Image

അച്ഛൻ (കഥ: രാജശ്രീ സി.വി)

Published on 20 November, 2023
അച്ഛൻ (കഥ: രാജശ്രീ സി.വി)

പെട്ടിയിൽ വസ്ത്രങ്ങൾ കൂടി അടുക്കി വെച്ചാൽ മതി. കൊണ്ടു പോകുവാനുള്ള സാധനങ്ങൾ  വെയ്റ്റ് നോക്കി കുറച്ചു ദിവസങ്ങളായി എടുത്തു വച്ചു കൊണ്ടിരിയ്ക്കണു.

   നാടുവിട്ടൊരു യാത്ര ഒരിയ്ക്കലും ആഗ്രഹിച്ചിരുന്നില്ല. ഒരു കണക്കിന് തൻ്റെ ജീവിതത്തിൽ സംഭവിച്ചതൊന്നും താനാഗ്രഹിച്ചതല്ലല്ലോ.

        "മോളെ, ദാ ഇതു കൂടി എടുത്തു വച്ചേക്ക്... കുറച്ചു ചക്കവരട്ടിയതാ... വിനൂന് ഇഷ്ടമാവും. അവിടെ ഇതൊന്നും കിട്ടില്ലല്ലോ ?"

      ചിറ്റമ്മയുടെ സന്തോഷവും ആവേശവും സ്നേഹവും കരുതലുമൊക്കെ കണ്ടപ്പോൾ ഹേമയ്ക്ക് ഉള്ളിൽ ചിരിയാണ് വന്നത്.

തന്നെ ഇവിടന്ന് നാടുകടത്തിവിടാനുള്ള ആവേശമാണ്....

അമ്മ മരിയ്ക്കുമ്പോൾ തനിയ്ക്ക് മൂന്നു വയസ്സാണ്. എല്ലാവരുടേയും നിർബന്ധത്തിനു വഴങ്ങി, തന്നെ നന്നായി നോക്കുമെന്നു കരുതിയാണ് ഒരു മകളുള്ള സ്ത്രീയെ അച്ഛൻ വിവാഹം കഴിച്ചത് .

      എന്നാൽ ആ വിവാഹത്തോടെ തനിയ്ക്ക്  ആ വീടുവിട്ട് അമ്മമ്മയുടെ തണലിലേയ്ക്ക് മാറേണ്ടി വരികയാണുണ്ടായത്.ഒരിയ്ക്കലും തന്നെ സ്നേഹിയ്ക്കാൻ അവർക്കായില്ല. 

അമ്മമ്മയ്ക്ക് വയ്യാണ്ടായപ്പോഴാണ് വീണ്ടും അച്ഛൻ്റെ അടുത്തേയ്ക്ക് തിരിച്ചു വന്നത്.

    ചിറ്റമ്മയുടെ മകൾ  അശ്വതി തന്നേക്കാൾ രണ്ടു വയസ്സിളപ്പമാണ്.  ഒരു അനിയത്തിയായി അവളെ കാണാൻ തനിയ്ക്കോ ഒരു ചേച്ചിയായി തന്നെ കാണാൻ അവൾക്കോ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരടുപ്പം തങ്ങൾക്കിടയിൽ വളർത്താതിരിക്കാൻ അവർ എപ്പോഴും ശ്രമിച്ചിരുന്നൂന്ന് കുറച്ചു വലുതായപ്പോൾ തോന്നിയിട്ടുണ്ട്.

     ഡിഗ്രിയ്ക്കു ചേർത്തപ്പോൾ മുതൽ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ശ്രമം തുടങ്ങിയതാണ്.

     അച്ഛൻ്റെ അടുത്ത സുഹൃത്തായ രമേഷങ്കിളിൻ്റെ മകൻ്റെ വിവാഹത്തിന് എല്ലാരും കൂടിയാണ് പോയത്.
   
       വിവാഹ വീട്ടിലെത്തിയപ്പോൾ മരണവീട്ടിലെത്തിയ പ്രതീതിയായിരുന്നു.. കല്യാണപ്പെണ്ണ് പുലർച്ചെ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ വിവരമറിയിച്ച് പെണ്ണിൻ്റെ വീട്ടുകാർ വിളിച്ചിട്ടധികനേരമായിട്ടില്ല എന്നവിടെ ചെന്നപ്പോഴാണറിഞ്ഞത്.

      പുറത്തു നിൽക്കുകയായിരുന്ന  രമേഷങ്കിൾ അച്ഛൻ്റെ കൈയ്യിൽ പിടിച്ച് വിതുമ്പിക്കരഞ്ഞു.  എല്ലാരും ശബ്ദം താഴ്ത്തി പതുക്കെ എന്തൊക്കെയോ സംസാരിയ്ക്കുന്നു. അച്ഛൻ രമേഷങ്കിളിനോടൊപ്പം അകത്തേയ്ക്കു പോയി.

    അശ്വതിയുടെ കൂടെ പഠിയ്ക്കുന്ന രണ്ടു കുട്ടികളവിടെയുണ്ടായിരുന്നു. ചിറ്റമ്മയും അശ്വതിയും അവരോടൊപ്പം കൂടി .

      എന്തു ചെയ്യണമെന്നറിയാതെ പുറത്തിട്ടിരിയ്ക്കുന്ന കസേരയിലിരുന്നു... മെയിൻ റോഡിന് അഭിമുഖമായിട്ടാണ് വീട്.. റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ നോക്കിയിരിയ്ക്കുമ്പോൾ അച്ഛനും അങ്കിളും കൂടെ അടുത്തേയ്ക്ക് വന്നു.

     "ഈ അപമാനത്തിൽ നിന്ന് അങ്കിളിനെ രക്ഷിയ്ക്കണം. ഇന്നുതന്നെ ഈ കല്യാണം നടക്കണം. മോളു വിചാരിച്ചാൽ നടക്കും. എൻ്റെ മകൻ നിന്നെ പൊന്നുപോലെ നോക്കും.

    എന്തു പറയണമെന്നറിയാതെ പകച്ചു നിന്ന തന്നെ ചിറ്റമ്മയും രണ്ടു മൂന്നു സ്ത്രീകളും കൂടി അകത്തേയ്ക്കു കൊണ്ടുപോയി.

     " വയ്യ " എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.. 

     അപ്പോഴേയ്ക്കും ആരൊക്കെയോ ചേർന്ന് വധുവിൻ്റെ വേഷം കെട്ടിച്ച് മുറ്റത്തിറക്കി. വിനോദ് എന്ന പ്രവാസിയുടെ വധുവായി ..

        വധുവിൻ്റെ വീട്ടിൽ വച്ചു നടക്കാറുള്ള വിവാഹം വരൻ്റെ വീട്ടുമുറ്റത്ത്... വാർത്തയായി... മീഡിയകളിൽ നിറഞ്ഞു....

     ഒരിയ്ക്കൽ പോലും കാണാത്ത ഒരാൾക്കു മുൻപിൽ കഴുത്തു നീട്ടേണ്ടി വന്ന തന്നെയോർത്ത് ഫെമിനിസ്റ്റുകൾ ചാനലുകളിൽ രോഷം കൊണ്ടു.
കുലസ്ത്രീകളും കുല പുരുഷന്മാരും അച്ഛൻ്റെ വാക്കിന് വിലകല്പിച്ച മകളുടെ ത്യാഗത്തെ വാനോളം വാഴ്ത്തി.

     പഠിച്ച് നാട്ടിൽ തന്നെ ഒരു ജോലി നേടണം എന്ന തൻ്റെ സ്വപ്നം ..അത് എന്നെന്നേയ്ക്കുമായി അവസാനിച്ചു.

      വിവാഹിതയായി എന്നതിനോട് പൊരുത്തപ്പെടാൻ കുറച്ചു കാലമെടുത്തു വിനോദ് വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്.

      തനിയ്ക്ക് വേണ്ടത്ര സമയം തന്നു. പതിയെ വിനുവിനെ ഇഷ്ടപ്പെട്ടു തുടങ്ങി.

       നല്ലൊരു ഭാര്യയാവാൻ കഴിയുമോന്നിപ്പഴും അറിയില്ല. ആറു മാസത്തിനു ശേഷം വിനുവിൻ്റെ അടുത്തേയ്ക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ... നാളെ ഈ സമയത്ത് മറ്റൊരു ഭൂഖണ്ഡത്തിലാവും താൻ!

       വാതിലിൽ മുട്ടുകേട്ട് ഹേമ വാതിൽ തുറന്നു.. അച്ഛനാണ്. കയ്യിൽ ഒരു കവറുണ്ട് ..

കവർ അവളുടെ നേരെ നീട്ടി അയാൾ പതിഞ്ഞ ശബദത്തിൽ പറഞ്ഞു തുടങ്ങി..

"  ഞാൻ നിന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് വിടാൻ വേണ്ടി ഇരിയ്ക്കുകയായിരുന്നൂന്നൊന്നും ചിന്തിക്കരുത്‌. രമേഷിനേയും കുടുംബത്തേയും ഒരു പാട് കാലമായി എനിയ്ക്കറിയാം. അവൻ്റെ സങ്കടത്തിൽ നിൻ്റെ മോളെ ഞങ്ങൾക്കു തന്നു കൂടെ എന്നു ചോദിച്ചപ്പോൾ വാക്കു കൊടുത്തു പോയി . ആ വീട്ടിൽ നീ സന്തോഷമായി ജീവിയ്ക്കും എന്നെനിയ്ക്കു തോന്നി. കുട്ടിക്കാലം മുതൽ നിനക്കു വേണ്ട സ്നേഹവും കരുതലും വേണ്ടത്ര നൽകാൻ ഈ അച്ഛനു കഴിഞ്ഞിട്ടില്ല."


" വിവാഹശേഷമെങ്കിലും സ്നേഹമുള്ളൊരു കുടുംബം മോൾക്കുണ്ടാവട്ടേന്നു മാത്രമേ അച്ഛനാലോചിച്ചുള്ളൂ."

    "നിൻ്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊന്നും ഒരിയ്ക്കലും ഈയച്ഛൻ അന്വേഷിച്ചിട്ടില്ല."

    "മോളെ ഭാരമൊഴിച്ച് ഇറക്കിവിട്ടതല്ല. നിനക്കായി കരുതിവച്ചതൊക്കെ ഇതിലുണ്ട്."

     "ഞാനൊരിക്കലും നല്ലൊരു അച്ഛനായിരുന്നില്ല എന്നെനിയ്ക്കറിയാം."

      കൈകൾ കൂപ്പി വിറയ്ക്കുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവളൊരു കൈക്കുഞ്ഞായി അയാളുടെ നെഞ്ചിലേയ്ക്കു വീണു. 
        
       തൻ്റെ മകളെ വർഷങ്ങൾക്കു ശേഷം തിരിച്ചുകിട്ടിയ വാത്സല്യത്തോടെ അയാളവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിച്ചു. അതിൽ ഒരായുസ്സിൻ്റെ സ്നേഹം മുഴുവനുമുണ്ടായിരുന്നു......

 

Join WhatsApp News
Joel Justin 2023-11-20 15:09:23
It was an interesting story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക