Image

കെന്നഡി വധത്തിന്റെ അറുപതാം വാര്‍ഷികത്തിലും ഡാളസ് ആരോപണത്തിന്റെ നിഴലിലാണ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 November, 2023
കെന്നഡി വധത്തിന്റെ അറുപതാം വാര്‍ഷികത്തിലും ഡാളസ് ആരോപണത്തിന്റെ നിഴലിലാണ് (ഏബ്രഹാം തോമസ്)

ഡാളസ് : യു.എസ്. പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി ഒരു ഘാതകന്റെ വെടിയേറ്റ് വീണത് 60 വര്‍ഷം മുമ്പ്, 1963 നവംബര്‍ 22ന് ഡാളസ് ഡൗണ്‍ ടൗണിലെ ഡേലി പ്ലാസയ്ക്ക് സമീപത്ത് കൂടി പ്രഥമ പത്‌നി ജാക്വിലിനും ടെക്‌സസ് ഗവര്‍ണ്ണര്‍ ജോണ്‍ കോണളി, ഭാര്യ നെല്ലി എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെ ആയിരുന്നു.

ഡാളസ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിനമെന്ന് വിശേഷിക്കപ്പെടുന്ന ആ ദിനത്തിന്റെ ആരോപണ നിഴല്‍ ഈ മഹാനഗരത്തെ പിന്തുടരുന്നു. ഈ നിഴല്‍ പിന്തുടരാത്ത ഒരു നഗരമാണ് തങ്ങളുടെതെന്ന് ഒരു സിമ്പോസിയത്തില്‍ ഒരു ജനനേതാവായ ഗെയില്‍ തോമസ് അവകാശപ്പെട്ടു. കെന്നഡി വധത്തിന് ഒരു മാസം മുമ്പ് കെന്നഡിയുടെ യു.എന്‍. അംബാസിഡര്‍ അഡലെയ് സ്റ്റീവന്‍സണിന്റെ തലയില്‍ ഒരു പ്രതിഷേധക്കാരന്‍ പ്ലക്കാര്‍ഡ് കൊണ്ട് പ്രഹരിച്ചു. ഇതിന് ശേഷം പ്രസിഡന്റ് ഡാലസ് സന്ദര്‍ശനം ഒഴിവാക്കണമെന്ന് നീമന്‍ മാര്‍ക്കസ് തലവന്‍ സ്റ്റാന്‍ലി മാര്‍ക്കസ് ആവശ്യപ്പെട്ടിരുന്നു. വിലക്കുകള്‍ വക വെയ്ക്കാതെ തുറന്ന കാറില്‍ മോട്ടര്‍ കേഡിന്റെ  അകമ്പടിയോടെ കെന്നഡി ഡാലസ് ഡൗണ്‍ ടൗണില്‍ നിന്ന് അകലെയല്ലാത്ത മാര്‍ക്കറ്റ് ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുവാന്‍ പോകുമ്പോഴായിരുന്നു വധിക്കപ്പെട്ടത്. ഈ സംഭവത്തിന് ശേഷം മുഴുവന്‍ അമേരിക്കയും ഡാളസിന് എതിരെ തിരിഞ്ഞു എന്ന് നിരീക്ഷകര്‍ പറയുന്നു. സംഭവത്തില്‍ ഡാലസിന് എതിരായ കുറ്റാരോപണം ഇപ്പോഴും നിലനില്‍ക്കുന്നു.

അറുപത് വര്‍ഷങ്ങള്‍ പല വിധത്തില്‍ ഡാളസിനെ മാറ്റിമറിച്ചു. യാഥാസ്ഥിതിക, റിപ്പബ്ലിക്കന്‍ ചായ് വ് ഉണ്ടായിരുന്ന നഗരം ഇന്ന് ചുവപ്പിനെ ബഹിഷ്‌കരിച്ചിരിക്കുന്നു. ദശകങ്ങളായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നു. ഈയിടെ മേയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായി ആയത് ഒറ്റപ്പെട്ട സംഭവമാണ്. അറുപത് വര്‍ഷത്തിനുള്ളില്‍ ഡാളസ് വലിയ തോതില്‍ വളര്‍ന്നു. ഡാളസിന്റെ സംസ്‌കാരവും മാറിമറിഞ്ഞു.

1960 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെന്നഡി തന്റെ റിപ്പബ്ലിക്കന്‍ എതിരാളി റിച്ചാര്‍ഡ് നിക്‌സനെ പരാജയപ്പെടുത്തിയത് ടെക്‌സസില്‍ നേരിയ 2% പോയിന്റ് ലീഡിന്റെ കൂടി സഹായത്തിലായിരുന്നു. ടെക്‌സസിലെ ഇലക്ടൊറല്‍ വോട്ടുകള്‍ 24ഉം നേടാന്‍ സഹായിച്ചത് ടെക്‌സനായ ലിണ്ടന്‍ ബി ജോണ്‍സണെ വൈ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആക്കിയത് കൊണ്ടാണ്. എന്നാല്‍ ഡാലസില്‍ നിക്‌സന്‍ 62.16% വോട്ടുകള്‍ നേടിയപ്പോള്‍ കെന്നഡിക്ക് ലഭിച്ചത് 36.99% മാത്രമായിരുന്നു. 1960 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ലിന്‍ഡന്‍ ജോണ്‍സണും പത്‌നിക്കും പ്രതിഷേധക്കാരായ സ്ത്രീകളുടെ (മിങ്ക് കോട്ട് മോബിന്റെ) രോഷം നേരിടേണ്ടി വന്നു. ഇതും ഡാളസിലാണ് സംഭവിച്ചത്.

എന്നാല്‍ കെന്നഡിയുടെ ഘാതകന്‍ ലീഹാര്‍വി ഓസ് വാള്‍ഡ് ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിക്കപ്പുറം വലിയ രാഷ്ട്രീയക്കാരനായിരുന്നില്ല എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം 1959 ഒക്ടോബറില്‍ സോവിയറ്റ് യൂണിയനിലേയ്ക്ക് പോയ ഇയാള്‍ ജൂണ്‍ 1962 ല്‍ യു.എസില്‍ തിരിച്ചെത്തി. മിന്‍സ്‌കിലെ ഒരു ഡാന്‍സ് ഫ്‌ളോറില്‍ പരിചയപ്പെട്ട റഷ്യാക്കാരി ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ഡാലസിലെ ഓക് ക്ലിഫില്‍ വെസ്റ്റ് നീലി സ്ട്രീറ്റിലുള്ള ഡ്യൂ പ്ലെയില്‍ ഇടതുകയ്യില്‍ ഒരു കമ്മ്യൂണിസ്റ്റ് ന്യൂസ് പേപ്പറും വലത് കയ്യില്‍ മെയില്‍ ഓര്‍ഡറായി വരുത്തിയ റൈഫിളും പിടിച്ചു നില്‍ക്കുന്ന ഓസ് വാള്‍ഡിന്റെ ഫോട്ടോ ഭാര്യ ക്ലിക്ക് ചെയ്തു. ഈ റൈഫിളാണ് കെന്നഡിയെ വെടിവെച്ച് വീഴ്ത്താന്‍ ഓസ് വാള്‍ഡ് ഉപയോഗിച്ചത്. അയാളുടെ അരയില്‍ ധരിച്ചിരുന്ന പിസ്റ്റോള്‍ ഉപയോഗിച്ചാണ് അയാള്‍ പിന്നീട് ഒരു പോലീസ് ഓഫീസറെ വെടിവച്ചു കൊന്നത്.

ഓസ് വാള്‍ഡ് എന്തുകൊണ്ട് കെന്നഡിയെ വെടിവെച്ചു കൊന്നു എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ ജാക്ക് റൂബി അയാളെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഡാളസ് ഡൗണ്‍ ടൗണില്‍ നവംബര്‍ 21 നും 22നും ഹില്‍ടണ്‍ ഹോംവുഡ് സ്യൂട്ട്‌സില്‍ സിക്ടിയത് ആനിവേഴ്‌സറി ഓഫ് ദ അസോസിയേഷന്‍ ഓഫ് ജെഎഫ് കെ, ദ ലെഗസി ഓഫ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി, ജെയിംസ് ഫൈല്‍സ് നടത്തുന്ന ടൂര്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ലീ ഹാര്‍വി ഓസ് വാള്‍ഡിനൊപ്പം വധം നടന്ന പരിസരത്തും മറ്റും ചുറ്റിയിട്ടുള്ള വ്യക്തിയാണ് ഫൈല്‍സ്. രണ്ട് പുസ്തകങ്ങളും റിലീസ് ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക