നമ്മെ നന്നായി മനസ്സിലാക്കുന്നവർ
നമ്മിലെ എന്തോ ഒന്നിനെ
അടിമപ്പെടുത്തുകയും ചെയ്യുന്നു.
പ്രണയികൾക്കിടയിൽ ഒരാൾ
മറ്റൊരാളിന്റെ അടിമയാകാൻ
വെമ്പൽ കൊളളുന്നു
പ്രണയത്തിന്റെ തീവ്രാനുരാഗ ദിനങ്ങളിൽ
ആ അടിമത്തം അവർ
തേൻപോലെ ആസ്വദിച്ചു കൊണ്ടേയിരിക്കും.
പ്രണയം നഷ്ടപ്പെട്ടു കഴിഞ്ഞാൽ
ചുംബനങ്ങളാൽ മധുരിതമായിരുന്ന
ചുണ്ടുകളിൽ കയ്പു നിറയുന്നു
പ്രകാശമാനമായിരുന്നതിലെല്ലാം
ഇരുൾ പരന്നുതുടങ്ങും.
അവർ ഒന്നായ്ത്തീർന്ന നിമിഷങ്ങളിൽ
അന്യോന്യം വിളിച്ചിരുന്ന പേരുകളും
ഹരം കൊള്ളിച്ചിരുന്ന ഗന്ധങ്ങളും ഹർഷോന്മാദങ്ങളും
പൊട്ടിച്ചിരികളും
ഒരു പഴന്തുണിക്കെട്ടു പോലെ ഉപേക്ഷിക്കും.
അതേ, ആ പ്രണയദിനങ്ങൾ ചിലർ
മുഷിഞ്ഞ തുണി പോലെ
മൂലയ്ക്കെറിയും.
കൈകൾ കൊരുത്തു
ഭൂമിയുടെ അറ്റത്തോളം ഉന്മാദികളായി അലയാമെന്നു പ്രതിജ്ഞയെടുത്തവർ
ഒരു ചുവടുപോലും ഒരുമിച്ചുവെയ്ക്കാനാവാതെ
ഒറ്റയായ യാത്രികരാവുന്നു
കഥകൾ പറയാൻ
രാത്രി തികയാഞ്ഞവർ
ഒരു വാക്കും കൈമാറാതെ
വാക്കുകൾ ചുണ്ടിലടക്കി മറ്റാർക്കോ കൈമാറാനായ് മാറാപ്പിലാക്കുന്നു
മനസ്സും മോഹങ്ങളും മറ്റെവിടെയോ അലയാൻ വിടുന്നു ....