Image

റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ രജതജൂബിലി നിറവില്‍

ജോസ് മാളേയ്ക്കല്‍ Published on 20 November, 2023
റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ രജതജൂബിലി നിറവില്‍

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ ഏഴാമത്തെ വികാരിയും, ഫൊറോനായുടെ കീഴില്‍ എക്സ്റ്റണ്‍ കേന്ദ്രമായുള്ള സെ. സെബാസ്റ്റ്യന്‍സ് മിഷന്റെ മൂന്നാമത്തെ ഡയറക്ടറൂമായി നവംബര്‍ 5 നു ചുമതലയേറ്റ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ പൗരോഹിത്യ ശുശ്രൂഷയുടെ കര്‍മ്മനിരതമായ 25 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 

നവംബര്‍ 5 ഞായറാഴ്ച്ച ഇടവകജനങ്ങളും, കൈക്കാരന്‍മാരും
, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, അള്‍ത്താര ശുശ്രൂഷികളും പുതുതായി നിയമിതനായ ദാനവേലില്‍ അച്ചനു ഹൃദ്യമായ വരവേല്‍പ്പു നല്‍കി.  ദിവ്യബലിയര്‍പ്പണത്തിനുമുന്‍പ് കൈക്കാരന്‍മാരും  ബൊക്കെ നല്‍കി സ്വീകരിക്കുകയും ഇടവകയുടെ ഹാര്‍ദ്ദമായ സ്വാഗതം ആശംസിക്കുകയും, അച്ചന്റെ പുതിയ അജപാലനദൗത്യത്തിനു എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു. 

ബഹുമാനപ്പെട്ട ജോര്‍ജ് അച്ചന്‍ മുഖ്യകാര്‍മ്മികനായും, ചിക്കാഗൊ സെന്റ് തോമസ് സീറോമലബാര്‍ രൂപതാവികാരിജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, റവ. ഫാ. ജോസ് വരിക്കപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായും  അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ വിശ്വാസികളൊന്നടങ്കം പങ്കുചേര്‍ന്നു. 

ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ചാന്‍സലര്‍, മതബോധന ഡയറക്ടര്‍, ചെറുപുഷ്പ മിഷന്‍ ലീഗ് നാഷണല്‍ ഡയറക്ടര്‍ എന്നീ നിലകളിലുള്ള ഭരണപരമായ നിസ്വാര്‍ത്ഥ സേവനത്തോടൊപ്പമാണിപ്പോള്‍ ഒരു ഫൊറോനാ ദേവാലയത്തിന്റെ ഫുള്‍ടൈം വികാരിയായി ജൂബിലിനിറവിലായിരിക്കുന്ന ജോര്‍ജ് അച്ചന്‍ ചുമതലയേറ്റിരിക്കുന്നത്. 

പാലാ രൂപതക്കുവേണ്ടി 1998 ഡിസംബര്‍ 30 നു അഭിവന്ദ്യ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ കോട്ടയം ജില്ലയിലെ മുട്ടുചിറ ഫൊറോനായുടെ കീഴിലുള്ള ആയാംകുടി (അല്‍ഫോന്‍സാപുരം) സെ. അല്‍ഫോന്‍സാ പള്ളി ഇടവകാംഗമാണ്.

പാലാരൂപതയുടെ നിയന്ത്രണത്തിലുള്ള മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി, തിരുപട്ടംസ്വീകരിച്ച ജോര്‍ജ് ദാനവേലില്‍ അച്ചന്‍ പാലാരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായും, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ സെക്രട്ടറിയായും, സെമിനാരി അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. 

റോമിലെ സലേഷ്യന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രൈസ്തവമതബോധനം, കുട്ടികളുടെ വിശ്വാസപരിശീലനം എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടുകൂടി ദൈവശാസ്ത്രത്തില്‍ ഡോക്റ്ററേറ്റു (Doctor of Sacred Theology - Latin: Sacrae Theologiae Doctor - STD) നേടിയശേഷം കാക്കനാട് സെ. തോമസ്മൗണ്ട് ആസ്ഥാനമായുള്ള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡല്‍ കമ്മീഷന്റെ സെക്രട്ടറിയായി 6 വര്‍ഷങ്ങള്‍ സേവനം ചെയ്തു. 


വൈദികനായി 18 വര്‍ഷങ്ങളിലെ നിസ്തുല സേവനത്തിനുശേഷം 2017 ല്‍ അമേരിക്കയിലെത്തിയ റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ബിഷപ്പ് എമരിത്തൂസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ കീഴില്‍ രൂപതാ കാര്യാലയത്തിലും, വിവിധ ഇടവകകളിലുമായി 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. 2018 ല്‍ രൂപതയുടെ മതബോധനഡയറക്ടറായി ചുമതലയേറ്റ ദാനവേലില്‍ അച്ചന്‍ വിശ്വാസപരിശീലന പാഠ്യപദ്ധതി നവീകരിക്കുന്നതിലും, പാഠപുസ്തകങ്ങള്‍ ക്രമാനുഗതമായി പരിഷ്‌കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 

അല്‍മായര്‍ക്ക്, വിശിഷ്യാ മതാധ്യാപകര്‍ക്ക് ദൈവശാസ്ത്രപഠനം സാധ്യമാക്കുന്നതിനായി വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ചിക്കാഗോ മാര്‍ തോമ്മാ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേറ്റര്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രൂപതാതലത്തില്‍ വളരെ വിജയകരമായി നടന്നുവരുന്ന ദൈവവചന ബൈബിള്‍ ക്വിസ് പ്രോഗ്രാം ഡയറക്ടര്‍ എന്നീ നിലകളിലും രൂപതാ ചാന്‍സലര്‍, മതബോധന ഡയറക്ടര്‍, മിഷന്‍ലീഗ് ഡയറക്ടര്‍ എന്നീ പദവികള്‍ക്കൊപ്പംതന്നെ അച്ചന്‍ സേവനം ചെയ്യുന്നു. രൂപതാ ചാന്‍സലര്‍ ആയതിനാള്‍ രൂപതയുടെ പ്രസിദ്ധീകരണങ്ങളുടെ ചുമതലയും ദാനവേലില്‍ അച്ചനാണു.

നാലു പുസ്തകങ്ങളും, ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഇരുനൂറില്‍പരം ലേഖനങ്ങളും ബൈബിള്‍ പണ്ഡിതനും, വാഗ്മിയും കൂടിയായ ദാനവേലിലച്ചന്റെ സ്വന്തമായുണ്ട്.

ഫോട്ടോ: ജോസ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക