുന്നു.മൂനീറാണ് വീടു കാണിച്ചുകൊടുത്തത്.എംഎല്‍എ മുനീറിന്റെ  പക്കല്‍ നല്‍കിയ അഡ്വാന്‍സ് തുക മറച്ചുവച്ച് കൊല്ലപ്പെട്ട ബാലികയുടെ പിതാവിന്റെ കൈയ്യില്‍നിന്ന് ഇരുപതിനായിരം രൂപ കൈപ്പറ്റിയെന്നാണ്  എംഎല്‍എ  പറഞ്ഞത്.മരണദുഖത്തിലിരിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളിയോട്  ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പിടിച്ചുപറിച്ചെങ്കില്‍ പാര്‍ട്ടിയുടെ ലേബലില്‍ നേതൃസ്ഥാനത്തിരുന്ന്   നടത്തിയ കൊള്ളയടികള്‍കൂടെ പുറത്തുവരണം.കോടതി സ്വമേധയാ കേസെടുത്ത് ശിക്ഷിക്കേണ്ട സംഭവമാണ് ഇതൊക്കെ.ഒരു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്താല്‍ അടുത്ത പാര്‍ട്ടി വിലിച്ചോണ്ടുപോയി കുറച്ചുകൂടി കൂടിയ പദവി നല്‍കുന്ന സ്ഥിതി മാറണം.ഇത്തരം നാറ്റക്കേസിനെ ചുമന്നാല്‍ ചുമക്കുന്നവരും നാറും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക