Image

ഷാർജ  പുസ്തകോത്സവം: മലയാളത്തിന് അഭിമാനിക്കാൻ ഏറെ (മിനി വിശ്വനാഥൻ)

Published on 20 November, 2023
ഷാർജ  പുസ്തകോത്സവം: മലയാളത്തിന് അഭിമാനിക്കാൻ ഏറെ (മിനി വിശ്വനാഥൻ)

We Speak books എന്ന തീമിൽ  നാല്പത്തിരണ്ടാമത് ഷാർജ ഇന്റർനാഷണൽ പുസ്തകോത്സവം സമാപിക്കുമ്പോൾ മലയാളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി വിവിധ വിഭാഗങ്ങളിൽപ്പെട്ട അഞ്ഞൂറിലധികം മലയാള പുസ്തകങ്ങളാണ് റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടത്. അത്രയധികം പുസ്തകങ്ങൾ കേരളത്തിന് പുറത്ത് മറ്റൊരു അറബ് രാജ്യത്തിൽ  വെച്ച് ചർച്ച ചെയ്യപ്പെടുന്നു എന്നത് നിസ്സാര കാര്യമല്ല. കേരളത്തിലെ ആദരണീയരായ മുൻനിര എഴുത്തുകാരും , സാമൂഹിക ,രാഷ്ട്രീയ, സിനിമാ മേഖലകളിൽ  പ്രവർത്തിക്കുന്നവരും ഇവിടെയെത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും പുസ്തകങ്ങൾ പ്രകാശിപ്പിക്കുകയു ചെയ്തിട്ടു മുണ്ട്.

സാഹിത്യം മനുഷ്യൻമാരെ സ്നേഹ നൂലിനാൽ പരസ്പരം കോർത്തു വെക്കുന്ന മനോഹരകാഴ്ചയാണ് ഷാർജ പുസ്തകോത്സവം സമ്മാനിക്കുന്നത്. എടുത്തു പറയത്തക്ക മേൽവിലാസമില്ലാതെയും മുന്നൊരുക്കങ്ങളില്ലാതെയും  ഇവിടെ വരുന്ന എല്ലാ എഴുത്തുകാരെയും ഈ ഏഴാം നമ്പർ ഹാൾ ചേർത്തു നിർത്തും.

കല്യാണ വീട്ടിൽ വരുന്ന ബന്ധുക്കൾ പരസ്പരം സ്വീകരിക്കുന്നത് പോലെ കണ്ടു മറന്നവർ സൗഹൃദം പുതുക്കുകയും പുതുതായി കാണുന്നവർ അവിടെ വെച്ച് സൗഹൃദം കൊരുക്കുകയും ചെയ്യുന്നു. വലുപ്പച്ചെറുപ്പങ്ങളുടെ ഈഗോവും കോംപ്ലക്സും പുറത്തഴിച്ച് വെച്ചാണ് എല്ലാരും ഇങ്ങോട്ട് കടന്നു വരുന്നതും പരസ്പരം ചേർന്ന് നിൽക്കുന്നതും.

കേരളത്തിലെ ഒരു വിധം എല്ലാ പ്രസാധകരുടെയും സ്റ്റാളുകളും പുസ്തകങ്ങളും ഇവിടെയുണ്ട്. ആശയ വൈവിദ്ധ്യമുള്ള ചിന്തയും ചിരന്തനയും ശാസ്ത്രസാഹിത്യ പരിഷത്തും കെ.എം.സി.സി യും അടുത്തടുത്ത സ്റ്റാളുകളിൽ ഇരുന്ന് ആശയസംവേദനം ചെയ്യുന്നതും പക്വതയോടെ വിമർശനങ്ങളും കൈയടികളും സ്വീകരിക്കുന്നതും നമുക്കിവിടെ കാണാം. എല്ലാ സ്റ്റാളുകളിലും നമ്മോട് സംസാരിക്കാൻ കാമ്പുള്ള പുസ്തകങ്ങൾ ഉണ്ടാവുമെന്നുറപ്പ്. ഇംഗ്ലീഷിലും മലയാളത്തിലുമായി എല്ലാ തരത്തിലുമുള്ള വിനോദ വിജ്ഞാന ഗ്രന്ഥങ്ങൾ നമുക്ക് ഈ സ്റ്റാളുകളിൽ കാണാം. കൂട്ടത്തിൽ ബാലസാഹിത്യത്തിനും ഇവിടെ നല്ല ഒരു സ്ഥാനം നൽകിയിട്ടുണ്ട്.

എഴുത്ത് ലോകത്തേക്ക് കടന്നുവരുന്ന പുതിയ പ്രവാസി എഴുത്തുകാർക്ക് അനുഗ്രഹമാണ് ഈ പുസ്തകോത്സവം. സ്വന്തം പേരിൽ ഒരു പുസ്തകമെന്നത് ഒരു അടയാളപ്പെടുത്തലാണ്. ഈ ഭൂമിയിൽ ജീവിച്ചവസാനിക്കുമ്പോഴും എഴുത്തുകൾ ബാക്കിയാവും. അതിലൂടെ പ്രചരിച്ച ആശയങ്ങൾ ആരെയെങ്കിലുമൊക്കെ സ്വാധീനിച്ചെങ്കിൽ അത് മറ്റൊരു നന്മയും.


അനുജനായർ , ശിവാംഗിമേനോൻ, ശ്രീമദ് ശ്രീരാജ്, അനാമിക പ്രവീൺ, മർവ സായിദ് മുതലായ കൊച്ചുമിടുക്കികളും ഇത്തവണ സ്വന്തം പുസ്തകങ്ങളുമായി ഉണ്ടായിരുന്നു എന്നത് അഭിമാനമാവുന്നു. ശിവാംഗി മേനോന്റെ അമ്മ മഞ്ജു ശ്രീകുമാറും അനാമിക പ്രവീണിന്റെ അമ്മ സൗമ്യ അമ്മാളുവും തങ്ങളുടെ പുസ്തകങ്ങളുമായി ഉണ്ടായത് ഇരട്ടിമധുരം തന്നെ !

കേരളത്തിൽ നിന്നുള്ള എഴുത്തുകാരും തങ്ങളുടെ പുസ്തകങ്ങളുമായി എത്തിയിട്ടുണ്ട്. ശ്രീ ടി.ഡി രാമകൃഷ്ണൻ ,ശ്രീസഖറിയ, ശ്രീരാമനുണ്ണി മുതലായ മുതിർന്ന എഴുത്തുകാർക്കൊപ്പം ഇന്ദുമേനോൻ , അജിത് വി എസ് എന്നി യുവനിരയിലെ എഴുത്തുകാരും ഉണ്ടായിരുന്നു.

ശ്രീ മുഹമ്മദ് റിയാസ്, ബിനോയ് വിശ്വം, കെ.എം മുനീർ , പ്രതിപക്ഷ നേതാവ് സതീശൻ പാച്ചേനി, രമ്യ ഹരിദാസ് മുതലായ രാഷ്ട്രീയ നേതാക്കളും എഴുത്തുകാർക്കുള്ള ആശംസകളുമായി ബുക്ക് ഫെസ്റ്റിനെ ധന്യമാക്കി.

അവിടെ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ
ഹണി ഭാസ്കർ എഴുതിയ 'താലന്ത്' അകാലത്തിൽ കളമൊഴിഞ്ഞ മനോജ് ഒറ്റപ്ലാക്കൽ അച്ചനുള്ള സ്നേഹ സമ്മാനമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ വരച്ചിട്ട ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോളം വികാരനിർഭരമായ മറ്റൊന്നും അവിടെ ഉണ്ടായിട്ടില്ല.

എസ് .എം . ഇ രോഗബാധിതയായ സേബ സലാമിന്റെ വിരൽപ്പഴുതിലെ ആകാശങ്ങളിലെ മയിൽപ്പീലികളും മഴവില്ലുകളും RJ ഫസലു ഷാർജ ബുക്ക് അതോറിറ്റി എക്റ്റേണൽ എഫയേഴ്സ് എക്സിക്യൂട്ടീവായ മോഹൻ കുമാറിന് പരിചയപ്പെടുത്തുന്ന ചടങ്ങിലും വാത്സല്യത്തിന്റെ സ്വാന്ത്വനമുണ്ടായിരുന്നു.

തുടർച്ചയായ നാലാം വർഷവും പുസ്തകമിറക്കിയ മൂന്നാമിടം പെൺ കൂട്ടായ്മയും അവിടെ ശ്രദ്ധിക്കപ്പെട്ടു. ചില്ലേടുകൾ എന്ന ഇത്തവണത്തെ കഥാ സമാഹാരം കവിയും എഴുത്തുകാരനുമായ ശ്രീ രാവുണ്ണി മാഷാണ് പ്രകാശനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തിരക്ക് പിടിച്ച തൊഴിൽ മേഖലകളിൽ സ്വന്തം കാലുറപ്പിച്ചവരാണ് ഈ സമാഹരത്തിലെ കഥയെഴുത്തുകാരികൾ എന്നത് എടുത്തുപറയാതിരിക്കാനാവില്ല. അവർക്ക് എഴുത്തു ജീവിതം പോലെ വിലപിടിച്ചതാണെന്ന് ആമുഖ പ്രാസംഗിക ജിനു റേച്ചൽ പറഞ്ഞു. കഥയെഴുതുന്ന പെണ്ണുങ്ങളെക്കൊണ്ട് ഭൂമി നിറയട്ടെ എന്ന് ഞാൻ വ്യക്തിപരമായി ആശംസിക്കുന്നു.

ഈ കൂട്ടത്തിൽ "ചരിത്രമുറങ്ങുന്ന നേപ്പാൾ " എന്ന എന്റെ സ്വന്തം യാത്രാ വിവരണവും പ്രകാശിപ്പിക്കാനായി എന്നത് മറ്റൊരു അഭിമാനമായിരുന്നു. പ്രശസ്തരായ എഴുത്തുകാർക്കൊപ്പം ഞാനുമുണ്ടാവുക എന്ന നേട്ടം കുറച്ച് കാണുന്നില്ല. എനിക്കൊപ്പം മനുപ്രേംകുമാർ The Last Living thing എന്ന കവിതാ സമാഹാരവും ശ്രീജാ പ്രവീൺ ചിരിയോർമ്മകൾ എന്ന ഓർമ്മപ്പുസ്തകവുമായും കൂടെയുണ്ടായത് മറ്റൊരു സന്തോഷം.

ഇത്തവണത്തെ ഷാർജ പുസ്തകോത്സവം സാക്ഷിയായ മറ്റൊരു അപൂർവ്വ കാഴ്ചയാണ് ശ്രീമതി ഗീതാമോഹന്റെ ആദ്യ കഥസമാഹാരമായ മത്തിന്റെ പ്രകാശനം. സ്നേഹം നിറഞ്ഞ വർണ്ണ ബലൂണുകളായിരുന്നു ആ ചടങ്ങിന് അവിടെ കൂടിയ എല്ലാവരും. സ്നേഹത്തിന്റെ ലഹരിയിൽ എല്ലാവരും കൂടിച്ചേർന്ന് പ്രകാശിപ്പിച്ച പുസ്തകമായിരുന്നു അത്. അവിടെ കൂടിയ പലരും തങ്ങൾ അനുഭവിച്ച വാത്സല്യ ഓർമ്മകളിൽ കണ്ണു നനച്ചത് ഹൃദയസ്പർശിയായി. സ്നേഹത്തിന്റെ മറ്റൊരു പര്യായപദം തന്നെയായ ഗീത മോഹൻ ഈ ഒരു ചടങ്ങ് അർഹിക്കുന്നുണ്ടായിരുന്നു.

പന്ത്രണ്ട് ദിവസം നീണ്ടു നിന്ന പുസ്തകമേള ഓരോരുത്തർക്കും ഓർമ്മകളുടെ ഒരു കൂമ്പാരം തന്നെ സമ്മാനിച്ചിട്ടുണ്ടാവും. ഇന്ത്യയിലങ്ങോളമുള്ള വിവിധ രംഗങ്ങളിൽ പ്രശസ്തരായവർ പ്രധാന വേദിയിൽ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാനെത്തിയെന്നതും ഇന്ത്യക്കാരി എന്ന നിലയിൽ എന്നെ അഭിമാന പുളകിതയാക്കി എന്നത് മറ്റൊരു സത്യം.

We speak Book യാഥാർത്ഥ്യമാക്കിക്കൊണ്ട് ഇത്തവത്തെ പുസ്തകോത്സവം പ്രതീക്ഷകൾ നിലനിർത്തിക്കൊണ്ട് കൊടിയിറങ്ങുമ്പോൾ മനസ് നിറയുന്നു. ഇനിയും ഇത്തരം ഉത്സവങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Join WhatsApp News
Jayan varghese 2023-11-21 14:45:17
ഷാര്ജായിലെ ഒരു ഭരണാധികാരിയുടെ അക്ഷര സ്നേഹം ലോകത്താകമാനമുള്ള മുഴുവൻ എഴുത്തുകാരെയും അംഗീകാരത്തിന്റെ പുതു പുളകം അണിയിക്കുമ്പോൾ, പണ്ട് മഹാരാജാവിന്റെ തിരുമുമ്പിൽ നാലുവരി പദ്യം എഴുതിക്കൊടുത്ത് അഞ്ചേകാലും കോപ്പും കൈപ്പറ്റിയിരുന്നവരെപ്പോലെ ചില സമകാലീന പദ്യമെഴുത്തുകാർ അവിടെ നിന്ന് പട്ടും വളയും സ്വീകരിച്ചു പത്രത്തിലിട്ട് രസിക്കുന്നുണ്ട്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക