ഡൊണാൾഡ് ട്രംപിനെ 2024ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ടെക്സസ് ഗവർണർ ഗ്രെഗ് എയ്ബട്ട് ഔപചാരികമായി പിന്താങ്ങി. മത്സരത്തിലുള്ള ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന്റെ ഉറ്റ സുഹൃത്തായ എയ്ബട്ടിന്റെ പിന്തുണ ട്രംപിനു മുതൽക്കൂട്ടാകും.
യുഎസ്-മെക്സിക്കോ അതിർത്തിയിലെ എഡിൻബർഗിൽ ഞായറാഴ്ച ട്രംപ് സന്ദർശനം നടത്തുമ്പോഴാണ് എയ്ബട്ട് പിന്തുണ പ്രഖ്യാപിച്ചത്. കുടിയേറ്റക്കാരെ തിരിച്ചയക്കാൻ ഊർജിതമായ നടപടി എടുക്കുമെന്നു വാഗ്ദാനം ചെയ്തിട്ടുള്ള ട്രംപിനെ സാക്ഷി നിർത്തി പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ എയ്ബട്ട് രൂക്ഷമായി വിമർശിച്ചു. "യുഎസിനാണ് ലോകത്തെ ഏറ്റവും അരക്ഷിത അതിർത്തികൾ ഉള്ളത്. നമുക്ക് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ വേണം," റിപ്പബ്ലിക്കൻ ഗവർണർ പറഞ്ഞു.
നിയമവിരുദ്ധവും നിയമാനുസൃതവുമായ കുടിയേറ്റം നിയന്ത്രിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രത്യേകിച്ച് വിലക്കുണ്ടാവും.
ടെക്സസിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ബില്ലിൽ എയ്ബട്ട് താമസിയാതെ ഒപ്പിടും. അഭയാർഥികളെ അറസ്റ്റ് ചെയ്തു നാട് കടത്താനുള്ള അധികാരം സംസ്ഥാന പൊലീസിനു നൽകും.
Texas governor endorses Trump