Image

നന്ദിദിന വാടാ മലരുകൾ… (കവിത: എ.സി.ജോർജ്)

Published on 20 November, 2023
നന്ദിദിന വാടാ മലരുകൾ… (കവിത: എ.സി.ജോർജ്)

നന്ദി എങ്ങനെ എപ്പോൾ ചൊല്ലേണ്ടുന്നറിയില്ല 
നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ
ഈരേഴു ലോക സർവ്വചരാചരങ്ങളും..
സൃഷ്ടി സ്ഥിതി സംരക്ഷക മൂർത്തീ ഭവാനും
സർവ്വലോക മാനവ ഹൃദയാന്തരാളങ്ങളിൽ
നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാ മലരുകൾ
എന്നും എന്നെന്നും അംഗുലി കൂപ്പിയർപ്പിക്കട്ടെ
സർവ്വജ്ഞാനം ഈശ്വര പാദാര വിന്ദങ്ങളിൽ 
എന്നുടെ അസ്ഥിത്വത്തിന് ആധാരമാം.. 
ഭൂമിദേവിക്കും സർവ്വ ചരാചരങ്ങൾക്കും
എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി
നന്ദിതൻ സിന്ദൂര..കർപ്പൂര..പരിമളം ചൊരിയട്ടെ
സ്നേഹ സാഗരത്തിൽ ഈ നന്ദി ദിന
നറു മലർ പാവന പ്രവാഹം ചൊരിയട്ടെ
നിത്യേന നിത്യേന തേൻ മലർച്ചെണ്ടുകളായി

പ്രാണശ്വാസം നൽകിയ ഈശ്വരൻ എന്നപോൽ 
താനെന്ന ജന്മത്തെ മാതാവിൻ  ഉദരത്തിൽ
അർപ്പിച്ചുരുവാക്കിയ പിതാവിനും
ആ ജന്മത്തെ പത്ത് മാസം ചുമന്ന മാതാവിനും
തീർത്താൽ തീരാത്ത കടപ്പാടുണ്ട് ജന്മങ്ങൾക്ക്
മാതാപിതാ ഗുരുക്കളെ നിങ്ങൾ തൻ പാദാരവിന്ദങ്ങളിൽ
അർപ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകൾ
ഈശ്വരനേകിയ പൈതലാം തന്നെ താലോലിച്ചു
പോറ്റി വളർത്തി നിലയിൽ ആക്കിയ നിങ്ങൾക്ക് വന്ദനം
അഭിവന്ദ്യരാം മാതാപിതാ ഗുരുക്കളെ നിങ്ങൾക്കെന്നെന്നും
നന്ദിയുടെ സ്നേഹ നിർമല നറു മലർച്ചെണ്ടുകൾ
എത്ര പറഞ്ഞാലും പാടിയാലും തീരാത്ത നന്ദി
നിങ്ങൾ തന്ന ഈ മനോഹര ജീവിതം എത്ര അമൂല്യം
നെഞ്ചോട് ചേർത്ത് സ്നേഹിച്ചു താലോലിച്ചു വളർത്തിയ
ത്യാഗത്തിൻ മനോഹര മണിവീണയിൽ അനശ്വരമാം..
നിങ്ങൾ അർപ്പിച്ചു തന്ന സ്നേഹ വാത്സല്യ സ്മരണയിൽ
ഇന്നെന്റെ മാനസം കുളിർമഴയായി തേൻമഴയായി
സ്നേഹത്താൽ നിറയുന്ന നന്ദിയുടെ പ്രഭാവൂരം ചൊരിയട്ടെ
സന്തോഷ.. ആനന്ദപൂരിതമാം.. ഹാപ്പി ഹാപ്പി താങ്ക്സ് ഗിവിങ് 
ഹൃദയ കവാടങ്ങളിൽ നിന്ന് ഹൃദയന്തരാളങ്ങളിലേക്ക്
സ്വച്ഛമായി ഒഴുകട്ടെ നന്ദിയുടെ പനിനീർ ചാലുകൾ.

Join WhatsApp News
തോമസ് ഇല്ലിപ്പറമ്പിൽ 2023-11-20 07:14:29
ഏതാണ്ട് ഒരേ കൊല്ലമാണ്, അതായത് 1975ൽ ആണ് ഞാനും, ഈ കവിത എഴുതിയ എ.സി. ജോർജ് ഒക്കെ അമേരിക്കയിലെ ന്യൂയോർക്കിലേക്ക് കുടിയേറുന്നത്. ഏതാണ്ട് 1975 മുതൽ തന്നെ അന്ന് ഉണ്ടായിരുന്ന പത്ര മാസികകളിൽ എ.സി. ജോർജ് എഴുതാറുണ്ടായിരുന്നു. ഇടയ്ക്കൊക്കെ ഒന്ന് രണ്ട് മാസത്തേക്ക് അദ്ദേഹം കാര്യമായി ഒന്നും എഴുതാറില്ല. എന്നാൽ ഇന്നുവരെ ചെറിയ ഗ്യാപ്പുകൾ വരുത്തിയാണെങ്കിലും മുടക്കം കൂടാതെ വിവിധ മാധ്യമങ്ങളിൽ അദ്ദേഹം എഴുതി വരുന്നു. ഞാൻ ഒരു എഴുത്തുകാരൻ അല്ലെങ്കിലും ഒരു വായനക്കാരൻ ആണ്. വല്ലപ്പോഴുമൊക്കെ ഫോണിൽ സംസാരിക്കാറുമുണ്ട്. ഞാൻ ഇത്രയും പറയാൻ കാരണം അദ്ദേഹം കവിത എഴുതിയാലും ലേഖനം എഴുതിയാലും നർമ്മം എഴുതിയാലും അതിൽ ഒരു പ്രത്യേകതയും ലാളിത്യവും ഗ്രാമീണ ഭംഗിയും ഉണ്ട്. ഏതു വ്യക്തിക്കും എളുപ്പം മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ് പുള്ളിക്കാരൻ എഴുതുന്നത്. ഈ കവിത തന്നെ നോക്കൂ. കാലോചിതമായ വളരെ അർത്ഥസമ്പുഷ്ടമായ പദങ്ങൾ ചേർത്തുവച്ചിരിക്കുന്നു. രണ്ടാഴ്ച മുമ്പ് അദ്ദേഹം യുദ്ധത്തിൻറെ കെടുതികളെ പറ്റി എഴുതി, മനുഷ്യൻറെ അനാചാരം അന്ധവിശ്വാസം, മതക്കാരുടെ ഗുണ്ടായിസം അങ്ങനെ പലതിനെപ്പറ്റിയും ആരെയും കുസാതെ നിർഭയം എഴുതി. കുറച്ചുകാലമായി അദ്ദേഹം വാർത്തകൾ അധികം എഴുതാറില്ല. ആദ്യകാലങ്ങളിൽ ഒക്കെ വിവിധ അസോസിയേഷനുകളിലും പ്രവർത്തിച്ചിരുന്നുവെങ്കിലും, പ്രായം ഏതാണ്ട് 80 വയസ്സിനോട് അടുക്കുന്നത് കൊണ്ടാകാം ഒരു പ്രസ്ഥാനത്തിനും പോയി ഭാരവാഹി ആകാനോ മത്സരിക്കാനോ പോകാറില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ നിഷ്പക്ഷമായി തന്നെ അദ്ദേഹത്തിൻറെ എഴുത്തുകൾ തുടരുന്നതിൽ സന്തോഷമുണ്ട്. വീണ്ടും ഇത്തരം കവിതകളും ലേഖനങ്ങളും കഥകളും ഒക്കെ അങ്ങ് എഴുതുക. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ മലയാളിക്കും എഴുത്തുകാർക്കും എല്ലാം ഒരു താങ്ക്സ് ഗിവിംഗ്ആശംസിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക